Sunday, 11 December 2016

നിലക്കടല കൃഷി: ഇന്നും അന്യമാവാതെ തുടരുന്നു


ground-nut-nila-kadala-farming
മുതലമട ഗോവിന്ദാപുരം അതിർത്തിയിലെ നിലക്കടല കൃഷി...

അതിർത്തിയിൽ അന്യമാവാതെ ഇന്നും നിലക്കടല കൃഷി. പാലക്കാടിന്റെ പെരുമയുമായി മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളിൽ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന നിലക്കടല കൃഷി ഇന്നു നാമമാത്രമായി അതിർത്തി ഗ്രാമങ്ങളിൽ മാത്രമാണു കൃഷിയിറക്കുന്നത്.തമിഴ്നാടിനോടു ചേർന്നു കിടക്കുന്ന ഗോവിന്ദാപുരം, നീളിപ്പാറ, ചെമ്മണാംപതി, മൂച്ചംകുണ്ട്, ചപ്പക്കാട് എന്നിവിടങ്ങളിലെ കാടുകളിൽ ചെറിയ തോതിൽ മാത്രമാണ് ഇവ വിളവിറക്കിയിരിക്കുന്നത്.

വിത്തിട്ട് 110–120 ദിവസം മൂപ്പുള്ള നിലക്കടല ഒരു ഏക്കർ സ്ഥലത്തു കൃഷിയിറക്കുന്നതിനു 60–70 കിലോ വിത്താണു ആവശ്യമായി വരുക. രണ്ടു തവണ കളയെടുക്കലും മരുന്നടിയും വളപ്രയോഗം എന്നിവയടക്കം വിത്തിടൽ മുതൽ വിളവെടുപ്പ് സമയം വരെയുള്ള സമയത്ത് ഏക്കറിനു 15,000 രൂപയോളമാണു ചെലവ് വരുകയെന്നു കർഷകർ പറയുന്നു. വിത്തിട്ട് മുളച്ചു കഴിഞ്ഞാൽ 40–50 ദിവസത്തിലാണു കടല ഇറങ്ങുന്ന സമയം.

രണ്ടോ മൂന്നോ തവണ വെള്ളം ലഭിച്ചാൽ തന്നെ മികച്ച രീതിയിൽ നിലക്കടല വിളവെടുക്കാൻ കഴിയുന്ന സ്ഥിതിയുണ്ട്. കാലാവസ്ഥ അനുകൂലമായി ശരിയായി പരിപാലനം നടത്തിയ കൃഷിയിടത്തിൽ നിന്നും ഒരു ഏക്കറിനു 750–1000 കിലോ കടല ലഭിക്കുമെന്നാണു കണക്ക്. 35–50 രൂപ വരെ ഉണക്കിയ കടലയ്ക്കു വില ലഭിക്കും.

കാലാവസ്ഥ വ്യതിയാനം വന്നാൽ പെട്ടെന്നു കീടബാധയുണ്ടാവുകയും കടലച്ചെടി ഉണങ്ങിപ്പോവുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്. ഒരു പതിറ്റാണ്ട് മുൻപ് വരെ ഏക്കർ കണക്കിനു സ്ഥലത്തു നിലക്കടല കൃഷി ഉണ്ടായിരുന്നെങ്കിലും പറമ്പുകളിൽ മാവുകൾ വച്ചു തുടങ്ങിയതോടെയാണു നിലക്കടല കൃഷി അന്യമാവുന്നത്. ഇപ്പോഴും അതിർത്തി ഗ്രാമങ്ങളിൽ ചെറിയ തോതിൽ നിലക്കടല കൃഷിയുണ്ടെങ്കിലും പാലക്കാടൻ പെരുമയുടെ അടുത്തൊന്നും എത്തില്ല.

പൈനാപ്പിൾ അസാധു; ചക്കക്കുരുവിന് ക്യൂ


വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ കൂട്ടിയിട്ടിരിക്കുന്ന പൈനാപ്പിൾ.
വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ കൂട്ടിയിട്ടിരിക്കുന്ന പൈനാപ്പിൾ....

