Wednesday, 23 November 2016

നാളികേര ഇൻഷുറൻസ് പദ്ധതി


coconut-plantation

കൃഷി വകുപ്പ് ഈ സാമ്പത്തികവർഷം 14 ജില്ലകളിലും നാളികേര ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നു. 10 ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിട്ടുളളത്. നാല് മുതൽ 60 വർഷം പ്രായമായ, ശരാശരി പ്രതിവർഷം 30 നാളികേരം വിളയുന്ന തെങ്ങുകൾക്ക് പരിരക്ഷ ലഭിക്കും. പദ്ധതിപ്രകാരം കുറഞ്ഞത് 5 ആരോഗ്യമുളള, കായ്ഫലമുളള തെങ്ങ് കൃഷിചെയ്യുന്ന കർഷകർക്ക് പദ്ധതിയിൽ അംഗമാകാം. കൊടുങ്കാറ്റ്, വെളളപ്പൊക്കം, രൂക്ഷമായ കീടരോഗാക്രമണം, കാട്ടുതീ, ഇടിമിന്നൽ, കൊടുംവരൾച്ച തുടങ്ങിയവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിരക്ഷ ലഭിക്കും. 15 വർഷം വരെ പ്രായമായ തെങ്ങുകൾക്ക് 900 രൂപയും 16-60 വർഷം വരെ പ്രായമായവയ്ക്ക് 1750 രൂപയും നഷ്ടപരിഹാരം ലഭിക്കും. പ്രീമിയം യഥാക്രമം 9 രൂപയും 14 രൂപയുമാണ്. ഇതിന്റെ 25% യഥാക്രമം 2.25 രൂപ, 3.50 രൂപ കർഷകർ അടയ്ക്കണം. കൃഷി വകുപ്പും നാളികേര വികസനബോർഡുമാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള കൃഷിഭവനുമായി ബന്ധപ്പെടുക.

നാടൻ ഉൽപന്നങ്ങൾക്ക് ഇനി നല്ല വിപണി

കൃഷി വകുപ്പ് ഈ സാമ്പത്തിക വർഷം നാടൻ കാർഷിക ഉൽപന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്തുന്നതിന് വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. കർഷക മാർക്കറ്റുകൾക്ക് ധനസഹായം. നിലവിലുളള കർഷക മാർക്കറ്റുകളുടെ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കുന്നതിന് 50% സബ്സിഡി പരമാവധി 10 ലക്ഷം രൂപ ഒരു മാർക്കറ്റിന് നൽകുന്നതാണ്. ഇത് പ്രകാരം കോൾഡ് സ്റ്റോറേജ്, ലേലം നടത്തുന്നതിനുളള പ്ലാറ്റ്ഫോം, ഷെഡ്, ത്രാസ്, കമ്പ്യൂട്ടർ തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്താം. സംഘമൈത്രി, ബ്ലോക്ക് ലെവൽ മാർക്കറ്റ് എന്നിവർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ഇത്തരം മാർക്കറ്റുകളിൽ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ നേരിട്ട് ലേലം ചെയ്യുന്നതിനും വിൽപന നടത്തുന്നതിനും സംവിധാനം ഉണ്ടാക്കും. ഉപഭോക്താക്കൾക്ക് നേരിട്ട് വിപണനം. വിഷവിമുക്തമായ പഴം, പച്ചക്കറി ഉൽപന്നങ്ങൾ, ക്ലീനിംഗ് ഗ്രേഡിംഗ്, പാക്കിങ്ങിനുശേഷം 100 രൂപയുടേയും 50 രൂപയുടേയും കിറ്റുകളിലാക്കി റസിഡൻസ് അസോസിയേഷൻ വഴി വിൽപന നടത്തുന്നതിന് സഹായം നൽകും. ഒരു ക്ലസ്റ്ററിന് പരമാവധി 3 ലക്ഷം രൂപ വീതം 18 ക്ലസ്റ്ററുകൾക്ക് സാമ്പത്തിക സഹായം നൽകും. പച്ചക്കറികൾ പരിസ്ഥിതി സൗഹൃദ പായ്ക്കറ്റുകളിലാക്കി ഉറവിടം വ്യക്തമാക്കുന്ന ലേബൽ സഹിതമാണ് വിൽപന നടത്തുന്നത്. പായ്ക്കിംഗ്, വിൽപന എന്നിവയ്ക്കായി കുടുംബശ്രീ തുടങ്ങിയ ഏജൻസികളുടെ സഹായം പ്രയോജനപ്പെടുത്താം. തിരഞ്ഞെടുത്ത കോർപറേഷൻ, നഗരസഭ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

കർഷകർക്ക് പരിശീലനം: തിരഞ്ഞെടുത്ത 50 ക്ലസ്റ്ററുകളിലെ കർഷകർക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിന് ഒരു ക്ലസ്റ്ററിന് 90,000 രൂപ വീതം 50 ക്ലസ്റ്ററുകൾക്ക് 45 ലക്ഷം രൂപ അനുവദിക്കും. ജൈവകൃഷിയിലും ജി.എ.പി സർട്ടിഫിക്കേഷനിലും പരിശീലനം നടത്തുന്നതിനും പഠനയാത്ര സംഘടിപ്പിക്കുന്നതിനും ഈ തുക വിനിയോഗിക്കുന്നു.

മാർക്കറ്റുകൾക്ക് റിവോൾവിങ് ഫണ്ട്: കർഷകരിൽ നിന്നും ഉൽപന്നങ്ങൾ നേരിട്ട് സംഭരിക്കുന്നതിനും മാർക്കറ്റുകളിൽ എത്തിക്കുന്നതിനും ഒരു മാർക്കറ്റിന് പരമാവധി 5 ലക്ഷം വീതം 25 മാർക്കറ്റുകൾക്ക് റിവോൾവിങ് ഫണ്ട് അനുവദിക്കും.

അപേക്ഷ ക്ഷണിക്കുന്നു

കേരള സർക്കാരിന്റെ ഉടമസ്ഥതയിലുളള സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ പഞ്ചായത്ത് തലത്തിൽ ദാരിദ്യ്രരേഖയ്ക്ക് താഴെയുളള വനിതകൾക്ക് വേണ്ടി നടപ്പാക്കുന്ന റൂറൽ ബാക് യാർഡ് പൗൾട്രി പ്രൊഡക്ഷൻ പദ്ധതി നടപ്പാക്കാൻ താൽപര്യമുളള പഞ്ചായത്ത് അധികൃതരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഈ പദ്ധതി പ്രകാരം ഓരോ ഗുണഭോക്താവിനും 45 കോഴികൾ ലഭിക്കുന്നതാണ്. ഓരോ ഗുണഭോക്താവും ഒരു കോഴിക്ക് 35 രൂപ നിരക്കിൽ ഗുണഭോക്തൃവിഹിതം അടയ്ക്കേണ്ട താണ്. താൽപര്യമുളള പഞ്ചായത്ത് അധികൃതരിൽ നിന്നും ഈ പദ്ധതിയ്ക്കു വേണ്ടി അപേക്ഷകൾ 2016 ഡിസംബർ 15 ന് മുൻപായി മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ, പേട്ട, തിരുവനന്തപുരം, പിൻ. 695024 എന്ന വിലാസത്തിൽ ക്ഷണിച്ചുകൊളളുന്നു. കൂടുതൽ വിവരങ്ങൾക്ക് 0471-2478585, 2468585.

No comments:

Post a Comment