Tuesday, 29 November 2016

31 സെന്റ് പുരയിടം, 61 ഇനം 

സസ്യങ്ങൾ


velappankutty-farmer

കൊല്ലാറ സ്വദേശി വേലപ്പൻകുട്ടി കൃഷിയിടത്തിൽ...

കൃഷിചെയ്യാൻ സ്ഥലപരിമിതി തടസ്സമല്ലെന്നു തെളിയിക്കുകയാണ് തൃശൂർ കൊല്ലാറ സ്വദേശി വേലപ്പൻകുട്ടി. വിമുക്ത ഭടനായ അദ്ദേഹം 31 സെന്റ് പുരയിടത്തിൽ വളർത്തിയത് 61 ഇനം സസ്യങ്ങൾ.കൃഷിയോട് ചെറുപ്പം മുതലേ ആഭിമുഖ്യമുണ്ടായിരുന്നു. പറമ്പിൽ കൂടാതെ ടെറസ്സിലും കൃഷി ചെയ്യുന്നുണ്ട്. ടെറസ്സിൽ ഗ്രോബാഗിലായി തക്കാളി, വഴുതന, വെണ്ട, ചീര, പാവൽ, പടവലം എന്നിവയുണ്ട്. പറമ്പാവട്ടെ പലവിധം മാവുകൾ, തെങ്ങ്, കവുങ്ങ്, പുളി, ചേന, ചേമ്പ് എന്നിവ കൊണ്ടു നിറ‍ഞ്ഞിരിക്കുകയാണ്.

പഴങ്ങളിൽ ചെറി, ബബ്ലൂസ്, പാഷൻ ഫ്രൂട്ട്, കൈതച്ചക്ക, ചാമ്പക്ക എന്നിവയുണ്ട്. പച്ചക്കറികളും പഴങ്ങളും കൂടാതെ ഔഷധസസ്യങ്ങളും വേലപ്പൻകുട്ടിയുടെ പറമ്പിൽ വളർത്തുന്നു. ഔഷധസസ്യങ്ങളായ ഗജതിപ്പലി, തുളസി, കരിനൊച്ചി, കൂവളം, സർപ്പഗന്ധി, ആടലോടകം, ശംഖുപുഷ്പം, കസ്തൂരി മഞ്ഞൾ എന്നിവയുണ്ട്.വേലപ്പൻകുട്ടിക്ക് വീട്ടിലേക്കുള്ള പച്ചക്കറി വാങ്ങേണ്ടിവരാറില്ല. സ്വന്തം ആവശ്യത്തിലും കൂടുതൽ പച്ചക്കറികൾ പറമ്പിലുണ്ടാവുന്നു
.

കടുമേനിയിൽ നൂറുമേനി 

വിളയിച്ച് വൈദികൻ

fr-george-farming
ഫാ. ജോർജ് തൈക്കുന്നുംപുറം കടുമേനിയിലെ കൃഷിയിടത്തിൽ....

വൈദികവൃത്തിക്കൊപ്പം കൃഷിയും ദിനചര്യയാക്കിയിരിക്കുകയാണ് കാസർകോട് കടുമേനി സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോർജ് തൈക്കുന്നുംപുറം. രണ്ടുവർഷം മുൻപ് ഇവിടേക്കു വികാരിയായി എത്തിയപ്പോൾ പള്ളിമേടയോടു ചേർന്നുള്ള രണ്ട് ഏക്കർ ചെങ്കൽ ഭൂമി കാടുമൂടിയ നിലയിലായിരുന്നു. അൽപമൊന്നു വിയർപ്പൊഴുക്കിയാൽ ഇവിടം കൃഷിയോഗ്യമാക്കാമെന്നു ഫാ. ജോർജ് പറഞ്ഞപ്പോൾ ഇടവകജനം ആദ്യമൊന്നു മടിച്ചെങ്കിലും അച്ചന്റെ കൃഷിയോടുള്ള താൽപര്യം കണക്കിലെടുത്ത് അവർ സമ്മതം മൂളുകയായിരുന്നു.

ജെസിബി ഉപയോഗിച്ചു കരിങ്കൽ പാറകൾ ഇളക്കിമാറ്റി കയ്യാലകൾ നിർമിച്ചു ഭൂമി പല തട്ടുകളാക്കി മാറ്റിയശേഷം ഇവിടെ മണ്ണുനിറച്ചാണു തരിശായിക്കിടന്ന ഈ ഭൂമിയെ ഇവർ കൃഷിയോഗ്യമാക്കിമാറ്റിയത്. തെങ്ങ്, കമുക് തൈകൾ വച്ചുപിടിപ്പിച്ചശേഷമാണ് ഈ തോട്ടത്തിൽ ഇടവിളയായി മരച്ചീനി, ചേന, കാച്ചിൽ, മഞ്ഞൾ, ചെറുകിഴങ്ങ്, നേന്ത്രവാഴ, ഇഞ്ചി, വഴുതന, തക്കാളി, വെണ്ട, അടതാപ്പ് എന്നിവയെല്ലാം കൃഷിയിറക്കിയത്.

ചകിരിച്ചോറും കോഴിവളവും ചേർത്തു സ്വന്തമായി നിർമിക്കുന്ന ജൈവവളമാണു വിളകൾക്ക് ഉപയോഗിക്കുന്നത്. ചെടികളിൽ കീടബാധയും കുറവാണ്. തലശ്ശേരി അതിരൂപതയ്ക്കു കീഴിലുള്ള കീഴ്പള്ളി ചതിരൂരിലെ സാൻമരിയ എസ്റ്റേറ്റിൽ ഒൻപതു വർഷത്തെ സേവനത്തിനുശേഷമാണു ഫാ. ജോർജ് കടുമേനിയിൽ എത്തിയത്. പാലാ കൊഴുവനാലിൽനിന്ന് അഞ്ചു പതിറ്റാണ്ടു മുമ്പ് വായാട്ടുപറമ്പിൽ കുടിയേറിയ പിതാവ് തൈക്കുന്നുംപുറത്തു തൊമ്മച്ചനും നല്ലൊരു കർഷകനായിരുന്നു.

മനുഷ്യനെ സ്നേഹിക്കുന്നതുപോലെതന്നെ മണ്ണിനെയും സ്നേഹിക്കണമെന്ന പിതാവിന്റെ കാഴ്ചപ്പാടാണു തന്നെ കൃഷിയുമായി ഇത്രമേൽ അടുപ്പിച്ചതെന്നു ഫാ. ജോർജ് പറയുന്നു. ഇടവകജനത്തോടൊപ്പം മാറിവന്ന കൈക്കാരന്മാരുടെയും നിർലോഭമായ സഹകരണമാണു കൃഷിയുടെ വിജയത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

മുതൽമുടക്കിയ തുകയിൽ നല്ലൊരു ശതമാനം തുക കാർഷിക വിളകളും പച്ചക്കറികളും വിൽപന നടത്തിയ വകയിൽ തിരികെ ലഭിച്ചു. പള്ളിയോടു ചേർന്നു വലിയ മീൻകുളത്തിന്റെ ജോലിയും ഇതിനോടകം പൂർത്തിയാക്കിക്കഴിഞ്ഞു
.

Monday, 28 November 2016

‘ജൈവ ഹോർമോൺ’ ചതിച്ചു; പാകമാകും മുൻപേ വാഴക്കുലകൾ പഴുത്തു നശിക്കുന്നു


growth-regulators-in-banana

ജൈവ ഹോർമോൺ തളിച്ചതിനെ തുടർന്ന് പാകമാകും മുൻപേ പഴുത്തു നശിച്ച വാഴക്കൃഷി....

കീടനാശിനിക്കടയിൽ നിന്ന് ജൈവ ഹോർമോണെന്നു പറഞ്ഞ് വാങ്ങിയ മരുന്ന് ചതിച്ചു. നേന്ത്രവാഴക്കുലകൾ പാകമാകുന്നതിന് മുൻപ് പഴുത്ത് നശിക്കാൻ തുടങ്ങി.

വയനാട് വിളമ്പുകണ്ടം ചെമ്പാന്നിയിൽ സി.എം. ജോൺസന്റെ ആയിരത്തി ഏഴുനൂറ്റിയൻപത് നേന്ത്രവാഴക്കുലകളാണ് പഴുത്ത് നശിച്ചത്. 420 രുപ മുടക്കി കിടാനാശിനിക്കടയിൽ നിന്നു വാങ്ങിയ മരുന്ന് ഒരു ദിവസം തന്നെ മുഴുവൻ വാഴകൾക്കും അടിച്ചതിനെ തുടർന്ന് വാഴക്കുലകൾ മുഴുവൻ പഴുത്ത് നിൽക്കുകയാണ്. രണ്ടു മാസം മാത്രം പ്രായമുള്ള വാഴക്കുലകളാണ് മരുന്ന് ഉപയോഗിച്ചതിന്റെ പിറ്റേ ദിവസം മുതൽ നിറം മാറി പഴുക്കാൻ തുടങ്ങിയത്. മുന്നാം ദിവസം മുതൽ കുലകൾ ഒടിഞ്ഞു വീഴുകയും ഊരിപ്പോവുകയും ചെയ്തെന്ന് ജോൺസൺ പറയുന്നു.

രണ്ടുമാസം കുടി മൂപ്പുള്ള വാഴക്കുലകളാണ് അധികവും അഞ്ചുലക്ഷം രുപ മുതൽമുടക്കിയിറക്കിയ കൃഷി പൂർണമായും നശിച്ചതിന്റെ നിരാശയിലാണ് ഈ കർഷകൻ.

വാഴക്കുലയ്ക്ക് തൂക്കവും കായ്കൾക്ക് വലുപ്പവും ലഭിക്കുന്ന ജൈവമരുന്ന് നൽകാനാണ് കർഷകൻ കടക്കാരനോട് ആവശ്യപ്പെട്ടത്. വീടിന് ഏറെ അകലെയുള്ള പച്ചിലാക്കാട്ട് പടിക്കംവയലിൽ പാട്ടത്തിനെടുത്ത സ്ഥലത്ത് പലരിൽ നിന്നും പണം കടം വാങ്ങിയാണ് ജോൺസൺ കൃഷിയിറക്കിയത്.

ഒരു വാഴക്കുല പോലുമില്ലാതെ പഴുത്തു നശിച്ചത് ഇദ്ദേഹത്തിന്റെ കുടുംബത്തെയടക്കം ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. മരുന്നിന്റെ വീര്യം കുടിപ്പോയതാകാം കാരണമെന്നു പറഞ്ഞ് വിൽപനക്കാർ തടിയൂരി.കാർഷിക ഗവേഷണ കേന്ദ്രത്തിൽ പരിശേധനയ്ക്കായി സമർപ്പിച്ചെങ്കിലും ഇതുവരെയായിട്ടും റിപ്പോർട്ട് ലഭിച്ചിട്ടുമില്ല.

മൽസ്യ വിളവെടുപ്പ് തുടങ്ങി


fish-harvest

പിറവം നഗരസഭാ പരിധിയിൽ ടാർപോളിൻ ക‌ുളത്തിൽ നിന്ന‌ു മൽസ്യ വിളവെട‌ുപ്പ് നടന്നപ്പോൾ...

രാസവസ്തുക്കൾ ചേർക്കുന്ന മൽസ്യങ്ങൾ ഉപയോഗിക്കുന്നതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ ഇനി മറക്കാം. മായം ചേരാത്ത മൽസ്യം വീട്ടുമുറ്റത്തു നിന്നു തന്നെ വിളവെടുക്കാനായാലോ? ഉപയോഗത്തിനു ശേഷമുള്ളവ വിൽക്കുന്നതിലൂടെ ലഭിക്കുന്ന അധിക വരുമാനം വേറെയും. ടാർ‌പോളിൻ ഉപയോഗിച്ച് നിർമിക്കുന്ന കുളത്തിൽ മീൻ വളർത്തുന്നതിലൂടെയാണിത് സാധ്യമാവുക. അധിക വരുമാനമെന്ന നിലയിൽ എറണാകുളം പിറവം മേഖലയിൽ ഈ മാതൃകയിലൂടെ കുറഞ്ഞ സ്ഥലത്തു നിന്നു കൂടുതൽ വരുമാനം നേടുന്നവരുടെ എണ്ണം ഓരോ സീസണിലും വർധിക്കുകയാണ്. പദ്ധതിക്കു പിന്തുണയും നിർദേശവുമായി ഫിഷറീസ് വകുപ്പും ഒപ്പമുണ്ട്. ഈ വർഷത്തെ മൽസ്യ വിളവെടുപ്പിന് പഞ്ചായത്ത് തലത്തിൽ ഇതിനോടകം തുടക്കം കുറിച്ചു കഴിഞ്ഞു.

മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചു കീറുന്ന ചാലിന്റെ ഓരം ബലപ്പെടുത്തി അതിൽ ടാർപോളിൻ വിരിച്ചാണ് കുളം നിർമിക്കുക. ഇതിനു ശേഷം ഇതിൽ വെള്ളം നിറയ്ക്കും. ഒരു സെന്റ് മുതൽ വിസ്തൃതിയിൽ കുളം നിർമിക്കാം. വെള്ളത്തിന്റെ സാന്ദ്രതയും ശുദ്ധതയും ക്രമീകരിക്കുന്നതിനായി കുമ്മായം പോലുള്ളവ വിതറാറുണ്ട്. ഇതിനു ശേഷമാണ് മൽസ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുക. കട്‌ല, രോഹു, മൃഗാൾ, വാള, ത‌ിലോപ്പിയ തുടങ്ങിയ ഇനങ്ങളെയെല്ലാം ഇതേ മാതൃകയിൽ വളർത്താമെന്നാണ് പിറവം നഗരസഭയിലെ പദ്ധതി കോഓർഡിനേറ്ററായ ഇടക്കുഴിയിൽ ഷൈനി ജോയി പറയുന്നത്. ടാർപോളിൻ ഉപയോഗിച്ച് രണ്ട് സെന്റ് വിസ്തൃതിയുള്ള കുളമാണ് ഇവർ നിർമിച്ചിരിക്കുന്നത്.

കട്‌ല, രോഹു, മൃഗാൾ തുടങ്ങിയ ഇനങ്ങളെ ഫിഷറീസ് വകുപ്പ് സൗജന്യമായി നൽകും. മറ്റിനങ്ങളുടെ കുഞ്ഞുങ്ങളെ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ചു വിപണനം ചെയ്യുന്ന സ്വകാര്യ ഹാച്ചറികളും പലയിടത്തുമുണ്ട്. വളർത്തു മൽസ്യങ്ങളിൽ ഭൂരിഭാഗവും സസ്യഭോജികളാണ്.

കൃഷിയിടത്തിൽ നിന്നുള്ള ഇലകൾ തീറ്റയായി നൽകിയാൽ മതി. മൽസ്യങ്ങൾക്കുള്ള റെഡിമെയ്ഡ് തീറ്റയും വിപണിയിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

കാക്കയും മറ്റു പക്ഷികളും മൽസ്യങ്ങളെ റാഞ്ചുന്നത് ഒഴിവാക്കുന്നതിനായി മുകൾ പരപ്പിൽ വല വിരിക്കണം.

വാള ഉൾപ്പെടെയുള്ള മൽസ്യങ്ങൾക്ക് കിലോഗ്രാമിന് 200 രൂപ വരെ നിരക്കിലാണ് വിൽപന നടന്നതെന്ന് ഷൈനി പറഞ്ഞു. കൃത്യമായ പരിചരണം നൽകിയാൽ ഒരു സെന്റ് വിസ്തൃതിയുള്ള കുളത്തിൽ നിന്നും 50,000 രൂപ വരെയും ലഭിക്കുന്നതായാണ് കണക്ക്.

Friday, 25 November 2016

കുരുമുളകിനെ നോക്കണം കുഞ്ഞിനെപ്പോലെ


black-pepper

കുരുമുളകിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് കൃഷിവകുപ്പ്. വയനാട് മാനന്തവാടി താലൂക്ക് പരിധിയിലെ ചില തോട്ടങ്ങളിൽ കുരുമുളക് വള്ളികൾ കരിഞ്ഞുണങ്ങുന്നത് ദ്രുതവാട്ടത്തിന്റെ ലക്ഷണമാണെന്ന് കൃഷിവകുപ്പ് ഉദ്യാഗസ്ഥർ വിലയിരുത്തി. വിവിധ കുരുമുളക് തോട്ടങ്ങളിൽ ദ്രുതവാട്ടത്തിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനാൽ കർഷകർ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്‌ടർ അറിയിച്ചു. കൃഷി ഭൂമിയിലെ മണ്ണിന്റെ ഈർപ്പം നന്നായി കുറയുമ്പോൾ ഫെറ്റോതോറ കാപ്‌സിസി എന്ന കുമിൾബാധ കൂടുന്നു.

