Tuesday, 15 November 2016

കൃഷിയുടെ സങ്കീർത്തനങ്ങൾ


sisters-with-organic-vegetables
വിപണിയിലേക്ക് അയയ്ക്കാനുള്ള പച്ചക്കറികളുമായി കന്യാസ്ത്രീകൾ...
ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യ ചാക്രിക ലേഖനമായ ലൗദാത്തോസി ലോകമെങ്ങും ചർച്ച ചെയ്യപ്പെട്ടത് അതിലുന്നയിച്ച പരിസ്ഥിതിസംബന്ധമായ ഉൽക്കണ്ഠകളുടെ പേരിലാണ്. ലൗദാത്തോസിയുടെ ആദ്യത്തെ അധ്യായം ചോദിക്കുന്നതിതാണ്, 'നമ്മുടെ പൊതുഭവനത്തിൽ സംഭവിക്കുന്നതെന്ത്?'

എല്ലാ ജീവജാലങ്ങളുടെയും പൊതുഭവനമായ ഭൂമി മനുഷ്യന്റെ ചൂഷണങ്ങൾക്ക് ഇരയാവുന്നതിന്റെ വേദന, ജൈവ വൈവിധ്യങ്ങളുടെ തിരോധാനം മുതൽ കാലാവസ്ഥാവ്യതിയാനമുൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ, മനുഷ്യന്റെ പരിധിയില്ലാത്ത ഉപഭോഗതൃഷ്ണ... ഇങ്ങനെ ലൗദാത്തോസി ചർച്ച ചെയ്തതെല്ലാം മനുഷ്യനെ ആത്മപരിശോധനയ്ക്കു പ്രേരിപ്പിക്കുന്ന വിഷയങ്ങൾ.

‌കേരളത്തിൽ ഒട്ടേറെ പള്ളികളും ആത്മീയസ്ഥാപനങ്ങളും മാർപാപ്പയുടെ ആശങ്കകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് ജൈവകൃഷിയിലൂടെയാണ്. കത്തോലിക്കാസഭയിലെ സന്യാസിനി സമൂഹമായ സിഎംസിയുടെ അങ്കമാലി മേരിമാതാ പ്രൊവിൻ‍സാകട്ടെ, തങ്ങളുടെ ജൈവകൃഷി അടുക്കളത്തോട്ടത്തിലൊതുങ്ങിയാൽ പോരെന്നും തീരുമാനിച്ചു. സിഎംസിയുടെ അങ്കമാലി മൂക്കന്നൂർ അട്ടാറയിലുള്ള ആവിലഭവനിൽ ചെന്നാൽ കാണാം ഒമ്പതേക്കർ കോൺവന്റ് വളപ്പിലെ വമ്പൻകൃഷി. ജീവാമൃതത്തിന്റെയും പഞ്ചഗവ്യത്തിന്റെയും കരുത്ത‍ിൽ വിളയുന്ന മത്തനും കുമ്പളവും അച്ചിങ്ങയും വെണ്ടയ്ക്കയും വെള്ളരിക്കയും. കണ്ടുമടങ്ങുമ്പോൾ കയ്യിൽ കരുതാം, സമ്പൂർണ ജൈവകൃഷിയുടെ വിശുദ്ധ ഫലങ്ങൾ.

ജൂലൈയിൽ വിത്തിട്ട പച്ചക്കറിക്കൃഷിയുടെ ആദ്യ വിളവെടുപ്പ് ഇക്കഴിഞ്ഞ ഓണത്തിന് നടത്തിയപ്പോൾ ഓണച്ചന്തയിലേക്ക് ആവിലഭവൻ അയച്ചത് രണ്ടു ടണ്ണിലേറെ പച്ചക്കറി. സെപ്റ്റംബർ അവസാന ആഴ്ചയിലെത്തിയപ്പോഴേക്കും ഉൽപാദനം അഞ്ച് ടൺ പിന്നിട്ടു. വെച്ചൂർ പശുവിനെ വാങ്ങി വളർത്തി അതിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് ജൈവവളങ്ങളും ജൈവകീടനാശിനികളുമെല്ലാം കോൺവന്റിൽ തന്നെ തയാർ ചെയ്താണ് കൃഷി. ജൈവകൃഷി ചെയ്യുന്ന മറ്റു മഠങ്ങൾക്ക് ന്യായവിലയ്ക്ക് അവ വിൽക്കുന്നുമുണ്ട്.

ഓണത്തിന് മോശമല്ലാത്ത വില ലഭിച്ചെങ്കിലും കൃഷി കടുപ്പം തന്നെയെന്ന് സന്യാസിനികൾ. ഉൽപാദനം മുതൽ വിപണന‍ം വരെ എന്തൊക്കെ പ്രതിസന്ധികളാണ് നമ്മുടെ കർഷകർ നേരിടുന്നതെന്നു മനസ്സിലായെന്നു കൃഷിക്കു നേതൃത്വം നൽകുന്ന സിസ്റ്റർ ലിസെറ്റ് പറയുന്നു.

''സഭയുടെ സ്ഥാപനങ്ങൾ, കോൺവന്റുകൾ എന്നിവിടങ്ങളിൽ നിത്യേന പച്ചക്കറി വേണം. അതുകൊണ്ടു വിപണനത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നില്ല. പക്ഷേ ഓണക്കാലത്ത് ഉൽപാദനം വർധിച്ചപ്പോൾ ശരിക്കും വെള്ളം കുടിച്ചു. കച്ചവടക്കാരെ പലരെയും വിളിച്ചു. പലരും പറഞ്ഞ വിലയും കൃഷിച്ചെലവും തമ്മിൽ കൂട്ടിമുട്ടിയില്ല. ജൈവകൃഷിക്കു ചെലവു കൂടും. പക്ഷേ ജൈവോൽപന്നങ്ങൾക്കു പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ല. തൃക്കാക്കര ഭാരത മാതാ പോലുള്ള കലാലയങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ഓണത്തിനു പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്താണ് വിപണി കണ്ടെത്തിയത്. സ്ഥിരം വിപണിയുടെ പിൻബലം കുറെയൊക്കെ ഞങ്ങൾക്കുണ്ടെങ്കിൽ അതില്ലാത്ത സാധാരണ കർഷകർ എത്ര ബുദ്ധിമുട്ടുന്നുണ്ടാവും. ഉൽപാദനമല്ല, വിപണനം തന്നെയാണ് കർഷകർ നേരിടുന്ന വെല്ലുവിളി.'' സിസ്റ്റർ ലിസെറ്റും സഹസന്യാസിനിമാരും കൃഷിക്കാരുടെ ആശങ്കകളിൽ പങ്കുചേരുന്നു.

ഫോൺ: 04842-451535

 

No comments:

Post a Comment