Tuesday, 29 November 2016

കടുമേനിയിൽ നൂറുമേനി 

വിളയിച്ച് വൈദികൻ

fr-george-farming
ഫാ. ജോർജ് തൈക്കുന്നുംപുറം കടുമേനിയിലെ കൃഷിയിടത്തിൽ....

വൈദികവൃത്തിക്കൊപ്പം കൃഷിയും ദിനചര്യയാക്കിയിരിക്കുകയാണ് കാസർകോട് കടുമേനി സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോർജ് തൈക്കുന്നുംപുറം. രണ്ടുവർഷം മുൻപ് ഇവിടേക്കു വികാരിയായി എത്തിയപ്പോൾ പള്ളിമേടയോടു ചേർന്നുള്ള രണ്ട് ഏക്കർ ചെങ്കൽ ഭൂമി കാടുമൂടിയ നിലയിലായിരുന്നു. അൽപമൊന്നു വിയർപ്പൊഴുക്കിയാൽ ഇവിടം കൃഷിയോഗ്യമാക്കാമെന്നു ഫാ. ജോർജ് പറഞ്ഞപ്പോൾ ഇടവകജനം ആദ്യമൊന്നു മടിച്ചെങ്കിലും അച്ചന്റെ കൃഷിയോടുള്ള താൽപര്യം കണക്കിലെടുത്ത് അവർ സമ്മതം മൂളുകയായിരുന്നു.

ജെസിബി ഉപയോഗിച്ചു കരിങ്കൽ പാറകൾ ഇളക്കിമാറ്റി കയ്യാലകൾ നിർമിച്ചു ഭൂമി പല തട്ടുകളാക്കി മാറ്റിയശേഷം ഇവിടെ മണ്ണുനിറച്ചാണു തരിശായിക്കിടന്ന ഈ ഭൂമിയെ ഇവർ കൃഷിയോഗ്യമാക്കിമാറ്റിയത്. തെങ്ങ്, കമുക് തൈകൾ വച്ചുപിടിപ്പിച്ചശേഷമാണ് ഈ തോട്ടത്തിൽ ഇടവിളയായി മരച്ചീനി, ചേന, കാച്ചിൽ, മഞ്ഞൾ, ചെറുകിഴങ്ങ്, നേന്ത്രവാഴ, ഇഞ്ചി, വഴുതന, തക്കാളി, വെണ്ട, അടതാപ്പ് എന്നിവയെല്ലാം കൃഷിയിറക്കിയത്.

ചകിരിച്ചോറും കോഴിവളവും ചേർത്തു സ്വന്തമായി നിർമിക്കുന്ന ജൈവവളമാണു വിളകൾക്ക് ഉപയോഗിക്കുന്നത്. ചെടികളിൽ കീടബാധയും കുറവാണ്. തലശ്ശേരി അതിരൂപതയ്ക്കു കീഴിലുള്ള കീഴ്പള്ളി ചതിരൂരിലെ സാൻമരിയ എസ്റ്റേറ്റിൽ ഒൻപതു വർഷത്തെ സേവനത്തിനുശേഷമാണു ഫാ. ജോർജ് കടുമേനിയിൽ എത്തിയത്. പാലാ കൊഴുവനാലിൽനിന്ന് അഞ്ചു പതിറ്റാണ്ടു മുമ്പ് വായാട്ടുപറമ്പിൽ കുടിയേറിയ പിതാവ് തൈക്കുന്നുംപുറത്തു തൊമ്മച്ചനും നല്ലൊരു കർഷകനായിരുന്നു.

മനുഷ്യനെ സ്നേഹിക്കുന്നതുപോലെതന്നെ മണ്ണിനെയും സ്നേഹിക്കണമെന്ന പിതാവിന്റെ കാഴ്ചപ്പാടാണു തന്നെ കൃഷിയുമായി ഇത്രമേൽ അടുപ്പിച്ചതെന്നു ഫാ. ജോർജ് പറയുന്നു. ഇടവകജനത്തോടൊപ്പം മാറിവന്ന കൈക്കാരന്മാരുടെയും നിർലോഭമായ സഹകരണമാണു കൃഷിയുടെ വിജയത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

മുതൽമുടക്കിയ തുകയിൽ നല്ലൊരു ശതമാനം തുക കാർഷിക വിളകളും പച്ചക്കറികളും വിൽപന നടത്തിയ വകയിൽ തിരികെ ലഭിച്ചു. പള്ളിയോടു ചേർന്നു വലിയ മീൻകുളത്തിന്റെ ജോലിയും ഇതിനോടകം പൂർത്തിയാക്കിക്കഴിഞ്ഞു
.

No comments:

Post a Comment