Tuesday, 1 November 2016

തെങ്ങുകയറ്റക്കാരൻ നാട്ടിലെ താരം


coconut climber


കാൽ നൂറ്റാണ്ടു മുൻപു കേന്ദ്രത്തിൽ നിന്നു യശ്വന്ത് സഹായി ഇവിടെ വന്നു നാരിയൽ കാ പാനി ചോദിച്ചപ്പോൾ എന്തുചെയ്തു..? സംഭവം പിടികിട്ടാൻ സ്വൽപം പാടുപെട്ടെങ്കിലും മനസ്സിലായ ഉടൻ ഓടിപ്പോയി തെങ്ങിൽ കയറി കരിക്ക് ഇട്ടുകൊണ്ടുവന്നു. അതിലെന്താണു ഹേ... എന്നു ചോദിച്ചാൽ ഇതാണ് ഉത്തരം– അന്ന് അവിടെ നിന്നവരിൽ ഭൂരിഭാഗം പേർക്കും തെങ്ങിൽ കയറാൻ അറിയാമായിരുന്നു. ഇനി അങ്ങോട്ടൊരു ചോദ്യം – ഇപ്പോൾ നമ്മുടെ നാട്ടിൽ എത്രപേർക്കു തെങ്ങിൽ കയറാൻ അറിയാം?

മലയാള അക്ഷരങ്ങൾ മുഴുവൻ തെറ്റില്ലാതെ എഴുതാൻ അറിയാവുന്നവരുടെ എണ്ണം പോലെ തെങ്ങുകയറ്റക്കാരുടെ എണ്ണവും കുറഞ്ഞുകുറഞ്ഞു വരികയാണ്. കാൽനൂറ്റാണ്ടിനിടെ നാം കണ്ട മാറ്റങ്ങളിൽ ഇതും കൽപവൃക്ഷം പോലെ തന്നെ സുപ്രധാനം.

മറുനാട്ടിൽ പോയി ഈന്തപ്പനയിൽ വലിഞ്ഞു കയറാം, അഞ്ഞൂറും ആയിരവും അടി ഉയരമുള്ള കെട്ടിടങ്ങളിൽ ഒരു സുരക്ഷാ മുൻകരുതലും ഇല്ലാതെ ചാടിക്കയറാം, മാനം മുട്ടുന്ന ടവറുകളിൽ ജീവൻ കയ്യിൽപിടിച്ച് അഭ്യാസം കാണിക്കാം– പക്ഷേ, തെങ്ങ് കണ്ടാൽ ങേ ഹേ...

എന്നിട്ടിപ്പോ എന്തായി, ‘മാറുന്ന കേരള’ത്തിൽ തെങ്ങുകയറ്റക്കാരൻ വിവിഐപിയായി. അവനുവേണ്ടി പിടിച്ചുപറിയായി. മൂന്നും നാലും മാസത്തേക്കു ഡേറ്റ് ഇല്ലാത്ത തെങ്ങുകയറ്റക്കാർ വരെയുണ്ടത്രെ നാട്ടിൽ. വിസിറ്റിങ് കാർഡും രണ്ടു മൊബൈൽ ഫോണും ഡേറ്റ് എഴുതി വയ്ക്കാൻ ഡയറിയും (മൊബൈലിൽ റിമൈൻഡർ വച്ചിരുന്നാൽ അത്ര സെറ്റപ്പാവില്ലെന്ന് അനുഭവസ്ഥർ) ഉണ്ട് ഇപ്പോൾ തെങ്ങുകയറ്റക്കാരന്. ആ ഡേറ്റ് നോക്കിയാണ് ഏതു കൊമ്പത്തെ ഉദ്യോഗസ്ഥനായാലും ലീവ് എടുക്കുന്നത്.. അതേതായാലും കൊള്ളാം, തെങ്ങുകയറ്റം കുറഞ്ഞ ജോലിയാണെന്ന തെറ്റിദ്ധാരണ മാറാൻ ഇതൊക്കെ സഹായിക്കട്ടെ.

coconut-tree-climber-visiting-card

പ്രതിഫലവും കൊന്നത്തെങ്ങോളം ഉയരത്തിൽ കുതിച്ചു കയറി. നാട്ടിൽ നല്ലൊരു തെകയറ്റക്കാരൻ മാസം അരലക്ഷം വരെ സമ്പാദിക്കുന്നുണ്ടത്രെ. വലിയ തോട്ടങ്ങളിലെ തെങ്ങുകയറ്റക്കാർക്കു മെഡിക്കൽ ഇൻഷുറൻസും വിദേശയാത്രയും വരെയുള്ള ആകർഷകമായ പാക്കേജ് ആണ് വാഗ്ദാനം ചെയ്യുന്നത്.