പറമ്പിൽ വീണ് പക്ഷികൾക്കും പ്രാണികൾക്കും ഭക്ഷണമായി മാറിയിരുന്ന ചക്കക്കുരുവിനു വില കിലോഗ്രാമിന് 80 രൂപ. മാസങ്ങളോളം കഠിനാധ്വാനം ചെയ്ത് വിളവെടുത്തു കേടുകൂടാതെ വിപണിയിലെത്തിക്കുന്ന പൈനാപ്പിളിനു വില 15 രൂപ. പൈനാപ്പിൾ വിലയിടിവിനെ തുടർന്നു വൻ നഷ്ടം നേരിട്ട പൈനാപ്പിൾ കർഷകർ തലയിൽ കൈവച്ചു കേഴുമ്പോൾ പറമ്പിൽ വെറുതെ കളഞ്ഞിരുന്ന ചക്കക്കുരു വലിയ വില കൊടുത്തായാലും വാങ്ങാൻ സൂപ്പർ മാർക്കറ്റുകളിൽ പോലും തിരക്കാണ്.പൈനാപ്പിൾ വിലയിടിവിനു വിവിധ കാരണങ്ങളാണു കർഷകർ ചൂണ്ടിക്കാണിക്കുന്നത്. 
chakkakuru-1
നോട്ട് അസാധുവാക്കലിനെത്തുടർന്ന് വാങ്ങാനെത്തുന്നവരുടെ എണ്ണം കുറഞ്ഞത്, ജയലളിതയുടെ മരണത്തെത്തുടർന്നു തമിഴ്‌നാട്ടിലേക്കുള്ള പൈനാപ്പിൾ കയറ്റുമതി ഇടിഞ്ഞത്, വിവിധ സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലുകൾ എന്നിവയൊക്കെ പൈനാപ്പിൾ വിലയിടിവിനു കാരണമായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കിലോഗ്രാമിനു 30 രൂപ വില ലഭിച്ചിരുന്ന പൈനാപ്പിളിനാണു വില 17ലേക്കും 15ലേക്കും താഴ്ന്നത്. ഉൽപാദനം കുറവായിട്ടും പൈനാപ്പിൾ വില ഉയരാത്തതു കർഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പൈനാപ്പിൾ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ കെട്ടിക്കിടക്കുന്ന അവസ്ഥയും ഉണ്ട്. 30% വരെ പൈനാപ്പിൾ കയറ്റുമതിയിൽ കുറവുണ്ടായതായി കർഷകരും വ്യാപാരികളും പറയുന്നു. ചക്കക്കുരുവിന്റെ സ്ഥിതി ഇതല്ല. നാട്ടിലെങ്ങും ചക്കക്കുരു കിട്ടാനില്ല. പച്ചക്കറി മാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും വിലപിടിപ്പുള്ളതും അപൂർവവുമായ വിഭവങ്ങളിലൊന്നാണു ചക്കക്കുരുവിപ്പോൾ. ജാക്ക് സീഡ് മസാല, പോട്ട് റോസ്റ്റഡ് ജാക്ക് സീഡ്, സ്വീറ്റി ജാക് സീഡ് തുടങ്ങി വായിൽകൊള്ളാത്ത ഇംഗ്ലിഷ് പേരുകൾ ചേർത്തു ചക്കക്കുരു വിഭവങ്ങൾ സ്റ്റാർ ഹോട്ടലിലെ മെനുവിൽ പോലും നിരന്നതോടെയാണു വില കയറിക്കയറി കിലോഗ്രാമിന് 80 രൂപ വരെ എത്തിയത്. കഴിഞ്ഞ വർഷം ഈ സമയം 40 രൂപയായിരുന്നു വില. കപ്പ– ചക്കക്കുരു മിക്‌സ്, ചക്കക്കുരു ഉപ്പേരി, അവിയൽ തുടങ്ങി രുചിയേറുന്ന ചക്കക്കുരുവിഭവങ്ങളുമേറെയാണ്. ചക്കക്കുരുവിൽ വൈറ്റമിൻ ബി1, ബി2, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നുവെന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നത്. ചക്കച്ചുളയും ചക്കക്കുരുവും കാൻസറിനെ തടഞ്ഞു നിർത്താൻ കഴിയുന്നവയാണെന്നു രാജീവ്ഗാന്ധി ബയോടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടന്ന പരീക്ഷണങ്ങൾ വിശദമാക്കിയിരുന്നു. ചക്കക്കുരു പ്രതിരോധ ശക്തിയും വർധിപ്പിക്കുന്നുണ്ട്. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുഘടകം ഭക്ഷണത്തിലെ പഞ്ചസാര തന്മാത്രകളുടെയും, കൊഴുപ്പു ഘടകങ്ങളുടെയും ആഗിരണം കുറയ്ക്കുന്നുവെന്നുമൊക്കെ പഠന റിപ്പോർട്ടുകൾ വന്നതോടെ പണ്ട് പുച്ഛത്തോടെ പറമ്പിലേക്ക് എറിഞ്ഞു കളഞ്ഞ ചക്കക്കുരുവിനെത്തേടി അലഞ്ഞു നടക്കുകയാണു മലയാളികൾ
.

