Friday, 13 January 2017

വിയറ്റ്നാമിൽ നിന്നൊരു വിരുന്നുകാരൻ


dragon-fruit-pitaya

ഡ്രാഗൺ ഫ്രൂട്ട് - പേരിൽതന്നെ കൗതുകമുണർത്തുന്ന ഈ പഴം വിളയുന്നത് കള്ളിച്ചെടിയുടെ വർഗത്തിലുള്ള വള്ളികളിലാണ്. മരങ്ങളിലും മറ്റും ചെറുവേരുകൾ പറ്റിപ്പിടിച്ച് ശാഖകളോടെ വളരുന്ന സ്വഭാവമുള്ള ഇവയിൽ ഇലകൾ കാണാറില്ല. വിയറ്റ്നാം, തായ്‌ലൻഡ് തുടങ്ങിയ ഉഷ്ണമേഖലാ രാജ്യങ്ങളിൽ കൃഷി ചെയ്യപ്പെടുന്ന ഡ്രാഗൺ ഫ്രൂട്ട് കേരളത്തിലെത്തിയിട്ട് അധിക നാളായിട്ടില്ല. ഇവയുടെ വള്ളിത്തലപ്പുകളിൽ വിരിയുന്ന ഇളം മഞ്ഞനിറത്തിലുള്ള പൂക്കൾ മനോഹരങ്ങളാണ്.
dragon-fruit-pitaya-plant
ഡ്രാഗൺ ഫ്രൂട്ട്...

മുട്ടയുടെ ആകൃതിയും പുറത്ത് ശൽക്കങ്ങൾ പോലെയുമുള്ള പഴങ്ങൾ ഒരു മാസംകൊണ്ട് പാകമാകും. ഇളംറോസ് നിറമുള്ള പഴങ്ങൾ മുറിച്ച് ഉള്ളിലെ മാധുര്യമുള്ള ഇളംകാമ്പ് കഴിക്കാം. വിറ്റാമിൻ –സി, കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ഡ്രാഗൺ ഫ്രൂട്ട് ദഹനപ്രക്രിയയെ സഹായിക്കുന്നു. ഡ്രാഗൺ ഫ്രൂട്ടിന്റെ വള്ളിത്തലപ്പുകളും വിത്തു മുളച്ചുണ്ടാകുന്ന തൈകളും നടീൽ വസ്തുവായി ഉപയോഗിക്കാം. വെള്ളക്കെട്ടില്ലാത്ത സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം കൃഷിക്ക് യോഗ്യമാണ്. വള്ളികൾക്ക് പറ്റിപ്പിടിച്ച് കയറാൻ സൗകര്യമൊരുക്കണം. വർഷത്തിൽ പലതവണ കായ്ഫലം തരുന്ന ഡ്രാഗൺ ഫ്രൂട്ട് അലങ്കാരത്തിനായും വളർത്താം.

രാജേഷ് കാരാപ്പള്ളിൽ 94952 34232

Sunday, 8 January 2017

ഗുണമേന്മയുണ്ടെങ്കിൽ മികച്ച വില


cocoa-bean1
കൊക്കോ കുരുക്കൾ...

പ്രതിവർഷം 10–12 ശതമാനം നിരക്കിൽ കൊക്കോ ഉപയോഗം വർധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ കൊക്കോയുടെ ഭാവി ശോഭനമെന്നു കൃഷിക്കാർക്കൊപ്പം കൃഷിയെ പ്രോൽസാഹിപ്പിക്കുന്ന ഏജൻസികളും പ്രതീക്ഷ‍ിക്കുന്നു. ആവശ്യമായതിന്റെ 60–80 ശതമാനം മാത്രമേ ഇപ്പോൾ ഉൽപാദിപ്പിക്കുന്നുള്ളൂ.

വിളവെടുത്ത കായ്കൾ പൊട്ടിച്ചെടുക്കുന്ന കുരു പച്ചയായോ പുളിപ്പിച്ച് ഉണക്കിയോ ആണ് മിക്ക കർഷകരും വിൽക്കുന്നത്. കേരളത്തിൽ കൊക്കോ ഉൽപാദനം ആരംഭിച്ച ആദ്യനാളുകളിൽ ഉൽപന്നം വാങ്ങുന്നതിന് ഒരു കുത്തക ഏജൻസി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൃഷി വ്യാപകമായിട്ടും ഇവിടെ സംസ്കരണ സംവിധാനമൊരുക്കാൻ ശ്രമമുണ്ടായില്ല. സംഭരണരംഗത്തെ കരുത്തരായ കുത്തകക്കാരുടെ ഇംഗിതങ്ങൾക്കനുസരിച്ചു വിലനിലവാരം ചാഞ്ചാടിയതോടെ കർഷകരിൽ നല്ലൊരു പങ്കും കൊക്കോയെ കൈവിട്ടു. എന്നാൽ സ്ഥിതി മാറുകയാണ്. കൂടുതൽ സംഭരണ ഏജൻസികൾ രംഗത്തുവരികയും വില സ്ഥിരതയുണ്ടാകുകയും ചെയ്തതോടെ ഒട്ടേറെ കർഷകർ കൊക്കോക്കൃഷിയിലേക്കു മടങ്ങിവരുന്നു. അയൽസംസ്ഥാനങ്ങളിലും ഇന്ത്യയ്ക്കു പുറത്തും കൊക്കോക്കൃഷി വ്യാപകമാകുന്നുമുണ്ട്.

