Tuesday, 6 December 2016

നിധീഷ് മട്ടുപ്പാവിൽ കയറി: മുട്ടില്ലാതെ അരിയാക്കി

paddy-cultivation-in-terrace
ടെറസിൽ നെൽകൃഷി ചെയ്ത് ഊണിനുള്ള അരിയുണ്ടാക്കി സ്വയം പര്യാപ്തത തെളിയിക്കുകയാണ് എറണാകുളം മരട് കേട്ടേഴത്തുംകടവ് പനച്ചിക്കൽപാടം നിധീഷ്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റാണു നിധീഷ്. ജോലി കഴിഞ്ഞെത്തുന്ന സമയം എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയാണു ജൈവ കൃഷിക്കു വിത്തിട്ടത്.

പച്ചക്കറി കൃഷിയിലായിരുന്നു തുടക്കം. പിന്നീടു നെല്ലിലേക്കു ചുവടുമാറ്റി; അതും വീടിൻെറ ടെറസിൽ നെൽകൃഷി ചെയ്തുകൊണ്ട്. ടെറസിൽ എഴുപതു ഗ്രോബാഗുകളിൽ അടിവളമായി ചാണകമിട്ടു സ്വയം തയാർ ചെയ്ത മിശ്രിതങ്ങൾ ഇടവളമായി പകർന്നാണു കൃഷി പരിപോഷിപ്പിച്ചത്. ചാഴി ആക്രമണം നേരിടാൻ പഴകിയ മത്സ്യത്തിന്റെ വെള്ളം തളിച്ചു. തണ്ടുതുരപ്പനെ തുരത്താൻ വേപ്പെണ്ണ മിശ്രിതമാണ് ഉപയോഗിച്ചത്. ടെറസിൽ കേടുപാടുകളുണ്ടാകാതിരിക്കാൻ ചിരട്ടകൾ കമഴ്ത്തി നിരത്തി അതിനു മുകളിലാണു ഗ്രോബാഗ് വച്ചത്. ഇതോടെ വീട്ടിനുള്ളിലെ ചൂടു കുറഞ്ഞു. 120 ദിവസം കൊണ്ടു വിളവെടുക്കാവുന്ന ‘ഉമ’ വിത്താണു വിതച്ചത്. മരട് കൃഷിഭവനിൽനിന്നു സൗജന്യമായി കിട്ടിയതാണിത്. ഒരു ബാഗിൽ പത്തു വിത്തുകൾ വീതമാണു നട്ടത്. ഒന്നും പാഴായില്ല. ടെറസിലേക്കു പൈപ്പ് കണക്‌ഷൻ എടുത്താണു നനച്ചത്.

കൃഷിഭവനിൽ നിന്നുള്ള ഉപദേശങ്ങൾ കൂടാതെ ഫെയ്സ്ബുക് സുഹൃത്തായ മുളവുകാട് കൃഷി അസിസ്റ്റന്റ് കെ.എം. സുധീറിന്റെ സഹായവും കിട്ടി. അച്ഛൻ അംബുജാക്ഷൻ, അമ്മ വിജയകുമാരി, സഹോദരൻ അജീഷ് എന്നിവരുടെ പൂർണ പിന്തുണ ഉണ്ടായിരുന്നു. വിളവെടുത്ത നെല്ല് വീട്ടാവശ്യത്തിന് ഉപയോഗിക്കാനാണു തീരുമാനം. നെൽകൃഷി കൂടാതെ പപ്പായ, നിത്യ വഴുതന, കോവൽ, കുമ്പളം തുടങ്ങിയവയും ഇടവിളയായുണ്ട്. കർഷകസംഘം ജില്ല സെക്രട്ടറി എം.സി. സുരേന്ദ്രൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

കർഷകർക്കു വഴികാട്ടി


organic-vegetable

ജൈവകൃഷിയിലേക്കു കടന്നുവരുന്ന കൃഷിക്കാർക്ക് വേണ്ട സഹായങ്ങൾ ഒരേ കുടക്കീഴിൽ ലഭിക്കുന്ന സ്ഥാപനം. അതാണ് സണ്ണി ആൻറണിയുടെ അഗ്രോപാർക്ക്. ജൈവ സാക്ഷ്യപത്രം നേടാൻ ആഗ്രഹിക്കുന്ന കൃഷിക്കാരെ സംഘടിപ്പിക്കുന്നതിനും പരിശീലനം നൽകുന്നതിനും മതിയായ രേഖകൾ തയാറാക്കുന്നതിനുമൊക്കെ വേണ്ട വൈദഗ്ധ്യം സ്വന്തമാക്കിയിട്ടുണ്ടെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു.

കേരളത്തിലെ ഒരു പ്രമുഖ ജൈവ സാക്ഷ്യപത്ര ഏജൻസിയിൽ പ്രവർത്തിച്ച ശേഷം 11 മാസം മുമ്പ് മാത്രമാണ് സണ്ണി സ്വന്തം സംരംഭം തുടങ്ങിയത്. വളരെയേറെ നൂലാമാലകൾ നിറഞ്ഞ പ്രക്രിയ പൂർത്തിയാക്കിയാലേ ജൈവ സാക്ഷ്യപത്രം നേടാനാവൂ. ഫെയർസേർട്ട് കമ്പനിയുടെ ഇവാല്യുവേറ്റർ എന്ന നിലയിലും ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. പുതുതായി ഈ രംഗത്തേക്കു കടന്നുവരുന്നവർക്ക് വഴികാട്ടിയാവാൻ ഇവാല്യുവേറ്റർക്കു സാധിക്കും.