ഇക്കാരണത്താൽ വേരുകൾ അഴുകി നശിക്കുന്നതിനാൽ കുരുമുളക് വള്ളിക്ക് ആവശ്യത്തിനുള്ള പോഷണം ലഭിക്കാതെ വരുന്നു. ഇതാണ് കുരുമുളക് വള്ളികളിൽ ദ്രുതവാട്ടം കൂടാനുള്ള കാരണം. പൊട്ടാസ്യം ഫോസ്‌ഫേറ്റ് (അക്കോമിൻ) 2 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് കുരുമുളക് ചെടിയുടെ ചുവട്ടിൽ തളിക്കണം. അഞ്ച് ലീറ്റർ മുതൽ 10 ലീറ്റർ വരെ ഇത്തരത്തിൽ ഒഴിക്കുന്നത് നന്നാകും. കോപ്പർ ഓക്സി ക്ലോറൈഡ് 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ തയാറാക്കി അഞ്ച് ലീറ്റർ മുതൽ 10 ലീറ്റർ വരെ കുരുമുളക് ചെടിയുടെ ചുവട്ടിൽ ഒഴിക്കുന്നതും ദ്രുതവാട്ടം തടയുന്നതിന് ഫലപ്രദമാണ്. വേനൽ കടുക്കുന്നതിനാൽ കർഷകർ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. ബന്ധപ്പെട്ട കൃഷിഭവനുകളിൽ നിന്നും കൂടുതൽ നിർദേശങ്ങൾ ലഭിക്കും.

Wednesday, 23 November 2016

സർക്കാർ സഹായം വിനയായി; സൗജന്യ വളം തോട്ടം ഉണക്കുന്നു


black-pepper

കരിച്ചിൽ ബാധിച്ച കുരുമുളകു വളളികളിൽ ഒന്ന്...

കർഷകർക്കുളള സഹായം ഉൽപന്നങ്ങളായി വിതരണം ചെയ്യാനും അതിലൂടെ ലക്ഷങ്ങൾ കമ്മിഷൻ കൈപ്പറ്റാനും കൃഷി വകുപ്പിലെ ഉന്നതർ നടത്തിയ നീക്കം ഏക്കർ കണക്കിനു കുരുമുളക് തോട്ടങ്ങൾ കരിഞ്ഞുണങ്ങാൻ ഇടയാക്കിയതായി പരാതി. വയനാട് തിരുനെല്ലി കൃഷിഭവനിൽ നിന്നും കർഷകർക്കായി നൽകിയ വേപ്പിൻ പിണ്ണാക്കും ഡോളോമൈറ്റും ഇട്ട കുരുമുളക് വളളികളാണ് ഉണങ്ങുന്നത്.

കർഷകർക്ക് വിതരണം ചെയ്യുന്ന എല്ലാ ഉൽപന്നങ്ങളും ഗുണമേന്മ കുറഞ്ഞതാണെന്ന പരാതി കാലങ്ങളായി ഉയരുന്നുണ്ട്. തിരുനെല്ലി പഞ്ചായത്തിൽ നല്ലനിലയിൽ കൃഷി നടത്തി വരുന്ന മാടപ്പള്ളിക്കുന്നേൽ തോമസിന്റെ കുരുമുളകു വള്ളിയാണ് ഇപ്പോൾ രോഗം ബാധിച്ച് ഉണങ്ങി നശിക്കുന്നത്. 13 ഏക്കർ തോട്ടത്തിൽ ഏഴേക്കർ തോട്ടത്തിലാണ് കൃഷിഭവനിൽ നിന്നും ലഭിച്ച വളങ്ങൾ ഇട്ടത്. വളങ്ങൾ ഇടാത്ത കുരുമുളക് വള്ളികൾക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.

ആദ്യമായാണ് കൃഷിഭവനിൽ നിന്നുള്ള വളം ഇദ്ദേഹം കൃഷിയിടത്തിൽ ഉപയോഗിച്ചത്. കുരുമുളക് വള്ളികൾ നശിച്ചതുമായി ബന്ധപ്പെട്ട് ഉപഭോക്തൃകോടതിയിൽ കേസ് നൽകാനിരിക്കുകയാണ് ഇദ്ദേഹം. കൃഷിഭവൻ നൽകിയ വളമുപയോഗിച്ച കുരുമുളക് തോട്ടങ്ങൾ രോഗം ബാധിച്ച് നശിക്കുന്നതിനെതിരെ കൃഷി മന്ത്രിയെ നേരിൽ കണ്ട് പരാതിപ്പെടാൻ ഒരുങ്ങിയിരിക്കയാണ് കർഷകർ.

പണമായി കർഷകർക്കുളള ധനസഹായം നൽകാൻ കഴിയില്ലെങ്കിൽ ഗുണമേന്മയുളള സാധനങ്ങൾ വാങ്ങാൻ കൃഷിക്കാരനെ അനുവദിക്കുകയും തുക കൃഷി ഭവൻ മുഖേന നൽകുകയും ചെയ്യാമെന്ന നിർദേശവും മന്ത്രിക്ക് മുന്നിൽ തിരുനെല്ലി പഞ്ചായത്ത് കാർഷിക സംരക്ഷണ സമിതി അവതരിപ്പിക്കും.

കർഷകരെ രക്ഷിക്കാൻ ഇനി 

കുട്ടനാട് ബ്രാൻഡ് അരി


paddy-field


നെല്ലറയിൽ ഇനി ജൈവ അരി വിളയും. കുട്ടനാടിന്റെ സമഗ്ര വികസനത്തിനു കാർഷിക മേഖലയെ അടിമുടി മാറ്റുന്ന പ്രത്യേക കാർഷിക പാക്കേജിനു കൃഷി വകുപ്പ് രൂപം നൽകി. കീടനാശിനി മുക്തമായ യന്ത്രവൽകൃത കൃഷി രീതിയിലൂടെ ജൈവ നെൽകൃഷി കുട്ടനാട്ടിൽ വ്യാപിപ്പിക്കുകയാണു ലക്ഷ്യം. 15 വർഷം കൊണ്ടു പൂർത്തിയാകുന്ന പദ്ധതി കുട്ടനാട്ടിലെ നെൽകൃഷി മൂന്നു ലക്ഷം ടണ്ണിൽ നിന്ന് ആറു ലക്ഷമായി വർധിപ്പിക്കുന്നതും ലക്ഷ്യമിടുന്നു.

സംസ്ഥാനത്തെ നാലു പ്രത്യേക കാർഷിക മേഖലകളിൽ സർക്കാർ നടപ്പാക്കുന്ന ‘ഗുഡ് അഗ്രിക്കൾച്ചർ പ്രാക്ടീസ്’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണു കുട്ടനാടിനു രക്ഷാ പദ്ധതി തയാറാക്കുന്നത്. സൂക്ഷ്മവും സുരക്ഷിതവുമായ കൃഷി രീതി വഴി കുട്ടനാട് നെല്ല് എന്ന പ്രത്യേക ബ്രാൻഡ് വികസിപ്പിച്ചെടുക്കുകയാണു പദ്ധതിയുടെ ഉദ്ദേശ്യം. പ്രകൃതി ക്ഷോഭവും കീടബാധയും കളബാധയും വിള നഷ്ടവും മൂലം കുട്ടനാട്ടിലെ കൃഷി പ്രതിസന്ധിയിലാണെന്നു കൃഷി വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നു മന്ത്രി വി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഒരു സംഘം സന്ദർശനം നടത്തുകയും പഠനത്തിനു വിദഗ്ധരെ ചുമതലപ്പെടുത്തുകയും ചെയ്തു. കാർഷിക മേഖലയുടെ സമൂലമായ പുനഃസംഘടനയിലൂടെ മാത്രമേ കുട്ടനാട്ടിലെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ എന്നു പഠന റിപ്പോർട്ട് നിർദേശിച്ചു.

ഈ സാഹചര്യത്തിൽ വിപണിയിൽ ഉയർന്ന വിലയ്ക്കു വിൽക്കാൻ കഴിയുന്ന കുട്ടനാട് ബ്രാൻഡ് അരി ഉൽപാദിപ്പിക്കുക മാത്രമാണ് ഏക പോംവഴിയെന്നു കൃഷി ഡയറക്ടർ ബിജു പ്രഭാകർ പറഞ്ഞു. തൃശൂർ ജില്ലയിലെ അടാട്ട് അരി കിലോയ്ക്ക് 60 രൂപയ്ക്കും വയനാട്ടിലെ കബനി അരി 80 രൂപയ്ക്കും വാങ്ങാൻ ആവശ്യക്കാരുണ്ട്. വിപണിയിൽ ഉയർന്ന മൂല്യമുള്ള നിലവാരത്തിലേക്കു കുട്ടനാട് അരി ഉയർത്തുകയാണു ലക്ഷ്യമെന്നും ബിജു പ്രഭാകർ പറഞ്ഞു.

നെൽകൃഷിക്ക് കാവലായി പൂന്തോട്ടം

ശാസ്ത്രീയ കൃഷി രീതി കുട്ടനാട്ടിൽ നടപ്പിലാക്കുകയും അവ ഉപയോഗിക്കാൻ കർഷകരെ പ്രാപ്തരാക്കുകയുമാണു പദ്ധതിയുടെ കാതൽ. അമിതമായ കീടനാശിനി ഉപയോഗിക്കുന്ന ഇപ്പോഴത്തെ രീതി മാറ്റും. ജനിതക മാറ്റം വഴി കീടനാശിനികളെ അതിജീവിക്കുന്ന മുഞ്ഞ പോലുള്ള കീടങ്ങൾ ഫലത്തിൽ വിളവു കുറയ്ക്കുന്നു. മിത്ര കീട–ജൈവ കീട നിയന്ത്രണ മാർഗങ്ങളും നടപ്പിലാക്കും. കീടങ്ങളെ പിടിക്കുന്ന കെണികൾ പാടശേഖരങ്ങളിൽ സ്ഥാപിക്കും. കാർഷിക മേഖലയ്ക്കു മാരിഗോൾഡ് പോലുള്ള ജൈവ പൂന്തോട്ട വേലി നിർമിക്കും. പൂക്കളിലെ തേൻ നുകരാൻ വരുന്ന ഷഡ്പദങ്ങളും തൂക്കണാംകുരുവി പോലുള്ള പക്ഷികളും കീട നിയന്ത്രണത്തിനു സഹായിക്കും. ആവശ്യമുള്ള സാഹചര്യങ്ങളിൽ ഡ്രോൺ പോലുള്ള ഉപകരണങ്ങൾ വഴി കീടനാശിനി തളിക്കും.

കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ മണ്ണു പരിശോധന നടത്തിയാവും വളപ്രയോഗം. കഴിഞ്ഞ സീസണിൽ വരിനെല്ല് വിളവു നഷ്ടത്തിന് ഇടയാക്കിയിരുന്നു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വരിനെല്ല് കിളിർപ്പിച്ചു കളയുകയും ഇതിനു വേണ്ടി വരുന്ന ഒരു മാസക്കാലത്തേക്കു പ്രത്യേക സബ്സിഡി നൽകുകയും ചെയ്യും. വരിനെല്ല് കിളിർപ്പിച്ചു കളയുന്നതു വഴി നഷ്ടമാകുന്ന സമയം വീണ്ടെടുക്കുന്നതിനായി മൂപ്പു കുറഞ്ഞ വിത്തുകൾ കൃഷി വകുപ്പ് വിതരണം ചെയ്യും.

കുട്ടനാടിനായി പുതിയ വിത്തിനങ്ങൾ

നിലവിൽ ഉപയോഗിക്കുന്ന ഉമ, ജ്യോതി നെൽ വിത്ത് ഇനങ്ങൾക്കു രോഗ പ്രതിരോധ ശേഷിയും ഉൽപ്പാദനവും കുറവാണ് എന്നാണു കൃഷി വകുപ്പിന്റെ വിലയിരുത്തൽ. ഈ പ്രതിസന്ധി മറികടക്കുന്നതിനു കുട്ടനാടിന് അനുയോജ്യമായ പുതിയ വിത്തിനങ്ങൾ വികസിപ്പിക്കും. നിലമൊരുക്കുന്നതിനും വിതയ്ക്കും കൊയ്ത്തിനും കൂടുതലായി യന്ത്രങ്ങൾ ഉപയോഗിക്കും. കർഷകർക്കു മിതമായ നിരക്കിൽ യന്ത്രങ്ങൾ ലഭ്യമാക്കും. വിത യന്ത്രം ഉപയോഗിക്കുന്നതു വഴി വിത്തിന്റെ അളവു മൂന്നിലൊന്നായി കുറയ്ക്കാമെന്നാണു കൃഷി വകുപ്പിന്റെ കണ്ടെത്തൽ. നിലവിൽ വിത്ത് പുറത്തു നിന്നു വാങ്ങുന്ന രീതി നിർത്തലാക്കും. പകരം കുട്ടനാട്ടിൽ തന്നെ കർഷകരുടെ നേതൃത്വത്തിൽ കൃഷി വകുപ്പിന്റെ സഹായത്തോടെ വിത്തുൽപ്പാദനം നടത്തും.

കർഷകർക്കു വിവരം നൽകാൻ കുട്ടനാട് റേഡിയോ

കർഷകർ തമ്മിലുള്ള ആശയ വിനിമയത്തിന്റെ അഭാവമാണു പല സ്ഥലങ്ങളിൽ പല സമയത്തു കൃഷിയിറക്കുന്നതിനു കാരണം. ഈ സ്ഥിതിക്കു പരിഹാരമായി കുട്ടനാട്ടിലെ കർഷകർക്കായി ഞാറ്റുവേല കമ്യൂണിറ്റി റേഡിയോ ആരംഭിക്കും. വിനോദ പരിപാടികൾക്കു പുറമേ കർഷകർക്കാവശ്യമായ അറിവുകളും മുന്നറിയിപ്പുകളും റേഡിയോയിലൂടെ നൽകും.

കാലാവസ്ഥയിലെ മാറ്റങ്ങൾ മൂൻകൂട്ടി കണ്ടെത്തി നടപടികൾ എടുക്കുന്നതിനായി ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങൾ കുട്ടനാട്ടിൽ സ്ഥാപിക്കും. ഇതോടൊപ്പം കുട്ടനാട്ടിലെ പ്രധാന ദുരിതമായ പോള സംസ്കരിച്ചു വളമാക്കുന്ന യൂണിറ്റുകളും കുട്ടനാട്ടിൽ നടപ്പാക്കും. ആദ്യത്തെ അഞ്ചു വർഷത്തേക്ക് 12.55 കോടി രൂപയാണു പദ്ധതി ചെലവു പ്രതീക്ഷിക്കുന്നത്.

നാളികേര ഇൻഷുറൻസ് പദ്ധതി


coconut-plantation

കൃഷി വകുപ്പ് ഈ സാമ്പത്തികവർഷം 14 ജില്ലകളിലും നാളികേര ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നു. 10 ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിട്ടുളളത്. നാല് മുതൽ 60 വർഷം പ്രായമായ, ശരാശരി പ്രതിവർഷം 30 നാളികേരം വിളയുന്ന തെങ്ങുകൾക്ക് പരിരക്ഷ ലഭിക്കും. പദ്ധതിപ്രകാരം കുറഞ്ഞത് 5 ആരോഗ്യമുളള, കായ്ഫലമുളള തെങ്ങ് കൃഷിചെയ്യുന്ന കർഷകർക്ക് പദ്ധതിയിൽ അംഗമാകാം. കൊടുങ്കാറ്റ്, വെളളപ്പൊക്കം, രൂക്ഷമായ കീടരോഗാക്രമണം, കാട്ടുതീ, ഇടിമിന്നൽ, കൊടുംവരൾച്ച തുടങ്ങിയവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിരക്ഷ ലഭിക്കും. 15 വർഷം വരെ പ്രായമായ തെങ്ങുകൾക്ക് 900 രൂപയും 16-60 വർഷം വരെ പ്രായമായവയ്ക്ക് 1750 രൂപയും നഷ്ടപരിഹാരം ലഭിക്കും. പ്രീമിയം യഥാക്രമം 9 രൂപയും 14 രൂപയുമാണ്. ഇതിന്റെ 25% യഥാക്രമം 2.25 രൂപ, 3.50 രൂപ കർഷകർ അടയ്ക്കണം. കൃഷി വകുപ്പും നാളികേര വികസനബോർഡുമാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള കൃഷിഭവനുമായി ബന്ധപ്പെടുക.