വായിക്കാം ഇ - കർഷകശ്രീ

കൊക്കോ ഉൽപന്നങ്ങളുടെ സ്വഭാവം, ഇവ ഉൽപാദിപ്പിക്കുന്ന കമ്പനികളുടെ ആവശ്യം എന്നിവയെല്ലാം കണക്കിലെടുത്താകണം കർഷകരുടെ ഇടപെടൽ. രാജ്യാന്തര നിലവാരത്തിലുള്ള കൊക്കോ ഉൽപാദനത്തിനായി കൃത്യതയോടെയുള്ള ശാസ്ത്രീയ പരിചരണവും വിളവെടുത്ത് ഉണക്കിസൂക്ഷിക്കുന്നതുവരെയുള്ള എല്ലാ പ്രക്രിയകളും ജാഗ്രതയോടെ നടത്തേണ്ടതുണ്ട്. വേനൽക്കാലത്തു തണൽ ക്രമീകരിച്ചു ശരിയാംവിധം നനയ്ക്കണം. ഇതിൽ വീഴ്ചവന്നാൽ കുരുവിന്റെ വലുപ്പവും വെണ്ണയുടെ അളവും കുറയുകയും തൊലിയുടെ അളവ് കൂടുകയും ചെയ്യും.

വിളഞ്ഞു പഴുത്ത കായ്കൾ മാത്രം പറിച്ചെ‌ടുക്കണം. മൂപ്പിന്റെ ഏറ്റക്കുറവുകൾ കായ്കളുടെ ഗുണമേന്മയെ ബാധിക്കും. സ്വാഭാവിക നിറവും ആകൃതിയുമില്ലാത്ത കുരുക്കൾ നല്ലവയുമായി കൂടിക്കലരാൻ ഇടയാകരുത്.

പുളിപ്പിക്കൽ

സംസ്കരണത്തിലെ ഏറ്റവും പ്രധാന ഘട്ടമാണ് പുളിപ്പിക്കൽ. ഇതു ലളിതമെങ്ക‍ിലും ശ്രദ്ധയോടെ നടത്തിയാൽ മാത്രമേ ഗുണമേന്മയുള്ള കുരുക്കൾ ലഭിക്കുകയുള്ളൂ. കുരുക്കൾ വേർപെടുത്തിയെടുത്തു കൂട്ടിയിടുമ്പോൾ ഉണ്ടാകുന്ന ചൂടു മൂലം കുരുവിന്റെ ഉള്ളിലെ രാസപ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. കൂനയാക്കി ഇടുകയോ, കുട്ട, പെട്ടി, ഉയരം കുറഞ്ഞ പരന്ന തട്ടുകൾ (Tray) എന്നിവ ഉപയോഗിക്കുകയോ ആണ് പുളിപ്പിക്കലിനു സാധാരണ അവലംബിക്കുന്ന രീതികൾ.

ട്ര‍േകളുടെ ഉപയോഗം

കൊക്കോ കുരുക്കൾ അളവു കുറവെങ്കിൽ ട്രേ ഉപയോഗം തന്നെ നല്ലത്. ഒരു ട്രേ(തട്ടം)യുടെ വലുപ്പം 60 സെ.മീ. നീളവും 25 സെ.മീ. വീതിയും ആയിരിക്കും. ഉയരം 10 സെ.മീറ്ററും അടിഭാഗം ക്ലിപ്ത അകലം നൽകി പാകിയിട്ടുള്ള പട്ടികക്കഷണങ്ങളാണ്. ഈ ട്രേയിൽ ഒരു സമയം 10 കിലോ ബീൻസ് വരെ നിറയ്ക്കാം. തട്ടുകൾ ഒന്നിനു മേൽ മറ്റൊന്നായി നിറച്ചശേഷം കൊക്കോ കുരുക്കൾ വയ്ക്കാവുന്നതാണ്. ഏറ്റവും മുകളിലുള്ളതു വാഴയിലകൊണ്ടു മൂടണം. ഇനി 24 മണിക്കൂർ കഴിഞ്ഞാൽ ചാക്കുകൊണ്ടു മൂടുക കൂടി ചെയ്താൽ ഉള്ളിൽ താപനില വർധിക്കും. ഉള്ളിലെ കുരുക്കൾ ഇളക്കുകയോ ചുറ്റിക്കുകയോ ഒന്നും ചെയ്യേണ്ടതില്ല. ഈ രീതിയിൽ പുളിപ്പിക്കൽ പൂർത്തിയാകുന്നതിനു നാലഞ്ചു ദിവസം മതി. മ‍റ്റു രീതികളിൽ 6–7 ദിവസം വേണം.

