Saturday, 3 December 2016

കേരളം കണികണ്ടുണരേണ്ട നന്മ



dairy-farm-by-brothers



പരോൾ ലഭിക്കാത്ത തടവുജീവിതംപോലെയാണ് പശുവളർത്തൽ എന്നു പരിതപിക്കുന്ന ക്ഷീരകർഷകർ നമ്മുടെ നാട്ടിൽ കുറവല്ല. പാതിരാ പിന്നിടുമ്പോൾ തുടങ്ങി അന്തിമയങ്ങിയാലും അവസാനിക്കാത്ത ജോലികൾ. പശുക്കളുടെ അകിടുവീക്കവും കുളമ്പുരോഗവും നൽകുന്ന മനഃപ്രയാസങ്ങൾ. ബന്ധുവീടുകളിലെ വിശേഷങ്ങൾക്കു മുഖം കാണിക്കാത്തതിനാൽ നേരിടുന്ന മുറുമുറുപ്പുകൾ. എന്തിന്, സ്വന്തം വീട്ടിലെ വിശേഷങ്ങൾക്കിടയിൽപോലും മിണ്ടാപ്രാണികളുടെ കാര്യമോർത്ത് ഇരിക്കപ്പൊറുതിയില്ലായ്മ.

മുപ്പത്തിയഞ്ചോളം പശുക്കളുള്ള കൊല്ലം വർക്കല അയിരൂരിലെ അച്ചൂസ് ഫാമിന്റെ ഉടമകളായ മൂന്നു മുൻ പ്രവാസി സഹോദരങ്ങളോടും അവരുടെ സഹധർമിണിമാരോടും ചോദിക്കുക, ‘നിങ്ങളുടെ കാര്യവും ഇങ്ങനെയൊക്കെത്തന്നെയല്ലേ...?’

കൂട്ടത്തിൽ മൂത്തയാൾ ഹമ്മാദ് മറുപടി നൽകും, ‘‘ഹേയ്, ഇതിനകത്തു കിടന്ന് ജീവിതം തുലയ്ക്കാൻ ഞങ്ങളില്ല. ആസ്വദിച്ച്, അനായാസമായി, ആദായകരമായി പശുക്കളെ വളർത്തുന്നതാണ് ഞങ്ങളുടെ വഴി.’’

മറുപടി കേൾക്കുമ്പോൾ, ‘ഓ, യെവര് പണിക്കാരെ നിർത്തി ചെയ്യിക്കയാണ് കേട്ടോ. മുതലാളി ചമഞ്ഞിരുന്നാൽ മതിയല്ലോ’ എന്ന് കുശുകുശുക്കാൻ വരട്ടെ. ഇളയവനായ അഷറഫിനും ചിലതു പറയാനുണ്ട്, ‘‘ലാഭം മാത്രം ലക്ഷ്യംവച്ച് ഈയിടെ പലരും ഡയറി ഫാം തുടങ്ങിയിട്ടുണ്ട്. പലയിടത്തും ഫാമുടമ അലക്കിത്തേച്ച കുപ്പായമൊക്കെയിട്ട് കയ്യിൽ കാറിന്റെ കീയുമൊക്കെയായി ചാണകത്തിൽ ചവിട്ടാതെ സൂക്ഷിച്ചുനിന്നു പണിക്കാർക്കു നിർദേശം നൽകുന്നതു കാണാം. ഞങ്ങളാ ടൈപ്പല്ല. പത്തുമുപ്പത്തഞ്ചു പശുക്കളുണ്ട് ഈ ഫാമിൽ. ഞങ്ങളാറുപേരല്ലാതെ വേറെ പണിക്കാരാരുമില്ല. എന്നുവച്ച് ഞങ്ങളുടെ ആവശ്യങ്ങളൊന്നും മുടങ്ങാറുമില്ല.’’


ഇത്ര അനായാസമായി, ആദായകരമായി അച്ചൂസ് ഡെയറി ഫാം മുന്നോട്ടു പോകുന്നതിനു പിന്നിൽ പ്രധാനമായും മൂന്നു കാര്യങ്ങളാണ്. ഒന്ന്, പശുക്കളെ കെട്ടിയിടാതെ സ്വതന്ത്രമായി വിടുന്ന ഫ്രീ സ്റ്റാൾ രീതി. രണ്ട്, പത്തു മിനിറ്റിൽ കുറഞ്ഞ സമയം കൊണ്ട് ആറു പശുക്കളുടെ കറവ കഴിയുന്ന മിൽക്കിങ് പാർലർ.

കേരളത്തിലിനിയും പ്രചാരം നേടിയിട്ടില്ലെങ്കിലും ഇവ രണ്ടും വിദേശ ഫാമുകൾക്കു സുപരിചിതം. മൂന്നാമത്തേതു പക്ഷേ, സ്വദേശത്തും വിദേശത്തും അപൂർവമാണ്. ഒരു വളപ്പിനുള്ളിൽ തികഞ്ഞ ആത്മബന്ധത്തോടെ മൂന്ന് വീടുവച്ച് പാർക്കുന്ന മൂന്ന് സഹോദരങ്ങൾ. മൂന്നു കുടുംബങ്ങൾക്കും ഉപജീവനമാർഗമായി ഒറ്റ സംരംഭം. ഷിഫ്റ്റും ശമ്പളവും ബോണസും അവധികളുമൊക്കെയായി സ്വന്തം ഫാമിൽ ജോലിക്കാരായി മാറുന്ന മാനേജ്മെന്റ് മികവ്. എല്ലാറ്റിനുമുപരി പശുക്കളോട് ഹൃദയം നിറയെ ഇഷ്ടം.