നാടൻ ഉൽപന്നങ്ങൾക്ക് ഇനി നല്ല വിപണി

കൃഷി വകുപ്പ് ഈ സാമ്പത്തിക വർഷം നാടൻ കാർഷിക ഉൽപന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്തുന്നതിന് വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. കർഷക മാർക്കറ്റുകൾക്ക് ധനസഹായം. നിലവിലുളള കർഷക മാർക്കറ്റുകളുടെ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കുന്നതിന് 50% സബ്സിഡി പരമാവധി 10 ലക്ഷം രൂപ ഒരു മാർക്കറ്റിന് നൽകുന്നതാണ്. ഇത് പ്രകാരം കോൾഡ് സ്റ്റോറേജ്, ലേലം നടത്തുന്നതിനുളള പ്ലാറ്റ്ഫോം, ഷെഡ്, ത്രാസ്, കമ്പ്യൂട്ടർ തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്താം. സംഘമൈത്രി, ബ്ലോക്ക് ലെവൽ മാർക്കറ്റ് എന്നിവർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ഇത്തരം മാർക്കറ്റുകളിൽ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ നേരിട്ട് ലേലം ചെയ്യുന്നതിനും വിൽപന നടത്തുന്നതിനും സംവിധാനം ഉണ്ടാക്കും. ഉപഭോക്താക്കൾക്ക് നേരിട്ട് വിപണനം. വിഷവിമുക്തമായ പഴം, പച്ചക്കറി ഉൽപന്നങ്ങൾ, ക്ലീനിംഗ് ഗ്രേഡിംഗ്, പാക്കിങ്ങിനുശേഷം 100 രൂപയുടേയും 50 രൂപയുടേയും കിറ്റുകളിലാക്കി റസിഡൻസ് അസോസിയേഷൻ വഴി വിൽപന നടത്തുന്നതിന് സഹായം നൽകും. ഒരു ക്ലസ്റ്ററിന് പരമാവധി 3 ലക്ഷം രൂപ വീതം 18 ക്ലസ്റ്ററുകൾക്ക് സാമ്പത്തിക സഹായം നൽകും. പച്ചക്കറികൾ പരിസ്ഥിതി സൗഹൃദ പായ്ക്കറ്റുകളിലാക്കി ഉറവിടം വ്യക്തമാക്കുന്ന ലേബൽ സഹിതമാണ് വിൽപന നടത്തുന്നത്. പായ്ക്കിംഗ്, വിൽപന എന്നിവയ്ക്കായി കുടുംബശ്രീ തുടങ്ങിയ ഏജൻസികളുടെ സഹായം പ്രയോജനപ്പെടുത്താം. തിരഞ്ഞെടുത്ത കോർപറേഷൻ, നഗരസഭ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

കർഷകർക്ക് പരിശീലനം: തിരഞ്ഞെടുത്ത 50 ക്ലസ്റ്ററുകളിലെ കർഷകർക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിന് ഒരു ക്ലസ്റ്ററിന് 90,000 രൂപ വീതം 50 ക്ലസ്റ്ററുകൾക്ക് 45 ലക്ഷം രൂപ അനുവദിക്കും. ജൈവകൃഷിയിലും ജി.എ.പി സർട്ടിഫിക്കേഷനിലും പരിശീലനം നടത്തുന്നതിനും പഠനയാത്ര സംഘടിപ്പിക്കുന്നതിനും ഈ തുക വിനിയോഗിക്കുന്നു.

മാർക്കറ്റുകൾക്ക് റിവോൾവിങ് ഫണ്ട്: കർഷകരിൽ നിന്നും ഉൽപന്നങ്ങൾ നേരിട്ട് സംഭരിക്കുന്നതിനും മാർക്കറ്റുകളിൽ എത്തിക്കുന്നതിനും ഒരു മാർക്കറ്റിന് പരമാവധി 5 ലക്ഷം വീതം 25 മാർക്കറ്റുകൾക്ക് റിവോൾവിങ് ഫണ്ട് അനുവദിക്കും.

അപേക്ഷ ക്ഷണിക്കുന്നു

കേരള സർക്കാരിന്റെ ഉടമസ്ഥതയിലുളള സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ പഞ്ചായത്ത് തലത്തിൽ ദാരിദ്യ്രരേഖയ്ക്ക് താഴെയുളള വനിതകൾക്ക് വേണ്ടി നടപ്പാക്കുന്ന റൂറൽ ബാക് യാർഡ് പൗൾട്രി പ്രൊഡക്ഷൻ പദ്ധതി നടപ്പാക്കാൻ താൽപര്യമുളള പഞ്ചായത്ത് അധികൃതരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഈ പദ്ധതി പ്രകാരം ഓരോ ഗുണഭോക്താവിനും 45 കോഴികൾ ലഭിക്കുന്നതാണ്. ഓരോ ഗുണഭോക്താവും ഒരു കോഴിക്ക് 35 രൂപ നിരക്കിൽ ഗുണഭോക്തൃവിഹിതം അടയ്ക്കേണ്ട താണ്. താൽപര്യമുളള പഞ്ചായത്ത് അധികൃതരിൽ നിന്നും ഈ പദ്ധതിയ്ക്കു വേണ്ടി അപേക്ഷകൾ 2016 ഡിസംബർ 15 ന് മുൻപായി മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ, പേട്ട, തിരുവനന്തപുരം, പിൻ. 695024 എന്ന വിലാസത്തിൽ ക്ഷണിച്ചുകൊളളുന്നു. കൂടുതൽ വിവരങ്ങൾക്ക് 0471-2478585, 2468585.

Monday, 21 November 2016

വിനയപൂർവം ചില വിദ്യകൾ


vinaya-with-hibiscus-juice

ചെമ്പരത്തി ജ്യൂസുമായി വിനയ...

‘ഒരു സ്പെഷൽ ജ്യൂസ് കഴിച്ചിട്ടാവാം സംസാരം’, ഡൈനിങ് ടേബിളിലേക്ക് ചെമ്പരത്തിപ്പൂവ്, ചെറുനാരങ്ങ, ഏലക്കാ, പഞ്ചസാര, ചൂടുവെള്ളം എന്നിവ കൊണ്ടുവന്നു വയ്ക്കുന്നതിനിടയിൽ വിനയ പറഞ്ഞു.

ഒരു ഗ്ലാസ് ചൂടുവെള്ളത്തിലേക്ക് വിനയ മൂന്നു ചെമ്പരത്തിപ്പൂക്കൾ മുക്കിവച്ചു. ഒരു മിനിറ്റിനുള്ളിൽ പൂക്കളുടെ ശോണിമ ഗ്ലാസിലെ ചൂടുവെളളത്തിലേക്ക് ഊർന്നിറങ്ങി. അതിലേക്ക് ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു. ഏലക്കാ പൊട്ടിച്ച് തൊലിയും കുരുവും അതിലേക്കിട്ടു. പാകംനോക്കി പഞ്ചസാരയും. ചെമ്പരത്തിപ്പൂ ജ്യൂസ് വാങ്ങി രുചിച്ചു. ചെറു ചൂടിൽ പുളിയും മധുരവും ചേർന്ന് രസകരമായ രുചി. മേമ്പൊടിയായി ഏലക്കായുടെ ഫ്ളേവർ. മൺസൂൺ മഴക്കാലത്തിനിണങ്ങിയ ഒന്നാന്തരം ജ്യൂസ്.

‘ചെമ്പരത്തി രക്തത്തെ ശുദ്ധീകരിക്കും, ചെറുനാരങ്ങ ദഹനത്തിനു നന്ന്...’ ഓരോന്നിന്റെയും ഗുണങ്ങളെക്കുറിച്ച് വിനയയുടെ വക ഒരു ചെറിയ സ്റ്റഡി ക്ലാസ് കൂടി.

വായിക്കാം ഇ - കർഷകശ്രീ

‘തുളസിയുടെ തലപ്പ് നുള്ളിയെടുത്തത് അഞ്ചെണ്ണം, അരമുറി ചെറുനാരങ്ങ, ചെറുകഷണം ഇഞ്ചി എന്നിവ മിക്സിയിലരച്ചു കഴിച്ചു നോക്കൂ....നല്ല രുചി, നല്ല ഗുണം.

കുരുമുളകു തിരിയെടുത്ത് മൂന്നായി മുറിച്ച് ഉപ്പു തിരുമ്മി കൊണ്ടാട്ടംപോല വറുത്തു കഴിച്ചോളൂ....’ വിനയ തുടരുകയാണ്.

ഇത്തരം നൂറുകണക്കിന് അപൂർവ രുചിക്കൂട്ടുകളുണ്ട് വിനയയുടെ കയ്യിൽ. എല്ലാറ്റിന്റെയും ചേരുവ പൂക്കളും ഇലകളുംപോലെയുള്ള പ്രകൃതിദത്ത വസ്തുക്കൾ. ഇവയുടെ നിർമാണ പരിശീലനമാണ് ഈ വീട്ടമ്മയുടെ വരുമാന വഴികളിലൊന്ന്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, അക്ഷയ സെന്ററുകൾ എന്നിങ്ങനെ പലരും വിനയയുടെ ക്ലാസുകൾക്കു കാതോർക്കുന്നു.

‘എന്താ ഈ വിഭവങ്ങളുടെ മെച്ചം എന്നറിയാമോ? ആളുകൾക്ക്, വിശേഷിച്ച് പാവപ്പെട്ട മനുഷ്യർക്ക്, കാര്യമായ പണച്ചെലവില്ലാതെ പ്രകൃതിയിൽനിന്നു പോഷകസമ്പന്ന ഭക്ഷണം കണ്ടെത്താം. മാത്രവുമല്ല, ഇന്നത്തെ കുട്ടികൾ മുഖം തിരിക്കുന്ന മുരിങ്ങയില ഉൾപ്പെടെയുള്ള പ്രകൃതിദത്ത വിഭവങ്ങളെ ചില പൊടിക്കൈകളിലൂടെ അവർക്ക് ആസ്വാദ്യകരവുമാക്കാം. വീട്ടുചെലവു കുറയും, ഭക്ഷണം സുരക്ഷിതമാവും, ആരോഗ്യം വർധിക്കും. പ്രകൃതിയോടും അടുക്കളത്തോട്ട നിർമാണത്തോടും താൽപര്യം വളരും’, വിനയ തുടരുന്നു. ചോറുണ്ണാൻ മടിക്കുന്ന കുട്ടികളെ ഊണുമേശയിലേക്ക് ആകർഷിക്കാൻ നെല്ലിക്കാച്ചോറ്, പച്ചമാങ്ങാച്ചോറ്, പുതിനച്ചോറ്, വഴുതനങ്ങാച്ചോറ് തുടങ്ങി ചോറുകൾ പലവിധം. അടതാപ്പ് വറുത്തരച്ചത്, കൂർക്ക പുളിശ്ശേരി, പച്ചപൈനാപ്പിൾ കറി, മത്തങ്ങാപ്പായസം, പച്ചക്കറിപ്പായസം, കടച്ചക്കപ്പായസം എന്നിങ്ങനെ ഇനിയും ചില സാമ്പിളുകൾ. സ്വന്തം പാരമ്പര്യവഴിയിലുള്ള കൊങ്ങിണി ബ്രാഹ്മണ വിഭവങ്ങളെയും കേരളീയ രുചിസംസ്കാരത്തിന് അനുഗുണമാക്കി മാറ്റുന്നു ഈ വീട്ടമ്മ.

കാലിക്കറ്റ് സർവകലാശാലയിൽനിന്നു ഹോം സയൻസിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട് വിനയ. അതുകൊണ്ടുതന്നെ പാരമ്പര്യജ്ഞാനവും ആധുനിക ശാസ്ത്രവും കൃത്യമായി യോജിപ്പിച്ചാണ് ഭക്ഷ്യസംസ്കരണവിദ്യകളത്രയും.

പാചകശാസ്ത്രം വിനയയുടെ കലാവൈഭവത്തിന്റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. അംഗീകൃത ഹാൻഡിക്രാഫ്റ്റ് ആർട്ടിസാനായ വിനയയ്ക്ക് കയ്യിൽ കിട്ടുന്ന പാഴ്വസ്തുക്കളെയെല്ലാം കലാരൂപങ്ങളാക്കി മാറ്റാനുള്ള സിദ്ധിയുമുണ്ട്. പാഴ്ക്കടലാസും അറക്കപ്പൊടിയും മണലും ഒഴിഞ്ഞ സിഗരറ്റുകൂടുകളും ഉപേക്ഷിക്കപ്പെട്ട ഗ്ലൂക്കോസുകുപ്പിയുമെല്ലാം കുപ്പയിൽനിന്നെടുത്തു മാണിക്യമാക്കി മാറ്റുന്ന കലാവിരുത്. മുന്തിയ വിലയ്ക്ക് ഇവയെല്ലാം വാങ്ങാനാളുകളുമുണ്ട്.

നൂറ്റമ്പതു രൂപ മാത്രം മുടക്കുള്ള ചെമ്പുതകിടിൽ, ഉപേക്ഷിക്കപ്പെട്ട സർജിക്കല്‍ ബ്ലേഡുകൊണ്ടു വരഞ്ഞ് (മെറ്റൽ എൻഗ്രേവിങ്) വിനയ നിർമിക്കുന്ന കലാസൃഷ്ടിക്ക് ചെലവു തുച്ഛം. കാഴ്ചക്കാരൻ മനസ്സിൽ കാണുന്ന മതിപ്പുവില അതിലും എത്രയോ ഇരട്ടി.

ആത്ത ഇല, ആര്യവേപ്പിന്റെ ഇല, മഞ്ഞമന്ദാരത്തിന്റെ ഇല എന്നിവ അരച്ചെടുത്ത്, പാഴാവുന്ന ചോറോ ഉഴുന്നോ പോലെ പശിമയുള്ള എന്തെങ്കിലും അരച്ചതും ചേര്‍ത്ത് ഉരുട്ടി ഉണക്കിയെടുക്കുന്ന കൊതുകുതിരിയാണ് വിനയയുടെ മറ്റൊരു കണ്ടെത്തൽ. മേല്‍പറ‍ഞ്ഞവയ്ക്കൊപ്പം കർപ്പൂരമോ സാമ്പ്രാണിയോ ചേർത്ത് സുഗന്ധത്തിരികളും നിർമിക്കും. ആനപ്പിണ്ടത്തിലെ നാരുകൾകൊണ്ടു പേപ്പർ ക്രാഫ്റ്റ് നിർമിച്ചശേഷം ബാക്കിവരുന്നതും ചോറും ചേർത്തുണ്ടാക്കുന്ന കൊതുകുതിരിയെയും കൊതുകുകൾക്കു പേടിതന്നെ. ജോലിത്തിരക്കുകൾക്കിടയിലും അറിവുകളുടെ പങ്ക് പകർന്നു നൽകി വീട്ടമ്മമാരെ സ്വയംപര്യാപ്തരാക്കാനും വിനയ സമയം കണ്ടെത്തുന്നു.

ഫോൺ: 9288121196

ഇടനിലക്കാരുടെ വൻ ചൂഷണത്തിന് വിലങ്ങിട്ടു കല്ലുമ്മക്കായ വിളയിറക്കൽ


kallummekkaya-mussel-cultivation

കവ്വായി കായലിൽ കല്ലുമ്മക്കായ വിളവിറക്കുന്നതിന് ഇടയിലക്കാട് കായലോരത്ത് സ്ത്രീകളുടെ സംഘം വിത്ത് കയറിൽ ...

ഇടനിലക്കാരുടെ കടുത്ത ചൂഷണത്തിനു വിലങ്ങിട്ടു കണ്ണൂർ കവ്വായി കായലിൽ കല്ലുമ്മക്കായ വിളയിറക്കി തുടങ്ങി. വിത്തിന്റെയും ഉൽപന്നത്തിന്റെയും വിലയിൽ കർഷകരെ ഞെക്കിപ്പിഴിയുന്ന ഇടത്തട്ടുകാർക്ക് ഫിഷറീസ് വകുപ്പ് താൽക്കാലികമായെങ്കിലും മൂക്കുകയറിട്ടിട്ടുണ്ട്. കഴിഞ്ഞ തവണ ഒരു ചാക്കു വിത്തിന് 4,000 രൂപ മുതൽ 5,000 രൂപ വരെയാണു കർഷകരിൽനിന്ന് ഇടത്തട്ടുകാർ ഈടാക്കിയിരുന്നത്. കൂടിയ വില ഈടാക്കി നൽകുന്ന വിത്തിൽ തന്നെ പകുതിയും നാശം വന്നതായതിനാൽ വൻ നഷ്ടമാണു കർഷകർ നേരിട്ടു വന്നത്. വിളയെടുക്കുമ്പോൾ ഉൽപന്നത്തിനു കർഷകർക്കു കിട്ടുന്ന വിലയും വിപണിയേക്കാൾ വളരെ തുച്ഛമായിരുന്നു. ഓരുജല കൃഷിയിൽ കർഷകർ കടുത്ത ചൂഷണത്തിനിരയാകുന്ന സാഹചര്യം മനസിലാക്കിയാണ് ഫിഷറീസ് വകുപ്പിന്റെ ഇടപെടൽ. പുതുക്കിയ വിലയിൽ വാങ്ങിയ വിത്തുമായി കവ്വായി കായലിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസം വിളയിറക്കൽ ആരംഭിച്ചിട്ടുണ്ട്.