കുട്ടകളിൽ പുളിപ്പിക്കൽ

കൊക്കോ കുരുക്കളുടെ അളവ് 2 മുതൽ 6 കിലോ വരെയെങ്കിൽ ചെറിയ വള്ളിക്കുട്ടകളിൽ നിറച്ചു പുളിപ്പിക്കാം. രണ്ടു കിലോ കുരു നിറയ്ക്കാൻ വ്യാസം 20 സെ.മീറ്ററും ഉയരം 15 സെ.മീറ്ററും വലുപ്പമുള്ള കുട്ട മതി. കൂടുതൽ നിറയ്ക്കണമെന്നുണ്ടെങ്കിൽ കുട്ടയുടെ ഉയരം കൂട്ടണം. ആറു കിലോ നിറയ്ക്കാൻ 40 സെ.മീ. ഉയരമുള്ളതു മതി. കുട്ടയുടെ ഉൾഭാഗം വാഴയില വിരിച്ചാലത് പുളിപ്പിക്കൽ സമയത്ത് ഇളകിവരുന്ന കൊഴുപ്പ് ഒഴുകി പുറത്തേക്കു പോകാൻ സഹായിക്കും. കുരുക്കൾ നിറച്ചുകഴിഞ്ഞാൽ വാഴയിലകൊണ്ടു മൂടണം. 24 മണിക്കൂർ കഴിയുന്നതോടെ ചണച്ചാക്കുകൊണ്ടും മൂടണം. തുടർന്ന് 48ാം മണിക്കൂറിലും 96ാം മണിക്കൂറിലും കുട്ട കുലുക്കി കുരുക്കൾ ഇളക്കിയിടണം. ഈ രീതിയിൽ പുളിപ്പിക്കൽ പ്രക്രിയ പൂർത്തിയാകാൻ ആറു ദിവസം മതി. ഇനി ഉണ‍ക്കുക.

ഉണക്കൽ

cocoa-bean2

പുളിപ്പിച്ചെടുത്ത കുരുക്കൾ വെയിലിൽ നിരത്തിയോ മറ്റു കൃ‍ത്രിമ മാർഗങ്ങളിലൂടെയോ ഉണക്കിയെടുക്കണം. വെയിലിലാകുമ്പോൾ രണ്ടോ മൂന്നോ നിരകളിൽ കൂടുതലാകരുത്. ഇടയ്ക്കിടയ്ക്ക് ഇളക്കിയിടുകയും വേണം. നല്ല വെയിലുള്ളപ്പോൾ ഉണക്ക് പൂർത്തിയാകാൻ നാലഞ്ചു ദിവസം മതി. മറ്റു രീതികളിൽ ഉണക്കുമ്പോൾ പുകയും കരിയും തട്ടാതെ സംരക്ഷിക്കുകയും വേണം. ഉണക്കു പൂർത്തിയായോ എന്നറിയാൻ കുരുക്കളുടെ പുറന്തോടിൽ തട്ടിനോക്കുകയാണ് കർഷകർ ചെയ്യുന്നത്. കൂടുതൽ കൃത്യമായി അറിയണമെങ്കിൽ ഈർപ്പമാപിനി (മോയ്സ്ചർ മീറ്റർ) ഉപയോഗിക്കണം.

സൂക്ഷിക്കൽ

പോളിത്തീൻ ഷീറ്റ് ലൈനിങ് ഉള്ള ചാക്കുകളിൽ നിറച്ച് ഗോഡൗണിൽ നിർദേശാനുസൃതം സൂക്ഷിക്കുക.

വിളവെടുപ്പിൽ ശ്രദ്ധിക്കേണ്ടത്

കായ്കൾ ത‌ടിയോടു ചേരുന്ന ഭാഗത്തിനു മുറിവുണ്ട‍ാകാതെ മൂർച്ചയുള്ള കത്തികൊണ്ടു മുറിച്ചെടുക്കണം. നല്ല പരിചരണം ലഭിക്കുന്ന ഒരു മരത്തിൽനിന്നു വർഷം 60–100 കായ്കൾ കിട്ടും. വില കൂടുതൽ ലഭി‍ക്കുന്നതും പച്ചക്കുരു സംസ്കരിച്ച് ഉണക്കി വിൽക്കുമ്പോഴാണ്. പറിച്ചെടുത്ത കായ്കൾ കൂട്ടിയിട്ടു രണ്ടു ദിവസം കഴിഞ്ഞേ പൊട്ടിക്കാവൂ.