പത്തുപന്ത്രണ്ടു കൊല്ലം ഗള്‍ഫിൽ ജോലിനോക്കിയവരാണ് ഹമ്മാദും ഹംലാദും അഷറഫും. ഒരു രാജ്യത്ത്, ഒരു ഫ്ലാറ്റിൽ, ഒരു മുറിയിൽ പാർത്തവർ. ബാല്യത്തിൽ പരിചയിച്ച പശുവളർത്തൽ പക്ഷേ, സ്വപ്നമായി വിടാതെ പിന്തുടർന്നപ്പോൾ മൂത്തവനായ ഹമ്മാദ് ഫാം തുടങ്ങാൻ നാട്ടിലേക്കു മടങ്ങി. വിജയിച്ചാൽ മറ്റുള്ളവരും നാട്ടിലേക്കു മടങ്ങുക. പരാജയമെങ്കിൽ ഹമ്മാദ് തിരികെ ഗൾഫിലേക്ക്, അതായിരുന്നു തീരുമാനം. പന്ത്രണ്ടു പശുക്കളുമായി ഫാം പരീക്ഷണഘട്ടം പിന്നിട്ടപ്പോൾ ഇളയവർ രണ്ടും ഗൾ‌ഫ് വിട്ട് സംരംഭത്തിന്റെ ഭാഗമായി. കുടുംബാംഗങ്ങൾക്കെല്ലാം ജോലി ചെയ്യാനും അധ്വാനം ലഘൂകരിക്കാനുമുള്ള വഴികളായാണ് ഫ്രീ സ്റ്റാൾ, മിൽക്കിങ് പാർലർ‌ സംവിധാനങ്ങളിലെത്തുന്നത്.

ഫ്രീ സ്റ്റാൾ, മിൽക്ക് പാർലർ

പശുക്കളെ തൊഴുത്തിൽ ബന്ധിച്ച്, സഞ്ചാര സ്വാതന്ത്ര്യം വിലക്കി, തീറ്റയും കുടിയും ഓരോന്നിന്റെയും മുന്നിലെത്തിച്ച്, ലാഭത്തിനായി മാത്രം പരിപാലിക്കുന്ന ടൈസ്റ്റാൾ സമ്പ്രദായമാണ് നമുക്കു പരിചിതം. സ്ഥലപരിമിതിയുള്ളവർക്കു സാധിക്കുന്നതും ഇതുതന്നെ.

തോന്നുമ്പോൾ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും വിശാലമായ വളപ്പിനുള്ളിൽ കഴുത്തിൽ കയറില്ലാതെ ചുറ്റിയടിക്കാനുമെല്ലാം പശുക്കൾക്ക് സ്വാതന്ത്ര്യമുള്ള ഫ്രീ സ്റ്റാൾ സമ്പ്രദായത്തിനാണ് വിദേശ ഫാമുകളിൽ പ്രചാരം.

പശുക്കളുടെ മാനസിക സമ്മർദം കുറയും, കൂടുതൽ പാൽ‌ ചുരത്തും, രോഗങ്ങൾ ഒഴിവാകും, ആരോഗ്യം മെച്ചപ്പെടും എന്നിവ നേട്ടങ്ങൾ. പരിപാലനത്തിലെ അധ്വാനവും ഗണ്യമായി കുറയുന്നു.

അഷറഫ് വിശദമാക്കുന്നു, ‘‘കെട്ടിയിട്ടു വളർത്തുമ്പോൾ പശുക്കൾക്കു വേണ്ടതെല്ലാം നമ്മൾ തന്നെ ചെയ്തു കൊടുക്കണം. ഫ്രീ സ്റ്റാൾ രീതിയിൽ അവരുടെ കാര്യം അവരുതന്നെ നോക്കിക്കൊള്ളും. അവർക്കിഷ്ടമുള്ളപ്പോൾ ഭക്ഷണം കഴിക്കുന്നു. ഇഷ്ടമുള്ളിടത്തു കിടക്കുന്നു. മഴ നനയാൻ താല്‍പര്യമുള്ളവർക്ക് അതാവാം. ഇളവെയിലേൽക്കണമെങ്കിൽ അങ്ങനെ.

എല്ലാ ദിവസവും കുളിപ്പിക്കുന്ന പതിവില്ല. ഉരച്ചു തേച്ച് നിത്യവും കുളിപ്പിച്ചാൽ പശുവിന്റെ ദേഹത്ത് സ്വാഭാവികമായുള്ള എണ്ണമയം നഷ്ടപ്പെടും. ഈച്ചകൾ വന്നിരിക്കുന്നതും വ്രണങ്ങൾ രൂപപ്പെടുന്നതും അങ്ങനെയാണ്.

