Wednesday, 2 November 2016

ഓൺലൈനിൽ കൊച്ചിക്കാർക്ക് 

പച്ചമീൻ

fish-pieces

മീൻചന്തയിലെ 'പെടയ്ക്കണമീനേ' ബഹളങ്ങൾക്കു നടുവിൽനിന്ന്, ചീഞ്ഞതാണോ എന്നു ചാഞ്ഞും ചരിഞ്ഞും നോക്കി മീൻ വാങ്ങുന്ന പതിവും മാറുകയാണ്. പകരം, ഓൺലൈൻ ചന്തയിൽ നിന്നു മലയാളി ഇനി മീനും വാങ്ങും.

സമുദ്രോൽപന്ന കയറ്റുമതി രംഗത്തെ മുൻനിര സ്ഥാപനമായ ബേബി മറൈൻ ഗ്രൂപ്പിന്റെ ആഭ്യന്തര വിപണിയിലേക്കുള്ള ആദ്യ ചുവടുവയ്പാണ് 'ഡെയ്‌ലി ഫിഷ്' എന്ന ഓൺലൈൻ മത്സ്യവിപണി. ഓർഡർ ചെയ്താൽ ഒന്നാന്തരം മത്സ്യം റെഡി ടു കുക്ക് (നേരിട്ട കറി വയ്ക്കാവുന്ന) രൂപത്തിൽ വീട്ടുപടിക്കൽ എത്തിച്ചു നൽകുന്ന രീതിക്കു കൊച്ചിയിൽ മികച്ച പ്രതികരണം.
alex-k-thomas
അലക്സ് കെ. തോമസ്...

ഓൺലൈൻ മത്സ്യവിപണി കേരളത്തിൽ ക്ലിക്ക് ചെയ്യും എന്ന കാര്യത്തിൽ ബേബി മറൈൻ സീഫുഡ് റീടെയ്‍ലിന്റെ മാനേജിംഗ് ഡയറക്ടറായ അലക്സ് കെ. തോമസിന് സംശയമേയില്ല. പത്തു വർഷത്തിനുള്ളിൽതന്നെ കേരളത്തിലെ ഗ്രാമ, നഗരങ്ങളിലെല്ലാം റെഡി ടു കുക്ക് പരുവത്തിൽ പായ്ക്കു ചെയ്തെത്തുന്ന മത്സ്യങ്ങൾ ജനപ്രിയമാകുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

''വിസ്തൃതമായ തീരദേശമുള്ളതിനാൽ മത്സ്യസമൃദ്ധമാണ് നമ്മ‍ുടെ നാട്. എവിടെ തിരിഞ്ഞാലും മീൻചന്തയും കച്ചവടക്കാരുമുണ്ട്. ഫ്രഷ് ആയി മത്സ്യം കിട്ടുമ്പോൾ പായ്ക്കറ്റ് മത്സ്യം കേരളത്തിൽ വിറ്റുപോവുമോ എന്നു പലരും സംശയിച്ചേക്കാം. എന്നാൽ ഇത് കേരളത്തിലെ ഉപഭോക്തൃസമൂഹത്തിന്റെ അഭിരുചികളിൽ സംഭവിക്കുന്ന മാറ്റത്തിന്റെ ഭാഗമാണ്.

ഫ്രഷ് പാൽ വാങ്ങാനുള്ളപ്പോൾ പായ്ക്കറ്റ് പാൽ ആരെങ്കിലും വാങ്ങുമോ എന്നു മുമ്പു നാം ചോദിച്ചിരുന്നു. പായ്ക്കറ്റ് വെളിച്ചെണ്ണ വന്നപ്പോഴും സംശയിച്ചു. എന്നാൽ പിന്നീട് സ്ഥിതി മാറി. നല്ല ഉൽപാദകരുടെ, നന്നായി പായ്ക്ക് ചെയ്തെത്തുന്ന ഉൽപന്നങ്ങൾ സുരക്ഷിതമാണെന്ന ചിന്തയും കൈകാര്യം ചെയ്യാനുള്ള എളുപ്പവും പായ്ക്കറ്റ് ഉൽപന്നങ്ങളുടെ സ്വീകാര്യത വർധിപ്പിച്ചു.
fish
ഭക്ഷ്യവിഭവങ്ങൾ റെഡി ടു കുക്ക് രൂപത്തിൽ ലഭ്യമാകുന്നതും ഡോർ ഡെലിവറി സംവിധാനവുമെല്ലാം അടുത്ത ഘട്ടത്തിൽ ജനപ്രീതി നേടി. മത്സ്യവിപണിയിലേക്കു കൂടി ഈ മാ‍റ്റം വരു‍ന്നത് സ്വാഭാവികമാണ്.''

