തെങ്ങിൻതടങ്ങളിൽ പുതയിടാം

തുലാമഴ തീരുന്നതോടെ നവംബർ അവസാനം തെങ്ങിൻതടങ്ങളിൽ പുതയിടുക. 12 തെങ്ങോലകൊണ്ടു പുതയിടുമ്പോൾ തേങ്ങാ ഉൽപാദനം ശരാശരി എട്ടു വീതം ഒരു വർഷം കൂടുന്നതായി കണ്ടു. മണ്ണിൽ ജൈവാംശം കൂടുമ്പോൾ ഫലപുഷ്ടി, ഘടന, ജലസംഭരണശേഷി എന്നിവ മെച്ചപ്പെടും. ചകിരി തടത്തിൽ കമഴ്ത്തി അടുക്കിയപ്പോൾ തെങ്ങൊന്നിന് നാളികേര ഉൽപാദനം ശരാശരി അഞ്ചു വീതം കൂടി.
ചെറുതെങ്ങുകളിൽ ചെമ്പൻചെല്ലിയുടെ ഉപദ്രവം ശ്രദ്ധിക്കുക. തടിയിൽ സുഷിരങ്ങളും അതിലൂടെ ചണ്ടിയും പുറത്തുവരും. ഏറ്റവും മുകളിലത്തെ സുഷിരം ഒഴികെ ബാക്കിയെല്ലാം കളിമണ്ണുകൊണ്ട് അടയ്ക്കുക. തുടർന്ന് ഇക്കാലക്സ് 4 മി.ലീ. രണ്ടു ലീറ്റർ വെള്ളത്തിൽ കലക്കി മുകളിലത്തെ സുഷിരത്തിലൂടെ ചോർപ്പു കൊണ്ട് ഒഴിച്ച് ആ സുഷിരവും അടയ്ക്കുക.
കൊമ്പൻചെല്ലിയെ ചെല്ലിക്കോൽകൊണ്ട് നിയന്ത്രിക്കുക. മണ്ട വൃത്തിയാക്കി മുകളിലത്തെ നാല് ഓലക്കവിളുകളിൽ കല്ലുപ്പും മണലും ഒന്നിച്ചിടുക. കീടനാശിനിയും മണലും ഒന്നിച്ചിടേണ്ടതില്ല. വേപ്പ്, മരോട്ടിപ്പിണ്ണാക്കുകൾ മണലുമായി ചേർത്ത് മുകളിലത്തെ നാല് ഓലക്കവിളുകളിൽ ഇടുന്നതും കൊമ്പൻചെല്ലിയെ തരുത്തും. നാഫ്തലിൻ ഗുളികകൾ രണ്ടെണ്ണം വീതം മുകളിലത്തെ രണ്ട് ഓലക്കവിളുകളിൽ ഇട്ടശേഷം മണലിട്ടു മൂടിയും ഇതിനെ തുരത്താം. ഫിറമോൺ കെണികൾ രണ്ടുതരം ചെല്ലികളെയും നിയന്ത്രിക്കാൻ ഉപയോഗിക്കാം. പക്ഷേ, ഒരു പ്രദേശത്തുള്ള പല കർഷകർ ഒന്നിച്ചു ഫിറമോൺ കെണികൾ ഉപയോഗിക്കണം.
ചെന്നീരൊലിപ്പുരോഗം മാരകം, കറ ഒലിക്കുന്ന ഭാഗത്തെ തൊലി ചെത്തിമാറ്റി കോണ്ടാഫ് 5 മി.ലീ. 100 മി.ലീ വെള്ളത്തിൽ കലക്കി തേക്കുകയും പിറ്റേദിവസം കോൾ ടാർ റബർകോട്ട് അതിനുമേൽ പുരട്ടുകയും ചെയ്യുക. തുടർന്ന് 5 മി.ലീ കോണ്ടാഫ് 300 മി.ലീ. വെള്ളത്തിൽ കലക്കി വേരിൽക്കൂടി കയറ്റുക. ആരോഗ്യമുള്ള വേരിന്റെ അഗ്രഭാഗം ചരിച്ച് മുറിച്ച് ലായനിയിൽ മുക്കിവച്ചിരുന്നാൽ മതി. ഇത് രണ്ടുമാസം ഇടവിട്ട് മൂന്നു തവണ ആവർത്തിക്കണം. ഇത്തരം തെങ്ങുകൾക്ക് അഞ്ചു കിലോ വീതം വേപ്പിൻപിണ്ണാക്കും കൂടി ചേർക്കുന്നതു കൊള്ളാം. ട്രൈക്കോഡേർമ കൾച്ചർ വെള്ളത്തിൽ കുഴച്ച് ചെന്നീരൊലിപ്പ് വന്ന ഭാഗത്തു തേച്ചുപിടിപ്പിക്കുന്നതും ഈ രോഗത്തെ നിയന്ത്രിക്കാനുള്ള ജൈവമാർഗമാണ്. കാറ്റുവീഴ്ച ബാധിച്ച് ആണ്ടിൽ പത്തു തേങ്ങാപോലും തരാത്ത തെങ്ങുകൾ വെട്ടിക്കളയുക. പത്തിലധികം തരുന്നവയെ നല്ല പരിചരണത്തിലൂടെ സംരക്ഷിക്കണം.