അഴിച്ചുവിട്ടു വളർത്തുമ്പോൾ തമ്മിൽ കുത്തുകൂടാനും ഗ്രൂപ്പുകളും ലീഡർമാരുമൊക്കെ രൂപപ്പെടാനും ഇടയുണ്ട്. ഡീഹോണർ ഉപയോഗിച്ച് കൊമ്പു കരിക്കുന്നതിനാൽ തമ്മിലുള്ള സംഘർഷം കുറയും.’’

എഴുപതു സെന്റാണ് അച്ചൂസിന്റെ ഫ്രീസ്റ്റാൾ വിസ്തൃതി. ജിഐ പൈപ്പിൽ തീർത്ത അതിർവേലി. ഫാമിന്റെ മധ്യത്തിലായി, നാലു വശവും തുറന്ന, നല്ല വായുസഞ്ചാരമുള്ള, മൂക്കു ചുളിക്കുന്ന ഗന്ധമില്ലാത്ത തൊഴുത്ത്. പശുക്കൾക്കു വിശ്രമിക്കാനായി ക്യുബിക്കിളുകൾ. മിൽക്ക് പാർലർ പ്രവർത്തിക്കുന്നതിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ ആരും നിർബന്ധിക്കാതെ പാൽ ചുരത്താനെത്തുന്ന പശുക്കൾ.

ഒന്നിലേറെ പശുക്കളെ പൂർണമായും യന്ത്രസഹായത്തോടെ, വൃത്തിയുള്ള സാഹചര്യത്തിൽ, ചവിട്ടും തൊഴിയുമില്ലാതെ സുരക്ഷിതമായി കറക്കാം. പശുക്കൾ പാർലറിലെ റാമ്പിൽ കയറി നിൽക്കുമ്പോൾ അകിട് വൃത്തിയാക്കുന്നതും മിൽക്കിങ് മെഷീൻ ഘടിപ്പിക്കുന്നതുമാണ് ആകെയുള്ള അധ്വാനം. ഒരേ സമയം ആറു പശുക്കളെ പത്തു മിനിറ്റിൽ താഴെ സമയം കൊണ്ട് കറന്നെടുക്കാവുന്ന സംവിധാനത്തിനു കെട്ടിടമുൾപ്പെടെ ചെലവ് ഒമ്പതു ലക്ഷം രൂപ. ‘കാശു ചെലവായെങ്കിലും കറവയെളുപ്പ’മെന്ന് സഹോദര ഭാര്യമാരായ നസീമയും ഷംലയും ഷൗബിയും.

ഫാമിൽത്തന്നെയുള്ള കൗണ്ടറിലാണ് പാൽ വിൽപന. നല്ല പങ്കും ചില്ലറയായി വിറ്റുതീരുന്നു. ബാക്കിവരുന്നത് സമീപത്തെ സൊസൈറ്റികളിൽ കൊടുക്കും. രണ്ടര ഏക്കറിൽ തീറ്റപ്പുല്ലു കൃഷി, പച്ചപ്പുല്ല് സംസ്കരിച്ചു സൈലേജ് നിർമാണവും വിൽപനയും, ഡിമാൻഡ് അനുസരിച്ച് പനീർ നിർമാണം എന്നിവയെല്ലാം ഫാമിന്റെ ഭാഗം.

ശമ്പളവും ഷിഫ്റ്റും

ഉച്ചവരെയും ഉച്ചയ്ക്കു ശേഷവുമായി മൂന്നു പേർ വീതം രണ്ട് ഷിഫ്റ്റായാണ് ജോലിക്രമം. ഒരാൾക്കു ദിവസം മുഴുവൻ പശുവിനായി ചെലവിടേണ്ടതില്ലെന്നതു ചെറിയ കാര്യമല്ല. മൂന്നു കുടുംബങ്ങൾക്കും സൗകര്യപ്രദമായ രീതിയിൽ ഷിഫ്റ്റ് ക്രമീകരിക്കുന്നതിലൂടെ വിശേഷങ്ങളിൽ പങ്കുചേരാനും ആവശ്യങ്ങൾ നടത്താനും എല്ലാവർക്കും കഴിയുന്നു. വായ്പയെടുത്ത 36 ലക്ഷം രൂപയ്ക്കു പ്രതിമാസം അടയ്ക്കേണ്ടി വരുന്ന 47,000 രൂപയാണ് ഇപ്പോഴത്തെ പ്രധാന ബാധ്യത. എങ്കിലും എല്ലാ ചെലവും കഴിഞ്ഞ് മോശമല്ലാത്ത തുക ശമ്പളമായി ഓരോ കുടുംബത്തിനും ലഭിക്കുന്നു. അധികച്ചെലവു നേരിടാൻ അടിയന്തര നിധിയുമുണ്ട്.

