Monday, 21 November 2016

ഇടനിലക്കാരുടെ വൻ ചൂഷണത്തിന് വിലങ്ങിട്ടു കല്ലുമ്മക്കായ വിളയിറക്കൽ


kallummekkaya-mussel-cultivation

കവ്വായി കായലിൽ കല്ലുമ്മക്കായ വിളവിറക്കുന്നതിന് ഇടയിലക്കാട് കായലോരത്ത് സ്ത്രീകളുടെ സംഘം വിത്ത് കയറിൽ ...

ഇടനിലക്കാരുടെ കടുത്ത ചൂഷണത്തിനു വിലങ്ങിട്ടു കണ്ണൂർ കവ്വായി കായലിൽ കല്ലുമ്മക്കായ വിളയിറക്കി തുടങ്ങി. വിത്തിന്റെയും ഉൽപന്നത്തിന്റെയും വിലയിൽ കർഷകരെ ഞെക്കിപ്പിഴിയുന്ന ഇടത്തട്ടുകാർക്ക് ഫിഷറീസ് വകുപ്പ് താൽക്കാലികമായെങ്കിലും മൂക്കുകയറിട്ടിട്ടുണ്ട്. കഴിഞ്ഞ തവണ ഒരു ചാക്കു വിത്തിന് 4,000 രൂപ മുതൽ 5,000 രൂപ വരെയാണു കർഷകരിൽനിന്ന് ഇടത്തട്ടുകാർ ഈടാക്കിയിരുന്നത്. കൂടിയ വില ഈടാക്കി നൽകുന്ന വിത്തിൽ തന്നെ പകുതിയും നാശം വന്നതായതിനാൽ വൻ നഷ്ടമാണു കർഷകർ നേരിട്ടു വന്നത്. വിളയെടുക്കുമ്പോൾ ഉൽപന്നത്തിനു കർഷകർക്കു കിട്ടുന്ന വിലയും വിപണിയേക്കാൾ വളരെ തുച്ഛമായിരുന്നു. ഓരുജല കൃഷിയിൽ കർഷകർ കടുത്ത ചൂഷണത്തിനിരയാകുന്ന സാഹചര്യം മനസിലാക്കിയാണ് ഫിഷറീസ് വകുപ്പിന്റെ ഇടപെടൽ. പുതുക്കിയ വിലയിൽ വാങ്ങിയ വിത്തുമായി കവ്വായി കായലിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസം വിളയിറക്കൽ ആരംഭിച്ചിട്ടുണ്ട്.

ഒരു പെട്ടി വിത്ത് 2,300 രൂപയ്ക്കാണ് ഇത്തവണ കർഷകർക്ക് ലഭ്യമാക്കിയത്. വിതരണക്കാരായ ഏജന്റുമാരെ തിരിച്ചറിയുന്നതിന് തിരിച്ചറിയൽ കാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. ഈടാക്കിയ 2,300 രൂപയെക്കുറിച്ചു തന്നെ തർക്കമുയർന്നിട്ടുണ്ട്. രണ്ടായിരം രൂപയാണ് ഫിഷറീസ് വകുപ്പ് നിശ്ചയിച്ചതെന്നും 300 രൂപ ഏജന്റുമാർ അധികം വാങ്ങിയതാണെന്നും കർഷകരുടെ ആരോപണമുണ്ട്. കല്ലുമ്മക്കായ കൃഷിയിൽ ഏജന്റുമാരെ നിയന്ത്രിച്ചതു പോലെ തന്നെ കായലിൽ വിളയിറക്കുന്നവർക്കും നിയന്ത്രണം ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. കായലിനു താങ്ങാൻ കഴിയാത്ത വിധം കർഷകരുടെ എണ്ണത്തിൽ വർധനയുണ്ടത്രെ. ഇതു മൂലം തീറ്റയില്ലാതെ ഉൽപന്നം വളർച്ച മുരടിച്ചും നാശം വന്നും കർഷകർക്കു നഷ്ടം സംഭവിക്കുന്നുണ്ടെന്നും പറയപ്പെടുന്നു.

No comments:

Post a Comment