തെങ്ങുകൾക്ക് 65 വർഷം പ്രായമായാൽ പുതിയ തൈകൾ നടുക. രണ്ടാം വർഷം മുതൽ മോശമായ തെങ്ങുകൾ നീക്കം ചെയ്യുക. ആറുവർഷം കൊണ്ട് പഴയ തെങ്ങുകളെല്ലാം നീക്കം ചെയ്യുന്നതോടെ പുതിയവ കായ്ച്ചു തുടങ്ങും. ഒരു വർഷം ഒരു തെങ്ങിന് ഒരു കിലോ കറിയുപ്പിടുന്നതു നന്ന്.
∙ നെല്ലിനു മേൽവളം
മേൽവളം ചേർത്ത് നെല്ലിന്റെ വളർച്ച രൂപപ്പെടുത്തലാണ് പ്രധാന പണി. അടിവളമായി ജൈവവളവും മേൽവളമായി പലപ്പോഴായി ചെറിയ അളവിൽ രാസവളവും ചേർക്കുന്നതാണ് നല്ലത്. ഉപപ്രധാന മൂലകങ്ങളായ കാത്സ്യം, മഗ്നീഷ്യം, സൾഫർ, സൂക്ഷ്മ മൂലകങ്ങളായ ഇരുമ്പ്, ചെമ്പ്, നാകം, മാംഗനീസ്, മോളിബ്ഡിനം, ബോറോൺ, ക്ലോറിൻ, നെല്ലിനു വളരെ ആവശ്യമുള്ള സിലിക്ക എന്നിവ ജൈവവളത്തിലൂടെ മാത്രമാണ് കിട്ടുക. ഈ മാസം ചേർക്കേണ്ട രാസവളങ്ങളുടെ അളവ് (ഒരേക്കറിന്) പട്ടികയിൽ.

ശുപാർശ ചെയ്തതിലും കൂടുതൽ രാസവളം ചേർക്കരുത്. മണലിന്റെ അംശം കൂടിയ നിലങ്ങളിൽ മേൽപ്പറഞ്ഞ അളവിന്റെ പകുതി വീതം രണ്ടു തവണയായി ചേർക്കുക. മുണ്ടകൻ കൃഷിക്ക് ഈ മാസം തണ്ടുതുരുപ്പൻ, ഇലചുരുട്ടി എന്നിവ കാണാം. ട്രൈക്കോഗ്രമ്മ കാർഡുകൾ വച്ച നിലങ്ങളിൽ ചെറുക്കാൻ ശേഷിയുള്ള ഇനങ്ങൾ നടുന്നതാണ് നല്ലത്. ചുവടുകൾ തമ്മിൽ തിങ്ങി വളരാതിരിക്കാൻ പാകത്തിൽ നിശ്ചിത അകലത്തിലേ നടാവൂ.
കീടശല്യം കഠിനമാകാനിടയുണ്ടെങ്കിൽ ഇക്കാലക്സ് 300 മി.ലീ., ഹോസ്റ്റത്തയോൺ 250 മി.ലീ എന്നിവയിലൊന്ന് 200 ലീറ്റർ വെള്ളത്തിൽ കലക്കി ഏക്കറൊന്നിന് എന്ന തോതിൽ നന്നായി തളിക്കുക. ഓലചുരുട്ടിക്കെതിരെയാണെങ്കിൽ നെല്ലോലകളുടെ മടക്കുകൾ മുള്ളുള്ള വടികൊണ്ട് വലിച്ചു നിവർത്തിയശേഷം തളിക്കുക. മുഞ്ഞയ്ക്കെതിരെ തളിക്കും മുമ്പ് പാടത്തെ വെള്ളം വാർന്നു കളയണം. കീടനാശിനി നെൽച്ചെടികളുടെ ചുവട്ടിൽ പതിയുകയും വേണം. ഒരു തവണ നന്നായി തളിക്കുന്നത് പല തവണ തളിക്കുന്നതിലും നല്ലതാണ്.