കേന്ദ്രസർക്കാർ ഇപ്പോൾ പ്രോത്സാഹിപ്പിച്ചുവരുന്ന പിജിഎസ് സർട്ടിഫിക്കേഷൻ ഈ രംഗത്തെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്ന ഭീതിയാണ് ഇദ്ദേഹത്തിനുള്ളത്. ഏതാനും പേർ ഒത്തുകളിച്ചാൽ ഏതുൽപന്നത്തിനും ജൈവ ലേബൽ വരുന്നത് ആശാസ്യമല്ല. സാക്ഷ്യപത്രങ്ങൾക്കു വേണ്ടിവരുന്ന ചെലവ് കുറയ്ക്കുന്നതിനു നിലവിലുള്ള ഇന്റേണൽ സർട്ടിഫിക്കേഷൻ സിസ്റ്റം (ഐസിഎസ്) എന്ന സംഘസംവിധാനം മതിയാവും. പോരാത്തതിന് ഇതിനാവശ്യമായ ചെലവുകൾക്ക് ഹോർട്ടികൾച്ചർ മിഷന്റെ 100 ശതമാനം സബ്സിഡിയുമുണ്ട്– അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫോൺ– 9447679328

ഒമേഗ ത്രീ ഇറച്ചിക്കോഴി


abdul-nazar-with-omega-3-chicken
ഒമേഗ ഇറച്ചിക്കോഴികളുമായി അബ്ദുൾ നാസർ...

ഇറച്ചിക്കോഴിയില്ലാതെ എന്താഘോഷം എന്ന നിലയ്ക്കാണ് കാര്യങ്ങൾ. അത്രയ്ക്കുണ്ട് കോഴിയിറച്ചി വിഭവങ്ങളും അവയുടെ വിൽപനയും കേരളത്തിൽ. ഈ സാഹചര്യത്തിൽ കോഴിയിറച്ചിയുടെ ഗുണനിലവാരം വർധിപ്പിക്കാനുതകുന്ന കണ്ടെത്തലാണ് ഒമേഗ ത്രീ കോഴികൾ. കേന്ദ്ര മൽസ്യ സാങ്കേതിക ഗവേഷണ സ്ഥാപന (CIFT- സിഫ്റ്റ്)ത്തിന്റെ ഈ പരീക്ഷണം വിജയകരമായി നടന്നത് പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് ഓങ്ങനല്ലൂർപറമ്പിൽ വീട്ടിൽ അബ്ദുൾ നാസറിന്റെ ‘കൊക്കരക്കോ’ പൗൾട്രി ഫാമിൽ.

‘‘മനുഷ്യശരീരത്തിന് അത്യാവശ്യമുള്ളതും എന്നാൽ ശരീരത്തിന് സ്വയം നിർമിക്കാൻ കഴിയാത്തതുമാണ് ഒമേഗ– 3 കൊഴുപ്പ്. മത്തി, അയല തുടങ്ങിയ കടൽമൽസ്യങ്ങളിൽ ഒമേഗ–3 കൊഴുപ്പ് ധാരാളമുണ്ട്. മത്തിയുടെ എണ്ണയിൽനിന്നു ഒമേഗ–3 വേർതിരിച്ചെടുക്കുന്നതിനും അത് ശരിയായ അനുപാതത്തിൽ കോഴിത്തീറ്റയിൽ കലർത്തി സമ്പുഷ്ടമാക്കുന്നതിനും സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതാണ് പരീക്ഷണത്തിന്റെ ആദ്യഘട്ടം. തുടർന്ന് ഈ തീറ്റ നൽകി ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ വളർത്തി. പൂർണവളർച്ചയെത്തിയവയുടെ മാംസത്തിൽ ഒമേഗ–3 തൃപ്തികരമായ അളവിലുണ്ടെന്നായിരുന്നു കണ്ടെത്തൽ’’, പരീ‌ക്ഷണത്തിനു നേതൃത്വം നൽകിയ സിഫ്റ്റിലെ ഗവേഷകരായ ഡോ:ആർ. അനന്തൻ, ഡോ:എസ്. ആശാലത, ഡോ:കെ.വി. ലളിത, ഡോ:എം. നാസർ എന്നിവർ പറയുന്നു.

വായിക്കാം ഇ - കർഷകശ്രീ

‘ജനങ്ങൾ ഇനിയും തിരിച്ചറിയാത്ത സുപ്രധാന നേട്ട’മെന്നാണ് തന്റെ ഒമേഗാ കോഴികളെക്കുറിച്ച് അബ്ദുൾ നാസറിന്റെ അഭിപ്രായം. ‘‘വാങ്ങുന്നവർ വീണ്ടും വാങ്ങുന്നു. നല്ല രുചിയുള്ള ഇറച്ചിയെന്ന് തലകുലുക്കി സമ്മതിക്കുന്നു. പക്ഷേ ഒമേഗ ത്രീ കോഴിയെന്താണെന്നൊന്നും ജനത്തിനു മനസ്സിലായിട്ടില്ല. അതുകൊണ്ടു സാധാരണ ഇറച്ചിക്കോഴിയുടെ വിലയ്ക്കു തന്നെ വിൽക്കേണ്ടി വരുന്നു.’’

