ഞാൻ കണ്ടു, ഞാനേ കണ്ടുള്ളൂ
സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടൻറായ ഭർത്താവിന്റെ വരുമാനം കൊണ്ടു മാത്രം കഴിഞ്ഞു പോകുന്ന കുടുംബത്തിനു കൃഷിയിലൂടെ ചെറിയൊരു സാമ്പത്തിക പിന്തുണയെങ്കിലും നൽകണമെന്നത് ജയലക്ഷ്മിയുടെ എന്നത്തെയും ആഗ്രഹമായിരുന്നു.
പുരയിടത്തിൽ പച്ചക്കറിക്കൃഷി ചെയ്തും വീട്ടാവശ്യം കഴിഞ്ഞുള്ളതു വിറ്റുമെല്ലാം കുറെയൊക്കെ അതു സാധിക്കുകയും ചെയ്തു. എങ്കിലും സ്ഥിരവരുമാനം ലഭിക്കുന്നതും തന്റെ സാഹചര്യത്തിന് ഇണങ്ങുന്നതുമായ സംരംഭത്തിനായി അന്വേഷണം തുടർന്നു.
കുറ്റിമുല്ലക്കൃഷിയിൽ എത്തുന്നത് അങ്ങനെ. തുടങ്ങുമ്പോൾ പ്രതീക്ഷകളേറെയായിരുന്നു. എന്നാൽ ഗുണമേന്മയില്ലാതിരുന്ന നടീൽവസ്തു കൃഷിയെ നഷ്ടത്തിലെത്തിച്ചു. മൂന്നു വർഷം അധ്വാനിച്ചെങ്കിലും മുല്ല കനിഞ്ഞില്ല, ഒടുവിൽ നിരാശയോടെ എല്ലാം പിഴുതുമാറ്റി. മുല്ലയിൽ ഇനിയൊരു പരീക്ഷണം വേണ്ടെന്നുറച്ചു.
തെങ്ങും വാഴയും മുഖ്യവിളകളായുള്ള പുരയിടത്തിൽ ഇടവിളയായി ഇനിയെന്തു യോജിക്കും എന്ന് തേടുന്നതിനിടയിലാണ് മുറ്റത്തെ തുളസിച്ചെടികൾ പുതിയൊരു വെളിച്ചം തന്നത്. നന്ദനം സിനിമയിലെ നായിക ബാലാമണിക്കു കൈവന്ന കൃഷ്ണദർശനം പോലെ, 'ഞാൻ കണ്ടു, ഞാനേ കണ്ടുള്ളൂ' എന്നു വിളിച്ചു പറയാൻ ജയലക്ഷ്മിക്കും തോന്നിയ നിമിഷം.
പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം വീട്ടിൽ നിന്നു വിളിപ്പാടകലെ. അമ്പലപ്പുഴ പാൽപായസം പോലെതന്നെ വിശേഷമാണല്ലോ കണ്ണന്റെ തിരുമാറിൽ അണിയിക്കുന്ന കൃഷ്ണതുളസിമാലയും. വിശേഷ ദിവസങ്ങളിലും വിവാഹച്ചടങ്ങിലുമെല്ലാം തുളസിമാലയ്ക്കു വൻ ഡിമാൻഡുണ്ട്. 40 രൂപ മുതൽ 300 രൂപ വരെയെത്തും വില.
മാലകെട്ടുള്ള ഒരു കുടുംബത്തോട് അന്വേഷിച്ചപ്പോൾ അവർക്കും സന്തോഷം, 'തുളസിക്കതിര് എത്ര കിട്ടിയാലും വാങ്ങാം. കിലോയ്ക്ക് 75 രൂപ വിലയും നൽകും. നിലവിൽ തുളസി വരുന്നതും മുഴുവൻ തമിഴ്നാട്ടിൽനിന്നാണ്.'
ഭൂമിയുള്ള പലരോടും വെറുതെ കിടക്കുന്ന പറമ്പിൽ തുളസിച്ചെടികൾ നട്ടുവളർത്താൻ നിർബന്ധിച്ചെങ്കിലും ആരും താൽപര്യപ്പെടുന്നില്ലെന്നും മാല കെട്ടുന്ന കുടുംബം കൂട്ടിച്ചേർത്തു. അതോടെ ജയലക്ഷ്മിക്ക് ആവേശമായി. താനെ മുളച്ചുയർന്നു വളരുന്ന തുളസി അൽപം ശാസ്ത്രീയമായി കൃഷി ചെയ്യാൻ ആരംഭിക്കുന്നതങ്ങനെ.
ജയലക്ഷ്മി...