പറയുമ്പോൾ തോന്നും നമ്മുടെ ചില നേതാക്കൾ തള്ളുന്നതുപോലെ വെറുതെ തള്ളാണെന്ന്– എന്നാൽ ഈ വാർത്ത നോക്കൂ– നാളികേര വികസന ബോർഡിന്റെ കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതിപ്രകാരം തെങ്ങുകയറ്റക്കാർക്ക് രണ്ടു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണു പദ്ധതി. പിന്നെ പദ്ധതിയുടെ വിശദാംശങ്ങളും... ഇത്രയൊക്കെയായിട്ടും അഞ്ചാറു കൊല്ലംകൊണ്ട് സപ്ലിയും കിപ്ലിയുമൊക്കായി ബിടെക് കഷ്ടിച്ചു പാസായി, പണിയൊന്നുമില്ലാതെ തെക്കുവടക്കു നടക്കുന്നവനും തെങ്ങുകയറ്റക്കാരനെ കാണുമ്പോൾ പുച്ഛമാണ്. പക്ഷേ അവന്റെ വരുമാനം കാണുമ്പോൾ പഠിപ്പിസ്റ്റിന്റെയൊക്കെ കണ്ണു പുറത്തേക്കു തള്ളി വരും...അങ്ങനെയെങ്കിലും ഏതു ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്നു നാം തിരിച്ചറിഞ്ഞെങ്കിൽ!

തെങ്ങുകയറ്റം പഠിപ്പിക്കുന്ന കൂട്ടായ്മകൾ അഥവാ കോളജുകൾ നാടുനീളെ മുളച്ചുപൊന്തുന്നതും ഇതോടു ചേർത്തുവായിക്കാം. രണ്ടു പതിറ്റാണ്ടു മുൻപു തന്നെ കോഴിക്കോട്ട് രാമദാസ് വൈദ്യർ തെങ്ങുകയറ്റ കോളജ് തുടങ്ങിയരുന്നു. അന്ന് അവിടെ കോഴ്സ് ഉദ്ഘാടനത്തിന് എത്തിയ അന്നത്തെ കലക്ടർ യു.കെ.എസ്. ചൗഹാൻ, ഔദ്യോഗിക പരിവേഷം അഴിച്ചുവച്ചു തളപ്പിട്ട് തെങ്ങിൽ വലിഞ്ഞു കയറിയതു വലിയ സംഭവമായിരുന്നല്ലോ...

തെങ്ങുകയറാനുള്ള മടിക്കൊപ്പം ശാസ്ത്രവും വളർന്നു. ഇന്നിപ്പോൾ കയറാതെ തന്നെ നിലത്തു നിന്നു തേങ്ങ പറിച്ചെടുക്കാവുന്നത്ര പൊക്കം കുറഞ്ഞ തെങ്ങിൻ തൈകൾ വ്യാപകമായി. മലേഷ്യൻ കുള്ളൻ എന്ന, മൂന്നോ നാലോ അടി മാത്രം പൊക്കമുള്ള കുഞ്ഞൻ തെങ്ങ് തെക്കൻ കേരളത്തിൽ വ്യാപകമായി. അവന്റെ ചേട്ടനുണ്ട്– പത്തടി വരെ പൊക്കത്തിൽ ഇളംകാറ്റിലാടുന്ന തേങ്ങാക്കുലകളുമായി മുറ്റത്തും പറമ്പിലും പരിലസിക്കും. ഒരു ചെറിയ കമ്പുകൊണ്ടു തേങ്ങ കുത്തി താഴെയിടാം.

തെങ്ങുചെത്തുന്നവർക്ക് തെങ്ങിൽ കയറാൻ പല സൂത്രങ്ങളുണ്ടായിരുന്നു– മുളയുടെ ഏണി തെങ്ങിൽ ചേർത്തു കെട്ടും, അല്ലെങ്കിൽ ചവിട്ടി കയറാൻ പാകത്തിൽ ചകിരി തെങ്ങിനോടു ചേർത്തു കെട്ടിവയ്ക്കും, അതുമല്ലെങ്കിൽ തെങ്ങിൻ തടിയിൽ പൊഴികളുണ്ടാക്കും. കുഞ്ഞൻ തെങ്ങുകൾ വന്നതിൽപ്പിന്നെ അതിന്റെയും ആവശ്യമില്ലാതെയായി. അതു മാത്രമല്ലല്ലോ, സ്ത്രീകൾക്കുപോലും എളുപ്പത്തിൽ തെങ്ങിൽ കയറാൻ പാകത്തിനു വിവിധ യന്ത്രങ്ങളും ഇപ്പോൾ നിലവിലുണ്ടല്ലോ.

നമ്മുടെ നാട് കടപ്പെട്ടിരിക്കുന്ന ആ പേര് – കേരം. ഇപ്പോൾ ഇതു പറഞ്ഞാൽ ന്യൂജൻ പിള്ളേര് ചോദിക്കും അതെന്തു കുന്തമാ എന്ന്. അതും മാറുന്ന കേരളത്തിന്റെ മാറുന്ന മുഖം. മാറ്റങ്ങൾ നല്ലതാണെങ്കിലും ചിലത് വേണോ എന്നു ചിന്തിക്കാം. മണ്ണും മരവും മറന്നാൽ ജീവിതം മണ്ഡരി പിടിച്ച തെങ്ങിൽ തലപോലെയാകുമെന്നും മറക്കാതിരിക്കാം.

No comments:

Post a Comment