Friday, 4 November 2016

വഴി തുറന്നപ്പോൾ വരുമാനം


vijayaraj-with-kada-quail

തിരുവനന്തപുരം ജില്ലയിലെ വെള്ളറട അഞ്ചുമരംകാല നന്ദുഭവനില്‍ വിജയരാജിന്റെ മനസ്സിൽ കൃഷിയും കാർഷിക സംരംഭങ്ങളും ആലോചനാവിഷയങ്ങളേ ആയിരുന്നില്ല. തടിയിൽ കൊത്തുപണികൾ നടത്തുന്നതിലൂടെ ലഭിക്കുന്ന തെറ്റില്ലാത്ത വരുമാനമായിരുന്നു ഈ ചെറുപ്പക്കാരന്റെ ഉപജീവനമാർഗം.

വീട്ടിലേക്കു കടന്നുവരാൻ വിശാലമായൊരു വഴി, അതായിരുന്നു വിജയരാജിന്റെ ചിന്തകളിലത്രയും നിറഞ്ഞു നിന്നിരുന്നത്. വീടിനോടു ചേർന്ന് രണ്ടു കൊല്ലം മുമ്പ് എട്ടു സെന്റ് സ്ഥലം ഒത്തു കിട്ടിയപ്പോൾ വാങ്ങി വിശാലമായ വഴി വെട്ടുകയും ചെയ്തു. വഴിക്കുള്ളതു കഴിഞ്ഞ് ബാക്കിയുള്ള സ്ഥലം ലാഭത്തിൽ വിറ്റ് റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഹരിശ്രീ കുറിക്കാം എന്നൊരു പൊടിമോഹവും മനസ്സിലുണ്ടായിരുന്നു. എന്നാൽ രണ്ടു വർഷത്തിനിടയിൽ അപ്രതീക്ഷിതമായി സ്ഥലത്തിന്റെ വിലയിടിഞ്ഞു. മറിച്ചു വിൽപന നഷ്ടമാകുമെന്ന് ഉറപ്പായി.

കൃഷിയെക്കുറിച്ചുള്ള ചിന്ത വിജയരാജിന്റെ മനസ്സിൽ ഉദിക്കുന്നത് ഇക്കാലത്താണ്. ബ്രോയിലർ കാടകളെ വളർത്തി വിറ്റാൽ നല്ല ലാഭം ലഭിക്കും, കോഴിവളർത്തലിനെ അപേക്ഷിച്ചു കാടവളർത്തലിന് കുറച്ചു സ്ഥലം മതി. ആരോ പങ്കുവച്ച ഈ ആശയം വിജയരാജിനെ വഴിയോടു ചേർന്ന് കാടക്കൂട് ഒരുക്കുന്നതിലെത്തിച്ചു. സംരംഭത്തിനിറങ്ങിയപ്പോൾ, ബ്രോയിലർ കാടകളെക്കാൾ ലാഭം മുട്ടക്കാടകളെ വളർത്തി നാലാഴ്ച പ്രായമാവുമ്പോൾ വിൽക്കുന്നതാണെന്നു മനസ്സിലായി. കുടപ്പനക്കുന്ന് ഫാമിൽ നിന്നു ശാസ്ത്രീയ പരിശീലനവും നേടി.

കാടയും ഇൻക്യുബേറ്ററും

കാടവളർത്തൽ ലാഭകരമാണെന്നു മനസ്സിലായതോടെ മുട്ട വിരിയിച്ചു കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ ചെറിയൊരു ഇൻക്യുബേറ്റർ വാങ്ങിയെങ്കിലും അതിന്റെ പ്രകടനം തൃപ്തികരമായിരുന്നില്ല. അതിനാൽ വിജയകുമാറിന്റെ കൊത്തുപണിബുദ്ധി സ്വന്തമായൊരു ഇൻക്യുബേറ്റർ വികസിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു. തന്റെ പക്കലുള്ള ഇൻക്യുബേറ്റര്‍ അഴിച്ച് നിർമാണരീതി മനസ്സിലാക്കി. പരീക്ഷണ, നിരീക്ഷണങ്ങൾക്കുശേഷം ഒരു ഇൻക്യുബേറ്റർ വിജയകരമായി നിർമിച്ചു. ആയിരക്കണക്കിനു മുട്ടകള്‍ ഒരേ സമയം വിരിയിച്ചെടുക്കാവുന്നതും മാർക്കറ്റിൽ ലഭിക്കുന്നവയുടെ ന്യൂനതകളൊന്നും ഇല്ലാത്തതുമായിരുന്നു അത്.