കൊക്കോയ്ക്ക് കൊമ്പു കോതൽ


cocoa-tree
കൊക്കോ...

കൊക്കോ കായ്കൾ ഉണ്ടാകുന്നതു ചെടിയുടെ തടികളിന്മേലാണ്. ഇതിനു സൂര്യപ്രകാശം ആവശ്യത്തിനു ലഭിക്കേണ്ടതുണ്ട്. തടികളിൽ സൂര്യപ്രകാശം വീഴുന്നതിന് തടസ്സമാകുന്നത് തിങ്ങിവളരുന്ന ചെറുശിഖരങ്ങളാണ്. അങ്ങനെയുള്ളവ മുറിച്ചുനീക്കി ചെടിയുടെ വലുപ്പവും ആകൃതിയും ക്രമീകരിക്കണം. കമ്പുകൾ മുറിച്ചുനീക്കിയശേഷം മുറിവുകളിൽ ബോർഡോ കുഴമ്പ് തേയ്ക്കുന്നതു കുമിൾരോഗബാധ ചെറുക്കും.

ശിഖരം കോതലിനു പറ്റിയ കാലം ജൂലൈ–ഓഗസ്റ്റ് മാസങ്ങളാണ്. തെങ്ങിൻതോപ്പുകളിലാണ് കൃഷിയെങ്കിൽ കൊക്കോയുടെ ഉയരം നിയന്ത്രിക്കാൻ രണ്ടു തട്ടുകളായി നിര്‍ത്തണം. തലപ്പിന്റെ വിസ്തൃതിയാകട്ടെ, 15–20 സെ.മീറ്ററായി നിലനിർത്തുകയും വേണം.

വായിക്കാം ഇ - കർഷകശ്രീ

കൊക്കോ തൈകൾ നട്ടശേഷം ഒരു കൊല്ലം ആകുന്നതിനു മുമ്പു ശിഖരങ്ങൾ‌ ഉണ്ടായിത്തുടങ്ങും. എന്നാലിത് ചുവട്ടിൽനിന്ന് ഒന്നൊന്നര മീറ്റർ ഉയരം വരെ ഉണ്ടാകാൻ അനുവദിക്കരുത്. ചെടിയുടെ ഉയരം അഞ്ചു മീറ്ററിൽ കൂടാതിരിക്കാനും വേണ്ടതു ചെയ്യണം. രണ്ടു തട്ടുകൾ പൂർണമായും വളർന്നുകഴിഞ്ഞാൽ ചെടിയുടെ അഗ്രമുകുളങ്ങൾ നുള്ളിക്കളയുന്നതു വഴി ഉയരം നിയന്ത്രിക്കാം.

സങ്കരയിനം കൊക്കോ തൈകൾ വളരുന്ന തോട്ടങ്ങളിൽ രണ്ടു വർഷത്തെ വളർച്ചയായാൽ പിന്നെ ചെടി കുത്തനെ വളരാൻ വിടരുത്. ചെടിത്തലപ്പിന് കുടയുടെ ആകൃതിയാകുംവിധം കൊമ്പുകൾ കോതണം. മുകുളനം (ബഡ്ഡിങ്) നടത്തിയ മരങ്ങൾക്ക് ആദ്യത്തെ നാലഞ്ചു വർഷം ശിഖരം കോതൽ വളരെ പ്രധാനമാണ്. പത്തു പന്ത്രണ്ടു കൊല്ലം കൊണ്ട് സങ്കരയിനം തൈകൾക്കും ബഡ്തൈകൾക്കും തുല്യം വിളവു നൽകാനാവും.

