Friday, 4 November 2016

കാർഷിക വികസനത്തിന് 

വിവിധ പദ്ധതികൾ


tree-pot-in-hand

ചിങ്ങം ഒന്ന് കർഷകദിനമായി നാം ആഘോഷിക്കാൻ തുടങ്ങിയിട്ട് രണ്ടു ദശാബ്ദത്തിലേറെയായി. കാർഷിക വികസനത്തിനു ചുമതലപ്പെട്ട കൃഷി വകുപ്പിന്റെ കൃഷി ഭവൻ മുതലുള്ള ഉദ്യോഗസ്ഥരുടെയും കർഷക വികസന സമിതിയുടെയും മറ്റും നേതൃത്വത്തിലാണു കർഷകദിനം ഓരോ വർഷവും ആചരിക്കുന്നത്. എന്തിനു വേണ്ടിയാണു ചിങ്ങം ഒന്ന് കർഷകദിനമായി ആചരിക്കുന്നത്? സംശയിക്കേണ്ട. കേരളത്തിലെ കാർഷികരംഗത്തു സമഗ്രവികസനം സാധ്യമാക്കുന്നതിനു വേണ്ടി ഒട്ടേറെ പരിപാടികൾ ആവിഷ്കരിക്കുകയും അതിനു വേണ്ടി കർഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഉദ്ദേശിച്ചുകൊണ്ടാണു ചിങ്ങം ഒന്ന് കർഷകദിനമായി ആഘോഷിക്കുന്നത്. എന്നാല്‍ ഈ ആചാരം തുടങ്ങിയശേഷം കേരളത്തിലെ നെൽപ്പാടങ്ങളുടെയും നെല്ലുൽപാദനത്തിന്റെയും വികാസം ഔദ്യോഗികമായി ഉദ്ദേശിച്ചതുപോലെയല്ല പല പ്രദേശങ്ങളിലും നടക്കുന്നതെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? കർഷക കലണ്ടർ ആരംഭിക്കുന്ന ചിങ്ങം ഒന്നു മുതൽ കാർഷിക വികസനത്തിനായി പലവിധത്തിലുള്ള പദ്ധതികളും പരിശീലനങ്ങളും ഗവേഷണങ്ങളും മറ്റും സർക്കാർ ഫണ്ട് ഉപയോഗിച്ചു നടപ്പാക്കുന്നുണ്ട്. കാർഷിക ഉൽപന്നങ്ങളു‍ടെ വിലത്തകർച്ച ഉണ്ടാകുമ്പോഴൊക്കെ സംഭരണ സംരംഭങ്ങളും, കൊക്കോ മുതൽ നാളികേരം വരെ നടത്തിയിട്ടുണ്ട്. കേരളത്തിലെ ഹോർട്ടികൾച്ചര്‍ മേഖല ഉൾപ്പെടെ കാർഷിക രംഗത്തെ വികസനം ഉദ്ദേശിച്ചുകൊണ്ട് അന്യസംസ്ഥാനങ്ങളിലേക്കും മറ്റുമുള്ള എത്രയോ പരിശീലന യാത്രകളും നടന്നിട്ടുണ്ട്. സബ്സിഡികൾ, ഇൻസെന്റീവുകൾ, സൗജന്യവിത്ത്, തൈ, വളം വിതരണങ്ങളൊക്കെ പലവട്ടം കാർഷിക വികസനത്തിനായി നടത്തുന്നതുകൊണ്ടു തമിഴ്നാട്ടിൽനിന്നും ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കാർഷിക ഉൽപന്നങ്ങളെ ആശ്രയിക്കുന്ന അവസ്ഥയ്ക്ക് വളരെയേറെ കുറവുണ്ടായിട്ടുണ്ടെന്നു ലോറി സമരം ഇല്ലാത്തപ്പോഴൊക്കെ നമ്മൾ കാണുന്നുണ്ട്.