ചെടിയിൽനിന്നു വിത്തു ശേഖരിച്ച് മണ്ണിൽ പാകി മുളപ്പിച്ചെടുത്തു. മണ്ണിളക്കി, അടിവളമായി ചാണകം നൽകി രണ്ടാഴ്ച പ്രായമായ തൈകൾ പറിച്ചുനട്ടു. കൃഷിയിടത്തിൽ സൂര്യപ്രകാശ ലഭ്യത ഉറപ്പാക്കിയിരിക്കണം. മാസത്തിൽ ഒരു തവണ ചാണകപ്പൊടിയും യൂറിയയും മാറി മാറി നൽകും. നനയാണ് പ്രധാനം. വേനലിൽ ദിവസവും നന. വെള്ളം കെട്ടി നിന്നാൽ ചെടി ചീയും. അതുകൊണ്ട് മഴക്കാലത്ത് വാരംകോരി സംരക്ഷിക്കുകയും വേണം.
തുളസി സാമാന്യം പ്രതിരോധശേഷിയുള്ള ചെടിതന്നെ. എങ്കിലും തണ്ടുകളിൽ രോഗബാധ വന്ന് ചെടി നശിക്കുന്നതും ഇലകളെ പ്രാണികൾ ആക്രമിക്കുന്നതും അപൂർവമല്ല. പച്ചക്കറിയിൽ പ്രയോഗിക്കുന്ന രോഗ–കീട നിയന്ത്രണമാർഗങ്ങൾ പരീക്ഷിച്ചപ്പോൾ ഫലം കണ്ടു.
രണ്ടാഴ്ചയിലൊരിക്കലാണ് തുളസിക്കതിർ മുറിക്കുക. കെട്ടുകളാക്കി എത്തിച്ചാൽ രൊക്കം പണം. മുന്നൂറിലേറെ ചെടികളാണ് ഇപ്പോൾ ജയലക്ഷ്മിയുടെ കൃഷിയിടത്തിലുള്ളത്. പുരയിടത്തിലെ ചോലയില്ലാത്ത ഇടങ്ങളിലെല്ലാം തൈകൾ നട്ട് എണ്ണം മൂവായിരത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. ഒപ്പം, പ്രാദേശിക വിപണിയുള്ള ചില പൂച്ചെടികൾ വളർത്താനും തയാറെടുക്കുന്നു.
ഫോൺ: 9048080002
തുളസി...
ഔഷധഗുണമേറെ
ലാമിയേസിയേ സസ്യകുടുംബത്തിൽപെട്ട കൃഷ്ണതുളസി കൃഷ്ണവർണംകൊണ്ടും ഹൃദ്യമായ സുഗന്ധംകൊണ്ടും ഭാരതീയ സംസ്കാരത്തിന് ഏറെ പ്രിയപ്പെട്ട സസ്യമാണ്. ഹൈന്ദവ അനുഷ്ഠാനങ്ങളിലും ഗൃഹവൈദ്യത്തിലും പ്രാധാന്യം. നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിൽ നന്നായി വളരുന്ന തുളസി വിത്തുവഴി സ്വാഭാവിക പ്രജനനം നടത്തുന്നു.
ബെംഗളൂരുവിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസ് സമീപകാലത്തു നടത്തിയ ഗവേഷണം തുളസിയുടെ അത്ഭുതസിദ്ധികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവന്നു. ആൻറി ബാക്ടീരിയൽ, ആൻറി കാൻസർ, ആൻറി ഓക്സിഡന്റ്, ആൻറി ഫംഗൽ, ആൻറി സെപ്റ്റിക് ഗുണങ്ങൾ കൊണ്ടു തുളസി സമ്പന്നമത്രേ. തുളസിയിനങ്ങളുടെ കൂട്ടത്തിൽ കൃഷ്ണതുളസിക്കും രാമതുളസിക്കുമാണ് ഈ ഗുണങ്ങളെല്ലാമുള്ളത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ നാഷണൽ മിഷൻ ഫോർ മെഡിസിനൽ പ്ലാൻറ്സിന്റെ ധനസഹായത്തോടെ തുളസിക്കൃഷി ചെയ്യുന്ന ഒട്ടേറേ കർഷകരുണ്ട്. ഇവർക്കു മാസം 25,000 മുതൽ 30,000 രൂപവരെ വരുമാനവും ലഭിക്കുന്നു. ഔഷധനിർമാണക്കമ്പനികളും ക്ഷേത്രങ്ങളുമാണ് മുഖ്യ ആവശ്യക്കാർ.
No comments:
Post a Comment