എല്ലാ മരത്തിന്റെയും വളർച്ച ഒന്നു പോലെയല്ലാത്തതിനാൽ ശിഖരം കോതൽ എല്ലാ ചെടികൾക്കും ഒരേ രീതിയിലാകണമെന്നില്ല. തണലിന്റെ ഏറ്റക്കുറവ്, സഹവിളകളുടെ വളർച്ച എന്നിവ കണക്കിലെടുത്താകണം ശിഖരം മുറിക്കൽ. ആദ്യകാലത്ത് ഇതു നടത്തേണ്ടത് ചെടിക്കുവേണ്ട ആകൃതി ലക്ഷ്യമിട്ടാകണം. തോട്ടത്തിൽ ചെടി ചുവട് ഉറപ്പിച്ചു കഴിഞ്ഞാൽ ആവശ്യമായ അളവിൽ സൂര്യപ്രകാശം തായ്ത്തടിയിൽ വീഴത്തക്കവിധം ഇലത്തഴപ്പ് കോതിനീക്കണം.

വിളവുശേഷി കൂട്ടാൻ നന

വർഷം മുഴുവൻ നിശ്ചിത കാലയളവിൽ മഴ ലഭിക്കുന്നിടങ്ങളിൽ മഴയെ ആശ്രയിച്ചു കൊക്കോ കൃഷി ചെയ്യാം. ഇതിനു സാധ്യതയില്ലാത്തിടങ്ങളിലും വരൾച്ചക്കാലത്തും നന നിർബന്ധം. അഞ്ചു ദിവസത്തിലൊരു നന എന്നാണ് ശുപാർശ. നനച്ചാൽ വളർച്ചയും വിളവും മെച്ചപ്പെടും.

ഫാൻ, ചുപ്പോൺ ശാഖകൾ

കൊക്കോച്ചെടി ഒന്നര മീറ്ററോളം ഉയരത്തിൽ വളർന്നാൽ വശങ്ങളിലേക്കു ഫാൻ ശാഖകളും മുകളിലേക്കു ചുപ്പോൺ ശാഖകളും വളരുന്നു. ചുപ്പോൺ ശാഖകൾ ചെത്തിക്കളയണം. വശങ്ങളിലേക്കു വളരുന്നവയിലാണു കായ് പിടിക്കുക. ഇതിന്റെ വളർച്ചയും കമ്പുകൾ കോതി നിയന്ത്രിക്കണം
.

Thursday, 8 December 2016

ലോകമാകെ നിരോധിച്ച 51 കീടനാശിനികൾ ഇവിടെ പ്രയോഗത്തിൽ


Endosulfan

ലോകമാകെ നിരോധിച്ച 67 കീടനാശിനികളിൽ 51 എണ്ണം ഇന്ത്യയിൽ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നും വിദഗ്ധ പാനലിന്റെ ശുപാർശപ്രകാരമാണ് ഇതിന് അനുമതി നൽകിയതെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, സുപ്രീം കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ എൻഡോസൾഫാൻ നിരോധനം തുടരും.

27 കീടനാശിനികൾക്കു നൽകിയ അനുമതി 2018ൽ പുനരവലോകനം ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് ജി.രോഹിണി, ജസ്റ്റിസ് സംഗീത ധിൻഗ്ര എന്നിവരുൾപ്പെട്ട ബെഞ്ചിനു മുൻപാകെ നൽകിയ സത്യവാങ്മൂലത്തിൽ കൃഷി മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ഉപയോഗിക്കുന്ന 51 കീടനാശിനികളിൽ ആറെണ്ണം 2020ൽ നിരോധിക്കണമെന്നു വിദഗ്ധർ ശുപാർശ ചെയ്തിട്ടുണ്ട്.

പൊതുജനങ്ങളിൽ നിന്നുൾപ്പെടെ അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം. 13 കീടനാശിനികൾക്കു സമ്പൂർണ നിരോധനമേർപ്പെടുത്തുന്നതിനെക്കുറിച്ചു ജനങ്ങളിൽ നിന്ന് അഭിപ്രായം സ്വരൂപിച്ചു വരികയാണ്.

അതേസമയം, ഫെനിത്രോതിയോൻ എന്ന കീടനാശിനി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്നതിനു വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നു മന്ത്രാലയം അറിയിച്ചു. ചില കീടനാശിനികൾക്ക് ഉടൻ നിരോധനമേർപ്പെടുത്തണമെന്നാവശ്യപ്പെട്ടു കെ.വി. ബിജുവാണു ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്.

സർക്കാരിന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഹർജി പിൻവലിച്ചു. വിദഗ്ധ പാനൽ പിരിച്ചുവിട്ട് പുതിയ പാനൽ രൂപീകരിക്കണമെന്നാവശ്യപ്പെട്ടു പുതിയ ഹർജി നൽകി. വിദഗ്ധ പാനലിൽ കീടനാശിനി കമ്പനികളുടെ പ്രതിനിധികളുണ്ടെന്നും അവർക്കു വ്യവസായ താൽപര്യങ്ങളുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.