വിൽപനശാലകളിൽ നിന്നു ദിവസവും ശേഖരിക്കുന്ന മൽസ്യാവശിഷ്ടങ്ങൾ യന്ത്രസഹായത്താൽ അരച്ചെടുത്ത് അതിൽ തവിട്, ചോളം തുടങ്ങിയവ ചേർത്ത് ഒമേഗ–3 സാന്നിധ്യമുള്ള കോഴിത്തീറ്റ തയാറാക്കൽ ശ്രമകരവും ചെലവേറിയതുമാണ്. പരീക്ഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ, ആവശ്യമായ പോഷകങ്ങൾ വേണ്ടത്ര അളവിൽ തീറ്റയിൽനിന്നു ലഭിക്കാത്തത് കോഴിക്കുഞ്ഞുങ്ങളുടെ വളർച്ചയെ ബാധിച്ചു. തീറ്റയിലുൾപ്പെടുത്തിയ ഓരോ ഘടകത്തിന്റെയും അനുപാതം പടിപടിയായി ക്രമീകരിച്ച് ഈ പോരായ്മ പരിഹരിച്ചു. വളർച്ചയുടെ ഓരോ ഘട്ടത്തിലും കോഴിയിറച്ചിയിലെ ഒമേഗ ത്രീ സാന്നിധ്യം പഠിക്കുകയും ചെയ്തു.

silage-for-hen
ഇറച്ചിയിൽ ഒമേഗ-3 ലഭിക്കുന്നതിനായി പ്രത്യേകം തയാറാക്കുന്ന കോഴിത്തീറ്റ...

നിലവിൽ 45 ദിവസംകൊണ്ട് അബ്ദുൾ നാസറിന്റെ ഒമേഗ ഇറച്ചിക്കോഴികൾ രണ്ട് കിലോ വളർച്ച നേടുന്നു. കോഴിയൊന്നിന് 140 രൂപയോളം മുടക്കു വരും. 2500 ചതുരശ്രയടി വീതം വിസ്തൃതിയുള്ള മൂന്ന് ഷെഡ്ഡുകളിലായി ആറായിരം കോഴികളെ ഒരു ബാച്ചിൽ പരിപാലിക്കുന്നു. വെൻകോബാണ് ഇനം. ഏതിനമായാലും പ്രശ്നമല്ല, തീറ്റയിലാണ് കാര്യമെന്നു നാസർ. നാൽപതു ദിവസം വളർച്ചയെത്തുന്നതോടെ പട്ടാമ്പിയിലും ഓങ്ങല്ലൂരുമുള്ള സ്വന്തം ചിക്കൻ സ്റ്റാളിലൂടെ അബ്ദുൾ നാസർ ഒമേഗക്കോഴികളെ ഇറച്ചിക്കോഴിപ്രിയരിലെത്തിക്കുന്നു.

ഒമേഗക്കോഴിയിറച്ചിയുടെ മേന്മകളെക്കുറിച്ച് ആളുകൾ അറിയണമെന്നും കൂടുതൽ സംരംഭകർ ഈ വഴിക്ക് വരണമെന്നുമാണ് അബ്ദുൾ നാസറിന്റെ അഭിപ്രായം. അതുവഴി മറ്റ് ബ്രോയിലർ ഇനങ്ങളെക്കാൾ കൂടുതൽ വിലയും പരിഗണനയും ഇതിനു ലഭിക്കുമെന്നും ഈ സംരംഭകൻ പ്രതീക്ഷിക്കുന്നു.

ഫോൺ സിഫ്റ്റ്: 0484 2412300 (ഡോ:എസ്. ആശാലത): 9446333224 അബ്ദുൾ നാസർ: 974600711
9

Monday, 5 December 2016

റംബുട്ടാൻ കൃഷി ചെയ്യാൻ


rambutan-fruit

കേരളത്തിൽ പ്രചാരം നേടിയ ഫലവർഗച്ചെടിയാണ് റംബുട്ടാൻ. മലയാളത്തിൽ മുള്ളൻപഴം എന്ന പേരിലും ഇതറിയപ്പെടുന്നു. ജൂലൈ മുതൽ ഒക്ടോബർ വരെ കായ്ഫലം തരും. തോടിനുള്ളിലെ ദശയാണ് ഭക്ഷ്യയോഗ്യമായ ഭാഗം. മലേഷ്യയാണ് റംബുട്ടാന്റെ ജന്മദേശം.

കായ്കൾ ചുവപ്പ് അല്ലെങ്കിൽ മഞ്ഞ എന്നിങ്ങനെ രണ്ടിനങ്ങളുണ്ട്. തണ്ടിന്റെ അറ്റത്തു കുലകളായി കായ്കൾ ഉണ്ടാകുന്നു. കായ്ക്ക് മുഴുത്ത നെല്ലിക്കയോളം വലുപ്പം വരും. കായ്കൾക്കുള്ളിൽ ഒരു വിത്തുണ്ടാകും. എങ്കിലും ഗ്രാഫ്റ്റു ചെയ്തെടുത്ത തൈകളാണു നടുക. കാരണം ആൺ പെൺ മരങ്ങൾ റംബുട്ടാന്റെ പ്രത്യേകതയാണ്. വിത്തു മുളപ്പിച്ചെടുക്കുന്ന തൈകൾ കായ്ക്കുന്ന പെൺമരമെന്ന് ഉറപ്പില്ലാത്തതിനാൽ ഗ്രാഫ്റ്റുതൈകൾ തന്നെയാണു നടാനെടുക്കേണ്ടത്. ഇതിനായി കുരുവിട്ടു മുളപ്പിച്ച തൈകൾക്ക് ഒരു വർഷം വളർച്ചയാകുമ്പോൾ വശം ചേർത്തൊട്ടിക്കൽ നടത്താം.

അനേകം ശിഖരങ്ങളോടെ പടർന്നു വളരുന്ന ഒരു ചെടിയാണിത്. രണ്ടു രണ്ടര മീറ്റർ വരെ ഉയരത്തിൽ വളരും. തൈ നടേണ്ടത് 7 മീറ്റർ അകലം നൽകി 50x50x50 സെ.മീ. വലുപ്പത്തിൽ കുഴികളെടുത്താകണം. ഗ്രാഫ്റ്റുതൈകൾ മൂന്നോ നാലോ വർഷംകൊണ്ട് കായ്ച്ചു തുടങ്ങും.

