കൊയ്ത്ത്, മീൻപാടത്ത്

കുമരകം മെത്രാൻ കായൽ പാടശേഖരത്ത് മൽസ്യക്കൊയ്ത്ത്. എട്ടു വർഷമായി തരിശ് കിടന്ന പാടശേഖരത്തെ വെള്ളം വറ്റിച്ചതോടെ മൽസ്യത്തൊഴിലാളികൾക്ക് കരിമീൻ ചാകരയായി. രാത്രിയും പകലും ഒരു പോലെ മീൻപിടിത്തം നടക്കുകയാണിവിടെ. മൂന്നും നാലും പേരടങ്ങുന്ന സംഘത്തിന് 60 മുതൽ 70 കിലോ കരിമീൻ വരെയാണ് ഒരു ദിവസം കിട്ടുന്നത്. ഇതോടൊപ്പം നാടൻ മൽസ്യങ്ങളായ കൊഞ്ച്, വരാൽ, കൂരി, പുല്ലൻ, കാരി തുടങ്ങിയ മൽസ്യങ്ങളും കിട്ടുന്നു.രാത്രിയിൽ മൽസ്യത്തൊഴിലാളികൾ തെളിക്കുന്ന ലൈറ്റിന്റെ വെട്ടത്തിൽ പാടശേഖരം മുങ്ങുന്നത് കൗതുക കാഴ്ചയാകുന്നു. പാടശേഖരത്തിനു സമീപത്തുള്ളവർ മീൻ പിടിത്തം ആഘോഷമാക്കിയിരിക്കുകയാണ്.
കുട്ടികളും സ്ത്രീകളുംവരെ വീടുകളിൽ നിന്നു മൽസ്യ ബന്ധനത്തിനിറങ്ങുകയാണ്. ചെറിയ വലയോ, കുത്തുകമ്പിയുമായോ പാടത്തേക്ക് ഇറങ്ങുന്നവർ കൂട് നിറയെ മീനുമായിട്ടാണ് തിരികെ വരുന്നത്. മൽസ്യബന്ധന ഉപകരണങ്ങളൊന്നുമില്ലാതെ പാടത്തു പോയി കൈകൊണ്ടു മീൻ പിടിക്കുന്നവരുമുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി മീൻപിടിത്തത്തിനെത്തുന്ന തൊഴിലാളികളുടെ എണ്ണം കൂടി. പാടത്തെ വെള്ളം വറ്റിക്കാൻ തുടങ്ങിയ സമയത്ത് പരിസരവാസികൾ മാത്രമാണ് മീൻ പിടിത്തത്തിനുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ വെള്ളം കൂടുതൽ വറ്റിയപ്പോൾ മറ്റു പ്രദേശങ്ങളിൽ നിന്നുവരെ തൊഴിലാളികൾ എത്തി മീൻ പിടിക്കുന്നുണ്ട്.ചെറിയ വള്ളം പാടശേഖരത്തേക്കിറക്കി കോരുവലയുമായി പോകുന്ന തൊഴിലാളികൾ തിരികെ എത്തുന്നത് വള്ളത്തിലെ ബോക്സ് നിറയെ മൽസ്യവുമായാണ്.
404 ഏക്കറുള്ള പാടശേഖരമാണ് മെത്രാൻ കായൽ. രാവും പകലുമായി നൂറുകണക്കിനു മൽസ്യത്തൊഴിലാളികളാണ് പാടത്ത് മീൻ പിടിക്കുന്നത്. വെള്ളം ഏതാണ്ട് പൂർണമായും വറ്റുന്നതോടെ മീൻ പിടിത്തക്കാരുടെ എണ്ണം ഇനിയും കൂടും. തൊഴിലാളികളിൽ നിന്നു കച്ചവടക്കാർ മൊത്തമായി കരിമീൻ വാങ്ങുകയാണ്. കരിമീനിന്റെ ലഭ്യത കൂടിയതിനാൽ കച്ചവടക്കാർ ഇപ്പോൾ കിലോയ്ക്ക് 300 രൂപയാണ് തൊഴിലാളികൾക്ക് നൽകുന്നത്. മുൻപു പാടശേഖരത്ത് വലകെട്ടി മീൻപിടിക്കുന്നത് പാടശേഖര സമിതി മീൻ കച്ചവടക്കാർക്ക് ലേലത്തിൽ നൽകുകയായിരുന്നു. ഇത്തവണ കൃഷി വകുപ്പ് നേരിട്ടു പാടശേഖരത്തെ വെള്ളം വറ്റിക്കുന്നതിനൽ പാടത്ത് എവിടെ ഇറങ്ങിയും മീൻ പിടിക്കുന്നതിനു തൊഴിലാളികൾക്ക് തടസ്സമില്ല
.
No comments:
Post a Comment