പച്ചച്ചോളത്തണ്ടും ഇലയുമെല്ലാം അരിഞ്ഞ് ശർക്കര ചേർത്തു സൈലേജാക്കി വിൽപനയ്ക്കെത്തിക്കുന്നത് അധിക വരുമാന മാർഗമാണ്. 40 ടൺവരെ സൈലേജ് തയാറാക്കുന്ന മാസങ്ങളുണ്ട്. 10 ടൺ തയാറാക്കാൻ മൂന്നു ദിവസം വേണ്ടിവരും. രണ്ട് കുടുംബങ്ങൾ ഇതിനായി മുഴുവൻ സമയം ചെലവിടും. ഈ ദിവസങ്ങളിൽ ഫാമിന്റെ ചുമതല പൂർണമായും ഒരു കുടുംബത്തിനാവും. ഈ ഓവർടൈം ജോലികൾക്ക് ഓരോ കുടുംബത്തിനും ദിവസം 2000 രൂപ അധികവേതനം. പനീർ നിർമാണം കുടുംബിനികളുടെ മാത്രം സ്വകാര്യ ബിസിനസാണ്. മിക്കവാറും ദിവസങ്ങളിൽ ഒന്ന്– രണ്ട് കിലോ പനീറിന് ഓർഡറുണ്ടാവും. കിലോ 400 രൂപയ്ക്കാണ് വിൽപന.

കുടുംബ സംരംഭത്തിന്റെ നേട്ടത്തിന് ഒരു ഉദാഹരണം കൂടി ഹമ്മാദ് പറയും.

‘‘കഴിഞ്ഞ വർഷം ഒരു സമയത്ത് പാലുൽപാദനം ദിവസം 270 ലീറ്ററിൽ നിന്ന് 60 ലീറ്ററിലേക്ക് ഇടിഞ്ഞു. പശുക്കൾക്ക് കുത്തിവയ്പ് എടുത്തപ്പോൾ പലതിനും ആദ്യ തവണ ചെനയായില്ല. വീണ്ടും വീണ്ടും ആവർത്തിച്ചപ്പോൾ ഒട്ടേറെ പശുക്കൾ ഒരുമിച്ച് ചെനയിലായി. കറവ നിർത്തേണ്ടിവന്നതും ഒരുമിച്ച്. ഇത്രയും തുക വായ്പ അടയ്ക്കാനുള്ളതിനാൽ ആരും പതറിപ്പോകുന്ന സാഹചര്യം. കുടുംബം ഒരുമിച്ചു നിന്നതുകൊണ്ടു മാത്രമാണ് ആ കഠിനകാലം അതിജീവിച്ചത്. ചാണകം ഉണക്കി പായ്ക്കറ്റിലാക്കി കിലോ അഞ്ചു രൂപയ്ക്കു വിൽക്കാൻ തുടങ്ങുന്നതങ്ങനെ.’’

'അന്നൊക്കെ പശു ചാണകമിടുന്നതു നോക്കിയിരിക്കും, എടുത്ത് ഉണക്കി പായ്ക്കറ്റിലാക്കാനെ'ന്ന് അഷറഫിന്റെ കമന്റ്. ഏതായാലും പച്ചയ്ക്കു വിറ്റാൽ 10,000 രൂപ കിട്ടുന്ന ചാണകം പായ്ക്കറ്റിലാക്കിയപ്പോൾ കയ്യിൽ വരുന്നത് ഒന്നരലക്ഷം രൂപയാണ്.

‘‘മക്കളും ഈ സംരംഭത്തിലേക്കു വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. നല്ല സ്കൂളുകളിൽ നന്നായി പഠിക്കുന്ന അവർ നല്ല വിദ്യാഭ്യാസം നേടി പുത്തൻ ആശയങ്ങളുമായി വരട്ടെ. അപ്പോഴേ കൃഷിയും മൃഗസംരക്ഷണവുമൊക്കെ അന്തസുള്ള തൊഴിലാണെന്ന് നമ്മുടെ നാട് തിരിച്ചറിയുകയുള്ളൂ.’’ ഹമ്മാദ് കൂട്ടിച്ചേർക്കുന്നു.

ഫോൺ: 9745119450, 9745007053

Friday, 2 December 2016

നഗരങ്ങളിൽ കോഴിവളർത്തൽ


hen

മൃഗസംരക്ഷണവകുപ്പ്, കേരള പൗൾട്രി വികസന കോർപറേഷൻ‌ എന്നിവയുടെ സഹായ പദ്ധതികൾ.

നഗരങ്ങളിലും മുനിസിപ്പാലിറ്റികളിലും മൃഗസംരക്ഷണവകുപ്പ് കൂടുകളിൽ കോഴിവളർത്തൽ നടപ്പാക്കുന്നു. ആധുനിക കൂടുകളിൽ 4–5 പക്ഷികളെ വളർത്താൻ 50% ധനസഹായം. 700 യൂണിറ്റുകൾക്ക് യൂണിറ്റൊന്നിന് 5000 രൂപ.

സ്കൂൾ പൗൾട്രി ക്ലബ്

മൃഗസംരക്ഷണവകുപ്പിന്റെ സംസ്ഥാനത്തെ സ്കൂൾ പൗൾട്രി പദ്ധതിയിൽ 701 സർക്കാർ / സർക്കാർ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ / ഹൈസ്കൂൾ ക്ലാസുകളിലെ 50 വീതം വിദ്യാർഥികൾക്ക് 46–60 ദിവസം പ്രായമായ അഞ്ചു മുട്ടക്കോഴി കുഞ്ഞുങ്ങളെ വീതം നൽകുന്നു. ഒരു വിദ്യാർഥിക്ക് 725 രൂപയാണ് അനുവദിക്കുന്നത്.

