Friday, 6 January 2017

നീർകണിക തേടി നാമൊന്നു പോകാം!


a-n-marakkar-farmer
കോഴിക്കോട് മാവൂരിലെ പാടത്ത് മുറം കൊണ്ട് നെല്ലു പാറ്റുന്ന നൊട്ടിവീട്ടിൽ എ.എൻ. മരയ്ക്കാർ. ചിത്രം: റസൽ ...

കഥയിലെ മുത്താച്ചിയുടെ നാട് തേടിയായിരുന്നു യാത്ര. മുത്താച്ചിക്കുണ്ടിലേക്ക്... 18 ചോലകളുണ്ടത്രേ ഈ കുണ്ടിൽ. ഇവിടെ നിന്നു തെളിനീരെടുക്കുന്ന ചോലകൾ ഒഴുകി തോടായി, കൈവഴിയായി മാമ്പുഴയായി ഒഴുകി കല്ലായിപ്പുഴയായി... പുഴയൊഴുക്കുകൾക്ക് ഒടുവിൽ കടലിൽ എത്തുന്ന യാത്ര. ബേപ്പൂരിൽ നിന്നു മാവൂരിലേക്കുള്ള യാത്രയിൽ മുത്താച്ചിക്കുണ്ടിന്റെ കഥയറിയാതെ പോകുന്നതെങ്ങനെ? കോഴിക്കോട് പെരുവയൽ പഞ്ചായത്തിലെ മുണ്ടയ്ക്കലാണു മുത്താച്ചിക്കുണ്ട്. മലയൊടിയനെ പൂജിച്ച മുത്തശ്ശിയുടെ കഥയിൽ നിന്നാണ് മുത്താച്ചിക്കുണ്ടെന്ന പേരിന്റെ പിറവി. ഇവിടുത്തെ കുണ്ടിൽ നിന്നു വെള്ളമെടുത്തു കുന്നുകയറി വേണമായിരുന്നു മുത്തശ്ശിക്കു മലയൊടിയനെ പൂജിക്കാൻ. പ്രായാധിക്യം കാരണം മുത്തശ്ശിക്കു കുന്നു കയറാൻ കഴിയാതായി.

താഴേക്കിരുന്നാൽ പൂജിക്കാമെന്ന മുത്തശ്ശിയുടെ പരിദേവനം കേട്ട ദേവൻ കുന്നിറങ്ങി താഴെയെത്തിയെന്നാണു കഥ. നാട്ടുവഴികളും ഗ്രാമീണ ചാരുതയും ഒത്തു ചേർന്ന നാട്ടിലെ കാഴ്ചകൾ കണ്ടു പൊൻപറ കുന്നിലെത്തി. മൊട്ടക്കുന്നായി കിടക്കുന്ന പൊൻ‍പറക്കുന്ന്. കുന്നിന്റെ മുകളിൽ നിന്ന് 21 തെളിനീർചോലകൾ പിറവിയെടുക്കുന്നുണ്ടത്രേ. മലപ്രം, ചെറൂപ്പ, പെരുവയൽ ഗ്രാമങ്ങൾ കുന്നിന്റെ താഴ്‌വരയിൽ ഈ ചോലകളിലെ നീരു മോഹിച്ചു കൃഷിയൊരുക്കുന്നു. തെങ്ങിലക്കടവിൽ‍ ചെറുപുഴയുടെ ഓരത്ത് മൂന്നര ഏക്കർ സ്ഥലത്ത് വനംവകുപ്പിന്റെ സഹായത്തോടെ കുടുംബശ്രീ പ്രവർത്തകർ ഗ്രാമവനം ഒരുക്കിയിരിക്കുന്നതു കാണാം.

വലിയ വയലുകളുണ്ടായിരുന്ന പെരുവയൽ പഞ്ചായത്തിൽ നിന്നു പാടശേഖരങ്ങൾ‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. സമ്പൂർണ ജൈവ പച്ചക്കറി ഗ്രാമം എന്ന ലക്ഷ്യത്തിലേക്കു നീങ്ങുന്ന പെരുവയൽ പഞ്ചായത്തിലെ ചെറുകുളത്തൂർ എന്ന ഗ്രാമത്തിൽ ഞങ്ങളെത്തി. ചെറിയകുളങ്ങൾ ധാരാളമുള്ള ഊര് എന്ന അർഥത്തിൽ ചെറുകുളത്തൂർ എന്ന പേരുവീണ നാട്ടിൽ നിന്നു കുളങ്ങൾ എന്നേ അപ്രത്യക്ഷമായി. പക്ഷേ ചെറുകുളത്തൂർ ഗ്രാമം കേരളത്തിന് അഭിമാനമാണ്.