റംബുട്ടാന്റെ തൈകൾ പ്രമുഖ നഴ്സറികളിൽ നിന്നും വാങ്ങുക
.

കൃഷിയില്‍ വിജയഗാഥ രചിച്ച് ഈ കൂട്ടായ്മ


farming-by-ex-nris
പ്രവാസി പുരുഷ സ്വയംസഹായ സംഘം പ്രവർത്തകർ പെരിയ ബസാറിനു സമീപം ദേശീയപാതയോരത്തുള്ള തങ്ങളുടെ കൃഷിയിടത്തിൽ...

മരുഭൂമിയിലെ ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തുമ്പോൾ മനസ്സു നിറയെ പച്ചപ്പായിരുന്നു ഇവരുടെ ഉള്ളിൽ. ആ പച്ചപ്പ് കൃഷിയിലൂടെ യഥാർഥ്യത്തിലെത്തിയപ്പോൾ ഇവർ നേടിയതു വിജയത്തിന്റെ നൂറുമേനി. കാസർകോട് പെരിയ ബസാറിലെ പ്രവാസി പുരുഷ സ്വയംസഹായ സംഘം പ്രവർത്തകരാണു ഗൾഫ് ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തി കൃഷിയിലൂടെ നൂറുമേനി വിളയിക്കുന്നത്. 12 പേരുള്ള കൂട്ടായ്മയാണു പ്രവാസി പുരുഷ സംഘം. ഇതിൽ എട്ടുപേരും പ്രവാസ ജീവിതം അനുഭവിച്ചറിഞ്ഞവർ. നാട്ടിലെത്തിയപ്പോൾ ഇവരുടെ ഉള്ളിൽ ഇനി കൃഷിയിലൂടെ മുന്നോട്ടുള്ള ജീവിതം എന്ന ചിന്ത ശക്തമായിരുന്നു. അങ്ങനെ അവർ ഒത്തുകൂടി. അതോടെ നാട്ടിലെ മികച്ച കാർഷിക കൂട്ടായ്മകളിലൊന്നായി മാറുകയായിരുന്നു പ്രവാസി പുരുഷ സ്വയംസഹായ സംഘം.

നെൽക്കൃഷിയും പച്ചക്കറിക്കൃഷിയുമാണ് ഇതിൽ മുഖ്യം. ഇതിൽ നെൽക്കൃഷി എല്ലാവരും ചേർന്നു ചെയ്യുമ്പോൾ പച്ചക്കറിക്കൃഷിക്കു നേതൃത്വം നൽകുന്നതു മൂന്നുപേരാണ്. ദേശീയപാതയോരത്തു പാട്ടത്തിനെടുത്ത രണ്ടേക്കർ സ്ഥലത്താണ് ഇവരുടെ പച്ചക്കറിക്കൃഷി. ഇത്തവണ പയറാണ് ഇവർ കൃഷി ചെയ്തത്. രണ്ടേക്കർ സ്ഥലത്തുനിന്ന് ഇതിനകം തന്നെ ഇവർ 15 ക്വിന്റൽ പയർ വിളവെടുത്തു കഴിഞ്ഞു. പ്രവാസികളായിരുന്ന എം.വി.കുഞ്ഞിരാമൻ, കെ.മുരളീധരൻ, കെ.മധു എന്നിവരുടെ നേതൃത്വത്തിലാണു പയർക്കൃഷി. എല്ലാ ദിവസവും വൈകിട്ട് നാലു മുതൽ ഏഴു വരെ മൂന്നുപേരും കൃഷിയിടത്തിൽ സജീവമാണ്. ജൈവവളമാണു കൃഷിയിൽ ഇവരുപയോഗിക്കുന്നത്. വിളവെടുത്തു കിട്ടുന്ന പയർ വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിലിന്റെ കടയിലൂടെ വിതരണം ചെയ്യുന്നു.

കഴിഞ്ഞ വർഷം മാത്രം 11 ലക്ഷം രൂപയുടെ വരുമാനമാണ് ഇവർ കൃഷിയിലൂടെ നേടിയത്. കൃഷിയിൽ വ്യത്യസ്തത പരീക്ഷിച്ചു പരാജയപ്പെട്ട അനുഭവവും ഇവർക്കുണ്ട്. ഒരുതവണ വാഴക്കൃഷി ചെയ്തു വൻ നഷ്ടത്തിലായി സംഘം. എന്നാലും നഷ്ടം കണക്കുകൂട്ടാതെ കൃഷിയിലൂടെ മുന്നോട്ടു പോകാനായിരുന്നു ഇവരുടെ തീരുമാനം. എന്തു തന്നെയായാലും കൃഷി ലാഭമെന്നു തന്നെയാണ് ഇവരുടെ നിലപാട്. മരുഭൂമിയിലെ ഊഷരതയേക്കാൾ നാട്ടിലെ മണ്ണാണു തങ്ങൾക്കു ജീവിതം എന്നു തിരിച്ചറിയുകയായിരുന്നു കൃഷിയിലൂടെ ഇവർ. സംഘത്തിലെ മറ്റുള്ളവരും കൃഷിയിൽ സജീവമാണ്. കൂടാതെ മറ്റു തൊഴിലുകൾക്കും ഇതിനിടയിൽ ഇവർ സമയം കണ്ടെത്തുന്നു.