ഹൈബ്രിഡ് തൈകൾ

കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രത്തിൽ (0487 2438451) ഹൈബ്രിഡ് തൈകൾ ലഭിക്കും. അംഗീകൃത നഴ്സറികളിലും തൈകൾ ലഭ്യമാകും.

മാതൃകയായി, പള്ളിമേടയിലെ ജൈവ പച്ചക്കറികൃഷി


vegetable-cultivation-by-church
പുൽപള്ളി സെന്റ് ജോർജ് സിംഹാസന പള്ളിയിലെ പച്ചക്കറി കൃഷി....

ശുദ്ധമായ പച്ചക്കറികൾ പരമാവധി ഉൽപാദിപ്പിച്ച് പൊതുസമൂഹത്തിന് നൽകാനുള്ള വയനാട് പുൽപള്ളി സെന്റ് ജോർജ് യാക്കോബായ സിംഹാസന കത്തീഡ്രലിന്റെ ശ്രമം മാതൃകാപരമായി.പള്ളിയുടെ മുന്നിൽ വെറുതെ കിടന്ന സ്ഥലം ഇപ്പോൾ മികച്ചൊരു പച്ചക്കറിത്തോട്ടമാണ്. പള്ളിയുടെ കീഴിലുള്ള സെന്റ് ജോർജ് ഇംഗ്ലിഷ് സ്കൂളിലെ കുട്ടികളും യൂത്ത് അസോസിയേഷനുമാണ് ഇവ പരിപാലിക്കുന്നത്.

ബ്രോക്കോളി, പുതിയ തരം പച്ചക്കറികൾ, ചീര, കൂർക്ക, പയറുകൾ, പാവയ്ക്ക, വെള്ളരി, പടവലം, കാപ്സിക്കം അടക്കമുള്ള വിവിധ മുളക് ഇനങ്ങൾ, ഉള്ളി, തുടങ്ങിയ പച്ചക്കറികളാണ് പള്ളിമുറ്റത്ത് പടരുന്നത്. കലർപ്പില്ലാത്ത ജൈവ കൃഷിയും സുവിശേഷ പ്രഘോഷണമെന്നാണ് വികാരി ഫാ. റെജിപോൾ ചവർപ്പനാൽ പറയുന്നത്. പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ഇടവകയിലെ അഞ്ഞൂറോളം വീടുകളിലും പച്ചക്കറി വിത്തുകൾ നൽകി. അവയും നട്ട് വളർത്തി വീടുകളിൽ വിളവെടുക്കുന്നു.

പള്ളിയിൽ വിളവെടുക്കുന്ന പച്ചക്കറികൾ ഞായറാഴ്ചകളിൽ പൊതുവായി വിൽക്കും. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം രോഗികളെയും അശരണരെയും സഹായിക്കാനാണ് ചെലവിടുന്നതെന്ന് അസി. വികാരി. ഫാ. സജി ചൊള്ളാട്ട് പറഞ്ഞു. ദേവാലയത്തിൽ തുടങ്ങിവച്ച കൃഷിക്ക് ഇടവകയിലും പ്രദേശത്തും നല്ല പ്രതികരണം ലഭിച്ചു. കൃഷിക്കൊപ്പം കൃഷിചെയ്യുന്നതിനുള്ള മാർഗനിർദേശക സെമിനാറും പള്ളിയിൽ നടത്തി. മികച്ചയിനം വിത്തുകളും നൽകി. കൂടുതൽ ഒരുക്കങ്ങളോടെ കൃഷി വിപുലപ്പെടുത്താനുള്ള തീരുമാനത്തിലാണ് ഇടവകക്കാർ
.

Friday, 6 January 2017

ആധാർ മാതൃകയിൽ പശുക്കൾക്ക് തിരിച്ചറിയൽ നമ്പർ


cheruvally-cow

രാജ്യത്തെ പശുക്കൾക്കും എരുമകൾക്കും ആധാർ മാതൃകയിൽ 12 അക്ക തിരിച്ചറിയൽ നമ്പർ നൽകാനുള്ള പദ്ധതിക്കു കേന്ദ്രസർക്കാർ തുടക്കമിട്ടു. രാജ്യത്തെ പശുക്കളുടെയും എരുമകളുടെയും കൃത്യമായ കണക്കു സൂക്ഷിക്കുകയും യഥാസമയം പ്രതിരോധ കുത്തിവയ്പു നടത്തുകയുമാണു പ്രഖ്യാപിത സർക്കാർ ലക്ഷ്യം. ഇതിലൂടെ പാലുൽപാദനം വർധിപ്പിക്കാനും 2022 ആകുമ്പോഴേക്കും ക്ഷീരകർഷകരുടെ വരുമാനം ഇരട്ടിയാക്കാനും കഴിയുമെന്നാണു കേന്ദ്രസർക്കാർ പ്രതീക്ഷ.