ഡിഡിടി കീടനാശിനി പരിമിതമായ അളവിൽ ആരോഗ്യ മേഖലയിലും കൊതുകു നശീകരണത്തിനും ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഇതിനു പൂർണ നിരോധനമേർപ്പെടുത്തുന്ന കാര്യത്തിൽ പ്ലാന്റ് പ്രൊട്ടക്​ഷൻ ഗ്യാരന്റൈയിൻ ആൻഡ് സ്റ്റോറേജ് ഡയറക്ടറേറ്റിന്റെ അഭിപ്രായമാരാഞ്ഞ ശേഷം അന്തിമ തീരുമാനമെടുക്കും
.

ഹെൽമറ്റിൽ കൃഷി


vegetable-cultivation-in-helmet-by-joy
ഹെൽമറ്റുകളിൽ കൃഷിചെയ്ത പച്ചക്കറികൾക്കു സമീപം ജോയി....

ഹെല്‍മറ്റ് തലയ്ക്കു മാത്രമല്ല, കൃഷിക്കും രക്ഷാകവചമാണെന്നു തെളിയിക്കുകയാണ് ഇടുക്കി തൊടുപുഴ വെങ്ങല്ലൂർ സ്വദേശി ജോയി. ഉപയോഗശൂന്യമായ ഹെൽമറ്റുകളിൽ പച്ചക്കറിക്കൃഷി ചെയ്തു മികച്ച വിളവെടുക്കുന്നു ഇദ്ദേഹം. ഹെൽമറ്റിൽ മണ്ണ് നിറച്ച് വഴുതന, തക്കാളി, പച്ചമുളക് എന്നിവയാണ് നട്ടു വളർത്തിയത്.

ഉപയോഗശൂന്യമായി വലിച്ചെറിയുന്ന ഹെൽമറ്റുകൾ നശിക്കാതെ മണ്ണിൽ കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഇത്തരമൊരു ആശയമുണ്ടായതെന്ന് വെങ്ങല്ലൂർ വർക്ക്ഷോപ്പ് ജീവനക്കാരനായ ജോയി. എട്ടു മാസം മുൻപ് മൂന്നു ഹെൽമറ്റുകളിലാണ് ആദ്യം കൃഷി ചെയ്തത്. പിന്നീട് ഇത്തരത്തിലുള്ള നാൽപതോളം ഹെൽമറ്റുകൾ ശേഖരിച്ചു.

ഹെൽമറ്റിന്റെ ഉൾഭാഗത്തുനിന്നു സ്പോഞ്ചും മറ്റും എടുത്തു മാറ്റി, നന്നായി കഴുകിയശേഷമാണ് ഹെൽമറ്റിൽ കൃഷിക്കായി മണ്ണ് നിറയ്ക്കുന്നത്. മണ്ണിനൊപ്പം ചാണകപ്പൊടി, എല്ലുപൊടി എന്നിവയും ചേർക്കും. വെള്ളമിറങ്ങിപ്പോകുന്നതിനു പുറംചട്ടയിൽ ദ്വാരമുണ്ടാക്കും.

മണ്ണിന്റെ അളവു കുറവായതിനാലും ഹെൽമറ്റ് വേഗത്തിൽ ചൂടാകുന്നതിനാലും മഴയില്ലാത്ത കാലത്ത് പകൽസമയങ്ങളിൽ കൃത്യമായ ഇടവേളകളിൽ ചെടികൾ നനച്ചുകൊടുക്കണം. ഹെൽമറ്റ് കൃഷിരീതി മാതൃകയാക്കി ഉപയോഗശൂന്യമായ വസ്തുക്കൾ വലിച്ചെറിയാതെ പ്രയോജനപ്പെടുത്താൻ എല്ലാവരും മുന്നോട്ടു വരണമെന്നാണ് ജോയിയുടെ അഭിപ്രായം. ഇരുചക്രവാഹനങ്ങളുടെ എണ്ണം അനുദിനം പെരുകുന്നതിനാൽ ഹെൽമറ്റുകൾ ഭാവിയിലെ ഏറ്റവും വലിയ മാലിന്യപ്രശ്നമായി മാറിയേക്കാമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജോയിയുടെ ന്യൂജെൻ കൃഷിക്കു പിന്തുണയുമായി സ്ഥാപന ഉടമയും ജീവനക്കാരും ഒപ്പമുണ്ട്. ഹെൽമറ്റിലെ കൃഷി കൂടാതെ, ചെറിയ കന്നാസിൽ ആൽ, പ്ലാവ്, ബദാം, മഞ്ചാടി എന്നീ മരങ്ങളും ജോയി ജോലി ചെയ്യുന്ന സ്ഥാപനത്തിനോടു ചേർന്നു വളർത്തുന്നുണ്ട്.

