Friday, 11 November 2016

പാഷൻ ഫ്രൂട്ടാണ് ഫാഷൻ


passion-fruit-seedlings
പാഷൻ ഫ്രൂട്ട് തൈകൾ...

പാഷൻ ഫ്രൂട്ട് കൃഷിയിൽ വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കയാണ് കോഴിക്കോട് കാരശ്ശേരി പഞ്ചായത്ത് ! കേരള പ്ലാന്റേഷൻ കോർപറേഷന്റെ സഹകരണത്തോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പാഷൻ ഫ്രൂട്ട് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിലത്തകർച്ച മൂലം ദുരിതമനുഭവിക്കുന്ന റബർ കർഷകർക്ക് ഒരു കൈത്താങ്ങ് ആകുമെന്ന പ്രതീക്ഷയിലാണ് വിപുലമായ ഒരുക്കങ്ങൾ നടപ്പിലാക്കി പാഷൻ ഫ്രൂട്ട് കൃഷിയിൽ പുതിയ പരീക്ഷണത്തിന് പഞ്ചായത്ത് തയാറായിരിക്കുന്നത്.

passion-fruit-planting
കാരശ്ശേരി പഞ്ചായത്തിന്റെ പാഷൻ ഫ്രൂട്ട് കൃഷിയുടെ തൈ നടീൽ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.വിനോദ് ഉദ്ഘാടനം ...

മലയോര മേഖലയിൽ ഏറെ വിജയ സാധ്യതയുള്ള കൃഷിയായി പാഷൻ ഫ്രുട്ട് കൃഷിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.വിനോദ്, വൈസ് പ്രസിഡന്റ് വി.പി.ജമീല, പഞ്ചായത്ത് അംഗം സവാദ് ഇബ്രാഹീം എന്നിവർ പറഞ്ഞു.തേക്കുംകുറ്റിയിലെ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കൃഷിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. കുടുംബശ്രീ മുഖേന പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏക്കർ കണക്കിന് സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് പദ്ധതി. പാഷൻ ഫ്രൂട്ടിന്റെ വിവിധ ഉൽപന്നങ്ങളും വിപണിയിലെത്തിക്കാൻ സാധിക്കുമോ എന്ന ആലോചനയും പഞ്ചായത്തിനുണ്ട്. വിവിധ ജ്യൂസുകൾ, സ്ക്വാഷുകൾ ഇവയും പാഷൻ ഫ്രൂട്ടിൽ നിന്ന് നിർമിക്കാൻ കഴിയുമോ എന്നും പരീക്ഷിക്കും. ഇതിനായി ഇരുവഞ്ഞി എന്ന പേരിൽ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും പഞ്ചായത്ത് തുടക്കം കുറിച്ചിട്ടുണ്ട്.

passion-fruit-sale
കാരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ പാഷൻ ഫ്രൂട്ട് തൈ വിതരണോദ്ഘാടന ചടങ്ങിൽ നിന്ന്...

സാധാരണ രീതിയിലുള്ള പാഷൻ ഫ്രൂട്ട് തൈകൾക്ക് പുറമെ പ്ലാന്റേഷൻ കോർപറേഷൻ വികസിപ്പിച്ചെടുത്ത മുന്തിയ ഇനം കാവേരി തൈകളും കൃഷിക്ക് ഉപയോഗിക്കും. ഒരു സെന്റ് സ്ഥലത്ത് അഞ്ച് തൈകൾ എന്ന കണക്കിൽ ഒരു ഏക്കറിൽ 500 തൈകളാണ് നടുന്നത്. തൈകൾക്ക് പടരുന്നതിന് പന്തലുകളും നിർമിക്കും. ഒരു ഏക്കറിൽ നിന്ന് ഒരു വർഷം ശരാശരി ആറ് മുതൽ എട്ട് ടൺവരെ പാഷൻ ഫ്രൂട്ട് പ്രതീക്ഷിക്കുന്നു. ഒരു കിലോയ്ക്ക് 40 മുതൽ 50 രൂപ വരെ കർഷകർക്ക് ലഭിക്കും. പ്ലാന്റേഷൻ കോർപറേഷന്റെ നിലമ്പൂർ എസ്റ്റേറ്റിലെ മാനേജർ സജീവ് ഉച്ചക്കാവിലിന്റെ മേൽനോട്ടത്തിലാണ് കാരശ്ശേരി പഞ്ചായത്തിൽ കൃഷിയിറക്കുന്നത്
.

No comments:

Post a Comment