പശുവിന്റെ ചെവിയുടെ നടുവിൽ ഉടമയുടെ പേരും യുഐഡി നമ്പരും അടക്കം വിവരങ്ങളുള്ള പോളിയൂറിത്തീൻ ടാഗ് ഘടിപ്പിക്കുന്നതാണു പദ്ധതി. രാജ്യത്തൊട്ടാകെ 8.8 കോടി പശുക്കളും എരുമകളുമുണ്ടെന്നാണു കണക്ക്. ഇവയ്ക്കെല്ലാം തിരിച്ചറിയൽ നമ്പർ നൽകാനായി സർക്കാർ 148 കോടിരൂപ നീക്കിവച്ചിട്ടുണ്ട്. ഈ വർഷാവസാനത്തോടെ ലക്ഷ്യം നേടാനാകുമെന്നാണു സർക്കാർ പ്രതീക്ഷ
.

നീർകണിക തേടി നാമൊന്നു പോകാം!


a-n-marakkar-farmer
കോഴിക്കോട് മാവൂരിലെ പാടത്ത് മുറം കൊണ്ട് നെല്ലു പാറ്റുന്ന നൊട്ടിവീട്ടിൽ എ.എൻ. മരയ്ക്കാർ. ചിത്രം: റസൽ ...

കഥയിലെ മുത്താച്ചിയുടെ നാട് തേടിയായിരുന്നു യാത്ര. മുത്താച്ചിക്കുണ്ടിലേക്ക്... 18 ചോലകളുണ്ടത്രേ ഈ കുണ്ടിൽ. ഇവിടെ നിന്നു തെളിനീരെടുക്കുന്ന ചോലകൾ ഒഴുകി തോടായി, കൈവഴിയായി മാമ്പുഴയായി ഒഴുകി കല്ലായിപ്പുഴയായി... പുഴയൊഴുക്കുകൾക്ക് ഒടുവിൽ കടലിൽ എത്തുന്ന യാത്ര. ബേപ്പൂരിൽ നിന്നു മാവൂരിലേക്കുള്ള യാത്രയിൽ മുത്താച്ചിക്കുണ്ടിന്റെ കഥയറിയാതെ പോകുന്നതെങ്ങനെ? കോഴിക്കോട് പെരുവയൽ പഞ്ചായത്തിലെ മുണ്ടയ്ക്കലാണു മുത്താച്ചിക്കുണ്ട്. മലയൊടിയനെ പൂജിച്ച മുത്തശ്ശിയുടെ കഥയിൽ നിന്നാണ് മുത്താച്ചിക്കുണ്ടെന്ന പേരിന്റെ പിറവി. ഇവിടുത്തെ കുണ്ടിൽ നിന്നു വെള്ളമെടുത്തു കുന്നുകയറി വേണമായിരുന്നു മുത്തശ്ശിക്കു മലയൊടിയനെ പൂജിക്കാൻ. പ്രായാധിക്യം കാരണം മുത്തശ്ശിക്കു കുന്നു കയറാൻ കഴിയാതായി.

താഴേക്കിരുന്നാൽ പൂജിക്കാമെന്ന മുത്തശ്ശിയുടെ പരിദേവനം കേട്ട ദേവൻ കുന്നിറങ്ങി താഴെയെത്തിയെന്നാണു കഥ. നാട്ടുവഴികളും ഗ്രാമീണ ചാരുതയും ഒത്തു ചേർന്ന നാട്ടിലെ കാഴ്ചകൾ കണ്ടു പൊൻപറ കുന്നിലെത്തി. മൊട്ടക്കുന്നായി കിടക്കുന്ന പൊൻ‍പറക്കുന്ന്. കുന്നിന്റെ മുകളിൽ നിന്ന് 21 തെളിനീർചോലകൾ പിറവിയെടുക്കുന്നുണ്ടത്രേ. മലപ്രം, ചെറൂപ്പ, പെരുവയൽ ഗ്രാമങ്ങൾ കുന്നിന്റെ താഴ്‌വരയിൽ ഈ ചോലകളിലെ നീരു മോഹിച്ചു കൃഷിയൊരുക്കുന്നു. തെങ്ങിലക്കടവിൽ‍ ചെറുപുഴയുടെ ഓരത്ത് മൂന്നര ഏക്കർ സ്ഥലത്ത് വനംവകുപ്പിന്റെ സഹായത്തോടെ കുടുംബശ്രീ പ്രവർത്തകർ ഗ്രാമവനം ഒരുക്കിയിരിക്കുന്നതു കാണാം.