കെപ്കോ പദ്ധതികൾ

കുടുംബശ്രീ യൂണിറ്റ്: തിരഞ്ഞെടുക്കുന്ന ജില്ലകളിലെ 20 കുടുംബശ്രീ ഗ്രൂപ്പിൽപ്പെട്ട 1,000 വനിതാ ഗുണഭോക്താക്കൾക്കു പ്രയോജനം ലഭിക്കുന്നു. ഓരോ ഗുണഭോക്താവിനും 10 കോഴിയും, 10 കിലോ കോഴിത്തീറ്റയും, 30 രൂപയുടെ മരുന്നും വിതരണം ചെയ്യുന്നു. ഓരോ ഗുണഭോക്താവും വിഹിതമായി 250 രൂപ അടച്ചാൽ മതി.

കോഴിവളർത്തൽ ഗ്രാമങ്ങൾ

തിരഞ്ഞെടുക്കുന്ന ഓരോ പഞ്ചായത്തിലും 660 വനിതാ ഗുണഭോക്താക്കൾക്ക് 5 കോഴി, 2 കിലോ തീറ്റ, 50 രൂപയുടെ മരുന്ന് എന്നിവ നൽകുന്നു. ഗുണഭോക്തൃ വിഹിതമായി ഓരോ ഗുണഭോക്താവും 150 രൂപ നൽകണം.

ആശ്രയ

തിരഞ്ഞെടുക്കുന്ന പഞ്ചായത്തുകളിലെ വിധവകൾക്കു പ്രയോജനം ലഭിക്കുന്നു. ഓരോ ഗുണഭോക്താവിനും 10 കോഴിയും, 10 കിലോ കോഴിത്തീറ്റയും 50 രൂപയുടെ മരുന്നും.

വായിക്കാം ഇ - കർഷകശ്രീ

അടുക്കളമുറ്റം‌

ഗ്രാമങ്ങളിലെ തൊഴിൽരഹിത സ്ത്രീകൾക്ക് ചെറിയ വരുമാനമാർഗം ലക്ഷ്യമിടുന്ന പദ്ധതിയാണ് റൂറൽ ബാക് യാർഡ് പൗൾട്രി. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 500 ഗുണഭോക്താക്കൾക്കാണ് പ്രയോജനം. പട്ടികജാതി–വർഗത്തിൽപ്പെട്ടവർക്കു മുൻഗണന. ഓരോ ഗുണഭോക്താവിനും 45 കോഴികളെ മൂന്നു ഘട്ടങ്ങളായി നൽകുന്നു. 150 രൂപ കൂടു നിർമാണത്തിനായി നൽകും. ഓരോ ഗുണഭോക്താവും കോഴി ഒന്നിന് 35 രൂപ നൽകണം.

നഗരപ്രിയ

നഗരപരിധിക്കുള്ളിൽ സ്ഥിരതാമസമായ കുടുംബങ്ങൾക്ക് ഓരോ ഗുണഭോക്താവിനും അഞ്ചു കോഴിയും, ആധുനിക രീതിയിലുള്ള കൂടും, അഞ്ചു കിലോ കോഴിത്തീറ്റയും, മരുന്നും നൽകുന്നു. ഗുണഭോക്താക്കൾ നിശ്ചിത വിഹിതം അടയ്ക്കേണ്ടതുണ്ട്.

കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്

സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് സ്കൂളിലെ യുപി വിഭാഗത്തിലെ 6,7 സ്റ്റാൻഡേർഡുകളിലെ കുട്ടികൾക്കും, ഹൈസ്കൂൾ വിഭാഗത്തിലെ 8,9 സ്റ്റാൻഡേർഡുകളിലെ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്നു. ഓരോ കുട്ടിക്കും അഞ്ചു കോഴിയും, മൂന്നു കിലോ തീറ്റയും, മരുന്നും സൗജന്യം.

കോൾനിലങ്ങളിൽ

തൃശൂർ– പൊന്നാനി മേഖലകളിലെ തിരഞ്ഞെടുക്കപ്പെടുന്ന കോൾനിലങ്ങളുടെ വികസനം മുൻനിറുത്തിയുള്ള പദ്ധതിപ്രകാരം ഒരു ഗുണഭോക്താവിന് 12 കോഴി, 10 കിലോ കോഴിത്തീറ്റ, 50 രൂപയുടെ മരുന്ന് എന്നിവ നൽകുന്നു. ഓരോ ഗുണഭോക്താവും വിഹിതമായി 100 രൂപ അടയ്ക്കേണ്ടതാണ്.

ഫോൺ: 0471 2478585

കോഴിക്കുഞ്ഞു വിതരണം

വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി പൗൾട്രി കേന്ദ്രത്തിൽ പ്രതിവർഷം 310 മുട്ടയിടുന്ന അതുല്യ കോഴികളുടെ കുഞ്ഞുങ്ങൾ‌ വിൽപനയ്ക്ക്. മുൻകൂർ ബുക്ക് ചെയ്യണം. ആഴ്ചയിൽ 500 കുഞ്ഞുങ്ങളെവരെ വിതരണം ചെയ്യും.