ഒരു പെട്ടി വിത്ത് 2,300 രൂപയ്ക്കാണ് ഇത്തവണ കർഷകർക്ക് ലഭ്യമാക്കിയത്. വിതരണക്കാരായ ഏജന്റുമാരെ തിരിച്ചറിയുന്നതിന് തിരിച്ചറിയൽ കാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. ഈടാക്കിയ 2,300 രൂപയെക്കുറിച്ചു തന്നെ തർക്കമുയർന്നിട്ടുണ്ട്. രണ്ടായിരം രൂപയാണ് ഫിഷറീസ് വകുപ്പ് നിശ്ചയിച്ചതെന്നും 300 രൂപ ഏജന്റുമാർ അധികം വാങ്ങിയതാണെന്നും കർഷകരുടെ ആരോപണമുണ്ട്. കല്ലുമ്മക്കായ കൃഷിയിൽ ഏജന്റുമാരെ നിയന്ത്രിച്ചതു പോലെ തന്നെ കായലിൽ വിളയിറക്കുന്നവർക്കും നിയന്ത്രണം ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. കായലിനു താങ്ങാൻ കഴിയാത്ത വിധം കർഷകരുടെ എണ്ണത്തിൽ വർധനയുണ്ടത്രെ. ഇതു മൂലം തീറ്റയില്ലാതെ ഉൽപന്നം വളർച്ച മുരടിച്ചും നാശം വന്നും കർഷകർക്കു നഷ്ടം സംഭവിക്കുന്നുണ്ടെന്നും പറയപ്പെടുന്നു.

ജോർജിന്റെ നീ‍ഡിൽ ടാപ്പിങ്

 കാണാൻ പി.സി. സിറിയക്


rubber-needle-tapping

നീഡിൽ ടാപ്പിങ് പി.സി.സിറിയക്കിനു വിശദീകരിച്ചു നൽകുന്ന ജോർജ്....
കൃഷിസ്ഥലം പരീക്ഷണ ഇടമാക്കി മാറ്റിയ ജോർജിന്റെ പുരയിടത്തിൽ റബർ ബോർഡ് മുൻ ചെയർമാൻ പി.സി. സിറിയക് എത്തി. റബർ കൃഷിയിൽ ജോർജ് ആവിഷ്കരിച്ച നീഡിൽ ടാപ്പിങ് സിറിയക്കിന് കൗതുകം പകർന്നു. എരുമേലി ഒഴക്കനാട് പുതുപ്പറമ്പിൽ ജോർജിന്റെ നാല് ഏക്കർ സ്ഥലം സാധാരണ കൃഷിയിടമല്ല. അവിടെ പുത്തൻ പരീക്ഷണങ്ങളാണ് നടക്കുന്നത്. റബർ കൃഷിയിലാണ് ജോർജിന്റെ പരീക്ഷണങ്ങൾ ഏറെയും. പശുമരം എന്നു പേരിട്ടിരിക്കുന്ന റബർ മരങ്ങൾ വർഷങ്ങളായി പാൽ ചുരത്തുകയാണ്. റബർ മരങ്ങൾ ഒരു മനുഷ്യായുസിലേറെ പാൽ നൽകുമെന്നാണ് ജോർജ് പറയുന്നത്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള റബർ മരങ്ങളിൽ നിന്ന് ഇപ്പോഴും അര കിലോയിലധികം കറ ലഭിക്കുന്നുണ്ട്. ടാപ്പിങിൽ അനുവർത്തിക്കുന്ന രീതികളാണ് കറയുൽപാദനം നിലനിർത്തുന്നത്.

നീഡിൽ ടാപ്പിങ് ആണ് ജോർജിന്റെ പ്രധാന രീതി. തടിയിലെ കരിമ്പട്ട, പാൽപ്പട്ട, തണ്ണിപ്പട്ട എന്നിങ്ങനെയുള്ള മൂന്ന് അടുക്കുകളിൽ കരിമ്പട്ട മാത്രം ചെത്തി അതിനുള്ളിലേക്ക് കത്തിമുന കടത്തിവിട്ട് കറ ശേഖരിക്കുന്ന രീതിയാണിത്. മരത്തെ ദ്രോഹിക്കാത്ത ഈ രീതി സ്ഥിരമായ കറ ഉൽപ്പാദനത്തിന് ഇടയാക്കുമെന്ന് ജോർജ് പറയുന്നു.പുതിയ ഇനം റബർ ഇനങ്ങൾ ഉൽപ്പാദിപ്പിച്ചതായി സിറിയക്കിനോട് ജോർജ് പറഞ്ഞു. സോഫ്റ്റ് ഗ്രീൻ എന്ന പേരിൽ ജൈവവളം നിർമിച്ച ജോർജ് മിറക്കിൾ ലാൻഡ് എന്നു പേരിട്ട സ്വന്തം പുരയിടത്തിൽ കൃഷിയുമായി ബന്ധപ്പെട്ട നിരവധി പരീക്ഷണങ്ങളും പദ്ധതികളും കാട്ടിക്കൊടുത്തു. രണ്ട് മണിക്കൂറിലേറെ സിറിയക് പുരയിടത്തിലെ കാഴ്ചകൾ കണ്ടു.

Friday, 18 November 2016

രോഗശാന്തിക്ക് ഉദ്യാനഭംഗി


garden

പ്രകൃതിയോടും പൂക്കളോടും മനുഷ്യന് എന്നും അടങ്ങാത്ത സ്നേഹമാണ്. പ്രകൃതിയിലേക്കു മടങ്ങുക എന്ന ആശയത്തിന് ഇന്നു പ്രചാരമേറിവരുന്നു. തിരക്കും ഉത്കണ്ഠയും സമ്മർദവും നിറ‍ഞ്ഞ ആധുനിക ജീവിതത്തിൽ സ്വസ്ഥമായി സമയം ചെലവഴിക്കാനും ഉല്ലസിക്കാനും ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡനിലേക്കും മൈസൂറിലെ വൃന്ദാവനിലേക്കുമെല്ലാം യാത്ര പോകാൻ സമയം കണ്ടെത്തുന്നവർ ഏറെയാണ്. ഉദ്യാനത്തിലെ പച്ചപ്പ് രക്തസമ്മർദം കുറച്ചു മനസ്സ് ശാന്തമാക്കാൻ നല്ലതെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്.

വീടിനോടോ സ്ഥാപനത്തോടോ ചേര്‍ന്നുള്ള ഉദ്യാനം അലങ്കാരമാകുന്നതിനൊപ്പം മാനസിക ദൗർബല്യമുൾപ്പെടെ പല രോഗങ്ങൾക്കും ശമനം നൽകുന്ന മരുന്നായും ഉപകരിക്കുന്നു. ഗാർഡൻ തെറപ്പി അഥവാ ഹോർട്ടികൾച്ചർ തെറപ്പി എന്ന ഈ ചികിൽസാരീതിയിൽ ഇത്തരം ഉദ്യാനം അറിയപ്പെടുന്നതു ഹീലിങ് ഗാർഡൻ എന്നാണ്. ഒരു പരിധിവരെ മരുന്നുകൾ ഒഴിവാക്കി രോഗശമനത്തിനു പ്രകൃതിദത്ത ഔഷധമായാണ് ആധുനിക ലോകം ഗാർഡൻ തെറപ്പിയെ കാണുന്നത്.

മാനസികാരോഗ്യകേന്ദ്രത്തിലും വൃദ്ധമന്ദിരത്തിലും ആശുപത്രികളോടു ചേർന്നു തയാറാക്കുന്ന ഉദ്യാനത്തിനു രോഗശമനം, മാനസികോല്ലാസം, സഹകരണ മനോഭാവം വളർത്തൽ തുടങ്ങി വിവിധ ലക്ഷ്യങ്ങളുണ്ട്. വീടുകളിൽ ഒറ്റപ്പെടലിന്റെ വിരസതയുളവാക്കുന്ന വിഷാദരോഗം ഒഴിവാക്കാൻ പറ്റിയ ഏറ്റവും നല്ല ഉപാധിയാണ് പൂന്തോട്ട പരിപാലനം. ദുശ്ശീലങ്ങൾക്ക് അടിമയായവരെ അവയിൽ നിന്നു മോചിപ്പിക്കാനുള്ള മാർഗമായും ഉദ്യാന പരിപാലനത്തെ ഉപയോഗപ്പെടുത്തിവരുന്നു.

ലേഖകൻ: പ്രഫ. ജേക്കബ് വർഗീസ് കുന്തറ, അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി—21

ഫോൺ: 94470 02211

Email: jacobkunthara123@gmail.com

Thursday, 17 November 2016

ജാതി കർഷകർക്കു സബ്സിഡി ആനുകൂല്യം


Nutmeg
സംസ്ഥാനത്തെ ജാതികൃഷി മൈക്രോ സെക്ടർ കോഡിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സംസ്ഥാനതല കോ–ഓർഡിനേഷൻ സമിതിയുടെ തീരുമാനപ്രകാരം സബ്സിഡി മാർഗരേഖ പ്രകാരമുള്ള സബ്സിഡി ജാതി കൃഷിക്കുകൂടി അനുവദിച്ചതായി ഉത്തരവിൽ പറയുന്നു.

കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ, തദ്ദേശ മന്ത്രി ഡോ.കെ.ടി.ജലീലുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണു നടപടി. ജാതി കൃഷിക്കു മൈക്രോ സെക്ടർ കോഡ് ഇല്ലാത്തതിനാൽ വിലയിടിവും കൃഷിനാശവുംമൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടത്തിനു കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സഹായം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണു നടപടി
.

മധുരിച്ചെരിയുന്ന വരുമാനം


krishnan-sathyabhama-kanthari-chilli-harvest

ഭർത്താവ് കൃഷ്ണനൊപ്പം കാന്താരി വിളവെടുക്കുന്ന സത്യഭാമ...

സമയവും സൗകര്യങ്ങളുമുണ്ടായിട്ടും അടുക്കളത്തോട്ടത്തിനു മനസ്സുവയ്ക്കാത്തവരെക്കുറിച്ച് മുഖംചുളിച്ചുകൊണ്ടു നാട്ടുമ്പുറത്തുകാർ പറയും 'ഹൊ, ഒരു കാന്താരിച്ചീനിപോലും കുഴിച്ചു വയ്ക്കാത്ത മനുഷ്യൻ...' എന്നാൽ ഈ നീരസത്തിനു നിന്നുകൊടുക്കാതെ പറമ്പു നിറയെ കാന്താരി വളർത്താനാണ് വയനാട് തരുവണ തറവോട്ടുമഠത്തിൽ സത്യഭാമ അന്തർജനത്ത‍ിന്റെ ഉപദേശം. കാരണം നാടൻ പച്ചക്കാന്താരിമുളകിന് വില കിലോയ്ക്ക് ഏകദേശം 1000 രൂപയ്ക്കടുത്ത്. കഴിഞ്ഞ വർഷം സത്യഭാമ വിറ്റത് 250 കിലോയോളം.

കൊളസ്ട്രോൾ, ഷുഗർ എന്നിവയെ ചെറുക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കാന്താരിക്കു കഴിയുമെന്നാണ് സമീപകാല പഠനങ്ങൾ പറയുന്നത്. ചില്ലറക്കാരനല്ല എന്ന് ഗവേഷകർ പറഞ്ഞതോടെ കാന്താരി ജ്യൂസിനും കാന്താരി അച്ചാറിനുമൊക്കെ അന്തസും ആരാധകരും വർധിച്ചിരിക്കുന്നു.

തിരുവിതാംകൂറിലെ പ്രമുഖ ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്നു സത്യഭാമയുടെ ഭർത്താവ് കൃഷ്ണൻ നമ്പ‍ൂതിരി. ജോലിയിൽനിന്നു വിരമിച്ച് തരുവണയിൽ മൂന്നേക്കർ സ്ഥലം വാങ്ങി സ്വസ്ഥമായതോടെയാണ് കൃഷ്ണൻ നമ്പൂതിരിയും സത്യഭാമയും കൃഷിയിലേക്കിറങ്ങിയത്.

ഉൽപാദനക്ഷമത തീരെക്കുറഞ്ഞ കാപ്പിയും കുരുമുളകുമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. അവയുടെ ആവർത്തനക്കൃഷിയിലേക്കും ഒപ്പം തെങ്ങ്, കമുക്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വിളകളിലേക്കും കൃഷി വ്യാപിപ്പ‍ിച്ചപ്പോഴാണ് കാന്താരിയുടെ ഡിമാൻഡിനെക്കുറിച്ചു കേൾക്കുന്നത്. ഒഴിവുള്ള ഇടങ്ങളിലെല്ലാം കാന്താരി നട്ടു, മികച്ച വിളവും ലഭിച്ചു. കഴിഞ്ഞ വർഷം കിലോയ്ക്ക് 200 രൂപയിൽ തുടങ്ങി 400 രൂപ വരെ വില ലഭിക്കുകയും ചെയ്തു.

ഉൽപാദനവും ഡിമാൻഡും വർധിച്ചതോടെ കൃഷിയും വളപ്രയോഗവും കൂടുതൽ ശാസ്ത്രീയമാക്കി. സത്യഭാമയുടെ കാന്താരിക്കൃഷിയിൽ കൃഷ്ണൻ നമ്പൂതിരിയും സജീവ പങ്കാളിയായി. മാസത്തിൽ രണ്ടു ശമ്പളം പോലെ മാസത്തിൽ രണ്ടു വിളവെടുപ്പ്, സ്ഥിര വരുമാനം.

തൈ ഉൽപാദനമാണ് കൃഷിയുടെ ആദ്യഘട്ടം. പഴുത്ത മുളകു വെയിലത്തു വച്ച് നന്നായി ഉണങ്ങിക്കഴിയുമ്പോൾ പൊട്ടിച്ചു വി‍ത്തെടുക്കും. ഇതു കിഴിയിലാക്കി രണ്ടു ദിവസം ചാണകവെള്ളത്തിൽ മുക്കിവയ്ക്കുന്നു. പിന്നീട് കിഴി വെള്ളത്തിൽ നിന്നെടുത്തു തൂക്കിയിടും. വൈകാതെ വേരുകൾ പൊട്ടും. മണ്ണ‍ും മണലും ചാണകപ്പൊടിയും ചേർത്തു നിർമിച്ച ത‌ടത്തിൽ ഈ വിത്തുകൾ പാകി മുളപ്പിക്കുന്നു. ഒരുമാസം കഴിയുമ്പോൾ കരുത്തുള്ള തൈകൾ കൃഷിയിടത്തിലേക്കു പറിച്ചു നടാം. മൂന്നുമാസംകൊണ്ടു വിളവെടുക്കാം.

നല്ല പരിചരണം ലഭിച്ചാൽ നിത്യവും പൂക്കുകയും കായ്ക്കുകയും ചെയ്യുമെന്നതാണ് കാന്താരിയുടെ വരുമാനനേട്ടമെന്ന് സത്യഭാമ. വേനലിൽ നിത്യവും നന നൽകണം. നേർപ്പിച്ച ജീവാമൃതം രണ്ടാഴ്ച കൂടുമ്പോൾ തൈ ഒന്നിന് ഒരു കപ്പ് എന്ന കണക്കിനു നൽകിയാൽ വളർച്ചയും ഉൽപാദനവും വർധിക്കുമെന്നും സത്യഭാമ. ചെടിയൊന്നിൽനിന്ന് രണ്ടാഴ്ച കൂടുമ്പോൾ 150 ഗ്രാം, ചിലതിൽനിന്നു 200 ഗ്രാം വരെയും പച്ചമുളകു ലഭിക്കും.

മുന്നൂറിലേറെ തൈകളാണ് ഇപ്പോൾ സത്യഭാമയുടെ കൃഷിയിടത്തിലുള്ളത്. തൊഴുത്തു നിർമിക്കുന്നതിനായി അടുത്ത കാലത്ത് ഒട്ടേറെ തൈകൾ പിഴുതു മാറ്റേണ്ടിവന്നതിന്റെ സങ്കടം മാറിയിട്ടില്ല. അരയേക്കറിലേക്കു കൃഷി വ്യാപിപ്പിച്ച് ആദായം പല മടങ്ങാക്കാനും ഗുണനിലവാരമുള്ള തൈകൾ വിൽപനയ്ക്കെത്തിക്കാനുമുള്ള അധ്വാനത്തിലാണ് ഇപ്പോൾ ഈ വീ‌ട്ടമ്മ.

ഫോൺ: 9747467961

റബർ: കൃഷിച്ചെലവു കുറച്ചആദായകരമാക്കും


A Ajith Kumar

റബർ ബോർഡ് ചെയർമാൻ എ. അജിത് കുമാർ IAS...

റബർകൃഷി ലാഭകരമായി നടത്തുന്നതിനുള്ള സാഹചര്യമൊരുക്കാനാണ് മുൻഗണന നൽകുകയെന്ന് റബർ ബോർഡ് ചെയർമാൻ എ. അജിത് കുമാർ. റബർ വിലയിൽ ഒരു നിയന്ത്രണവും സാധ്യമല്ലാത്ത സാഹചര്യത്തിൽ ഉൽപാദനച്ചെലവ് കുറച്ചു മാത്രമേ കൃഷി ലാഭകരമാക്കാനാവൂ. ഇതിനുള്ള മാർഗങ്ങൾ കൂടുതൽ ഗൗരവത്തോടെ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ടാപ്പിങ് ദിനങ്ങളുടെ എണ്ണം കുറച്ച് ഉൽപാദനച്ചെലവ് പരിമിതപ്പെടുത്തുന്ന തന്ത്രമായിരിക്കും ബോർഡ് കൃഷിക്കാരോട് നിർദേശിക്കുക. ഉത്തേജക ഔഷധം പുരട്ടി ആഴ്ചയിലൊരിക്കൽ ടാപ്പിങ് നടത്തിയാൽ ഉൽപാദനത്തിലും വരുമാനത്തിലും കുറവുണ്ടാകില്ലെന്നു ബോർഡിന്റെ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. എന്നാൽ ടാപ്പിങ് തൊഴിലാളികൾക്കു സ്ഥിരം ജോലി ഉറപ്പാക്കണം. ഇതിനായി റബർ ഉൽപാദക സംഘങ്ങളുടെ (ആർപിഎസ്) ടാപ്പേഴ്സ് ബാങ്കുകൾ രൂപീകരിച്ചുതുടങ്ങുകയാണ്. എസ്റ്റേറ്റ് മാതൃകയിൽ വ്യത്യസ്ത തോട്ടങ്ങളിൽ നിയോഗിക്കുന്നതിനാൽ ടാപ്പറുടെ വരുമാനം കുറയാതെ തന്നെ ഉൽപാദനച്ചെലവ് കുറയ്ക്കാൻ ഉപകരിക്കും.