സംഘം രൂപീകരിച്ചിട്ടിപ്പോൾ രണ്ടു വർഷം കഴിഞ്ഞു. ഈ ചെറിയ സമയത്തുതന്നെ കൃഷി ലാഭകരമെന്നു സമൂഹത്തിന് ഇവർ കാട്ടിക്കൊടുത്തു കഴിഞ്ഞു. വരും വർഷങ്ങളിലും മികച്ച കൃഷിയിറക്കി ലാഭം കൊയ്യാൻ തന്നെയാണ് ഇവരുടെ തീരുമാനം. 12 പേരുടെ കൂട്ടായ്മയിൽ ചെയ്യുന്നതു നെൽക്കൃഷിയാണ്. പാട്ടത്തിനെടുത്ത മൂന്നേക്കർ സ്ഥലത്താണ് ഇത്തവണ നെൽക്കൃഷിയിറക്കിയത്. ഇതു കൊയ്ത്തിനായി ഒരുങ്ങിക്കഴിഞ്ഞു. നൂറുമേനി വിളഞ്ഞു നിൽക്കുന്ന പാടത്ത് കൊയ്ത്തുത്സവത്തിനുള്ള തയാറെടുപ്പിലാണിപ്പോൾ സംഘം പ്രവർത്തകർ.

ജോൺ പറയുന്നു: കൃഷി

 ലാഭമാണ്

jathikka-nutmeg-farmer-john

കൃഷി പലരും നഷ്ടമാണെന്നു പറയുമ്പോഴും അതല്ലെന്നു തെളിയിക്കുകയാണ് കാസർകോട് കൊട്ടോടിയിലെ ജോൺ കുഴിഞ്ഞാലിൽ എന്ന പാരമ്പര്യ കർഷകൻ. നാലേക്കറോളം വരുന്ന ജോണിന്റെ കൃഷിയിടത്തിലെ രണ്ടേക്കർ വരുന്ന കമുകിൻ തോട്ടത്തിൽ ഇടവിളയായി ജാതിക്ക കൃഷി നടത്തിയാണ് ജോൺ ലാഭം കൊയ്യുന്നത്. നൂറ് ജാതി മരങ്ങളാണ് തോട്ടത്തിലുള്ളത്. ഇതിൽ ഇരുപതു തൈകൾ കായ്ഫലം നൽകി തുടങ്ങി. ജൈവ കർഷകൻ സുഭാഷ് പലേയറുടെ ചെലവില്ലാ പ്രകൃതി കൃഷി രീതിയാണ് ജോൺ പിന്തുടരുന്നത്. പൂർണമായും ജൈവ രീതി. ജാതിക്ക കൃഷിയിലൂടെ വർഷം അൻപതിനായിരത്തോളം രൂപയുടെ അധിക വരുമാനമാണ് ഈ ജൈവ കർഷകൻ നേടുന്നത്.

കമുകിന് നൽകുന്ന വെള്ളമാണ് ജാതി മരത്തിനും ലഭിക്കുന്നത്. ജാതിക്കാ കൃഷിയുടെ വളം നിർമാണത്തിനു നാടൻ പശുവിനെയും വളർത്തുന്നുണ്ട്. പശുവിൽ നിന്നും ശേഖരിക്കുന്ന ഗോമൂത്രവും ചാണകവും ലയിപ്പിച്ചുള്ള ലായനി മാത്രമാണ് ജാതിക്കു നൽകുന്നത്. വർഷം ഒരു ക്വിന്റലോളം ഉൽപാദനം ലഭിക്കും. കാലവർഷാരംഭം മുതൽ നാലുമാസമാണ് വിളവെടുപ്പ് സമയം. ജാതി പരിപ്പ്, ജാതി തൊണ്ട്, ഫ്ലവർ, പത്രി എന്നിവയാണ് വിവിധ ഉപ ഉൽപന്നങ്ങൾ. ജാതി പരിപ്പിനു കിലോയ്ക്കു 450 യും, ഫ്ലവറിനു 800 രൂപയും, പത്രിക്കു 500 രൂപയും ലഭിക്കും. കൂടാതെ ഔഷധ മൂല്യമുള്ള തൊണ്ടിനു 240 രൂപ വരെയും ലഭിക്കും.

സംസ്കരിച്ച ഉൽപന്നങ്ങൾ കാലടിയിലാണു വിൽപന നടത്തുന്നത്. കാലടിയിൽ മികച്ച വില ലഭിക്കുന്നുവെന്നു ജോൺ പറയുന്നു. ഈരാറ്റുപേട്ടയിൽ നിന്നും വ്യാപാരികൾ ജോണിനെ തേടി വരാറുണ്ട്. 30 വർഷത്തോളം പ്രായമുള്ള മരങ്ങൾ തോട്ടത്തിലുണ്ട്. പിതാവിന്റെ താൽപര്യമാണ് തന്നെ ജാതിക്കാ കൃഷിയിലേക്കു നയിച്ചതെന്നു ജോൺ പറയുന്നു. നാലേക്കറോളം വരുന്ന കൃഷിയിടത്തിൽ സമ്മിശ്ര കൃഷിയായതിനാൽ ഒരിക്കലും നഷ്ടം സംഭവിച്ചിട്ടില്ല.

ജാതികൃഷിയിൽ പ്രശസ്തനായ പേരാമ്പ്ര കല്ലാനോടിലെ കടുകുമാക്കൽ ഏബ്രഹാം, കാഞ്ഞിരപ്പള്ളി, അങ്കമാലിയിലെ കറുകുറ്റി എന്നിവിടങ്ങളിലെ നഴ്സറികളിൽ നിന്നുമാണ് അത്യുൽപാദന ശേഷിയുള്ള തൈകളെത്തിച്ചത്. രാസവളം ചേർക്കാതെ മണ്ണിൽ സൂഷ്മാണുക്കളും മണ്ണിരയും വളരാനുള്ള സാഹചര്യമൊരുക്കിയാൽ ഏതു കൃഷിയും ലാഭകരമാക്കാമെന്ന് ജോൺ കുഴിഞ്ഞാലിൽ പറയുന്നു. ഫോൺ: 97455 12664.

Saturday, 3 December 2016


cow


നമ്മുടെ തനതു കന്നുകാലി ജനുസുകളുടെ അടിസ്ഥാനഗുണമായിരുന്നു മികച്ച രോഗപ്രതിരോധശേഷി. എന്നാൽ ഉൽപാദനക്ഷമതയേറിയ വിദേശ സങ്കര ജനുസുകൾ പ്രചാരത്തിലായതോടെ കന്നുകാലികളുടെ രോഗപ്രതിരോധശേഷി കുറഞ്ഞു. കാലിവസന്ത, കുളമ്പുരോഗം, അകിടുവീക്കം, അടപ്പൻ, കുരളടപ്പൻ, കരിങ്കാൽരോഗം, ആടുവസന്ത തുടങ്ങിയ രോഗങ്ങൾ മൃഗസംരക്ഷണ മേഖലയിൽ വൻ ഭീഷണി ഉയർത്തി. രോഗങ്ങൾ കാരണമുണ്ടാകുന്ന ജീവനാശം, ഉൽപാദന, പ്രത്യുൽപാദന ക്ഷമതയിലെ കുറവ്, ഉയർന്ന ചികിത്സാച്ചെലവ് തുടങ്ങിയവ ക്ഷീരകർഷകരെയും ദേശീയ സമ്പദ്ഘടനയെപ്പോലും സാരമായി ബാധിച്ചു. ഉദാഹരണത്തിന് കുളമ്പുരോഗം മൂലമുള്ള ശരാശരി വാർഷിക സാമ്പത്തിക നഷ്ടം 20,000 കോടി രൂപയിലധികമാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.

ഈ സാഹചര്യത്തിലാണ് മൃഗാരോഗ്യ– രോഗ നിയന്ത്രണ പദ്ധതിക്കു കേന്ദ്ര കാർഷിക മന്ത്രാലയം രൂപം നൽകിയത്. ഈ പദ്ധതി സമഗ്രവും, ചിട്ടയായും നടപ്പാക്കിയതിനെത്തുടർന്ന് കാലിവസന്ത രോഗം പൂർണമായും നിർമാർജനം ചെയ്യാനായി. ഇതു തുടർപ്രവർത്തനങ്ങൾക്ക് വലിയ ഊർജമാണ് പകർന്നത്. മുഖ്യമായും സമ്പൂർണ പ്രതിരോധ കുത്തിവയ്പിലൂടെയാണ് കാലിവസന്ത നിർമാർജനം എന്ന ലക്ഷ്യം സാധിച്ചത്.

തുടർന്നാണ് കുളമ്പുരോഗ നിയന്ത്രണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ 2004–ൽ ദേശീയ ക്ഷീരവികസന ബോർഡുമായി സഹകരിച്ച് ഗോരക്ഷാ പദ്ധതിക്കു തുടക്കമിട്ടത്. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകൾ, വിവിധ സർക്കാർ സംവിധാനങ്ങൾ എന്നിവ ഏകോപിപ്പിച്ചു നടപ്പാക്കുന്ന ഊർജിത പ്രതിരോധ കുത്തിവയ്പു പരിപാടിയാണ് ഇത്. അതിർത്തികളിൽ ചെക്പോസ്റ്റ് സ്ഥാപിച്ച് സംസ്ഥാനത്തേക്കു കടന്നുവരുന്ന കന്നുകാലികളുടെ ആരോഗ്യ പരിശോധന, അറവുശാലകളിലെ വിദഗ്ധ പരിശോധന, രോഗബാധ വേളയിലെ നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ തുടങ്ങി വിവിധ തലങ്ങളിലാണു ഗോരക്ഷ നടപ്പാക്കിയത്. വാക്സിൻ ഉൽപാദനം മുതൽ കുത്തിവച്ച മൃഗങ്ങളിലെ പ്രതിരോധശേഷി നിർണയം വരെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഗോരക്ഷാ പദ്ധതി നടപ്പാക്കിയത്. തുടർവർഷങ്ങളിൽ രോഗബാധാ നിരക്കിൽ വന്ന ഗണ്യമായ കുറവ് പദ്ധതിയുടെ വിജയം സാക്ഷ്യപ്പെടുത്തുന്നു.

വസ്തുത ഇതാണെങ്കിലും പ്രതിരോധ കുത്തിവയ്പുകളുടെ ഫലപ്രാപ്തിയെയും, അവ കാരണമെന്നു പറയപ്പെടുന്ന പാർശ്വഫലങ്ങളെയും കുറിച്ചു ധാരാളം മിഥ്യാധാരണകൾ കർഷകർക്കിടയിലുണ്ട്. എന്താണ് പ്രതിരോധ വാക്സിൻ എന്നും അവ എങ്ങനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നതെന്നും അറിഞ്ഞാൽ ഈ തെറ്റിദ്ധാരണ മാറും.