വായിക്കാം ഇ - കർഷകശ്രീ

മുട്ടയ്ക്കു ചൂടേൽക്കുന്നതിനായി ഇൻക്യുബേറ്ററിനുള്ളിൽ ക്രമീകരിക്കുന്ന ബൾബിന്റെ പ്രകാശം മുട്ടയുടെ വിരിയലിനെ ബാധിക്കുന്നുണ്ടെന്ന് വിജയകുമാറിനു ബോധ്യപ്പെട്ടു. മുട്ടയ്ക്കു പ്രകാശം ആവശ്യമില്ല, ചൂടു മാത്രം മതി. അതുകൊണ്ട് പ്രകാശം നേരിട്ടു മുട്ടയിൽ പതിക്കാതെ ആവശ്യത്തിന് ചൂടു ലഭിക്കുന്ന രീതിയിൽ ബൾബ് ക്രമീകരിച്ചു. ചൂട് ആവശ്യത്തിനു ലഭ്യമായാൽ മിക്കവാറും ഇൻക്യുബേറ്ററുകളിലെ ബൾബ് ഓഫാവും. ഒപ്പം ഫാനും. ബൾബിനൊപ്പം ഫാനും ഓഫ് ആകുന്നതു മുട്ട വിരിയലിനെ ബാധിക്കുമെന്ന് വിജയരാജ് നിരീക്ഷിച്ചു. ബൾബ് ഓഫ് ആയാലും ചൂട് ഇൻക്യുബേറ്ററിന്റെ ഉള്ളിൽ എല്ലായിടത്തും എത്തിക്കുന്ന രീതിയിൽ ഫാൻ കറങ്ങിക്കൊണ്ടിരിക്കാനുള്ള സംവിധാനവും വിജയരാജ് സ്വന്തം ഇൻ‌ക്യുബേറ്ററിനുള്ളിൽ ഒരുക്കി.

രണ്ടോ മൂന്നോ ആഴ്ച കൊണ്ട് ബൾബ് ഫ്യൂസായിപ്പോകുന്നതു കടയിൽ നിന്നു വാങ്ങുന്ന ഇൻക്യുബേറ്ററുകളുടെ പതിവു പ്രശ്നമെന്ന് വിജയരാജ്. ബൾബുകൾ സീരിയൽ രീതിയിൽ ക്രമീകരിച്ച് ഇതിനും പരിഹാരം കണ്ടു. അതോടെ നാലാഴ്ച പ്രായമായ കാടക്കുഞ്ഞുങ്ങളെ വിൽക്കുന്നതിനൊപ്പം സ്വന്തം ഇൻക്യുബേറ്ററുകളുടെ വിൽപനയിലേക്കും തിരിഞ്ഞു.

നിയമതടസ്സമില്ല

കോഴിവളർത്തലുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ സ്ഥലത്ത് കൂടുതലെണ്ണത്തിനെ വളർത്താം എന്നതാണു കാടവളർത്തലിന്റെ നേട്ടം. തീറ്റച്ചെലവും രോഗങ്ങളും കുറവ്. ആറാഴ്ച മുതൽ മുട്ട ലഭിക്കും. കാടയൊന്നിൽനിന്ന് വർഷം 250–300 മുട്ടകള്‍.

കാട വളർത്താൻ നിയമപരമായ പ്രശ്നമുണ്ടോ എന്ന സംശയം പലർക്കുമുണ്ട്. ഹാച്ചറികളിൽ ഉൽപാദിപ്പിക്കുന്ന ജപ്പാൻ കാടകളെ വളർത്തുന്നതിനു നിരോധനമില്ല, ധൈര്യമായി തുടങ്ങാം. വീടിനു മുന്നിലെ പുതിയ വഴിയോടു ചേർന്നുള്ള കാടഫാമിൽ നിന്നു കൊണ്ട് വിജയരാജ് യുവാക്കൾക്കു പുതിയ വഴി ചൂണ്ടിക്കാണിക്കുന്നു.

ഫോൺ: 99463 07052

ലേഖകന്റെ വിലാസം: സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ്, കൃഷി വിജ്ഞാന കേന്ദ്രം, മിത്രനികേതൻ, തിരുവനന്തപുരം
.

1 comment: