Thursday, 5 January 2017

പണമില്ല; കാപ്പി വിളവെടുപ്പ് പ്രതിസന്ധിയിൽ

coffee-harvesting

നോട്ട് അസാധുവാക്കൽ മൂലമുണ്ടായ പ്രതിസന്ധി തോട്ടം മേഖലയിലെ വിളവെടുപ്പിനെയും ബാധിച്ചു. വയനാട് ജില്ലയിൽ ഇതു കാപ്പികൃഷിയെയാണ് കൂടുതൽ ബാധിച്ചത്. ഏതാണ്ടെല്ലാം തോട്ടങ്ങളിലും ഡിസംബർ അവസാനത്തോടെ കാപ്പി വിളവെടുപ്പ് തുടങ്ങി. മിക്ക തോട്ടങ്ങളിലും വിളവെടുപ്പിനു മുന്നോടിയായുള്ള വൃത്തിയാക്കൽ നടത്താൻ കഴിഞ്ഞിട്ടില്ല. കോഫി ബോർഡ് നിർദേശ പ്രകാരമാണെങ്കിൽ വിളവെടുപ്പിന് നാലാഴ്ച മുൻപെങ്കിലും തോട്ടങ്ങൾ ചെത്തി കളകളൊഴിവാക്കി കാപ്പിച്ചെടിയുടെ ചുവടുകൾ വൃത്തിയാക്കണം. കാപ്പി വിളവെടുക്കുമ്പോൾ താഴെ വീഴുന്ന കാപ്പിക്കുരു ശേഖരിക്കാനും മറ്റും ഇത് ആവശ്യമാണ്.

രോഗ, കീടബാധകൾ വരാതിരിക്കാൻ കൊഴിഞ്ഞുവീഴുന്ന കാപ്പിക്കുരു കേടുള്ളതാണെങ്കിൽ തോട്ടത്തിൽനിന്ന് പുറത്തെടുത്ത് നശിപ്പിക്കുകയും വേണം. തോട്ടങ്ങളിലെ കളകൾ കളനാശിനി ഉപയോഗിച്ച് കരിച്ചുകളയുകയോ കാടുവെട്ട് യന്ത്രം ഉപയോഗിച്ച് നീക്കുകയോ ആണ് ചെയ്തത്. ഇതു രണ്ടും ചെയ്യാത്ത തോട്ടങ്ങളുമുണ്ട്. ഒരേക്കർ കാപ്പിത്തോട്ടം ചെത്തി വൃത്തിയാക്കാൻ 4000 രൂപ വേണ്ടിടത്ത് കളനാശിനി ഉപയോഗിച്ചാൽ 1500 രൂപയേ ചെലവുള്ളൂ. കളനാശിനി പ്രയോഗിച്ച തോട്ടങ്ങളിലും അല്ലാത്തയിടത്തും പ്ലാസ്റ്റിക് ഷീറ്റുകൾ ചെടിയുടെ ചുവട്ടിൽ വിരിച്ചാണ് കാപ്പി പറിച്ചെടുക്കുന്നത്. നോട്ടിന്റെ ലഭ്യതക്കുറവാണ് തോട്ടം ഉടമകളെ വലയ്ക്കുന്നത്. ആഴ്ചയിൽ ലഭിക്കുന്ന തുക എല്ലാത്തിനും കൂടി തികയില്ല. ഉള്ള തുക വിളവെടുപ്പിനും സംസ്കരണത്തിനുമായി നീക്കിവയ്ക്കുകയാണ്.

 

No comments:

Post a Comment