എന്താണ് വാക്സിനുകൾ

രോഗകാരിയായ അണുക്കളെ രൂപമാറ്റവും സ്വഭാവമാറ്റവും (രോഗമുണ്ടാക്കുന്ന സ്വഭാവം നശിപ്പിച്ച്) വരുത്തി ആരോഗ്യമുള്ള മൃഗങ്ങളിൽ പ്രവേശിപ്പിച്ച് അവയ്ക്കു രോഗപ്രതിരോധശേഷി നൽകുന്ന പ്രക്രിയയാണ് പ്രതിരോധവൽക്കരണം അല്ലെങ്കിൽ ഇമ്യൂണൈസേഷൻ. വാക്സിനിൽ ഉപയോഗിക്കുന്ന അണുക്കള്‍ രോഗമുണ്ടാക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ ഓരോ ബാച്ച് വാക്സിനും ഉപയോഗിക്കുന്നതിനു മുൻപ് ദീർഘമായ ഗുണനിലവാര, സുരക്ഷാപരിശോധനകളിലൂടെ കടന്നുപോകേണ്ടതുണ്ട്. കുത്തിവയ്പു മരുന്നുകളുടെ ഫലപ്രാപ്തിയെ ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് അവയുടെ സൂക്ഷിപ്പ് അഥവാ കൈകാര്യം ചെയ്യൽ. ഉൽപാദനം മുതൽ ഉപയോഗം വരെ ശീതശൃംഖല (കോള്‍ഡ് ചെയിൻ) കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഓരോ വാക്സിനും നിർദിഷ്ട താപനിലയിൽ മാത്രമേ സൂക്ഷിക്കാവൂ എന്നർഥം. അതുപോലെതന്നെ പ്രധാനമാണ് കുത്തിവയ്ക്കപ്പെടുന്ന മൃഗങ്ങളുടെ പ്രായവും, ആരോഗ്യസ്ഥിതിയും. പൂർണ ആരോഗ്യമുള്ള മൃഗങ്ങളില്‍ മാത്രമേ കുത്തിവയ്പിനു മികച്ച പ്രതികരണം ഉണ്ടാക്കാനാവുകയുള്ളൂ. വിരബാധപോലുള്ള രോഗങ്ങൾ ഇതിനു തടസ്സം നിൽക്കും. അതിനാൽതന്നെ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിന് ഒരാഴ്ച മുൻപ് കന്നുകാലികൾക്കു വിരമരുന്ന് നൽകേണ്ടത് അനിവാര്യം. ഏഴു മാസവും അതിലേറെയും ചെനയുള്ള പശുക്കളെ കുത്തിവയ്പിൽ നിന്ന് ഒഴിവാക്കുകയും വേണം.

സാമൂഹിക പ്രതിരോധം

പ്രതിരോധ കുത്തിവയ്പുകളുടെ ഫലപ്രാപ്തിക്ക് ഏറെ അത്യന്താപേക്ഷിതമായ മറ്റൊരു ഘടകമാണ് സാമൂഹിക പ്രതിരോധം അഥവാ ഹേർഡ് ഇമ്യൂണിറ്റി. ഒരു പ്രദേശത്തെ 80 ശതമാനമെങ്കിലും മൃഗങ്ങൾക്ക് മതിയായ രോഗപ്രതിരോധശേഷി ഉറപ്പുവരുത്തുന്നതിലൂടെ അവിടെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കാനാവും. രോഗകാരികളായ അണുക്കൾക്ക് ആ സമൂഹത്തിൽ നിലനിൽക്കാനാവാത്ത ഒരു സാഹചര്യം ഇങ്ങനെ സൃഷ്ടിക്കപ്പെടുന്നു.

തെക്കൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ 2007–08, 2013–14 വർഷങ്ങളിലും സാരമായ കുളമ്പുരോഗബാധ ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. തെക്കൻ സംസ്ഥാനങ്ങളിൽ വിശേഷിച്ചും കേരളത്തിൽ അന്തരീക്ഷ ഈർപ്പത്തിന്റെ അളവ് കൂടുതലായതു കൊണ്ട് രോഗാണുക്കൾക്ക് വളരെ വേഗത്തിൽ പടരാൻ സാധിക്കും.

ഗോരക്ഷ പദ്ധതിയുടെ ഭാഗമായി 2004 മുതൽ ഊർജിത കുളമ്പുരോഗപ്രതിരോധ കുത്തിവയ്പു നടത്തുന്നുണ്ടെങ്കിലും കേരളത്തിൽ 2013ൽ ഓഗസ്റ്റ് മുതൽ നവംബർ വരെ വ്യാപകമായി കുളമ്പുരോഗം ഉണ്ടാവുകയും 12 ജില്ലകളിലെ കന്നുകാലികളെ ബാധിക്കുകയും ചെയ്തു. നൂറുകണക്കിനു കന്നുകാലികൾ ചത്തൊടുങ്ങുകയും പാലുൽപാദനം ഗണ്യമായി (70 ശതമാനത്തോളം) കുറയുകയും അതുവഴി വൻ സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്തു. കുളമ്പുദീനം പശു, എരുമ, ആട്, പന്നി, കാട്ടുമൃഗങ്ങൾ, മാൻ, ആന മുതലായവയെ ബാധിച്ചു. കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് എടുക്കാത്ത പശുക്കളെയും പന്നികളെയുമാണ് സാരമായി ബാധിച്ചത്. പക്ഷേ ശാസ്ത്രീയമായി പരിചരിക്കുകയും, കുത്തിവയ്പ് നൽകുകയും ചെയ്യുന്ന, സർക്കാർ ഫാമിലെ കന്നുകാലികളെ രോഗം ബാധിച്ചില്ല.