ശാസ്ത്രീയമായി ടാപ്പിങ് നടത്തിയാൽ പല തോട്ടങ്ങളിലും ഉൽപാദനം ഉയരും. ശരിയായ ടാപ്പിങ് പഠിപ്പിക്കുന്നതിന് ആർപിഎസ് അധിഷ്ഠിതമായ വലിയ കർമപദ്ധതി തയാറായിട്ടുണ്ട്. സ്കിൽ ഡവലപ്മെന്റ് മിഷനുമായി ചേർന്നുള്ള ഈ പരിശീലനം ഇതുവരെ നടന്ന ടാപ്പിങ് പരിശീലനങ്ങളിൽ നിന്നു വ്യത്യസ്തമായിരിക്കും. മൂന്നു ദിവസത്തെ ഹ്രസ്വകാല കോഴ്സും മുപ്പതു ദിവസത്തെ ദീർഘകാല കോഴ്സുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ടാപ്പിങ്, സംസ്കരണം എന്നിങ്ങനെ എട്ടോളം ജോലികളിൽ മികവ് നൽകുന്ന ഈ പരിശീലനം വഴി ഉൽപാദനക്ഷമതയിലും വർധനയുണ്ടാകും. സംസ്ഥാനതലത്തിൽ റബർകൃഷി ആദായകരമാക്കുന്നതിനുള്ള പ്രധാന തന്ത്രങ്ങളിലൊന്ന് ആർപിഎസുകളെ ഇത്തരം നൈപുണ്യവികസനകേന്ദ്രങ്ങളായി മാറ്റുകയെന്നതായിരിക്കും.

ആർപിഎസുകൾതോറും പരിശീലനം കിട്ടിയ ടാപ്പർമാരുടെ സേവനം ഉറപ്പാകുന്നതോടെ ഇപ്പോൾ ടാപ്പിങ് മുടങ്ങിക്കിടക്കുന്ന 30 ശതമാനത്തോളം തോട്ടങ്ങളിൽ ഉൽപാദനം പുനരാരംഭിക്കാമെന്നാണ് പ്രതീക്ഷ. ഇത്തരം തോട്ടങ്ങളിലെ ടാപ്പിങ് ഏറ്റെടുത്ത് വരുമാനം കൃഷിക്കാർക്കു നൽകാൻ ആർപിഎസുകൾതോറും സംവിധാനമുണ്ടാക്കും. ഉടമകൾ സ്ഥലത്തില്ലാത്തതുമൂലവും മറ്റ് ജോലികളുള്ളതുകൊണ്ടും ഉപേക്ഷിക്കപ്പെട്ട റബർ തോട്ടങ്ങളിൽ ഈ രീതി ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ. ടാപ്പർമാരുടെ അഭാവം, അശാസ്ത്രീയമായ ടാപ്പിങ്, താങ്ങാനാവാത്ത കൂലിച്ചെലവ് എന്നീ പ്രശ്നങ്ങൾക്കു പരിഹാരമേകുന്ന ടാപ്പർ ബാങ്കുകൾ മൊത്തത്തിൽ ഉൽപാദനവും ഉൽപാദനക്ഷമതയും വർധിക്കാൻ ഇടയാക്കും. അധികമായി എന്തെങ്കിലും മുതൽ മുടക്കാതെയാണ് ഈ ഉൽപാദന വർധന.

കേരളത്തിൽ ഊന്നൽ നൽകാനുദ്ദേശിക്കുന്ന മറ്റൊരു മേഖല റബർ സംസ്കരണമാണ്. നിലവാരമുള്ള റബർ ഷീറ്റുകൾ ഉൽപാദിപ്പിക്കുന്നതിനു കൂടുതൽ പ്രാധാന്യം നല്‍കും. ഈ രംഗത്തെ ചില പുതിയ യന്ത്രസംവിധാനങ്ങൾ ഫലപ്രദമാണെന്ന് ഉറപ്പാക്കിയ ശേഷം കൃഷിക്കാർക്കിടയിൽ പ്രചരിപ്പിക്കും. ഇതിനുവേണ്ട സാമ്പത്തിക പിന്തുണ നൽകി സംസ്ഥാനത്തെമ്പാടും ആർഎസ്എസ് 4 ഗ്രേഡ് റബര്‍ ഷീറ്റിന്റെ ഉൽപാദനം വ്യാപകമാക്കിയാൽ ഇവിടുത്തെ കൃഷിക്കാർക്ക് ഉയർന്ന വില നേടാനാകും.

പല ആര്‍പിഎസുകളുടെയും പ്രവർത്തനം മന്ദീഭവിച്ച സ്ഥിതിയിൽ പുതിയ സമീപനം എത്രമാത്രം വിജയിക്കും?

ആർപിഎസുകള്‍ എല്ലായിടത്തും തളർന്നിട്ടില്ല. ഇനിയുള്ള ബോർഡ് പ്രവർത്തനങ്ങളിലെ പ്രധാന പങ്കാളി അവയായിരിക്കും. ഇതിനായി കേരളത്തിലെ 150 ഫീൽഡ് ഓഫീസുകൾക്കു കീഴിൽ 150 സജീവ ആർപിഎസുകളെ കണ്ടെത്തിക്കഴിഞ്ഞു. ഇത്തവണത്തെ തീവ്ര പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം തന്നെ ഒരു ആർപിഎസിൽ നടത്തിയത് പുതിയ ശൈലിയുടെ ഭാഗമായാണ്. റബർ കൃഷി ആദായകരമാക്കുന്നതിനു വിവിധ ആശയങ്ങൾ ഇത്തരം ആർപിഎസുകളിലൂടെ പൈലറ്റ് പദ്ധതിയായി നടപ്പാക്കിയ ശേഷമാവും മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുക.

റബർ തോട്ടങ്ങളിലെ ഇടവിളക്കൃഷിക്ക് മികവുറ്റ മാതൃകകൾ സൃഷ്ടിക്കാൻ ഗവേഷണ വിഭാഗം വേണ്ടത്ര ഉത്സാഹം കാണിക്കുന്നില്ലല്ലോ?

അങ്ങനെയല്ല, ഇക്കാര്യത്തിൽ വ്യാപകമായ ഗവേഷണം നടന്നിട്ടുണ്ട്. ഇടവിളക്കൃഷിയുടെ ചില മാതൃകകൾ ചേത്തയ്ക്കലിലെ ബോർഡ് നഴ്സറിയിൽ തയാറാക്കിക്കഴിഞ്ഞു. ത്രിപുരയിൽപോലും ഇത്തരം ചില മാതൃകകള്‍ കാണുകയുണ്ടായി. കൊക്കോ, റബർ, വാഴ തുടങ്ങി പല വിളകൾ സംബന്ധിച്ചും പഠനം നടന്നിട്ടുണ്ട്. എന്നാൽ ഈ ആശയങ്ങൾ അടുത്ത ഘട്ടത്തിൽ മാത്രമേ നടപ്പാക്കുകയുള്ളൂ. അപ്പോൾ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടും. ഏതായാലും റബർതോട്ടങ്ങളിലെ ഇടവിളക്കൃഷിക്ക് പ്രത്യേക പദ്ധതി വരുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഓരോ ജില്ലയ്ക്കും യോജ്യമായ ഇടവിളക്കൃഷി അതിന്റെ സാമ്പത്തികചിത്രം ഉൾപ്പെടെ നൽകാനാണ് ശ്രമിക്കുന്നത്.

റബർക്കൃഷി സംബന്ധിച്ച് ബോർഡിന് ഇതുവരെയുണ്ടായിരുന്ന സമീപനത്തിൽ പൊതുവേ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കാമോ?

റബർ കൃഷിയോടുള്ള കേന്ദ്രസർക്കാരിന്റെയും ബോർഡിന്റെയും സമീപനത്തിലും തന്ത്രത്തിലും മാറ്റമില്ല. ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുക എന്നതു തന്നെയാണ് ബോർഡിന്റെ പ്രധാന ദൗത്യം. ഉൽപാദനത്തിനു പ്രാധാന്യം കുറഞ്ഞെന്ന നിലപാട് കേന്ദ്രസർക്കാരിനില്ല. തന്ത്രപ്രാധാന്യമുള്ള ഉൽപന്നമെന്ന നിലയിൽ പരമാവധി ഉൽപാദനം വേണമെന്നു തന്നെയാണ് സർക്കാർ നിലപാട്. ഇക്കാര്യത്തിൽ ആശങ്കയുള്ളതുകൊണ്ടാണല്ലോ ഉൽപാദനക്ഷമതയ്ക്കും ഉൽപാദനത്തിനും മുൻഗണന കിട്ടിയത്. ഇതു നടപ്പാക്കുന്നതിനു ചെയർമാൻ എന്ന നിലയിൽ ഞാൻ സ്വീകരിച്ച തന്ത്രം മാത്രമാണ് സംസ്ഥാനംതോറുമുള്ള വ്യത്യസ്ത സമീപനങ്ങൾ.

പക്ഷേ മൂന്നു വർഷം കൊണ്ട് ബോർഡിന്റെ ബജറ്റ് വിഹിതം ഗണ്യമായി കുറഞ്ഞു. ഓഫിസ് പ്രവർത്തനങ്ങളെയും കൃഷിക്കാർക്കുള്ള ആനുകൂല്യങ്ങളെയും ബാധിക്കുന്ന തലത്തിലേക്ക് കാര്യങ്ങളെത്തി. സമീപനത്തിലുള്ള മാറ്റം തന്നെയല്ലേ ഇത്?

ഓഫിസുകൾ നിർത്തുന്നെന്ന വാർത്ത തെറ്റായിരുന്നു. മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് നിർത്തലാക്കലല്ലല്ലോ. ബജറ്റ് വിഹിതത്തിലെ കുറവ് എല്ലാ ബോർഡുകൾക്കും ഉണ്ടായിട്ടുണ്ട്. റബറിനോടുള്ള സമീപനത്തിലെ മാറ്റം മൂലമല്ല ഇത്. ഫണ്ട് ലഭ്യതയ്ക്കനുസരിച്ച് സ്വയം പുന:ക്രമീകരിക്കാൻ ബോർഡിനു കഴിയണം.

rubber-plantation
ടാപ്പേഴ്സ് ബാങ്ക് വന്നതുകൊണ്ടുമാത്രം നഷ്ടപ്പെട്ട തോട്ടങ്ങൾ തിരിച്ചു പിടിക്കാനാകുമോ. വിലയില്ലാത്തതുകൊണ്ടാണ് ടാപ്പിങ് മുടങ്ങിയതെന്ന സത്യം കാണാതിരിക്കാൻ സാധിക്കുമോ?

റബർതോട്ടങ്ങളിൽ 20 ശതമാനത്തിലേറെ ടാപ്പിങ് മുടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ മറ്റാവശ്യങ്ങൾക്കായി വെട്ടിമാറ്റപ്പെട്ട തോട്ടങ്ങൾ തീരെ കുറവാണ്. ടാപ്പിങ് മുടങ്ങിയ തോട്ടങ്ങളുടെ ഉടമകൾക്ക് ആദായം നേടിക്കൊടുക്കാൻ ടാപ്പേഴ്സ് ബാങ്കുകൾക്കു കഴിഞ്ഞാൽ അവിടെ ഉൽപാദനം പുനരാരംഭിക്കും. പ്രത്യേകം ഒരാളെ നിയോഗിച്ച് കൂലി നൽകാനുള്ള വരുമാനവും സാഹചര്യവും ഇല്ലാത്തതുകൊണ്ടാണ് പലരും ടാപ്പിങ് മുടക്കുന്നത്. ഇത്തരം തോട്ടങ്ങൾ ആർപിഎസുകളിലൂടെ ഏറ്റെടുത്ത് ടാപ്പ് ചെയ്യുകയും വരുമാനം കൃഷിക്കാരനു കൈമാറുകയും ചെയ്യുന്ന സംവിധാനമാണ് വരുന്നത്. ടാപ്പിങ് മുടങ്ങി വരുമാനമില്ലാതെ കിടക്കുന്ന തോട്ടങ്ങളുടെ ഉടമകൾക്ക് ഈ രീതി സ്വീകാര്യമാവാതിരിക്കാൻ കാരണമൊന്നും കാണുന്നില്ല. മാറുന്ന സാഹചര്യങ്ങൾക്കനുസൃതമായി കൃഷിരീതികളിൽ മാറ്റം വരുത്താതിരുന്നതാണ് കേരളത്തിലെ റബർകൃഷിക്കു വിനയായത്.

റബർകൃഷിക്കാരെ ഇങ്ങനൊരു മാറ്റത്തിലേക്കു നേരത്തേ തന്നെ കൊണ്ടുവരേണ്ടിയിരുന്നത് ബോർഡിന്റെ കൂടി ചുമതലയായിരുന്നില്ലേ?

ചില അടിസ്ഥാനപ്രശ്നങ്ങൾ ഇതിനു പിന്നിലുണ്ട്. സബ്സിഡി വിതരണത്തിനുള്ള ഭരണസംവിധാനമായി ബോർഡ് മാറിയതാണ് പ്രധാന കാരണം. ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകളിൽപോലും ഇത് പ്രകടമാണ്. സബ്സിഡി ഇൻസ്പെക്ഷനുകൾ മാത്രമായിരുന്നു പലരുടെയും മുഖ്യപ്രവർത്തനം. സ്വന്തം മേഖലയിൽ വിതരണം ചെയ്ത സബ്സിഡി തുകയുടെ വിശദാംശങ്ങളും അതു സംബന്ധിച്ച രേഖകളും അവരുടെ പക്കലുണ്ടാവും. എന്നാൽ അവിടുത്തെ ഉൽപാദനവും ഉൽപാദനക്ഷമതയും എത്രയെന്നു നിശ്ചയമുണ്ടാവില്ല. അതുകൊണ്ടു തന്നെ സബ്സിഡി വിതരണ സ്ഥാപനമായി കൃഷിക്കാർ ബോർഡിനെ കണ്ടു. ഇതു മാറി ആദായകരമായി റബർകൃഷി നടത്താനുള്ള നൈപുണ്യം പകർന്നു നൽകുന്ന കേന്ദ്രങ്ങളായി ആർപിഎസുകളെയും ബോർഡിനെ തന്നെയും ഉയർത്താനായിരിക്കും ഇനി ശ്രമിക്കുക.

പുതുക്കൃഷിക്കും ആവർത്തനക്കൃഷിക്കും നൽകിവന്ന സബ്സിഡി തുടരുമോ. വർധിപ്പിക്കാൻ സാധ്യതയുണ്ടോ?

കേന്ദസർക്കാർ കൂടുതൽ ഫണ്ട് തന്നാൽ മാത്രമേ ഇനി സബ്സിഡി നൽകാനാവൂ. ഇതിനു ശുപാർശ നൽകിയിട്ടുണ്ട്. ഫണ്ട് ചെലവഴിക്കപ്പെടുന്ന മുറയ്ക്ക് സപ്ലിമെന്ററി അനുവദിക്കുമ്പോൾ മാത്രമാണ് ഇനി ഫണ്ട് ലഭിക്കുക. അല്ലാതെ നിവേദനത്തിന്റെ മാത്രം അടിസ്ഥാനത്തിൽ കേന്ദ്രസർക്കാര്‍ അധിക തുക അനുവദിക്കാറില്ല. കുടിശിക വളരെ ചെറിയ തുക മാത്രമാണ്. സബ്സിഡി കൃഷിച്ചെലവിന്റെ ചെറിയ ഒരു ഭാഗം മാത്രമായി കുറഞ്ഞിട്ടു നാളുകളായി. അതു പ്രതീക്ഷിച്ചല്ലല്ലോ ആളുകൾ റബർകൃഷിക്കിറങ്ങുന്നത്. എല്ലാ മേഖലയിലും സബ്സിഡി ഇല്ലാതാവുമ്പോൾ റബറിനു മാത്രമായി സബ്സിഡി വർധിക്കുമോ.

നാമമാത്ര സബ്സിഡി നൽകുന്നതിനു പകരം മറ്റെന്തെങ്കിലും നിർദേശമുണ്ടോ?