∙ കശുമാവ്

തുലാമഴ തീരുന്നതോടെ തൈകളുടെ ചുവട്ടിൽ പുതയിടുക. ഒട്ടുതൈകളുടെ ചുവട്ടിൽനിന്ന് ഒരു മീറ്റർ വരെ ഉയരത്തിൽ ചിനപ്പുകൾ വളരാൻ അനുവദിക്കരുത്. മരങ്ങൾ തളിർക്കുകയും പൂക്കുകയും ചെയ്യുന്ന മാസമാണിത്. തേയിലക്കൊതുകും ആന്ത്രോക്നോസെന്ന കുമിൾരോഗവും ഒന്നിച്ചുവരുന്നതു കാണാം. കറ ഒലിച്ചശേഷം ചില്ലകൾ ഉണങ്ങുന്നതാണ് ആന്ത്രാക്നോസ്. തുളിരില, പൂങ്കുല, പിഞ്ചാണ്ടി എന്നിവ തേയിലക്കൊതുകിന്റെ കുത്തേറ്റ് ഉണങ്ങും. രണ്ടും കൂടി ഒന്നിക്കുമ്പോൾ വിളവു നഷ്ടം 50 ശതമാനം കഴിയും. ഇക്കാലക്സ് 2 മി.ലീ., കോപ്പർ ഓക്സിക്ലോറൈഡ് മൂന്നു ഗ്രാം എന്നിവ ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ലായനിയുണ്ടാക്കി തളിക്കുക. ഒരു മരത്തിന് 5–7 ലീറ്റർ ലായനി വേണം. രാവിലെ പത്തിനു മുമ്പും വൈകിട്ട് നാലിനും ആറിനുമിടയിലും തളിക്കുന്നതാണ് നല്ലത്. തേയിലക്കൊതുകും ആന്ത്രാക്നോസും ഒന്നിച്ചു വരികയാണെങ്കിൽ ഇക്കാലക്സ് രണ്ടു മി.ലീറ്ററും ഡൈത്തേൻ–എം 45 എന്ന കുമിൾനാശിനി രണ്ടു ഗ്രാമും ഒരു ലീറ്റർ വെള്ളത്തിൽ ഒന്നിച്ചുചേർത്ത് പുഷ്പിക്കുന്ന കാലത്ത് സ്പ്രേചെയ്യുക. കീടനാശിനി വീഴുന്ന പുല്ല് രണ്ടാഴ്ചത്തേക്ക് കന്നുകാലികൾ തിന്നാൻ പാടില്ല. കുടിവെള്ളത്തിൽ കീടനാശിനി കലരാനിടയാകരുത്. സ്പ്രേ ചെയ്യുന്നയാൾ മുഖംമൂടി ധരിക്കണം.
തടിതുരപ്പന്റെ ഉപദ്രവം ഉണ്ടോ എന്നറിയാൻ ഈ മാസം മരങ്ങളുടെ കടഭാഗം പരിശോധിക്കുക. ചുവട്ടിൽ സുഷിരവും അതിലൂടെ ചണ്ടി പുറത്തേക്കു വരുന്നതുമാണ് ലക്ഷണം. സുഷിരം വൃത്തിയാക്കി പുഴു തിന്നു പോയ വഴി പിന്തുടർന്ന് അതിനെ പുറത്തെടുത്തു കൊല്ലുക. രണ്ടാഴ്ച കൂടുമ്പോൾ കശുമാവു മരങ്ങളുടെ ചുവടു പരിശോധിച്ച് പുഴുക്കളില്ലെന്ന് ഉറപ്പുവരുത്തണം.
∙ റബർ
ചെറുതൈകളുടെ ചുവട്ടിൽനിന്ന് അൽപം വിട്ട് ചപ്പുചവറുകൊണ്ടു പുതയിടാം. നട്ട ബഡ് തൈകൾ കാറ്റത്ത് ഇളകി ഒടിയാതിരിക്കാൻ വേണ്ടതു ചെയ്യുക. തുലാവർഷം തീരുന്നതോടെ നഴ്സറികളിലെ തൈകൾ നനച്ചു തുടങ്ങുക. അടുത്ത വർഷത്തേക്കു കൂടത്തൈകൾ ഉണ്ടാക്കാനുള്ള തയാറെടുപ്പ് തുടങ്ങാം. തോട്ടം വൃത്തിയായി സൂക്ഷിക്കുക. മഴ നീണ്ടുനിന്നാൽ വെട്ടുപട്ട കുമിൾനാശിനിയുടെ ലായനികൊണ്ട് കഴുകുക. വെട്ടിയ പട്ടയിൽ കായ്കൾ നിറയുന്നത് ടാപ്പിങ്ങിലെ പാളിച്ചകൊണ്ടാണ്. അത്തരം തൊഴിലാളികളെ ഒഴിവാക്കുക. വെട്ടു മോശമായാൽ സിഡി ചാനലുകൾ ഉപയോഗരഹിതമാകുകയും തോട്ടങ്ങളുടെ ഡിമാൻഡ് കുറയുകയും ചെയ്യും.