വലിയ വയലുകളുണ്ടായിരുന്ന പെരുവയൽ പഞ്ചായത്തിൽ നിന്നു പാടശേഖരങ്ങൾ‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. സമ്പൂർണ ജൈവ പച്ചക്കറി ഗ്രാമം എന്ന ലക്ഷ്യത്തിലേക്കു നീങ്ങുന്ന പെരുവയൽ പഞ്ചായത്തിലെ ചെറുകുളത്തൂർ എന്ന ഗ്രാമത്തിൽ ഞങ്ങളെത്തി. ചെറിയകുളങ്ങൾ ധാരാളമുള്ള ഊര് എന്ന അർഥത്തിൽ ചെറുകുളത്തൂർ എന്ന പേരുവീണ നാട്ടിൽ നിന്നു കുളങ്ങൾ എന്നേ അപ്രത്യക്ഷമായി. പക്ഷേ ചെറുകുളത്തൂർ ഗ്രാമം കേരളത്തിന് അഭിമാനമാണ്.

രാജ്യത്തെ ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമമാണിത്. 2003ലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നത്. പക്ഷേ 80കളിൽ തന്നെ നാല് പേർ കണ്ണുകൾ ദാനം ചെയ്തിരുന്നു. 1991ൽ ഗ്രാമവാസിയായ വി.ആർ. ചാത്തുക്കുട്ടി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്യപ്പെട്ട് സമ്പൂർണ നേത്രദാന ഗ്രാമം എന്ന ലക്ഷ്യവുമായി നാട് നീങ്ങാൻ തുടങ്ങി.

158 പേരുടെ കണ്ണുകൾ ഇതിനകം തന്നെ ദാനം ചെയ്തു കഴിഞ്ഞു. 2014ൽ സമ്പൂർണ അവയവദാന ഗ്രാമവുമായി. എല്ലാറ്റിനും തുടക്കം ഇവിടുത്തെ കെ.പി. ഗോവിന്ദൻകുട്ടി സമാരക വായനശാലയിൽ നിന്നായിരുന്നു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനകീയ കൂട്ടായ്മ പിന്നീട് അതിനു നേതൃത്വവും നൽകി. സമ്പൂർണ മാലിന്യമുക്ത ഗ്രാമം എന്ന ലക്ഷ്യത്തിലേക്കാണ് നാട് അടുത്തതായി നീങ്ങുന്നത്.

നന്മയുടെ ഈ കാഴ്ച കണ്ടെത്തിയതു കൂളിമാട് കടവിൽ. ഇവിടെ ഇരുവഞ്ഞിപ്പുഴയും ചാലിയാറും സംഗമിക്കുന്നു. ഓളങ്ങളുടെ കളിചിരിയിൽ നിറഞ്ഞു റോഡിലേക്കിറങ്ങി. കൂളിമാട് ഗ്രാമത്തിനുമുണ്ട് പറയാൻ നന്മയുടെ മറ്റൊരു കഥ. രാജ്യത്തെ ആദ്യത്തെ പുകവലി വിമുക്ത ഗ്രാമമാണിത്. പൂളക്കോട് അംശം പാഴൂർ ദേശമാണിവിടം. പക്ഷേ ഗ്രാമത്തിനു കൂളിമാട് എന്ന പേരുകിട്ടാൻ കാരണം മറ്റൊന്നാണ്. മാട് എന്നാൽ കടവ് എന്നാണ് അർഥം. കുളിക്കടവായിരുന്നു കൂളിമാട് കടവ്.

കുളിമാട് പറഞ്ഞു കൂളിമാടായി. കടവ് ഒരുകാലത്ത് കോഴിക്കോട് അങ്ങാടിയിൽ നിന്നു ജലമാർഗം എത്തിക്കുന്ന ചരക്കുകൾ ഇറക്കുന്ന സ്ഥലമായിരുന്നു. സജീവമായിരുന്ന കടവിന്റെ പേരാണ് ഇതുവഴി ബസ് സർവീസ് വന്നപ്പോൾ ബസുകാർ സ്ഥലപ്പേരായി ഉപയോഗിച്ചത്. അങ്ങനെ അറിഞ്ഞും പറഞ്ഞും ഈ ഗ്രാമത്തിനു പേര് കൂളിമാടായി. 1995ലാണ് ഗ്രാമം പുകവലി വിമുക്തമായി പ്രഖ്യാപിക്കപ്പെടുന്നത്.