തണ്ണീർത്തട സംരക്ഷണ പദ്ധതികളും മണ്ണുസംരക്ഷണ പദ്ധതികളും ജലസംരക്ഷണ പദ്ധതികളും സോയിൽ സർവേ വകുപ്പു വഴി നടപ്പാക്കിയിട്ടുണ്ടെങ്കിലും മണ്ണ് അധികമില്ലാതെയുള്ള ഗ്രീൻഹൗസ് അഗ്രികൾച്ചർ കേരളത്തിൽ നടപ്പാക്കുന്നതിനുള്ള സബ്സിഡിയോടുകൂടിയ പദ്ധതികളും കഴിഞ്ഞ കാലയളവിൽ കൃഷി വകുപ്പു നടത്തിയിട്ടുണ്ട്. കര്‍ഷക സ്വാശ്രയ സംഘങ്ങൾ വഴി പഴം–പച്ചക്കറി വികസനത്തിനായി കൊച്ചി ആസ്ഥാനമായി വെജിറ്റബിൾ ഫ്രൂട്സ് പ്രമോഷൻ കൗൺസിൽ ഓഫ് കേരള, ഹോർട്ടികൾച്ചര്‍ മിഷൻ എന്നിവയും വിവിധങ്ങളായ പദ്ധതികൾ കാർഷിക അഭിവൃദ്ധിക്കായി രണ്ടു ദശാബ്ദത്തിലധികമായി നടപ്പാക്കുന്നുണ്ട്. കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകൾ തുടങ്ങി ദേശസാൽക്കൃത ബാങ്കുകൾ വരെ കർഷകർക്കു ക്രെഡിറ്റിനും മറ്റും വളരെ പ്രാധാന്യം നൽകുന്നുണ്ട്. കർഷകരുടെ ഉൽപന്നങ്ങളുടെ വിതരണത്തെ സഹായിക്കുന്നതിനും മറ്റുമായി ഗ്രാമീണ റോഡുകളും, സംഭരണശാലകളും പണിയുന്നതിന് ആർഎഡിഎഫ് പദ്ധതികളിൽ ഉൾപ്പെടുത്തി നബാർഡും കോടിക്കണക്കിനു രൂപ കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ചെലവഴിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ മുഖേനയാണു നബാര്‍ഡിന്റെ ആര്‍എഡിഎഫ് സ്കീമുകൾ നടപ്പാക്കുന്നത്. സംസ്ഥാന സർക്കാർ മുഖേനയല്ലാതെ നേരിട്ടു കാർഷിക വികസനം സാധ്യമാക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ റബർ ബോർഡ്, കയർ ബോർഡ്, ജൈവവൈവിധ്യ ബോർഡ്, കോഫി ബോർഡ്, കശുവണ്ടി പ്രമോഷൻ കൗണ്‍സിൽ, തേയില ബോർഡ്, സ്പൈസസ് ബോർഡ് എന്നിവയും കർഷകർക്കു നേരിട്ടു സാങ്കേതിക വിവരങ്ങളും സാധന സാമഗ്രികളും മറ്റു സൗജന്യങ്ങളും നൽകുന്നുണ്ട്.

2015–16 സാമ്പത്തിക വർഷം കേരളത്തിൽ കാർഷിക വികസനത്തിനായി കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ചെലവഴിച്ച ബജറ്റ് തുക കാർഷിക വികസനത്തിനു തൃപ്തികരമായ ഒരു തുകയാണെന്നു വിലയിരുത്തലില്ല. സംസ്ഥാന കൃഷി വകുപ്പു പദ്ധതികൾ www.keralaagriculture.gov.in എന്ന സൈറ്റിലും ആർഎഡിഎഫ് പദ്ധതികൾ www.nabard.org എന്ന സൈറ്റിലും, പഴം–പച്ചക്കറി മേഖലയിലെ പദ്ധതികൾ www.vfpck.org എന്ന സൈറ്റിലും, മണ്ണുസംരക്ഷണം, പര്യവേക്ഷണം എന്നിവയൊക്കെ www.keralasoils.gov.in എന്ന സൈറ്റിലും ലഭ്യമാണ്. പ്രധാനമായും പഞ്ചായത്തു പ്രദേശങ്ങളിലാണു കൃഷി വികസന പദ്ധതികളിൽ പലതും നടപ്പാക്കുന്നതെങ്കിലും അർബൻ അഗ്രികൾച്ചർ എന്ന കൃഷിരീതി ചാക്കുകളിലും ബാൽക്കണികളിലും ടെറസ്സിലുമൊക്കെ നടപ്പാക്കുന്നുണ്ട്. ചെറിയ സ്ഥലത്തും കൃഷി ചെയ്യാമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.

കൃഷി വികസനത്തിനായി നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും ലഭിക്കുന്ന തുകയെക്കുറിച്ചും മറ്റും കർഷകർ മനസ്സിലാക്കണം. അറിയേണ്ട കാര്യങ്ങളെല്ലാം രേഖപ്പെടുത്തി വിവരാവകാശ നിയമപ്രകാരം 10 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷകൾ നൽകിയാൽ അതെല്ലാം ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നു കർഷകർക്ക് നിയമപരമായി തന്നെ ലഭിക്കും. അനുവദിക്കപ്പെടുന്ന തുക മുഴുവൻ ചോര്‍ച്ചയില്ലാതെ കൃഷിയിടങ്ങളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട പ്രഥമ ബാധ്യത കർഷകർക്കു തന്നെയാണ്. അവർ അതിനു തയാറായാൽ കൂടുതൽ കാര്യക്ഷമമായ കാർഷിക വികസനം നമ്മുടെ നാട്ടിലും സാധ്യമാവുക തന്നെ ചെയ്യും.

തയാറാക്കിയത്: ഷെരീഫ് നെടുമങ്ങാട്

No comments:

Post a Comment