പലിശ കുറഞ്ഞ മൃദുവായ്പാ പദ്ധതികളുമായി റബർകൃഷിയെ ബന്ധിപ്പിക്കുകയാണ് ഏറ്റവും ഉചിതമെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ത്രിപുരയിലെ മുഖ്യമന്ത്രിയുമായി ഇങ്ങനെയൊരു ചിന്ത ഞാൻ പങ്കുവയ്ക്കുകയും ചെയ്തു. ഒരു ബിസിനസ് മോഡൽ ഇതിനായി സൃഷ്ടിക്കാമെന്നാണ് ത്രിപുര സർക്കാർ പറഞ്ഞിരിക്കുന്നത്. ഇതിലെ പ്രധാന ഘടകം മൃദുവായ്പകളായിരിക്കും.

റബർ ഗവേഷണകേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും ഫണ്ടില്ലാതെ മരവിച്ചിരിക്കുകയാണെന്നാണ് കേൾക്കുന്നത്?

ഇപ്പോൾ അവരുടെ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ നടക്കുന്നുണ്ട്. അതേസമയം ഗവേഷണ വിഭാഗത്തിന്റെ മുൻഗണനകൾ മാറേണ്ടതുണ്ട്. റബറിന്റെ ചരിത്രപ്രാധാന്യം മുതൽ ജനിതകമാറ്റം വരെ ഗവേഷണ വിഷയമാക്കാം. എന്നാൽ കൃഷിക്കാരനെ കേന്ദ്രീകരിച്ചുള്ള ഗവേഷണമാണ് നമുക്കാവശ്യം. റബർകൃഷി എങ്ങനെ കൂടുതൽ ആദായകരമാക്കാം, രോഗകീടബാധകളുടെ പ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവരും. അങ്ങനെ മാറാൻ ശ്രമിച്ചപ്പോഴാണ് ഇടവിളക്കൃഷി പോലുള്ള ആശയങ്ങൾ ഷെൽഫിൽനിന്നു പുറത്തു വന്നത്.

റബർ ബോർഡിനു കീഴിലുള്ള കമ്പനികളുടെ അവസ്ഥയെന്താണ്. അവ പ്രതിസന്ധിയിലാണോ?

കമ്പനികളുടെ ലാഭക്ഷമത അവയുടെ മാനേജ്മെന്റ് മികവനുസരിച്ചാണ്. വളരെ മികവ് പ്രകടിപ്പിച്ച മണിമലയാർ റബേഴ്സ് പോലുള്ള കമ്പനികൾ നമുക്കുമുണ്ട്. സമാനസാഹചര്യത്തിൽ മോശം പ്രകടനം നടത്തിയവരുമുണ്ട്. നല്ല പ്രകടനം നടത്തിയവർക്ക് പ്രോത്സാഹനം നൽകുകതന്നെ ചെയ്യും. അതേസമയം നഷ്ടത്തിലായവരെ എന്നും ബോർഡ് സംരക്ഷിക്കുമെന്നും പ്രതീക്ഷിക്കരുത്. ഓരോ വർഷവും കോടികൾ ചോദിച്ചു വാങ്ങാമെന്നാണ് അവർ കരുതരുത്. വളരെയധികം പണം ഇത്തരം കമ്പനികൾക്കായി ഇതിനകം ചെലവാക്കിക്കഴിഞ്ഞു. പൊതുവേ ട്രേഡിങ് കമ്പനികളാണ് മികച്ച പ്രകടനം നടത്തിയിരിക്കുന്നത്
.

Tuesday, 15 November 2016

കൃഷിയുടെ സങ്കീർത്തനങ്ങൾ


sisters-with-organic-vegetables
വിപണിയിലേക്ക് അയയ്ക്കാനുള്ള പച്ചക്കറികളുമായി കന്യാസ്ത്രീകൾ...
ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യ ചാക്രിക ലേഖനമായ ലൗദാത്തോസി ലോകമെങ്ങും ചർച്ച ചെയ്യപ്പെട്ടത് അതിലുന്നയിച്ച പരിസ്ഥിതിസംബന്ധമായ ഉൽക്കണ്ഠകളുടെ പേരിലാണ്. ലൗദാത്തോസിയുടെ ആദ്യത്തെ അധ്യായം ചോദിക്കുന്നതിതാണ്, 'നമ്മുടെ പൊതുഭവനത്തിൽ സംഭവിക്കുന്നതെന്ത്?'

എല്ലാ ജീവജാലങ്ങളുടെയും പൊതുഭവനമായ ഭൂമി മനുഷ്യന്റെ ചൂഷണങ്ങൾക്ക് ഇരയാവുന്നതിന്റെ വേദന, ജൈവ വൈവിധ്യങ്ങളുടെ തിരോധാനം മുതൽ കാലാവസ്ഥാവ്യതിയാനമുൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ, മനുഷ്യന്റെ പരിധിയില്ലാത്ത ഉപഭോഗതൃഷ്ണ... ഇങ്ങനെ ലൗദാത്തോസി ചർച്ച ചെയ്തതെല്ലാം മനുഷ്യനെ ആത്മപരിശോധനയ്ക്കു പ്രേരിപ്പിക്കുന്ന വിഷയങ്ങൾ.

‌കേരളത്തിൽ ഒട്ടേറെ പള്ളികളും ആത്മീയസ്ഥാപനങ്ങളും മാർപാപ്പയുടെ ആശങ്കകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് ജൈവകൃഷിയിലൂടെയാണ്. കത്തോലിക്കാസഭയിലെ സന്യാസിനി സമൂഹമായ സിഎംസിയുടെ അങ്കമാലി മേരിമാതാ പ്രൊവിൻ‍സാകട്ടെ, തങ്ങളുടെ ജൈവകൃഷി അടുക്കളത്തോട്ടത്തിലൊതുങ്ങിയാൽ പോരെന്നും തീരുമാനിച്ചു. സിഎംസിയുടെ അങ്കമാലി മൂക്കന്നൂർ അട്ടാറയിലുള്ള ആവിലഭവനിൽ ചെന്നാൽ കാണാം ഒമ്പതേക്കർ കോൺവന്റ് വളപ്പിലെ വമ്പൻകൃഷി. ജീവാമൃതത്തിന്റെയും പഞ്ചഗവ്യത്തിന്റെയും കരുത്ത‍ിൽ വിളയുന്ന മത്തനും കുമ്പളവും അച്ചിങ്ങയും വെണ്ടയ്ക്കയും വെള്ളരിക്കയും. കണ്ടുമടങ്ങുമ്പോൾ കയ്യിൽ കരുതാം, സമ്പൂർണ ജൈവകൃഷിയുടെ വിശുദ്ധ ഫലങ്ങൾ.

ജൂലൈയിൽ വിത്തിട്ട പച്ചക്കറിക്കൃഷിയുടെ ആദ്യ വിളവെടുപ്പ് ഇക്കഴിഞ്ഞ ഓണത്തിന് നടത്തിയപ്പോൾ ഓണച്ചന്തയിലേക്ക് ആവിലഭവൻ അയച്ചത് രണ്ടു ടണ്ണിലേറെ പച്ചക്കറി. സെപ്റ്റംബർ അവസാന ആഴ്ചയിലെത്തിയപ്പോഴേക്കും ഉൽപാദനം അഞ്ച് ടൺ പിന്നിട്ടു. വെച്ചൂർ പശുവിനെ വാങ്ങി വളർത്തി അതിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് ജൈവവളങ്ങളും ജൈവകീടനാശിനികളുമെല്ലാം കോൺവന്റിൽ തന്നെ തയാർ ചെയ്താണ് കൃഷി. ജൈവകൃഷി ചെയ്യുന്ന മറ്റു മഠങ്ങൾക്ക് ന്യായവിലയ്ക്ക് അവ വിൽക്കുന്നുമുണ്ട്.

ഓണത്തിന് മോശമല്ലാത്ത വില ലഭിച്ചെങ്കിലും കൃഷി കടുപ്പം തന്നെയെന്ന് സന്യാസിനികൾ. ഉൽപാദനം മുതൽ വിപണന‍ം വരെ എന്തൊക്കെ പ്രതിസന്ധികളാണ് നമ്മുടെ കർഷകർ നേരിടുന്നതെന്നു മനസ്സിലായെന്നു കൃഷിക്കു നേതൃത്വം നൽകുന്ന സിസ്റ്റർ ലിസെറ്റ് പറയുന്നു.

''സഭയുടെ സ്ഥാപനങ്ങൾ, കോൺവന്റുകൾ എന്നിവിടങ്ങളിൽ നിത്യേന പച്ചക്കറി വേണം. അതുകൊണ്ടു വിപണനത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നില്ല. പക്ഷേ ഓണക്കാലത്ത് ഉൽപാദനം വർധിച്ചപ്പോൾ ശരിക്കും വെള്ളം കുടിച്ചു. കച്ചവടക്കാരെ പലരെയും വിളിച്ചു. പലരും പറഞ്ഞ വിലയും കൃഷിച്ചെലവും തമ്മിൽ കൂട്ടിമുട്ടിയില്ല. ജൈവകൃഷിക്കു ചെലവു കൂടും. പക്ഷേ ജൈവോൽപന്നങ്ങൾക്കു പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ല. തൃക്കാക്കര ഭാരത മാതാ പോലുള്ള കലാലയങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ഓണത്തിനു പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്താണ് വിപണി കണ്ടെത്തിയത്. സ്ഥിരം വിപണിയുടെ പിൻബലം കുറെയൊക്കെ ഞങ്ങൾക്കുണ്ടെങ്കിൽ അതില്ലാത്ത സാധാരണ കർഷകർ എത്ര ബുദ്ധിമുട്ടുന്നുണ്ടാവും. ഉൽപാദനമല്ല, വിപണനം തന്നെയാണ് കർഷകർ നേരിടുന്ന വെല്ലുവിളി.'' സിസ്റ്റർ ലിസെറ്റും സഹസന്യാസിനിമാരും കൃഷിക്കാരുടെ ആശങ്കകളിൽ പങ്കുചേരുന്നു.

ഫോൺ: 04842-451535

 

Monday, 14 November 2016

ഫാമിങ് കളേഴ്സ്


jim-and-akash
ജിമ്മും ആകാശും...

കണ്ണൂരിലെ കർഷക കുടുംബങ്ങളിൽനിന്ന് എൻജിനീയറിംഗ് പഠനത്തിനായി എറണാകുളത്തെത്തിയപ്പോഴാണ് ആകാശിനും ജിമ്മിനും നല്ല ഭക്ഷണത്ത‍ിന്റെ മൂല്യം മനസ്സിലായത്. കാർഷിക പശ്ചാത്തലവും സാങ്കേതികവിദ്യയിലെ സാമർഥ്യവും കൈമുതലായപ്പോൾ വിഷമില്ലാത്ത ഭക്ഷണം ഉൽപാദിപ്പിക്കുന്ന കർഷകർക്ക് സാങ്കേതികവിദ്യയുടെ പിന്തുണ നൽകാമെന്ന് ഇരുവരും ചിന്തിച്ചത് സ്വാഭാവികം. നഗരങ്ങളിലെ ഉപഭോക്താക്കളെയും നാട്ടിൻപുറങ്ങളിലെ ജൈവകർഷകരെയും ബന്ധിപ്പിക്കുന്ന ഫാമിങ് കളേഴ്സ് തുടങ്ങാനിടയായത് അങ്ങനെയാണ്.

വെബ്സൈറ്റിലൂ‌ടെയാണ് ഇവർ ജൈവ പച്ചക്കറികളുടെ ഓൺലൈൻ വ്യാപാരം നടത്തുന്നത്. തൽക്കാലം എറണാകുളം നഗരത്ത‍ിൽ മാത്രമായി പ്രവർത്തനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ആലുവ മുതൽ ഫോർട്ട് കൊച്ചി വരെയുള്ള 184 ഉപഭോക്താക്കളാണ് ആറുമാസം തികയാത്ത ഈ സംരംഭത്തിനുള്ളത്. ഇവർക്കുള്ള ജൈവ പച്ചക്കറികൾ എല്ലാ ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും വീട്ടുപടിക്കലെത്തിക്കുകയാണ് ഫാമിങ് കളേഴ്സ് ചെയ്യുന്നത്. ഉപഭോക്താക്കളെ വരിക്കാരായി ചേർക്കുന്ന ബിസിനസ് മാതൃകയാണ് ഇവർ സ്വീകരിച്ചിട്ടുള്ളത്. പ്രതിമാസം രണ്ടായിരം രൂപ മുതൽ 3500 രൂപ വരെയുള്ള എട്ടു സ്ലാബുകളിലാണ് വരിസംഖ്യ നൽകേണ്ടത്. തുകയ്ക്ക് ആനുപാതിക അളവിൽ ജൈവ പച്ചക്കറി ആഴ്ചയിൽ രണ്ടു തവണ വീതം വീട്ടിലെത്തിച്ചു തരും. നിശ്ചിത ദിവസങ്ങളിൽ രാവിലെ ആറ് മുതൽ ഒമ്പതു വരെയാണ് വിതരണം.

വായിക്കാം ഇ - കർഷകശ്രീ

സ്ഥിരമായി പച്ചക്കറി വാങ്ങുന്നതിനു കേരളത്തിലും പുറത്തുമായി 14 ജൈവ‍കൃഷിയിടങ്ങളാണ് ഫാമിങ് കളേഴ്സ് കണ്ടെത്തിയിരിക്കുന്നത്. തുടക്കത്തിൽ ജൈവസാക്ഷ്യപത്രമുള്ള മൂന്ന് ഫാമുകളിൽ നിന്നു മാ‍ത്രമാണ് പച്ചക്കറി വാങ്ങിയിരുന്നത്. ഇപ്പോൾ ജൈവകർഷകരുടെ കൂട്ടായ്മ രൂപീകരിച്ച് അവർക്ക് ജൈവസാക്ഷ്യപത്രം നേടിക്കൊടുക്കുന്നു. രണ്ടു രീതിയിലാണ് സംഭരണം. മുഴുവൻ പച്ചക്കറികളും വാങ്ങുന്ന രീതിയിൽ മുൻകൂട്ടി നിശ്ചയിച്ച വില നൽകുന്നു. കൃഷിക്കാരുമായി ചർച്ച ചെയ‍്താണ് ഈ വില നിശ്ചയിക്കുക. അതേസമയം വേണ്ട പച്ചക്കറികൾ മാത്രം വാങ്ങുമ്പോൾ വില നിശ്ചയിക്കാനുള്ള അധികാരം കൃഷിക്കാർക്കു വിട്ടുകൊടുക്ക‍ും. പൊതുവേ 20–30 ശതമാനം അധിക വില കൃഷിക്കാർക്കു നൽകാൻ കഴിയുന്നുണ്ട്. ഫാമുകളിൽനിന്നു ബസ്സിലും സ്വന്തം വാഹനത്തിലും ജൈവപച്ചക്കറികൾ കാക്കനാട്ടെ പാക്കിങ് കേന്ദ്രത്തിലെത്തിക്കും. അവിടെ തരംതിരിച്ച് കാർഡ്ബോർഡ് പെട്ടികളിലാക്കിയാണ് ഉപഭോക്താക്കൾക്കെത്തിക്കുന്നത്.

ഉയർന്ന വരുമാനമുള്ള കുടുംബങ്ങളായിരുന്നു തുടക്കത്തിൽ ലക്ഷ്യം. എന്നാൽ ഇപ്പോൾ സമൂഹത്തിന്റെ എല്ലാ ശ്രേണികളിൽ നിന്നും ഉപഭോക്താക്കളെ കിട്ടുന്നുണ്ട്.

ഫോൺ – 8891347241, 9745250949

Sunday, 13 November 2016

പ്രതിരോധ കുത്തിവയ്പ് 

പാളുന്നതെങ്ങനെ


cow
കുളമ്പുരോഗം ബാധിച്ച പശു...

നമ്മുടെ തനതു കന്നുകാലി ജനുസുകളുടെ അടിസ്ഥാനഗുണമായിരുന്നു മികച്ച രോഗപ്രതിരോധശേഷി. എന്നാൽ ഉൽപാദനക്ഷമതയേറിയ വിദേശ സങ്കര ജനുസുകൾ പ്രചാരത്തിലായതോടെ കന്നുകാലികളുടെ രോഗപ്രതിരോധശേഷി കുറഞ്ഞു. കാലിവസന്ത, കുളമ്പുരോഗം, അകിടുവീക്കം, അടപ്പൻ, കുരളടപ്പൻ, കരിങ്കാൽരോഗം, ആടുവസന്ത തുടങ്ങിയ രോഗങ്ങൾ മൃഗസംരക്ഷണ മേഖലയിൽ വൻ ഭീഷണി ഉയർത്തി. രോഗങ്ങൾ കാരണമുണ്ടാകുന്ന ജീവനാശം, ഉൽപാദന, പ്രത്യുൽപാദന ക്ഷമതയിലെ കുറവ്, ഉയർന്ന ചികിത്സാച്ചെലവ് തുടങ്ങിയവ ക്ഷീരകർഷകരെയും ദേശീയ സമ്പദ്ഘടനയെപ്പോലും സാരമായി ബാധിച്ചു. ഉദാഹരണത്തിന് കുളമ്പുരോഗം മൂലമുള്ള ശരാശരി വാർഷിക സാമ്പത്തിക നഷ്ടം 20,000 കോടി രൂപയിലധികമാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.