∙ കുരുമുളക്
കൊടിയുടെ ചുവട്ടിൽ പുതയിടാം. മഴ നേരത്തെ നിൽക്കുകയാണെങ്കിൽ പന്നിയൂർ– 1 കുരുമുളക് നനയ്ക്കുന്നതും കൊള്ളാം.
∙ ഗ്രാമ്പൂ
ചില്ല, പൂക്കൾ എന്നിവ കരിയുന്നതിനെതിരേ കരുതൽ വേണം. ചെടികൾ പൂക്കുന്നതിനു മുമ്പ് ഒരു തവണ ബോർഡോമിശ്രിതം തളിക്കാം.
∙ ജാതി
ജാതിക്കായ വിണ്ടുകീറി ജാതിപത്രിയും വിത്തും അഴുകുന്നതായി കണ്ടാൽ ബോർഡോമിശ്രിതം തളിക്കുക.
∙ ഇഞ്ചി
ആറു മാസം വളർച്ചയെത്തിയാൽ പച്ചയിഞ്ചി ഇനങ്ങൾ വിളവെടുക്കാം. മറ്റിനങ്ങൾക്ക് ഈ മാസം വിശേഷിച്ചൊന്നും ചെയ്യാനില്ല.
∙ ഏലം
വിളവെടുപ്പു തുടരുന്നു. അഴുകൽ ബാധിച്ച ചുവടുകൾ നിശ്ശേഷം പിഴുതെടുത്തു കത്തിക്കുക. കുമിൾരോഗങ്ങൾക്കെതിരെ സ്യൂഡോമോണാസ്, ട്രൈക്കോഡേർമ കൾച്ചറുകൾ ഉപയോഗിക്കുക. പുതിയ തോട്ടങ്ങളിൽ കളയെടുപ്പും പുതയിടീലും നടത്തുക. ഒന്നാം തവാരണ തയാറാക്കുന്ന ജോലികൾ തുടങ്ങുക. വിത്തുശേഖരണം, വിത്തു തയാറാക്കൽ, നടീൽ, പുതയിടീൽ, നന എന്നിവ ശ്രദ്ധിക്കുക. ഏലപ്പേനിനെതിരേ ആവശ്യമെങ്കിൽ മാത്രം കീടനാശിനി തളിക്കുക. കഴിഞ്ഞ തവണ സ്പ്രേ ചെയ്തതിന് 40 ദിവസം കഴിഞ്ഞു മാത്രം ജൈവ കീടനാശിനികളായ വേപ്പെണ്ണ–സോപ്പ്–വെളുത്തുള്ളി മിശ്രിതം, വെളുത്തുള്ളി നീര് എന്നിവ പരീക്ഷിക്കുക.
∙ കരിമ്പ്
കരിമ്പ് ഈ മാസം നടീൽ തുടരാം. കഴിഞ്ഞ മാസം നട്ട കരിമ്പിന് ഇടയിളക്കി കളകൾ മാറ്റി ആദ്യത്തെ വളം ചേർക്കണം. അളവ് ഒരേക്കറിനുള്ളിൽ പട്ടികയിൽ കാണും വിധം.

ഇടയിളക്കുന്ന സമയത്ത് ചാലുകളുടെ ആഴം കുറച്ചുകൊണ്ടുവരണം. വളം ചേർത്തശേഷം മണ്ണ് ചുവട്ടിൽ കൂട്ടണം. കരിമ്പു നടുന്നയുടനെ ഇടവിളയായി പയർ വിതച്ച് അവ പൂക്കുന്നതോടെ പിഴുതെടുത്ത് കരിമ്പിന്റെ ചാലിലിട്ടു മൂടുകയാണെങ്കിൽ ജൈവവളം പ്രത്യേകം ചേർക്കേണ്ടതില്ല. രാസവളവും കുറയ്ക്കാം. കളനിയന്ത്രണം എളുപ്പമാകും. കാലാകരിമ്പിന് പ്രധാന വിളയുടെ വിളവെടുത്ത് 25 ദിവസം കഴിയുമ്പോൾ ആദ്യതവണ വളം ചേർക്കുക. മുഴുവൻ ഫോസ്ഫറസും അടിവളമായി ചേർക്കണം. പുതുക്കൃഷിക്കു ചേർക്കുന്ന യൂറിയയേക്കാൾ 25 ശതമാനം കൂടുതൽ ചേർക്കണം. പൊട്ടാഷിന്റെ അളവിൽ മാറ്റമില്ല. നിരകൾക്കിടയിൽ വളം വിതറി കൊത്തിച്ചേർക്കുകയാണ് പതിവ്.