കേരളത്തിലെ ഉപഭോക്താക്കളുടെ വാങ്ങൽശേഷി വർധിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ടുതന്നെ ഗുണമേന്മ തെല്ലും ചോരാത്ത ബ്രാൻഡഡ് ഭക്ഷ്യോൽപന്നങ്ങൾക്ക് ആവശ്യക്കാർ കൂടിയിരിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

''ഒരു മലയാളി വർഷം ശരാശരി 24 കിലോ മത്സ്യം കഴിക്കുന്നുണ്ടെന്നാണ് കണക്ക്. ഏതാണ്ട് 85 ശതമാനം മലയാളികളും മത്സ്യം കഴിക്കുന്നവരാണ്. എന്നാൽ കഴിക്കുന്ന മത്സ്യത്തിന്റെ ഗുണമേന്മയെക്കുറിച്ച് മുമ്പ് അത്രയൊന്നും നാം ചിന്തിച്ചിട്ടില്ല.
fish-online
വിറ്റമിൻ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവകൊണ്ടു സമ്പന്നമായ മത്സ്യം കടലിൽനിന്നു പിടിക്കുന്ന അതേ ക്വാളിറ്റിയോടെ ഉപഭോക്താക്കൾക്കു നൽകുക എന്നതാണ് പ്രധാനം. പിടിക്കുന്നതു മുതൽ ഉപഭോക്താക്കളിലെത്തുന്നതുവരെയുള്ള കോൾഡ് ചെയിൻ സംവിധാനത്തിന്റെ പ്രാധാന്യം ഇവിടെയാണ്.

കടലിൽ നിന്നു പിടിക്കുന്ന മത്സ്യത്തിൽ പുറത്തെ താപനിലയിൽ അതിവേഗം ബാക്ടീരിയകൾ പെരുകും. ഓരോ പതിനഞ്ചു മിനിറ്റിലും അത് ഇരട്ടിയാവും. ഐസ് വിതറിയും വെള്ളംതളിച്ചും വിൽപനയ്ക്കുവച്ചിരിക്കുന്ന മത്സ്യം വാങ്ങിക്കഴിക്കുമ്പോൾ വയറു കേടാവാത്തതുകൊണ്ടു മാത്രം അത് ഫ്രഷ് ആണെന്നു നാം കരുതുന്നു. അതിന്റെ ഗുണമേന്മ വലിയൊരളവിൽ നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് വാസ്തവം.

മത്സ്യത്തിന്റെ ഉള്ളിൽ മൈനസ് 18 ഡിഗ്രി ലഭിക്കത്തക്കവിധം ശീതികരിക്കപ്പെടുമ്പോഴാണ് അത് ഗുണമേന്മ ചോരാതെ സംരക്ഷിക്കപ്പെടുന്നത്. മൈനസ് 40 ഡിഗ്രിയിൽ ശീതികരിക്കുമ്പോൾ ഉള്ളിൽ മൈനസ് 18 ഡിഗ്രി ലഭിക്കുന്നു.'' കടലിൽ നിന്ന് പിടിക്കുമ്പോൾ മുതൽ ഉപഭോക്താക്കളിലെത്തും വരെ ഈ കോൾഡ് ചെയിൻ തങ്ങൾ സംരക്ഷിക്കുന്നുവെന്ന് അലക്സ്.
fish-door-delivery

പടിക്കലെത്തുന്ന പച്ചമീൻ...
രാസപദാർഥങ്ങളോ മറ്റു സംരക്ഷകങ്ങളോ ഒന്നും ചേർക്കാതെ, കയറ്റുമതിയിൽ പാലിക്കുന്ന അതേ ഗുണമേന്മയോടെയാണ് ചെമ്മീൻ, നെയ്മീൻ, ആവോലി, ചെമ്പല്ലി, കരിമീൻ, മത്തി, അയല, കണവ, നത്തോലി തുടങ്ങിയ മത്സ്യങ്ങളും ഞണ്ട്, ലോബ്സ്റ്റർ എന്നിവയും ലഭ്യമാക്കുന്നതെന്ന് അലക്സ് പറയുന്നു.

കൊച്ചിയിൽ ദിവസം മൂന്നു നേരമാണ് ഇപ്പോൾ ഡോർ ഡെലിവറി. വെബ്സൈറ്റ്, കോൾ സെൻറർ, മൊബൈൽ ആപ് എന്നിവ വഴിയാണ് ഓർഡർ സ്വീകരിക്കുന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമിലേക്കും ഇ-വിപണിയിലേക്കുമുള്ള കേരളത്തിലെ കാർഷിക മേഖലയുടെയും ഉപഭോക്താക്കളുടെയും മാറ്റത്തിന്റെ മികച്ച ഉദാഹരണമാണ് ഡെയ്‍ലി ഫിഷ്.

വെബ്സൈറ്റ്: www.dailyfish.in

No comments:

Post a Comment