ഈ സാഹചര്യത്തിലാണ് മൃഗാരോഗ്യ– രോഗ നിയന്ത്രണ പദ്ധതിക്കു കേന്ദ്ര കാർഷിക മന്ത്രാലയം രൂപം നൽകിയത്. ഈ പദ്ധതി സമഗ്രവും, ചിട്ടയായും നടപ്പാക്കിയതിനെത്തുടർന്ന് കാലിവസന്ത രോഗം പൂർണമായും നിർമാർജനം ചെയ്യാനായി. ഇതു തുടർപ്രവർത്തനങ്ങൾക്ക് വലിയ ഊർജമാണ് പകർന്നത്. മുഖ്യമായും സമ്പൂർണ പ്രതിരോധ കുത്തിവയ്പിലൂടെയാണ് കാലിവസന്ത നിർമാർജനം എന്ന ലക്ഷ്യം സാധിച്ചത്.

തുടർന്നാണ് കുളമ്പുരോഗ നിയന്ത്രണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ 2004–ൽ ദേശീയ ക്ഷീരവികസന ബോർഡുമായി സഹകരിച്ച് ഗോരക്ഷാ പദ്ധതിക്കു തുടക്കമിട്ടത്. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകൾ, വിവിധ സർക്കാർ സംവിധാനങ്ങൾ എന്നിവ ഏകോപിപ്പിച്ചു നടപ്പാക്കുന്ന ഊർജിത പ്രതിരോധ കുത്തിവയ്പു പരിപാടിയാണ് ഇത്. അതിർത്തികളിൽ ചെക്പോസ്റ്റ് സ്ഥാപിച്ച് സംസ്ഥാനത്തേക്കു കടന്നുവരുന്ന കന്നുകാലികളുടെ ആരോഗ്യ പരിശോധന, അറവുശാലകളിലെ വിദഗ്ധ പരിശോധന, രോഗബാധ വേളയിലെ നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ തുടങ്ങി വിവിധ തലങ്ങളിലാണു ഗോരക്ഷ നടപ്പാക്കിയത്. വാക്സിൻ ഉൽപാദനം മുതൽ കുത്തിവച്ച മൃഗങ്ങളിലെ പ്രതിരോധശേഷി നിർണയം വരെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഗോരക്ഷാ പദ്ധതി നടപ്പാക്കിയത്. തുടർവർഷങ്ങളിൽ രോഗബാധാ നിരക്കിൽ വന്ന ഗണ്യമായ കുറവ് പദ്ധതിയുടെ വിജയം സാക്ഷ്യപ്പെടുത്തുന്നു.

വസ്തുത ഇതാണെങ്കിലും പ്രതിരോധ കുത്തിവയ്പുകളുടെ ഫലപ്രാപ്തിയെയും, അവ കാരണമെന്നു പറയപ്പെടുന്ന പാർശ്വഫലങ്ങളെയും കുറിച്ചു ധാരാളം മിഥ്യാധാരണകൾ കർഷകർക്കിടയിലുണ്ട്. എന്താണ് പ്രതിരോധ വാക്സിൻ എന്നും അവ എങ്ങനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നതെന്നും അറിഞ്ഞാൽ ഈ തെറ്റിദ്ധാരണ മാറും.

എന്താണ് വാക്സിനുകൾ

രോഗകാരിയായ അണുക്കളെ രൂപമാറ്റവും സ്വഭാവമാറ്റവും (രോഗമുണ്ടാക്കുന്ന സ്വഭാവം നശിപ്പിച്ച്) വരുത്തി ആരോഗ്യമുള്ള മൃഗങ്ങളിൽ പ്രവേശിപ്പിച്ച് അവയ്ക്കു രോഗപ്രതിരോധശേഷി നൽകുന്ന പ്രക്രിയയാണ് പ്രതിരോധവൽക്കരണം അല്ലെങ്കിൽ ഇമ്യൂണൈസേഷൻ. വാക്സിനിൽ ഉപയോഗിക്കുന്ന അണുക്കള്‍ രോഗമുണ്ടാക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ ഓരോ ബാച്ച് വാക്സിനും ഉപയോഗിക്കുന്നതിനു മുൻപ് ദീർഘമായ ഗുണനിലവാര, സുരക്ഷാപരിശോധനകളിലൂടെ കടന്നുപോകേണ്ടതുണ്ട്. കുത്തിവയ്പു മരുന്നുകളുടെ ഫലപ്രാപ്തിയെ ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് അവയുടെ സൂക്ഷിപ്പ് അഥവാ കൈകാര്യം ചെയ്യൽ. ഉൽപാദനം മുതൽ ഉപയോഗം വരെ ശീതശൃംഖല (കോള്‍ഡ് ചെയിൻ) കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഓരോ വാക്സിനും നിർദിഷ്ട താപനിലയിൽ മാത്രമേ സൂക്ഷിക്കാവൂ എന്നർഥം. അതുപോലെതന്നെ പ്രധാനമാണ് കുത്തിവയ്ക്കപ്പെടുന്ന മൃഗങ്ങളുടെ പ്രായവും, ആരോഗ്യസ്ഥിതിയും. പൂർണ ആരോഗ്യമുള്ള മൃഗങ്ങളില്‍ മാത്രമേ കുത്തിവയ്പിനു മികച്ച പ്രതികരണം ഉണ്ടാക്കാനാവുകയുള്ളൂ. വിരബാധപോലുള്ള രോഗങ്ങൾ ഇതിനു തടസ്സം നിൽക്കും. അതിനാൽതന്നെ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിന് ഒരാഴ്ച മുൻപ് കന്നുകാലികൾക്കു വിരമരുന്ന് നൽകേണ്ടത് അനിവാര്യം. ഏഴു മാസവും അതിലേറെയും ചെനയുള്ള പശുക്കളെ കുത്തിവയ്പിൽ നിന്ന് ഒഴിവാക്കുകയും വേണം.
cow-immunization

സാമൂഹിക പ്രതിരോധം

പ്രതിരോധ കുത്തിവയ്പുകളുടെ ഫലപ്രാപ്തിക്ക് ഏറെ അത്യന്താപേക്ഷിതമായ മറ്റൊരു ഘടകമാണ് സാമൂഹിക പ്രതിരോധം അഥവാ ഹേർഡ് ഇമ്യൂണിറ്റി. ഒരു പ്രദേശത്തെ 80 ശതമാനമെങ്കിലും മൃഗങ്ങൾക്ക് മതിയായ രോഗപ്രതിരോധശേഷി ഉറപ്പുവരുത്തുന്നതിലൂടെ അവിടെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കാനാവും. രോഗകാരികളായ അണുക്കൾക്ക് ആ സമൂഹത്തിൽ നിലനിൽക്കാനാവാത്ത ഒരു സാഹചര്യം ഇങ്ങനെ സൃഷ്ടിക്കപ്പെടുന്നു.

തെക്കൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ 2007–08, 2013–14 വർഷങ്ങളിലും സാരമായ കുളമ്പുരോഗബാധ ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. തെക്കൻ സംസ്ഥാനങ്ങളിൽ വിശേഷിച്ചും കേരളത്തിൽ അന്തരീക്ഷ ഈർപ്പത്തിന്റെ അളവ് കൂടുതലായതു കൊണ്ട് രോഗാണുക്കൾക്ക് വളരെ വേഗത്തിൽ പടരാൻ സാധിക്കും.

ഗോരക്ഷ പദ്ധതിയുടെ ഭാഗമായി 2004 മുതൽ ഊർജിത കുളമ്പുരോഗപ്രതിരോധ കുത്തിവയ്പു നടത്തുന്നുണ്ടെങ്കിലും കേരളത്തിൽ 2013ൽ ഓഗസ്റ്റ് മുതൽ നവംബർ വരെ വ്യാപകമായി കുളമ്പുരോഗം ഉണ്ടാവുകയും 12 ജില്ലകളിലെ കന്നുകാലികളെ ബാധിക്കുകയും ചെയ്തു. നൂറുകണക്കിനു കന്നുകാലികൾ ചത്തൊടുങ്ങുകയും പാലുൽപാദനം ഗണ്യമായി (70 ശതമാനത്തോളം) കുറയുകയും അതുവഴി വൻ സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്തു. കുളമ്പുദീനം പശു, എരുമ, ആട്, പന്നി, കാട്ടുമൃഗങ്ങൾ, മാൻ, ആന മുതലായവയെ ബാധിച്ചു. കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് എടുക്കാത്ത പശുക്കളെയും പന്നികളെയുമാണ് സാരമായി ബാധിച്ചത്. പക്ഷേ ശാസ്ത്രീയമായി പരിചരിക്കുകയും, കുത്തിവയ്പ് നൽകുകയും ചെയ്യുന്ന, സർക്കാർ ഫാമിലെ കന്നുകാലികളെ രോഗം ബാധിച്ചില്ല.

കുളമ്പുദീനം പശുക്കളിൽ പാലുൽപാദനം കുറയ്ക്കുകയും, കന്നുകുട്ടികളിൽ ഹൃദയ പേശികളെ ബാധിക്കുന്നതിനാൽ മരണം സംഭവിക്കുകയും ചെയ്യുന്നു. എന്നാൽ 2013ലെ രോഗബാധയിൽ പശുക്കളിലും ഉയർന്ന മരണനിരക്കാണുണ്ടായത്. കുളമ്പുദീനം ബാധിച്ച് രോഗപ്രതിരോധശേഷി കുറഞ്ഞപ്പോൾ കുരളടപ്പൻ രോഗത്തിന്റെ അണുക്കൾ ശക്തിപ്രാപിക്കുകയും രോഗമുണ്ടാക്കുകയും ചെയ്തതാണു കാരണം. അതുപോലെതന്നെ അനാപ്ലാസ്മ, തൈലേറിയ എന്നീ രോഗങ്ങളും മൂർച്ഛിച്ചതായി കണ്ടു. 2015ൽ വയനാട് ജില്ലയിൽ നെന്മേനി, നൂൽപ്പുഴ പഞ്ചായത്തുകളിൽ രോഗബാധ ഉണ്ടാവുകയും നൂറോളം പശുക്കളെ ബാധിക്കുകയും പതിനൊന്ന് പശുക്കൾ ചാവുകയും ചെയ്തു.

രോഗ കാരണങ്ങൾ

∙ അയൽ സംസ്ഥാനത്തു നിന്ന് അനിയന്ത്രിതമായി അതിർത്തി ചെക്ക് പോസ്റ്റുകളിലൂടെ കന്നുകാലികളെ കൊണ്ടുവരുന്നത്. കുളമ്പുദീനം ബാധിച്ച കന്നുകാലികളെ അറവുശാലകളിലേക്കു കൊണ്ടുവരുന്നത്. 10 ലക്ഷത്തിലധികം പശുക്കളെയാണ് ഒരു വർഷം അറക്കാൻ വേണ്ടി കേരളത്തിലേക്കു കൊണ്ടുവരുന്നത്.

∙ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ സമയക്രമം കൃത്യമായി പാലിക്കാതിരിക്കുന്നത്. ആറു മാസം ഇടവിട്ട് കുത്തിവയ്പ് നടത്തേണ്ടതാണ്. സ്ഥലത്തെ എൺപതു ശതമാനം കന്നുകാലികളെയും കുത്തിവയ്ക്കാതിരുന്നത്.

∙ അനാപ്ലാസ്മ, തൈലേറിയ രോഗങ്ങൾ, വിവിധ വിരബാധകൾ എന്നിവ സാമൂഹിക പ്രതിരോധശേഷിയെ സാരമായി ബാധിച്ചത്.

∙ പാലുൽപാദനം കുറയുമെന്ന ഭയത്താൽ കുത്തിവയ്പ് എടുക്കാൻ ക്ഷീരകർഷകർ വിസമ്മതിച്ചത്.

∙ സീൽ തുറന്ന വാക്സിൻ തുടർ ദിവസങ്ങളിൽ ഉപയോഗിക്കുന്നത്.

∙ വാക്സിൻ നിർദിഷ്ട താപനിലയിൽ സൂക്ഷിക്കാത്തത്.
23b
സാമൂഹിക പ്രതിരോധശേഷി

കുളമ്പുരോഗ പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ടോ എന്ന് അറിയാൻ സീറം പരിശോധിച്ചപ്പോൾ കേരളത്തിൽ മൊത്തം വേണ്ടത്ര സമൂഹപ്രതിരോധശേഷി കൈവരിച്ചിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നഷ്ടം തടയാൻ

∙ ഉയർന്ന മരണനിരക്ക് തടയാൻ കന്നുകാലികൾക്കു കുരളടപ്പൻ രോഗത്തിനുള്ള രോഗപ്രതിരോധ കുത്തിവയ്പ് എല്ലാ കൊല്ലവും (ഏപ്രിൽ–മേയ് മാസം) നൽകണം.

∙ ശാസ്ത്രീയമായി കൃത്യ അളവിൽ വിരമരുന്ന് നൽകുകയും, ചെള്ള്, പേൻ തുടങ്ങിയവയ്ക്കു മരുന്ന് പ്രയോഗിക്കുകയും ചെയ്യണം.

∙ അയൽ സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്ന കന്നുകാലികളെ ചെക്ക് പോസ്റ്റിൽ മൂന്നാഴ്ച നിരീക്ഷണത്തിൽ നിർത്തണം. രോഗപ്രതിരോധ കുത്തിവയ്പിനു ശേഷം മാത്രമേ കടത്തിവിടാവൂ.

∙ കേരളത്തിലെ പതിന്നാല് ചെക്ക് പോസ്റ്റുകളിലും കന്നുകാലികൾക്ക് നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണം.

∙ വാക്സിന്റെ ഗുണനിലവാരം നിലനിർത്താൻ മികച്ച ശീതീകരണ സംഭരണികൾ അനിവാര്യം.

വിജയകരമായ രോഗപ്രതിരോധം കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ. അതിൽ സാങ്കേതിക വിദഗ്ധരും ശാസ്ത്രജ്ഞരും സന്നദ്ധ സംഘടനകളും കർഷകരും എല്ലാം കൈകോർത്തു നിൽക്കേണ്ടതുണ്ട്. ഗോരക്ഷ, അസ്കാ‍ഡ് തുടങ്ങിയ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പദ്ധതികളും ഇങ്ങനെയാണ് നടപ്പാക്കേണ്ടത്. കുത്തിവയ്പ് ക്യാമ്പുകളുടെ സമയക്രമം മുൻകൂട്ടി മനസ്സിലാക്കി അതിൽ സ്വന്തം ഉരുക്കളെ പങ്കെടുപ്പിക്കുക. അപ്പോൾ നാടിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ആരോഗ്യത്തിനും, ഭക്ഷ്യ സുരക്ഷയ്ക്കുമുള്ള വലിയ പ്രവർത്തനത്തിന്റെ ഭാഗമാകുകയാണ് നമ്മൾ.

വിലാസം: രോഗപ്രതിരോധ വിഭാഗം, കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്, പൂക്കോട്, ലക്കിടി പി.ഒ., വയനാട്.

പ്രകാശം പരത്തുന്ന മുട്ടകൾ


school-students-with-eggs

ഇരുളം ഗവ. ഹൈസ്കൂളിലെ വിദ്യാർഥിനികൾ സ്കൂൾ പൗൾട്രി ക്ളബ് മുഖേന ശേഖരിച്ച മുട്ടകളുമായി....

വയനാട് പൂതാടിയിലെ വിവിധ സ്കൂളുകളിൽ കോഴി വളർത്തലിലൂടെ കൂട്ടികൾ നന്മയുടെ നല്ലപാഠങ്ങൾ രചിക്കുന്നു. മൃഗസംരക്ഷണ വകുപ്പ് സ്കൂളുകളിൽ ആരംഭിച്ച സ്കൂൾ പൗൾട്രിഫാമുകൾ കുട്ടികൾക്ക് പഠനത്തോടൊപ്പം വരുമാന മാർഗവുമാണ്. ഇരുളം മൃഗാശുപത്രി മുഖേന ലഭിച്ച കോഴികളെ വളർത്തി മുട്ട ഉൽപാദിപ്പിക്കുക മാത്രമല്ല ഇവിടെ വിദ്യാർഥികളുടെ ലക്ഷ്യം. വീട്ടാവശ്യത്തിനുള്ള മുട്ടകൾ മാറ്റിവച്ചശേഷം ബാക്കി വരുന്നവ സ്കൂളിലെത്തിച്ച് ആവശ്യക്കാരുടെ കൈകളിലെത്തിക്കാനും ഇവർക്ക് കഴിയുന്നു.

