കൃഷിവിജ്ഞാനം ലഭിക്കാതെ മുതലമടയിലെ മാവുകർഷകർ
കാലാവസ്ഥ വ്യതിയാനത്തെ തുടർന്നു ഉൽപാദനക്കുറവു നേരിടുന്ന സാഹചര്യത്തിൽ മരുന്നുപ്രയോഗം, പൂ പരിപാലനം എന്നിവയെക്കുറിച്ചു കർഷകർക്കു നിർദേശങ്ങൾ നൽകാൻ കൃഷി ശാസ്ത്രജ്ഞരെ നിയോഗിക്കണമെന്നു കർഷകരും വ്യാപാരികളും ആവശ്യപ്പെട്ടിരുന്നു.
കൃഷി മന്ത്രിയായ ശേഷം ജില്ലയിലെത്തിയ വി.എസ്. സുനിൽകുമാർ വിദഗ്ധനെ നിയോഗിക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല. മുൻ മന്ത്രി കെ.പി. മോഹനനും ഇതേ ഉറപ്പു നൽകിയിരുന്നു.
ഒക്ടോബർ–നവംബർ മാസങ്ങളിൽ പൂവിടുന്ന സമയത്തും തുടർന്നും നടത്തുന്ന കീടനാശിനി പ്രയോഗത്തെക്കുറിച്ചു കർഷകർക്കും വ്യാപാരികൾക്കും വ്യക്തമായ നിർദേശം നൽകാൻ സംവിധാനമില്ല.
ഇൗ വർഷം തെളിഞ്ഞ കാലാവസ്ഥയെ തുടർന്ന് ഒക്ടോബർ ആദ്യം പൂവിട്ടതു കർഷകർക്കും വ്യാപാരികൾക്കും പ്രതീക്ഷ നൽകിയിരുന്നെങ്കിലും ഇടയ്ക്കു മഞ്ഞു പടർന്നു പൂവ് കൊഴിഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കി. കൃഷിഭവനെ ആശ്രയിച്ചാണു മുന്നോട്ടു പോകുന്നത്.
മൂവായിരത്തിലധികം ഹെക്ടർ സ്ഥലത്തു കൃഷി ചെയ്തു കോടികൾ വിറ്റുവരവുണ്ടാക്കുന്ന മാമ്പഴത്തിന്റെ സാധ്യതകൾ സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണ്.
കൃഷി മന്ത്രിയായിരുന്ന കെ.പി. മോഹനൻ മുതലമട സീഡ് ഫാമിൽ മാങ്ങ കർഷകർക്കു പ്രയോജനം ചെയ്യും വിധം കൃഷി വിജ്ഞാന കേന്ദ്രം ആരംഭിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.
നൂറു കണക്കിനു കുടുംബങ്ങളെ ബാധിക്കുന്ന മാവ് കൃഷി സംരക്ഷിക്കുന്നതിനു കൃഷി വകുപ്പ് ഇടപെടൽ ഉണ്ടായില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാവും.
മാവ് കൃഷി വളർത്തുന്നതു കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഉപ കേന്ദ്രമെങ്കിലും മുതലമടയിൽ ആരംഭിക്കാൻ അധികാരികൾ ഉണർന്നു പ്രവർത്തിക്കണമെന്നതു കാലത്തിന്റെ ആവശ്യമാണ്.
No comments:
Post a Comment