Monday, 28 November 2016

മൽസ്യ വിളവെടുപ്പ് തുടങ്ങി


fish-harvest

പിറവം നഗരസഭാ പരിധിയിൽ ടാർപോളിൻ ക‌ുളത്തിൽ നിന്ന‌ു മൽസ്യ വിളവെട‌ുപ്പ് നടന്നപ്പോൾ...

രാസവസ്തുക്കൾ ചേർക്കുന്ന മൽസ്യങ്ങൾ ഉപയോഗിക്കുന്നതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ ഇനി മറക്കാം. മായം ചേരാത്ത മൽസ്യം വീട്ടുമുറ്റത്തു നിന്നു തന്നെ വിളവെടുക്കാനായാലോ? ഉപയോഗത്തിനു ശേഷമുള്ളവ വിൽക്കുന്നതിലൂടെ ലഭിക്കുന്ന അധിക വരുമാനം വേറെയും. ടാർ‌പോളിൻ ഉപയോഗിച്ച് നിർമിക്കുന്ന കുളത്തിൽ മീൻ വളർത്തുന്നതിലൂടെയാണിത് സാധ്യമാവുക. അധിക വരുമാനമെന്ന നിലയിൽ എറണാകുളം പിറവം മേഖലയിൽ ഈ മാതൃകയിലൂടെ കുറഞ്ഞ സ്ഥലത്തു നിന്നു കൂടുതൽ വരുമാനം നേടുന്നവരുടെ എണ്ണം ഓരോ സീസണിലും വർധിക്കുകയാണ്. പദ്ധതിക്കു പിന്തുണയും നിർദേശവുമായി ഫിഷറീസ് വകുപ്പും ഒപ്പമുണ്ട്. ഈ വർഷത്തെ മൽസ്യ വിളവെടുപ്പിന് പഞ്ചായത്ത് തലത്തിൽ ഇതിനോടകം തുടക്കം കുറിച്ചു കഴിഞ്ഞു.

മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചു കീറുന്ന ചാലിന്റെ ഓരം ബലപ്പെടുത്തി അതിൽ ടാർപോളിൻ വിരിച്ചാണ് കുളം നിർമിക്കുക. ഇതിനു ശേഷം ഇതിൽ വെള്ളം നിറയ്ക്കും. ഒരു സെന്റ് മുതൽ വിസ്തൃതിയിൽ കുളം നിർമിക്കാം. വെള്ളത്തിന്റെ സാന്ദ്രതയും ശുദ്ധതയും ക്രമീകരിക്കുന്നതിനായി കുമ്മായം പോലുള്ളവ വിതറാറുണ്ട്. ഇതിനു ശേഷമാണ് മൽസ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുക. കട്‌ല, രോഹു, മൃഗാൾ, വാള, ത‌ിലോപ്പിയ തുടങ്ങിയ ഇനങ്ങളെയെല്ലാം ഇതേ മാതൃകയിൽ വളർത്താമെന്നാണ് പിറവം നഗരസഭയിലെ പദ്ധതി കോഓർഡിനേറ്ററായ ഇടക്കുഴിയിൽ ഷൈനി ജോയി പറയുന്നത്. ടാർപോളിൻ ഉപയോഗിച്ച് രണ്ട് സെന്റ് വിസ്തൃതിയുള്ള കുളമാണ് ഇവർ നിർമിച്ചിരിക്കുന്നത്.

കട്‌ല, രോഹു, മൃഗാൾ തുടങ്ങിയ ഇനങ്ങളെ ഫിഷറീസ് വകുപ്പ് സൗജന്യമായി നൽകും. മറ്റിനങ്ങളുടെ കുഞ്ഞുങ്ങളെ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ചു വിപണനം ചെയ്യുന്ന സ്വകാര്യ ഹാച്ചറികളും പലയിടത്തുമുണ്ട്. വളർത്തു മൽസ്യങ്ങളിൽ ഭൂരിഭാഗവും സസ്യഭോജികളാണ്.

കൃഷിയിടത്തിൽ നിന്നുള്ള ഇലകൾ തീറ്റയായി നൽകിയാൽ മതി. മൽസ്യങ്ങൾക്കുള്ള റെഡിമെയ്ഡ് തീറ്റയും വിപണിയിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

കാക്കയും മറ്റു പക്ഷികളും മൽസ്യങ്ങളെ റാഞ്ചുന്നത് ഒഴിവാക്കുന്നതിനായി മുകൾ പരപ്പിൽ വല വിരിക്കണം.

വാള ഉൾപ്പെടെയുള്ള മൽസ്യങ്ങൾക്ക് കിലോഗ്രാമിന് 200 രൂപ വരെ നിരക്കിലാണ് വിൽപന നടന്നതെന്ന് ഷൈനി പറഞ്ഞു. കൃത്യമായ പരിചരണം നൽകിയാൽ ഒരു സെന്റ് വിസ്തൃതിയുള്ള കുളത്തിൽ നിന്നും 50,000 രൂപ വരെയും ലഭിക്കുന്നതായാണ് കണക്ക്.

No comments:

Post a Comment