പൂതാടിയിലെ ഇരുളം, വാളവയൽ, അതിരാറ്റുകുന്ന്, വാകേരി എന്നീ സ്കൂളുകളിലെ പൗൾട്രി ക്ലബുകൾ വളരെ സജീവമാണ്. ഇരുളം, വാകേരി സ്കൂളുകളിലെ കുട്ടികൾ ഇക്കൊല്ലത്തെ മുട്ടസംഭരണം ആരംഭിച്ചു. വാകേരി സ്കൂൾ അഞ്ചു വർഷമായും ഇരുളം സ്കൂൾ രണ്ടുവർഷമായും ഈ രംഗത്ത് പ്രവർത്തിക്കുന്നു. ഇരുളത്തെ ഗ്രീൻ എഗ്സ് പദ്ധതിയിലൂടെയാണ് ഇരുളം സ്കൂളിലെ കുട്ടികൾ മുട്ട വിപണിയിലെത്തിക്കുന്നത്. വാകേരി സ്കൂളിലെ മുട്ടകൾ ഗ്രാമപ്രിയ എന്ന പേരിൽ നാല് വർഷമായി വിപണിയിൽ ലഭ്യമാണ്. ജൈവ മുദ്രയോടെയാണ് മുട്ടകൾ മാർക്കറ്റിലെത്തുന്നത്. വയനാടിന് പുറത്തുള്ള മാർക്കറ്റുകളിലേക്കും ഗുണമേന്മയുള്ള പൂതാടി മുട്ടകളെത്തുന്നു.

അടുത്തമാസത്തോടെ അതിരാറ്റുകുന്ന്, വാളവയൽ സ്കൂളുകളിലെ മുട്ടസംഭരണം ആരംഭിക്കും.എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ സ്കൂളിൽ മുട്ടസംഭരണം നടത്തും. ഇവ പൂതാടിയിലെ എഗ്കോസ് സൊസൈറ്റിയിലെ കുടുംബശ്രി അംഗങ്ങൾ പരിശോധിച്ച് മുദ്രണം നടത്തി വിപണനം ചെയ്യും. എല്ലാ ആഴ്ചയിലും മുട്ടവില കുട്ടികളുടെ സഞ്ചയികാ സമ്പാദ്യ പദ്ധതിയിലെത്തും. ഇരുളം മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ: കെ.എസ്. പ്രേമനാണ് മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ പൂതാടിയിൽ പ്രകാശം പരത്തുന്ന ഈ പദ്ധതികളുടെ ചുക്കാൻ പിടിക്കുന്നത്
.

കപ്പളം വിളയും, ടെറസിനു 

മുകളിലും


manju-with-papaya

ടെറസിനു മുകളിലെ കപ്പളത്തിനരികെ മഞ്ജു...
കപ്പളം നിലത്തു മാത്രമല്ല, ടെറസിനു മുകളിലും വിളയുമെന്നു തെളിയിച്ചിരിക്കുകയാണു കോട്ടയം പള്ളിക്കൂടം സ്കൂളിലെ മലയാളം അധ്യാപികയായ മഞ്ജു.

കോട്ടയം മാലം ഗോപുരം വീട്ടിൽ കൃഷ്ണന്റെ ഭാര്യയായ മഞ്ജു ടെറസിനു മുകളിലെ അടുക്കള പച്ചക്കറി തോട്ടത്തിലാണു കപ്പളം കൃഷിചെയ്തു വിളവെടുക്കുന്നത്.
പത്തു വർഷമായി അടുക്കളത്തോട്ട കൃഷി നടത്തുന്ന മഞ്ജു കപ്പളത്തിനു പുറമേ കറ്റാർവാഴ, വെറ്റിലക്കൊടി, കുരുമുളക് എന്നിവയും ടെറസിൽ കൃഷിചെയ്തു നേട്ടം കൊയ്തിട്ടുണ്ട്. കറ്റാർവാഴ അങ്ങാടിക്കടകളിൽ മരുന്ന്‌ ആവശ്യത്തിനായി നൽകുകയും ചെയ്യുന്നു. റെഡ് ലേഡി ഇനത്തിൽപ്പെട്ട കപ്പളത്തിന്റെ തൈ കിട്ടിയതോടെ പരീക്ഷണാടിസ്ഥാനത്തിൽ ടെറസിൽ നടുകയായിരുന്നു. അധികം ഉയരം വരില്ലാത്ത ഇനമായ റെഡ് ലേഡി വേഗത്തിൽ കായ്ക്കുകയും ചെയ്തു. കയ്യെത്തും ഉയരത്തിൽ ഇവ പറിച്ചെടുക്കാം.
manju-with-papaya-tree
ടെറസിനു മുകളിലെ കപ്പളത്തിനരികെ മഞ്ജു...
ഇതിനൊപ്പം നാടൻ കപ്പളവും ടെറസിൽ‌ കൃഷിചെയ്തു വിളവെടുക്കുന്നു. ടെറസിനു മുകളിൽ ഷീറ്റ് വിരിച്ചശേഷം മണ്ണിട്ടാണു പച്ചക്കറികളുൾപ്പെടെ ജൈവകൃഷി മഞ്ജു നടത്തുന്നത്.

ഹൈടെക് അടുക്കളത്തോട്ട നിർമ്മാണവും പരിപാലനവും ഏകദിന പരിശീലന പരിപാടി


tomato-vegetable

കൊല്ലം മുഴുവൻ വീട്ടാവശ്യത്തിന് പച്ചക്കറി ഉണ്ടാക്കുവാൻ ഉപയുക്തമായ രീതിയിൽ 10 m2ന്റ‍േയും 20 m2ന്റേയും പോളിഹൗസുകൾ ഹൈടെക് റിസർച്ച് സ്റ്റേഷനിൽ രൂപകൽപ്പന ചെയ്തിട്ടുണ്ട്. വലിയ അദ്ധ്വാനമില്ലാതെ എളുപ്പത്തിൽ ചെടികളെ പരിചരിക്കാൻ കഴിയുംവിധമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള Hi-Tech Research and Training Unit, Instructional Farm (ഇൻസ്ട്രക്ഷണൽ ഫാം) വെള്ളാനിക്കരയിൽവച്ച് 2016 November 16ന്, നടത്തുന്ന ഒരു ദിവസത്തെ പരിശീലന പരിപാടിയിൽ 10m2 & 20m2 ഹരിതഗൃഹ ഹൈടെക് അടുക്കളത്തോട്ടത്ത‍ിന്റെ നിർമ്മാണം, മൾട്ടി ടയർ ഗ്രോ ബാഗ് സെറ്റിങ്ങ്, പോട്ടിങ്ങ് മിശ്രിതം ഉണ്ടാക്കുക, വിത്ത് പരിപാലനം, ഹൈടെക് രീതിയിൽ നഴ്സറി ചെടികൾ ഉണ്ടാക്കുന്ന വിധം, വളപ്രയോഗം, ഒരു വീട്ടിലേക്കാവശ്യമായ ചെ‌ടികൾ തിരഞ്ഞെടുക്കൽ രോഗകീടനിയന്ത്രണം, മണ്ണുപരിപാലനം, വിളകളുടെ പരിപാലനം, ജൈവ വളങ്ങളുടേയും കീടനാശിനികളുടേയും നിർമ്മാണം എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുക്കുന്നതായിരിക്കും.

പങ്കെടുക്കുവാൻ താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് 7025498850 എന്ന നമ്പറിൽ ബന്ധപ്പെടുക (9 am - 4 pm).

Friday, 11 November 2016

കറുത്തപൊന്ന് വിളയിക്കുന്നവർ


abraham-black-pepper-farmer

ഏബ്രഹാം നാരംവേലി കുരുമുളക് തോട്ടത്തിൽ...
കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ മലയോരങ്ങളിൽ കറുത്തപൊന്ന് വിളയിക്കുകയാണ് കൂമ്പാറയിലെ ജോസ് കിഴക്കരക്കാട്ടും കുളിരാമുട്ടിയിലെ ഏബ്രഹാം നാരംവേലിയും. ദ്രുതവാട്ടം പോലുള്ള രോഗബാധ പേടിച്ച് പലരും കുരുമുളകിനോട് വിടപറഞ്ഞപ്പോൾ വിപണിയിൽ നല്ലവില ലഭിക്കുന്ന കുരുമുളകിന്റെ പുതു ഇനങ്ങൾ പരീക്ഷിച്ച് വിജയംകൊയ്യുകയാണ് ഈ കർഷകർ...

കുരുമുളക് കർഷകരുടെ പേടിസ്വപ്നം ദ്രുതവാട്ടമായിരുന്നു. പച്ചപ്പിന്റെ നിബിഡ വനംതീർത്ത് തലഉയർത്തി നിന്ന കുരുമുളക് തോട്ടങ്ങൾ പെട്ടെന്ന് തൊട്ടാവാടിയെപ്പോലെ തലതാഴ്ത്തി പിന്നെ ഊർന്ന് വീഴുന്നത് വേദനയോടെ കണ്ടുനിന്നവരായിരുന്നു മലയോരത്തെ കർഷകർ. എന്നാൽ കൃത്യമായ പരിചരണവും നിരന്തരമായ ശ്രദ്ധയുമുണ്ടെങ്കിൽ ഏറെ ആദായവും ദീർഘ വരുമാനവും കുരുമുളക് കൃഷിയിൽനിന്ന് ലഭിക്കുമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കൂടരഞ്ഞി കൂമ്പാറയിലെ ജോസ് കിഴക്കരക്കാട്ടും കുളിരാമുട്ടിയിലെ ഏബ്രഹാം (കുഞ്ഞുമോൻ) നാരംവേലിയും. കറുത്തപൊന്നിന്റെ പ്രസക്തി അറിഞ്ഞ ഇവരുടെ ഹരിതകാന്തി നിറഞ്ഞ കുരുമുളക്തോട്ടം കൃഷിയുടെ അതിജീവനത്തിന്റെ മാതൃകയാണ്. 
black-pepper-farm
കുരുമുളക് തോട്ടം...
∙ കരിമുണ്ടയുടെ അഴക് 
കുളിരാമുട്ടി സ്രാമ്പിക്കലുള്ള രണ്ട് ഏക്കർ കുരുമുളക്തോട്ടം ഏബ്രഹാംനാരംവേലിൽ എന്ന കർഷകന്റെ കാർഷിക വൈഭവത്തിന്റെ ഉദാഹരണമാണ്. കഠിനാധ്വാനവും നിശ്ചയദാർഢ്യവും വിജയം കൊണ്ടുവരുമെന്ന് ഈ കർഷകൻ തന്റെ കൃഷിയിടത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു. വർഷങ്ങൾക്കു മുൻപ് പൂർണമായി നശിച്ച കൊടികൃഷിയെക്കുറിച്ച് ആവലാതിപ്പെടാതെ പുതിയൊരു കൃഷിത്തോട്ടം സ്വന്തം പ്രയത്നത്തിലൂടെ സൃഷ്ടിച്ചെടുക്കുകയായിരുന്നു ഈ കർഷകൻ. എണ്ണൂറോളും കുരുമുളക് ചെടികളാണ് ഇദ്ദേഹത്തിന്റെ തോട്ടത്തിൽ ഉള്ളത്. 
നാല് വർഷം മുൻപ് കൂടരഞ്ഞി കൃഷിഭവനുമായി ബന്ധപ്പെട്ട് സംസ്ഥാന ഹോർട്ടി കൾച്ചർ മിഷനിലെ കുരുമുളക് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുരുമുളക് കൃഷി ആരംഭിച്ചത്. താമസസ്ഥലത്തുനിന്നും ഒന്നര കിലോമീറ്റർ ദൂരെയാണ് ഇദ്ദേഹത്തിന്റെ കൃഷിത്തോട്ടം. മൂന്ന് –നാല് വർഷം പഴക്കമുള്ളതാണ് കൊടികൾ ഏറെയും. കരിമുണ്ട ഇനം കുരുമളക് ആണ് കൃഷിചെയ്യുന്നത്. ഉണങ്ങുമ്പോൾ കൂടുതൽ തൂക്കമുണ്ട് എന്നതാണ് ഈ ഇനം തിരഞ്ഞെടുക്കാൻ കാരണം. 
താങ്ങുമരമായി പ്രധാനമായി ഉപയോഗിക്കുന്നത് മുരിക്ക്, മുരിങ്ങ, ഇലവ്, പ്ലാവ് എന്നിവയാണ്. പൂർണമായി ജൈവരീതിയിൽ പരിചരിക്കുന്ന തോട്ടത്തിൽ ചാണകം കലക്കി പുളിപ്പിച്ച് ഒഴിക്കുകയാണ് ചെയ്യുന്നത്. ഇതിനുവേണ്ടി കൃഷിയിടത്തിലെ തൊഴുത്തിൽ പശുക്കളെ വളർത്തുന്നു. ഭാര്യ ഷാലിയുടെ പ്രോത്സാഹനവും കൃഷിക്ക് പ്രയോജനപ്പെടുന്നു. കൃഷിയിടത്തിലെ ഒരിഞ്ചുസ്ഥലംപോലും തരിശിടാതെ ഇടവിളയായി ജാതി, കാപ്പി, വാഴ, കപ്പ എന്നിവയും കൃഷിചെയ്തിരിക്കുന്നു. വിവരങ്ങൾക്ക് ഫോൺ: 9846022040 
∙ പന്നിയൂരിന്റെ കരുത്ത് 
jose-black-pepper-farmer
ജോസ് കിഴക്കരക്കാട്ട് കുരുമുളക് തോട്ടത്തിൽ...
കൂമ്പാറ അങ്ങാടിയുടെ സമീപത്തുള്ള മൂന്ന് ഏക്കർ കുരുമുളക് തോട്ടത്തിൽ പച്ചപ്പിന്റെ കരുത്താണ്. ഇത് പന്നിയൂർ –1 ഇനം കുരുമളക് ചെടിയുടെ പ്രത്യേകതയാണെന്ന് ജോസ് കിഴക്കരക്കാട്ട് പറയുന്നു. പതിനഞ്ച് വർഷമായി ഇദ്ദേഹത്തിന്റെ കുരുമളക് തോട്ടം പ്രസരിപ്പോടെ നിൽക്കുന്നു. ദ്രുതവാട്ടം ബാധിക്കാത്ത തോട്ടത്തെ ഏറെകാര്യക്ഷമമായി ആണ് ഈ കർഷകൻ പരിപാലിക്കുന്നത്. രോഗങ്ങളിൽ നിന്നും കീടാക്രമണങ്ങളിൽ നിന്നും തോട്ടത്തെ സംരക്ഷിക്കാൻ ഇദ്ദേഹത്തിന് തനതായ മാതൃകയുണ്ട്. തേനരുവി എസ്റ്റേറ്റിൽനിന്ന് കൊണ്ടുവന്ന വള്ളികളാണ് കൃഷിചെയ്തത്. 
പ്രധാന ഇനം പന്നിയൂർ ആണെങ്കിലും കുറെസ്ഥലത്ത് കരിമുണ്ടയും ഉണ്ട്. ജൂൺ–ജൂലൈ മാസങ്ങളിലായി രണ്ട് തവണ ബോർഡോ മിശ്രിതം ചെടികളിൽ അടിക്കും. ഓരോവർഷവും അൻപതോളം ചെടികൾ പുതിയായി കൃഷിചെയ്യും. പ്രധാനവളമായി ഉപയോഗിക്കുന്നത് ചാണകമാണ്. ഇതിനുവേണ്ടി കാലികളെ വളർത്തുന്നു. കൂടുതൽ കൊടികളും തെങ്ങിലാണ് വളർത്തിയെടുത്തിരിക്കുന്നത്. അതിനാൽ നല്ല ഉയരമുള്ള തോട്ടമാണ്. കൊടിയുടെ ചുവട് ഇളക്കാതെയാണ് വളപ്രയോഗം. ജാതി, തിപ്പലി, കപ്പ, ചേന, മഞ്ഞൾ, ഇഞ്ചി എന്നിവയും ഇടവിളയായി കൃഷിചെയ്യുന്നു. പ്രധാനകൃഷികളെല്ലാം സ്വന്തമായി ആണ് ചെയ്യുന്നത്. ഭാര്യ ഗ്രേസിയുടെ പിന്തുണയും പ്രോത്സാഹനവും കൃഷിക്ക് കരുത്ത് പകരുന്നു. വിവരങ്ങൾക്ക് ഫോൺ 9446163898.
മികച്ച വില ലഭിക്കുന്നു എന്നതും കുരുമളകിന്റെ ഉപയോഗം കൂടിവരുന്നു എന്നതും ഈ കൃഷിയെ കൂടുതൽ ആകർഷകമാക്കുന്നതായി കർഷകർ പറയുന്നു. കുടിയേറ്റ മേഖലയിലെ ആദ്യകാലഘട്ടങ്ങളിലെ പ്രധാന വിള കുരുമുളകായിരുന്നു. എന്നാൽ രോഗബാധ വ്യാപകമായപ്പോൾ മറ്റ് മേഖലകളിലേക്ക് കർഷകർ മാറുകയായിരുന്നു. എന്നാൽ റബറും തെങ്ങുമെല്ലാം നഷ്ടക്കണക്കായപ്പോൾ വീണ്ടും കുരുമുളക് മലയോരത്ത് വേരുപാകുകയാണ്
.