പ്രകാശം പരത്തുന്ന മുട്ടകൾ

വയനാട് പൂതാടിയിലെ വിവിധ സ്കൂളുകളിൽ കോഴി വളർത്തലിലൂടെ കൂട്ടികൾ നന്മയുടെ നല്ലപാഠങ്ങൾ രചിക്കുന്നു. മൃഗസംരക്ഷണ വകുപ്പ് സ്കൂളുകളിൽ ആരംഭിച്ച സ്കൂൾ പൗൾട്രിഫാമുകൾ കുട്ടികൾക്ക് പഠനത്തോടൊപ്പം വരുമാന മാർഗവുമാണ്. ഇരുളം മൃഗാശുപത്രി മുഖേന ലഭിച്ച കോഴികളെ വളർത്തി മുട്ട ഉൽപാദിപ്പിക്കുക മാത്രമല്ല ഇവിടെ വിദ്യാർഥികളുടെ ലക്ഷ്യം. വീട്ടാവശ്യത്തിനുള്ള മുട്ടകൾ മാറ്റിവച്ചശേഷം ബാക്കി വരുന്നവ സ്കൂളിലെത്തിച്ച് ആവശ്യക്കാരുടെ കൈകളിലെത്തിക്കാനും ഇവർക്ക് കഴിയുന്നു.
പൂതാടിയിലെ ഇരുളം, വാളവയൽ, അതിരാറ്റുകുന്ന്, വാകേരി എന്നീ സ്കൂളുകളിലെ പൗൾട്രി ക്ലബുകൾ വളരെ സജീവമാണ്. ഇരുളം, വാകേരി സ്കൂളുകളിലെ കുട്ടികൾ ഇക്കൊല്ലത്തെ മുട്ടസംഭരണം ആരംഭിച്ചു. വാകേരി സ്കൂൾ അഞ്ചു വർഷമായും ഇരുളം സ്കൂൾ രണ്ടുവർഷമായും ഈ രംഗത്ത് പ്രവർത്തിക്കുന്നു. ഇരുളത്തെ ഗ്രീൻ എഗ്സ് പദ്ധതിയിലൂടെയാണ് ഇരുളം സ്കൂളിലെ കുട്ടികൾ മുട്ട വിപണിയിലെത്തിക്കുന്നത്. വാകേരി സ്കൂളിലെ മുട്ടകൾ ഗ്രാമപ്രിയ എന്ന പേരിൽ നാല് വർഷമായി വിപണിയിൽ ലഭ്യമാണ്. ജൈവ മുദ്രയോടെയാണ് മുട്ടകൾ മാർക്കറ്റിലെത്തുന്നത്. വയനാടിന് പുറത്തുള്ള മാർക്കറ്റുകളിലേക്കും ഗുണമേന്മയുള്ള പൂതാടി മുട്ടകളെത്തുന്നു.
അടുത്തമാസത്തോടെ അതിരാറ്റുകുന്ന്, വാളവയൽ സ്കൂളുകളിലെ മുട്ടസംഭരണം ആരംഭിക്കും.എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ സ്കൂളിൽ മുട്ടസംഭരണം നടത്തും. ഇവ പൂതാടിയിലെ എഗ്കോസ് സൊസൈറ്റിയിലെ കുടുംബശ്രി അംഗങ്ങൾ പരിശോധിച്ച് മുദ്രണം നടത്തി വിപണനം ചെയ്യും. എല്ലാ ആഴ്ചയിലും മുട്ടവില കുട്ടികളുടെ സഞ്ചയികാ സമ്പാദ്യ പദ്ധതിയിലെത്തും. ഇരുളം മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ: കെ.എസ്. പ്രേമനാണ് മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ പൂതാടിയിൽ പ്രകാശം പരത്തുന്ന ഈ പദ്ധതികളുടെ ചുക്കാൻ പിടിക്കുന്നത്
.
No comments:
Post a Comment