രാജ്യത്തെ ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമമാണിത്. 2003ലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നത്. പക്ഷേ 80കളിൽ തന്നെ നാല് പേർ കണ്ണുകൾ ദാനം ചെയ്തിരുന്നു. 1991ൽ ഗ്രാമവാസിയായ വി.ആർ. ചാത്തുക്കുട്ടി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്യപ്പെട്ട് സമ്പൂർണ നേത്രദാന ഗ്രാമം എന്ന ലക്ഷ്യവുമായി നാട് നീങ്ങാൻ തുടങ്ങി.

158 പേരുടെ കണ്ണുകൾ ഇതിനകം തന്നെ ദാനം ചെയ്തു കഴിഞ്ഞു. 2014ൽ സമ്പൂർണ അവയവദാന ഗ്രാമവുമായി. എല്ലാറ്റിനും തുടക്കം ഇവിടുത്തെ കെ.പി. ഗോവിന്ദൻകുട്ടി സമാരക വായനശാലയിൽ നിന്നായിരുന്നു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനകീയ കൂട്ടായ്മ പിന്നീട് അതിനു നേതൃത്വവും നൽകി. സമ്പൂർണ മാലിന്യമുക്ത ഗ്രാമം എന്ന ലക്ഷ്യത്തിലേക്കാണ് നാട് അടുത്തതായി നീങ്ങുന്നത്.

നന്മയുടെ ഈ കാഴ്ച കണ്ടെത്തിയതു കൂളിമാട് കടവിൽ. ഇവിടെ ഇരുവഞ്ഞിപ്പുഴയും ചാലിയാറും സംഗമിക്കുന്നു. ഓളങ്ങളുടെ കളിചിരിയിൽ നിറഞ്ഞു റോഡിലേക്കിറങ്ങി. കൂളിമാട് ഗ്രാമത്തിനുമുണ്ട് പറയാൻ നന്മയുടെ മറ്റൊരു കഥ. രാജ്യത്തെ ആദ്യത്തെ പുകവലി വിമുക്ത ഗ്രാമമാണിത്. പൂളക്കോട് അംശം പാഴൂർ ദേശമാണിവിടം. പക്ഷേ ഗ്രാമത്തിനു കൂളിമാട് എന്ന പേരുകിട്ടാൻ കാരണം മറ്റൊന്നാണ്. മാട് എന്നാൽ കടവ് എന്നാണ് അർഥം. കുളിക്കടവായിരുന്നു കൂളിമാട് കടവ്.

കുളിമാട് പറഞ്ഞു കൂളിമാടായി. കടവ് ഒരുകാലത്ത് കോഴിക്കോട് അങ്ങാടിയിൽ നിന്നു ജലമാർഗം എത്തിക്കുന്ന ചരക്കുകൾ ഇറക്കുന്ന സ്ഥലമായിരുന്നു. സജീവമായിരുന്ന കടവിന്റെ പേരാണ് ഇതുവഴി ബസ് സർവീസ് വന്നപ്പോൾ ബസുകാർ സ്ഥലപ്പേരായി ഉപയോഗിച്ചത്. അങ്ങനെ അറിഞ്ഞും പറഞ്ഞും ഈ ഗ്രാമത്തിനു പേര് കൂളിമാടായി. 1995ലാണ് ഗ്രാമം പുകവലി വിമുക്തമായി പ്രഖ്യാപിക്കപ്പെടുന്നത്.

നന്മ പൂക്കുന്ന കാഴ്ചകൾ കണ്ട് യാത്ര തുടരുന്നതിനിടെയാണു മാവൂരിലെ പാടത്ത് നെല്ലുണക്കുന്ന നൊട്ടിവീട്ടിൽ എ.എൻ. മരയ്ക്കാറെ കണ്ടത്. 12ാം വയസിൽ മരയ്ക്കാർ പാടത്തിറങ്ങിയതാണ്. കൃഷിയോട് അന്നു തോന്നിയ പ്രണയം 50ാം വയസിലും തുടരുന്നു. അഞ്ച് ഏക്കറോളം സ്ഥലത്ത് രണ്ടു തവണകളിലായി നെൽകൃഷി നടത്തുന്നു. മറ്റു കൃഷികൾ വേറെയുമുണ്ട്. സന്തോഷത്തിന്റെ കതിർമണികളിലാണു തന്റെ മനം നിറയുന്നതെന്നു മരയ്ക്കാർ പറയുന്നു.

No comments:

Post a Comment