Tuesday, 6 December 2016


wayanad-app

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി വികാസ് പീഡിയ ജൈവകർഷകർക്കായി മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനമായ ഹൈദരബാദിലെ സി-ഡാക്ക് ആണ് ബയോവിൻഎന്ന പേരിൽ മൊബൈൽ ആപ് നിർമിച്ചിട്ടുള്ളത്. ജൈവകർഷകർക്ക് വേണ്ടിയുള്ള രാജ്യത്തെ ആദ്യത്തെ സംരംഭമാണിത്. തുടക്കത്തിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിക്ക് കീഴിൽ റജിസ്റ്റർ ചെയ്ത 13,500 ജൈവകർഷകർക്കാണ് പ്രയോജനം ലഭിക്കുക. 

വെബ്സൈറ്റിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. തുടർന്ന് പ്രവർത്തനം വിപുലപ്പെടുത്തുമ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ് ലഭ്യമാകും. അന്നന്നത്തെ കമ്പോള വില നിലവാരം, കർഷകർക്കുള്ള അറിയിപ്പുകൾ തുടങ്ങിയവ മൊബൈലിൽ മെസേജുകളായി വന്ന് കൊണ്ടിരിക്കും. മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമൻ നിർവഹിച്ചു 


റബ്കോയുടെ ജൈവകൃഷി ; മികച്ച വിളവിന്റെ പൂക്കാലം

organic-farming-by-rubco
ഫാക്ടറിയിലെ മാലിന്യങ്ങൾ‌ കൊണ്ടു റബ്കോ നടത്തിയ ജൈവകൃഷിക്കു നൂറുമേനിയുടെ വിളവ്. കോട്ടയം പാമ്പാടി റബ്കോ മാട്രസ് ഫാക്ടറിയിലെ കിടക്ക നിർമാണത്തിനു ശേഷം പുറന്തള്ളുന്ന ചകിരിയുടെ മാലിന്യങ്ങളാണു പ്രധാനമായും ജൈവകൃഷിക്ക് ഉപയോഗിച്ചത്. കോളിഫ്ളവർ, കാബേജ്, വെണ്ട വഴുതന, ചീര, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണു ഫാക്ടറി പരിസരത്തു കൃഷിചെയ്തത്. ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു കൃഷി.

മെത്ത നിർമിക്കുന്ന ബയർ ഷീറ്റ് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ചകിരിയുടെ മാലിന്യങ്ങളും ബർണർ കത്തിക്കുന്ന വിറകിന്റെ ചാരവുമാണു കൃഷിക്ക് ഉപയോഗിച്ചത്.ചാരത്തിന്റെയും ചകിരിയുടെയും പിഎച്ച് ലെവൽ റബർ ബോർഡിന്റെ കേന്ദ്ര ഗവേഷണ കേന്ദ്രമായ പുതുപ്പള്ളിയിൽ പരിശോധന നടത്തിയിരുന്നു. ഇതിൽ പിഎച്ച് ലെവൽ ഏഴ് എന്നു കണ്ടെത്തി. ഇതു കൃഷിക്ക് അനുയോജ്യമാണെന്നു കണ്ടെത്തിയതിനെ തുടർന്നാണു കൃഷി ആരംഭിച്ചത്. തെങ്ങിൻ തോപ്പുകളിലും പരിക്ഷണാടിസ്ഥാനത്തിൽ ഇവ വളമായി ചെയ്തിട്ടുണ്ട്. പാമ്പാടി പീപ്പിൾ അഗ്രികൾച്ചറൽ സൊസൈറ്റിയുടെ സാങ്കേതിക സഹായത്തോടെ ആയിരുന്നു കൃഷി.

മികച്ച വിളവാണു പച്ചക്കറി കൃഷിക്കു ലഭിച്ചതെന്നു നേതൃത്വംനൽകിയ കെ.കെ. ജോർജ് പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ, ഫാക്ടറി ജനറൽ മാനേജർ എ. മോഹനകൃഷ്ണനു പച്ചക്കറി നൽകി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.