നാടൻ ഇനമായ തലശ്ശേരി കോഴികളും, സങ്കരയിനങ്ങളായ ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ എന്നിവയും ഇവിടെ ലഭിക്കും.

ഫോൺ: 0487– 2370237

ആടു വളർത്തൽ

ആടുവളർത്തലിൽ പരിശീലനം ഈ മാസം 19 മുതൽ 22 വരെ തൃശൂർ രാമവർമപുരത്തു മിൽമ ട്രെയിനിങ് സെന്ററിൽ.

ഫോൺ: 0487– 2695869

അങ്കമാലിയിൽ കാർഷികമേള

ഈ മാസം 21 മുതൽ ജനുവരി രണ്ടു വരെ അങ്കമാലി സെന്റ് ജോസഫ് സ്കൂൾ മൈതാനത്തിൽ കാർഷിക പുഷ്പമേള, അലങ്കാരമത്സ്യം, പെറ്റ്സ്, അലങ്കാരപ്പക്ഷി, കോഴി, പ്രാവ്, പുഷ്പ പ്രദർശനം. ഒപ്പം ഭക്ഷ്യമേളയും. അഗ്രികൾച്ചറൽ ആൻഡ് അക്വാ പെറ്റ്സ് ബ്രീഡേഴ്സ് ആൻഡ് ട്രേഡേഴ്സ് അസോസിയേഷനാണ് മേള ഒരുക്കുന്നത്. ജൈവ പച്ചക്കറികൾ വിൽക്കുന്നതിനായി കർഷക കൂട്ടായ്മകൾക്ക് സൗജന്യ നിരക്കിൽ സ്റ്റാളുകൾ നൽകും. ഒരു ലക്ഷം രൂപ ഒന്നാം സമ്മാനം നൽകുന്ന പുൽക്കൂട് മത്സരവും ഉണ്ടായിരിക്കും.

വി.പി. പ്രിൻസൺ, കോഓർഡിനേറ്റർ, ഫോൺ: 09400 190421

ഇമെയിൽ: prizmeventstcr@gmail.com

(തയാറാക്കിയത്: സി.എസ്. അനിത, ഫാം ഇൻഫർമേഷൻ ബ്യൂറോ, തിരുവനന്തപുരം
)

ഓറഞ്ച് പറിച്ചു, വീട്ടുമുറ്റത്തുനിന്ന്


abraham-kurien-near-orange-tree

മാലം തൊട്ടിയിൽ ഏബ്രഹാം കുര്യൻ വീട്ടുമുറ്റത്ത് കായ്ച്ചു കിടക്കുന്ന ഓറഞ്ച് മരത്തിനു മുന്നി‍ൽ...

അന്യസംസ്ഥാനത്തുനിന്നു വരുന്ന ഓറഞ്ച് വാങ്ങാൻ പലരും നെട്ടോട്ടമോടുമ്പോൾ കോട്ടയം മാലം തൊട്ടിയിൽ ഏബ്രഹാം കുര്യൻ വീട്ടുമുറ്റത്തുനിന്നു ദിനവും പറിച്ചെടുക്കുന്നത് ‘ഫ്രഷ് ഓറഞ്ച്’. വീട്ടുമുറ്റത്തെ ഓറഞ്ച് മരം സീസണിൽ നിറഞ്ഞു കായ്ച്ചു കിടക്കുകയാണ്.

വർഷങ്ങളായി സീസണിൽ ഈ ഓറഞ്ച് മരം ഫലം നൽകുന്നുണ്ട്. അൽപം പുളിയുണ്ടെങ്കിലും സ്വന്തം നാട്ടിൽ വിളയുന്ന ഓറഞ്ചിനോട് കഴിക്കുന്നവർക്കെല്ലാം നല്ല പ്രിയം. ഓറഞ്ച് മരത്തിനു രാസവളങ്ങൾ ഒന്നും പ്രയോഗിക്കുന്നില്ല. വേനലിൽ പതിവായി വെള്ളം ഒഴിക്കാറുണ്ടെന്നു മാത്രം.

നാട്ടുകാർക്കു കൗതുക കാഴ്ചകൂടി സമ്മാനിച്ചാണ് ഈ ഓറഞ്ച് മരം നിറയെ കായ്ഫലവുമായി നിൽക്കുന്നത്.

Thursday, 1 December 2016

വരൾച്ച; നെൽക്കൃഷി കരിഞ്ഞുണങ്ങുന്നു


drought-affects-paddy-thirunelli

വരൾച്ചയെ തുടർന്ന് കരിഞ്ഞുണങ്ങിയ കാട്ടിക്കുളത്തെ നെൽപാടം...

