പുൽപള്ളി സെന്റ് ജോർജ് സിംഹാസന പള്ളിയിലെ പച്ചക്കറി കൃഷി....
ശുദ്ധമായ പച്ചക്കറികൾ പരമാവധി ഉൽപാദിപ്പിച്ച് പൊതുസമൂഹത്തിന് നൽകാനുള്ള വയനാട് പുൽപള്ളി സെന്റ് ജോർജ് യാക്കോബായ സിംഹാസന കത്തീഡ്രലിന്റെ ശ്രമം മാതൃകാപരമായി.പള്ളിയുടെ മുന്നിൽ വെറുതെ കിടന്ന സ്ഥലം ഇപ്പോൾ മികച്ചൊരു പച്ചക്കറിത്തോട്ടമാണ്. പള്ളിയുടെ കീഴിലുള്ള സെന്റ് ജോർജ് ഇംഗ്ലിഷ് സ്കൂളിലെ കുട്ടികളും യൂത്ത് അസോസിയേഷനുമാണ് ഇവ പരിപാലിക്കുന്നത്.
ബ്രോക്കോളി, പുതിയ തരം പച്ചക്കറികൾ, ചീര, കൂർക്ക, പയറുകൾ, പാവയ്ക്ക, വെള്ളരി, പടവലം, കാപ്സിക്കം അടക്കമുള്ള വിവിധ മുളക് ഇനങ്ങൾ, ഉള്ളി, തുടങ്ങിയ പച്ചക്കറികളാണ് പള്ളിമുറ്റത്ത് പടരുന്നത്. കലർപ്പില്ലാത്ത ജൈവ കൃഷിയും സുവിശേഷ പ്രഘോഷണമെന്നാണ് വികാരി ഫാ. റെജിപോൾ ചവർപ്പനാൽ പറയുന്നത്. പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ഇടവകയിലെ അഞ്ഞൂറോളം വീടുകളിലും പച്ചക്കറി വിത്തുകൾ നൽകി. അവയും നട്ട് വളർത്തി വീടുകളിൽ വിളവെടുക്കുന്നു.
പള്ളിയിൽ വിളവെടുക്കുന്ന പച്ചക്കറികൾ ഞായറാഴ്ചകളിൽ പൊതുവായി വിൽക്കും. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം രോഗികളെയും അശരണരെയും സഹായിക്കാനാണ് ചെലവിടുന്നതെന്ന് അസി. വികാരി. ഫാ. സജി ചൊള്ളാട്ട് പറഞ്ഞു. ദേവാലയത്തിൽ തുടങ്ങിവച്ച കൃഷിക്ക് ഇടവകയിലും പ്രദേശത്തും നല്ല പ്രതികരണം ലഭിച്ചു. കൃഷിക്കൊപ്പം കൃഷിചെയ്യുന്നതിനുള്ള മാർഗനിർദേശക സെമിനാറും പള്ളിയിൽ നടത്തി. മികച്ചയിനം വിത്തുകളും നൽകി. കൂടുതൽ ഒരുക്കങ്ങളോടെ കൃഷി വിപുലപ്പെടുത്താനുള്ള തീരുമാനത്തിലാണ് ഇടവകക്കാർ
.