നന്മ പൂക്കുന്ന കാഴ്ചകൾ കണ്ട് യാത്ര തുടരുന്നതിനിടെയാണു മാവൂരിലെ പാടത്ത് നെല്ലുണക്കുന്ന നൊട്ടിവീട്ടിൽ എ.എൻ. മരയ്ക്കാറെ കണ്ടത്. 12ാം വയസിൽ മരയ്ക്കാർ പാടത്തിറങ്ങിയതാണ്. കൃഷിയോട് അന്നു തോന്നിയ പ്രണയം 50ാം വയസിലും തുടരുന്നു. അഞ്ച് ഏക്കറോളം സ്ഥലത്ത് രണ്ടു തവണകളിലായി നെൽകൃഷി നടത്തുന്നു. മറ്റു കൃഷികൾ വേറെയുമുണ്ട്. സന്തോഷത്തിന്റെ കതിർമണികളിലാണു തന്റെ മനം നിറയുന്നതെന്നു മരയ്ക്കാർ പറയുന്നു.

Thursday, 5 January 2017

വെറൈറ്റി ആകാം, വെർട്ടിക്കൽ ഗാർഡനിലൂടെ


vertical-garden

കാർഷിക സർവകലാശാലയുടെ മണ്ണുത്തിയിലുള്ള സാങ്കേതിക വിജ്ഞാന കേന്ദ്രത്തിന്റെ (ആറ്റിക്) വളപ്പിൽ തയാ‌റാക്കി...

പൂന്തോട്ടങ്ങളൊരുക്കാൻ സ്ഥലപരിമിതി പ്രശ്നമല്ല. മൂന്നു സെന്റിൽ വീടു പണിതവർക്കും ഫ്ലാറ്റുകൾക്കും ഇനി വൈവിധ്യമാർന്ന പൂന്തോട്ടങ്ങളൊരുക്കാം. ചുമരുകളിലോ ചുമരിനോടു ചേർന്നോ മുറിക്കുള്ളിലോ ഉറപ്പിച്ചു നിർത്താവുന്ന വെർട്ടിക്കൽ ഗാർഡൻ നിർമിച്ച് സ്ഥല പരിമിതിയുള്ള സ്ഥലങ്ങളിൽ സൗന്ദര്യം പ്രദാനം ചെയ്യുന്ന ഉദ്യാനമാക്കാം. ഇതിനായി കുറ്റിയായി വളരുന്ന അലങ്കാര സസ്യങ്ങൾ കാർഷിക സർവകലാശാലയുടെ തൃശൂർ മണ്ണുത്തിയിലുള്ള കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ നിന്നും ലഭിക്കും. സ്ഥല ലഭ്യതയും മുടക്കാവുന്ന സമ്പത്തും അനുസരിച്ച് പല തരത്തിൽ ഗാർഡനിങ് സംവിധാനം രൂപപ്പെടുത്താം. ലംബമായി ഉറപ്പിക്കുന്ന ഗാൽവനൈസ്ഡ് കാലുകളിൽ തിരശ്ചീനമായി ഘടിപ്പിക്കാവുന്ന ഗാൽവനൈസ്ഡ് പൈപ്പുകളിൽ ചട്ടികൾ കയറ്റി വയ്ക്കാവുന്ന റിങ്ങുകൾ ഉറപ്പിക്കുന്നു.

ചട്ടിയുടെ വലുപ്പവും അതിൽ വളർത്താനുദ്ദേശിക്കുന്ന ചെടിയുടെ വളർച്ചയും കണക്കാക്കി ചട്ടികൾ തമ്മിലുള്ള അകലം ക്രമീകരിക്കണം. പൈപ്പുകൾക്കു പിന്നിലായി ഉറപ്പിച്ച കനം കുറഞ്ഞ തകിടിൽ പല വർണത്തിലുള്ള യുവി സ്റ്റബിലൈസ്ഡ് ചട്ടികൾ വയ്ക്കാം. ചെറിയ പൈപ്പ് ഉപയോഗിച്ച് കണികാ ജലസേചനം നടത്തുകയും ആവശ്യത്തിന് വളമിശ്രിതലായനിയും പൈപ്പ് ലൈനിലൂടെ ലഭ്യമാക്കണം. മുകൾ നിരപ്പിലെ സജ്ജീകരിച്ചിരുന്ന ചട്ടികളിൽനിന്നു വീഴുന്ന വെള്ളം താഴത്തെ ചട്ടിയിലേക്കും വീഴുന്ന തരത്തിൽ ചട്ടികൾ ക്രമീകരിച്ചാൽ മുകളിൽ മാത്രം ജലസേചന സൗകര്യം മതിയാവും. ഭിത്തിയോട് ചേർന്ന് ചെയ്യുമ്പോൾ ചുമരിന്റെ പെയിന്റിങ് ഒഴിവാക്കാം.