∙ മാവ്
ഈ മാസം മാവ് വ്യാപകമായി പൂത്തുതുടങ്ങും. മാവു പൂക്കുന്നതോടെ തുള്ളൻ എന്ന ചെറുപ്രാണി പൂങ്കുല, ഇളംതണ്ട് എന്നിവയിൽനിന്ന് നീരൂറ്റിക്കുടിക്കും. അതുമൂലം പൂങ്കുലകൾ കരിയുകയോ ഉണ്ണിമാങ്ങ ക്രമാതീതമായി കൊഴിയുകയോ ചെയ്യും. മാലത്തയോൺ 2 മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് തളിക്കാം. ലായനി ഇലകളിലും തണ്ടിലും പറ്റിപ്പിടിക്കാൻ ഒരു ലീറ്റർ ലായനിയിൽ 20 ഗ്രാം എന്ന കണക്കിനു പഞ്ചസാര ചേർക്കണം. കായീച്ചകളെ നിയന്ത്രിക്കാൻ തുളസിക്കെണി കൊള്ളാം. ചെറുമാവുകളുടെ ചില്ലകൾ നിറം മാറി ഉണങ്ങുന്നത് കുമിൾ രോഗം മൂലമാണ്. കേടുവന്ന ഭാഗത്തിനു താഴെവച്ച് ചില്ല മുറിച്ചെടുത്തു കത്തിക്കുക. ബാക്കി നിൽക്കുന്ന മുറിപ്പാടിൽ കുമിൾനാശിനി തേക്കുന്നതു നന്ന്. മാവ് പൂക്കുന്നതിന് കൾട്ടാർ പ്രയോഗിക്കാറുണ്ട്. ചെറുമാവിന് 5 മി.ലീ., വലിയതിന് 10 മി.ലീ.
∙ വാഴ
നേന്ത്രൻവാഴ നട്ട് ഒരു മാസമാകുന്നതോടെ ഓരോ കുഴിയിലും 10 കിലോ വീതം ജൈവവളം ചേർത്ത് കുഴി ഭാഗികമായി മൂടുക. മഴ തീരുന്നതോടെ ഇടയിളക്കി കുഴികൾ മൂടി നന തുടങ്ങാം.
∙ മരച്ചീനി
തുലാക്കപ്പയ്ക്കു മേൽവളം ചേർക്കാം. നട്ട് 45 ദിവസമായാൽ ഇടയിളക്കി, കളകൾ നീക്കിയശേഷം വളം ചേർക്കുകയും തുടർന്ന് ഇളകിയ മണ്ണ് കൂനകളിൽ കൂട്ടുകയും ചെയ്യണം.
∙ പൈനാപ്പിൾ
നനച്ചു വളർത്തുന്ന തോട്ടങ്ങളിൽ രാസവളം ചേർക്കാം. ഏക്കറിന് 70 കിലോ യൂറിയയും 54 കിലോ പൊട്ടാഷ് വളവും. വളം ചാലുകളുടെ രണ്ടുവശത്തും വിതറി വശങ്ങൾ ചെറുതായി അരിഞ്ഞിറക്കുകയാണ് പതിവ്. കാനികൾ ഒന്നിച്ചു കായ്ക്കാൻ ഹോർമോൺ ചികിത്സ നടത്താം. കാനിയിൽ 39–42 ഇലകൾ ഉണ്ടാകുന്ന സമയത്താണ് ഇത് നടത്തുക. മൗറീഷ്യസ് എന്ന ഇനത്തിൽ നട്ട് 7–8 മാസം കഴിഞ്ഞും മറ്റിനങ്ങളിൽ 10–12 മാസം കഴിഞ്ഞും.
തയാറാക്കിയത്: ഡോ: പി.എ. ജോസഫ് കേരള കാർഷിക സർവകലാശാല പ്രഫസർ (റിട്ട). ഫോൺ : 9495054446
No comments:
Post a Comment