കുളമ്പുദീനം പശുക്കളിൽ പാലുൽപാദനം കുറയ്ക്കുകയും, കന്നുകുട്ടികളിൽ ഹൃദയ പേശികളെ ബാധിക്കുന്നതിനാൽ മരണം സംഭവിക്കുകയും ചെയ്യുന്നു. എന്നാൽ 2013ലെ രോഗബാധയിൽ പശുക്കളിലും ഉയർന്ന മരണനിരക്കാണുണ്ടായത്. കുളമ്പുദീനം ബാധിച്ച് രോഗപ്രതിരോധശേഷി കുറഞ്ഞപ്പോൾ കുരളടപ്പൻ രോഗത്തിന്റെ അണുക്കൾ ശക്തിപ്രാപിക്കുകയും രോഗമുണ്ടാക്കുകയും ചെയ്തതാണു കാരണം. അതുപോലെതന്നെ അനാപ്ലാസ്മ, തൈലേറിയ എന്നീ രോഗങ്ങളും മൂർച്ഛിച്ചതായി കണ്ടു. 2015ൽ വയനാട് ജില്ലയിൽ നെന്മേനി, നൂൽപ്പുഴ പഞ്ചായത്തുകളിൽ രോഗബാധ ഉണ്ടാവുകയും നൂറോളം പശുക്കളെ ബാധിക്കുകയും പതിനൊന്ന് പശുക്കൾ ചാവുകയും ചെയ്തു.

രോഗ കാരണങ്ങൾ

∙ അയൽ സംസ്ഥാനത്തു നിന്ന് അനിയന്ത്രിതമായി അതിർത്തി ചെക്ക് പോസ്റ്റുകളിലൂടെ കന്നുകാലികളെ കൊണ്ടുവരുന്നത്. കുളമ്പുദീനം ബാധിച്ച കന്നുകാലികളെ അറവുശാലകളിലേക്കു കൊണ്ടുവരുന്നത്. 10 ലക്ഷത്തിലധികം പശുക്കളെയാണ് ഒരു വർഷം അറക്കാൻ വേണ്ടി കേരളത്തിലേക്കു കൊണ്ടുവരുന്നത്.

∙ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ സമയക്രമം കൃത്യമായി പാലിക്കാതിരിക്കുന്നത്. ആറു മാസം ഇടവിട്ട് കുത്തിവയ്പ് നടത്തേണ്ടതാണ്. സ്ഥലത്തെ എൺപതു ശതമാനം കന്നുകാലികളെയും കുത്തിവയ്ക്കാതിരുന്നത്.

∙ അനാപ്ലാസ്മ, തൈലേറിയ രോഗങ്ങൾ, വിവിധ വിരബാധകൾ എന്നിവ സാമൂഹിക പ്രതിരോധശേഷിയെ സാരമായി ബാധിച്ചത്.

∙ പാലുൽപാദനം കുറയുമെന്ന ഭയത്താൽ കുത്തിവയ്പ് എടുക്കാൻ ക്ഷീരകർഷകർ വിസമ്മതിച്ചത്.

∙ സീൽ തുറന്ന വാക്സിൻ തുടർ ദിവസങ്ങളിൽ ഉപയോഗിക്കുന്നത്.

∙ വാക്സിൻ നിർദിഷ്ട താപനിലയിൽ സൂക്ഷിക്കാത്തത്.

സാമൂഹിക പ്രതിരോധശേഷി

കുളമ്പുരോഗ പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ടോ എന്ന് അറിയാൻ സീറം പരിശോധിച്ചപ്പോൾ കേരളത്തിൽ മൊത്തം വേണ്ടത്ര സമൂഹപ്രതിരോധശേഷി കൈവരിച്ചിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നഷ്ടം തടയാൻ

∙ ഉയർന്ന മരണനിരക്ക് തടയാൻ കന്നുകാലികൾക്കു കുരളടപ്പൻ രോഗത്തിനുള്ള രോഗപ്രതിരോധ കുത്തിവയ്പ് എല്ലാ കൊല്ലവും (ഏപ്രിൽ–മേയ് മാസം) നൽകണം.

∙ ശാസ്ത്രീയമായി കൃത്യ അളവിൽ വിരമരുന്ന് നൽകുകയും, ചെള്ള്, പേൻ തുടങ്ങിയവയ്ക്കു മരുന്ന് പ്രയോഗിക്കുകയും ചെയ്യണം.

∙ അയൽ സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്ന കന്നുകാലികളെ ചെക്ക് പോസ്റ്റിൽ മൂന്നാഴ്ച നിരീക്ഷണത്തിൽ നിർത്തണം. രോഗപ്രതിരോധ കുത്തിവയ്പിനു ശേഷം മാത്രമേ കടത്തിവിടാവൂ.

∙ കേരളത്തിലെ പതിന്നാല് ചെക്ക് പോസ്റ്റുകളിലും കന്നുകാലികൾക്ക് നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണം.

∙ വാക്സിന്റെ ഗുണനിലവാരം നിലനിർത്താൻ മികച്ച ശീതീകരണ സംഭരണികൾ അനിവാര്യം.

വിജയകരമായ രോഗപ്രതിരോധം കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ. അതിൽ സാങ്കേതിക വിദഗ്ധരും ശാസ്ത്രജ്ഞരും സന്നദ്ധ സംഘടനകളും കർഷകരും എല്ലാം കൈകോർത്തു നിൽക്കേണ്ടതുണ്ട്. ഗോരക്ഷ, അസ്കാ‍ഡ് തുടങ്ങിയ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പദ്ധതികളും ഇങ്ങനെയാണ് നടപ്പാക്കേണ്ടത്. കുത്തിവയ്പ് ക്യാമ്പുകളുടെ സമയക്രമം മുൻകൂട്ടി മനസ്സിലാക്കി അതിൽ സ്വന്തം ഉരുക്കളെ പങ്കെടുപ്പിക്കുക. അപ്പോൾ നാടിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ആരോഗ്യത്തിനും, ഭക്ഷ്യ സുരക്ഷയ്ക്കുമുള്ള വലിയ പ്രവർത്തനത്തിന്റെ ഭാഗമാകുകയാണ് നമ്മൾ.

വിലാസം: രോഗപ്രതിരോധ വിഭാഗം, കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്, പൂക്കോട്, ലക്കിടി പി.ഒ., വയനാട്.