വീട്ടാവശ്യത്തിനുള്ള പലതരം ചീരകളും അലങ്കാര സസ്യങ്ങളായ ചെത്തി, ഫിലാൽത്തഫ് എന്നിവയും ഇത്തരത്തിൽ മനോഹരമായ ഉദ്യാനമൊരുക്കാൻ ഉപയോഗിക്കാം. കാർഷിക സർവകലാശാലയുടെ മണ്ണുത്തിയിലുള്ള സാങ്കേതിക വിജ്ഞാന കേന്ദ്രത്തിന്റെ (ആറ്റിക്) വളപ്പിൽ വെർട്ടിക്കൽ ഗാർഡന്റെ മാതൃകയുണ്ട്. ഉപയോഗശൂന്യമായ കുപ്പികൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ടിന്നുകൾ എന്നിവ ഉപയോഗിച്ചും വെർട്ടിക്കൽ ഗാർഡൻ രൂപകൽപ്പന ചെയ്യാം.

പണമില്ല; കാപ്പി വിളവെടുപ്പ് പ്രതിസന്ധിയിൽ

coffee-harvesting

നോട്ട് അസാധുവാക്കൽ മൂലമുണ്ടായ പ്രതിസന്ധി തോട്ടം മേഖലയിലെ വിളവെടുപ്പിനെയും ബാധിച്ചു. വയനാട് ജില്ലയിൽ ഇതു കാപ്പികൃഷിയെയാണ് കൂടുതൽ ബാധിച്ചത്. ഏതാണ്ടെല്ലാം തോട്ടങ്ങളിലും ഡിസംബർ അവസാനത്തോടെ കാപ്പി വിളവെടുപ്പ് തുടങ്ങി. മിക്ക തോട്ടങ്ങളിലും വിളവെടുപ്പിനു മുന്നോടിയായുള്ള വൃത്തിയാക്കൽ നടത്താൻ കഴിഞ്ഞിട്ടില്ല. കോഫി ബോർഡ് നിർദേശ പ്രകാരമാണെങ്കിൽ വിളവെടുപ്പിന് നാലാഴ്ച മുൻപെങ്കിലും തോട്ടങ്ങൾ ചെത്തി കളകളൊഴിവാക്കി കാപ്പിച്ചെടിയുടെ ചുവടുകൾ വൃത്തിയാക്കണം. കാപ്പി വിളവെടുക്കുമ്പോൾ താഴെ വീഴുന്ന കാപ്പിക്കുരു ശേഖരിക്കാനും മറ്റും ഇത് ആവശ്യമാണ്.

രോഗ, കീടബാധകൾ വരാതിരിക്കാൻ കൊഴിഞ്ഞുവീഴുന്ന കാപ്പിക്കുരു കേടുള്ളതാണെങ്കിൽ തോട്ടത്തിൽനിന്ന് പുറത്തെടുത്ത് നശിപ്പിക്കുകയും വേണം. തോട്ടങ്ങളിലെ കളകൾ കളനാശിനി ഉപയോഗിച്ച് കരിച്ചുകളയുകയോ കാടുവെട്ട് യന്ത്രം ഉപയോഗിച്ച് നീക്കുകയോ ആണ് ചെയ്തത്. ഇതു രണ്ടും ചെയ്യാത്ത തോട്ടങ്ങളുമുണ്ട്. ഒരേക്കർ കാപ്പിത്തോട്ടം ചെത്തി വൃത്തിയാക്കാൻ 4000 രൂപ വേണ്ടിടത്ത് കളനാശിനി ഉപയോഗിച്ചാൽ 1500 രൂപയേ ചെലവുള്ളൂ. കളനാശിനി പ്രയോഗിച്ച തോട്ടങ്ങളിലും അല്ലാത്തയിടത്തും പ്ലാസ്റ്റിക് ഷീറ്റുകൾ ചെടിയുടെ ചുവട്ടിൽ വിരിച്ചാണ് കാപ്പി പറിച്ചെടുക്കുന്നത്. നോട്ടിന്റെ ലഭ്യതക്കുറവാണ് തോട്ടം ഉടമകളെ വലയ്ക്കുന്നത്. ആഴ്ചയിൽ ലഭിക്കുന്ന തുക എല്ലാത്തിനും കൂടി തികയില്ല. ഉള്ള തുക വിളവെടുപ്പിനും സംസ്കരണത്തിനുമായി നീക്കിവയ്ക്കുകയാണ്.