കടുത്ത വരൾച്ചയെ തുടർന്ന് വയനാട് തിരുനെല്ലി പഞ്ചായത്തിൽ വ്യാപകമായി നെൽക്കൃഷി നശിക്കുന്നു. കൃഷി നശിച്ച കർഷകർക്ക് അടിയന്തരമായി നഷ്ട പരിഹാരം അനുവദിക്കാൻ സർക്കാർ തയാറാകണമെന്ന ആവശ്യം ശക്തമായി. കാട്ടിക്കുളം മജിസ്ട്രേട്ട് കവലയിലെ ഡിവൈൻ പ്രോവിഡൻസ് സെമിനാരിയിലെ അന്തേവാസികൾ ചെയ്ത നെൽക്കൃഷി ഉണങ്ങിപ്പോയി. വിദ്യാർഥികളിൽ നെൽക്കൃഷിയെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാരിയുടെ സ്ഥലമായ അനന്തോത്തിൽ വർഷങ്ങളായി നെൽക്കൃഷി ചെയ്തു വരുന്നത്.

ഈ വർഷം നാലേക്കറിലാണ് കൃഷി ചെയ്തത്. ഇതിൽ ഭൂരിഭാവും വരൾച്ചയെ തുടർന്ന് നശിച്ചു. വൈക്കോൽ പോലും ലഭിക്കാത്ത സാഹചര്യമാണ്. ആദ്യമായാണ് ഇങ്ങനെ ഒരനുഭവമെന്ന് കൃഷിക്ക് നേതൃത്വം നൽകിയ ഫാ. ടോമി പറഞ്ഞു. കൃഷി നശിച്ചതിലൂടെ രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ആവശ്യത്തിന് മഴ ലഭിക്കാത്തതാണ് കർഷകർക്ക് ദുരിതമായത്. സമീപത്തെ അണമല രാജൻ, സീതാറാം എന്നിവരുടെയും നെൽക്കൃഷി കരിഞ്ഞ് നശിച്ചു പോയിരുന്നു. ഉൽപാദനച്ചെലവ് വർധിക്കുകയും കൃഷിയിൽ നിന്നുള്ള വരുമാനം കുറഞ്ഞു വരികയും ചെയ്ത സാഹചര്യത്തിൽ കർഷകർ നെൽക്കൃഷിയിൽ നിന്നു പിന്തിരിഞ്ഞിരുന്നു. സർക്കാർ വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് കർഷകർ നെൽക്കൃഷിയിലേക്ക് തിരിച്ചെത്തിയത്. അതിനാലാണ് കൃഷി നശിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ഉയരുന്നത്.

കർഷകർക്കായി വികാസ് പീഡിയയുടെ മൊബൈൽ ആപ്


wayanad-app

വികാസ് പീഡിയ കർഷകർക്കായി പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ...

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി വികാസ് പീഡിയ ജൈവകർഷകർക്കായി മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനമായ ഹൈദരബാദിലെ സി-ഡാക്ക് ആണ് ബയോവിൻഎന്ന പേരിൽ മൊബൈൽ ആപ് നിർമിച്ചിട്ടുള്ളത്. ജൈവകർഷകർക്ക് വേണ്ടിയുള്ള രാജ്യത്തെ ആദ്യത്തെ സംരംഭമാണിത്. തുടക്കത്തിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിക്ക് കീഴിൽ റജിസ്റ്റർ ചെയ്ത 13,500 ജൈവകർഷകർക്കാണ് പ്രയോജനം ലഭിക്കുക.

വെബ്സൈറ്റിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. തുടർന്ന് പ്രവർത്തനം വിപുലപ്പെടുത്തുമ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ് ലഭ്യമാകും. അന്നന്നത്തെ കമ്പോള വില നിലവാരം, കർഷകർക്കുള്ള അറിയിപ്പുകൾ തുടങ്ങിയവ മൊബൈലിൽ മെസേജുകളായി വന്ന് കൊണ്ടിരിക്കും. മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമൻ നിർവഹിച്ചു.

കൊയ്‌ത്തിന്‌ തയാറായി അണക്കര പാടശേഖരങ്ങൾ


paddy-fields-in-anakkara

വിളവെടുപ്പിനു തയാറായി സ്വർണ വർണത്തിൽ നീണ്ടുപരന്നു കിടക്കുന്ന അണക്കരയിലെ നെൽപാടങ്ങൾ...

ഇടുക്കി കട്ടപ്പന അണക്കര പാടശേഖരങ്ങൾ കൊയ്‌ത്തിന്‌ തയാറാകുന്നു. അണക്കര പാടശേഖരങ്ങളിൽ 'പാൽത്തോണി' കൊയ്‌ത്തിന്‌ പാകമായി. അടുത്ത ദിവസങ്ങളിൽ ഇവിടെ കൊയ്ത്ത് ആരംഭിക്കും. അണക്കരയിലെ നൂറുകണക്കിന് ഏക്കർ വരുന്ന പാടശേഖരങ്ങളിൽ നോക്കെത്താദൂരത്തോളം നെല്ല് വിളഞ്ഞു കിടക്കുകയാണ്. ഇവിടുത്തെ പാടങ്ങളിൽ ഇതാദ്യമായാണ് നെല്ല് ഒരുപോലെ കൊയ്‌ത്തിന്‌ പാകമാകുന്നത്. കഴിഞ്ഞ ജൂൺ മാസത്തിൽ ഏതാണ്ട് ഒരേ സമയത്താണ് എല്ലാവരും പാടം ഒരുക്കി ഞാറ് നട്ടത്. 

അതുകൊണ്ട് നെല്ല് ഒരുപോലെ കൊയ്‌ത്തിന്‌ പാകമായി. ജൈവകൃഷി രീതിയിലാണ് കർഷകർ ഇവിടെ നെൽ കൃഷി ചെയ്തിരിക്കുന്നത്. ഹൈറേഞ്ചിന്റെ സ്വന്തം നെല്ലിനമായ 'പാൽത്തോണി' ഈ വർഷം മെച്ചപ്പെട്ട വിളവ് നൽകുമെന്നാണ് കർഷകരുടെ പ്രതീക്ഷ. നോട്ട് പ്രശ്നം മൂലം കൂലിക്കാർക്ക് പണിക്കൂലി നല്കാനുള്ള ബുദ്ധിമുട്ട് മൂലം കൊയ്ത്തു നീട്ടിവെക്കേണ്ടി വരുമോയെന്ന ഭീതിയും കർഷകർക്കുണ്ട് . അണക്കര പാടശേഖരങ്ങളിൽ അനേക വർഷങ്ങൾക്കു ശേഷമാണ് ഇതുപോലെ ഒരു കൊയ്ത്ത് നടക്കുന്നത്
.

കുരുമുളകു തോട്ടങ്ങളിൽ 

നാശത്തിന്റെ മഞ്ഞ


black-pepper-yellow-mottle-virus-disease

ബീനാച്ചി തുരുത്തുമ്മേൽ സാജുവിന്റെ മീനങ്ങാടി അട്ടക്കൊല്ലിയിലുള്ള കൃഷിയിടത്തിലെ കുരുമുളകു ചെടികൾ മുഴുവ...
കുരുമുളകു വള്ളികളുടെ അന്തകനായി വീണ്ടും മഞ്ഞളിപ്പ് രോഗബാധയെത്തുന്നു. പണമേറെ ചെലവിട്ട് നല്ലപോലെ പരിപാലിച്ചു പോന്ന ആദായമുള്ള കുരുമുളകു വള്ളികളാണ് മഞ്ഞളിപ്പു ബാധിച്ച് ഉണങ്ങിക്കരിയുന്നത്. വയനാട് ബീനാച്ചി തുരുത്തുമ്മേൽ സാജുവിന്റെ മുക്കാൽ ഏക്കറിലുള്ള കുരുമുളകു കൃഷി ഏറെയും നശിച്ചു. മീനങ്ങാടി അട്ടക്കൊല്ലിയിലുള്ള സ്ഥലത്ത് അഞ്ചു വർഷം മുൻപാണ് മുരിക്കിൻ കാലുകളിട്ട് കുരുമുളകു പടർത്തിയത്.

പന്നിയൂർ കരിമുണ്ട ഇനങ്ങളുടെ കുറ്റിക്കുരുമുളകു വള്ളികളാണ് അധികവും നട്ടത്. നാടൻ രീതിയിലും വള്ളികൾ പിടിപ്പിച്ചിരുന്നു. കുറ്റിക്കുരുമുളക് ആദ്യ വർഷം മുതൽ തന്നെ ഫലം നൽകിത്തുടങ്ങിയിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി തരക്കേടില്ലാത്ത വിളവ് ലഭിച്ചിരുന്നെന്ന് സാജു പറയുന്നു. കഴിഞ്ഞ വർഷം രണ്ടര ക്വിന്റലോളം മുളകാണ് ലഭിച്ചത്. രണ്ടു മാസം മുൻപാണ് കുരുമുളകു ചെടികളുടെ ഇലകളിൽ മഞ്ഞളിപ്പു രോഗബാധ കണ്ടു തുടങ്ങിയത്.

കുരുമുളക് പാതി മൂപ്പെത്തി നിൽക്കുന്ന സമയമായിരുന്നു അത്. രണ്ടു മാസം കൊണ്ടു തന്നെ ഭൂരിഭാഗം ചെടികളിലും മഞ്ഞളിപ്പ് ബാധിച്ചു. എഴുന്നൂറോളം കുരുമുളകു വള്ളികളാണ് നട്ടു പിടിപ്പിച്ചിരുന്നത്. അതിൽ 500 എണ്ണവും രോഗത്തിന്റെ പിടിയിലാണ്. ഇപ്പോൾ ഇലകളെല്ലാം കൊഴിഞ്ഞ് ഉണങ്ങിത്തുടങ്ങി. തുടക്കത്തിൽ മരുന്നു പ്രയോഗം നടത്തിയിരുന്നെങ്കിലും ചെടികളെല്ലാം നശിച്ചതിനാൽ രണ്ടാം ഘട്ടമായി ചെയ്തില്ല, കുരുമുളകു ചെടികളുടെ വേരുകളിൽ നിന്ന് അതിന്റെ നീര് ഊറ്റിക്കുടിക്കുന്ന കീടങ്ങൾ ബാധിച്ചതാണ് മഞ്ഞളിപ്പ് പടരാൻ പ്രധാന കാരണം.