പാഷൻഫ്രൂട്ട് ജ്യൂസുമായി
പ്ലാന്റേഷൻ കോർപറേഷൻ

പ്ലാന്റേഷൻ കോർപറേഷൻ കാസർകോട് എസ്റ്റേറ്റിൽ പാഷൻഫ്രൂട്ട് വിളഞ്ഞപ്പോൾ...
കൊടുംചൂടിൽ ദാഹം ശമിപ്പിക്കാൻ മധുരമൂറും പാഷൻഫ്രൂട്ട് ജ്യൂസുമായി പ്ലാന്റേഷൻ കോർപറേഷൻ. ജൈവരീതിയിൽ സ്വന്തമായി വിളയിച്ചെടുത്ത പാഷൻഫ്രൂട്ട് ഉപയോഗിച്ചുണ്ടാക്കുന്ന ജ്യൂസ് വിപണിയിൽ തരംഗമാകുകയാണ്. കശുമാങ്ങാ ജ്യൂസിനു ശേഷം ഈ രംഗത്തു കോർപറേഷന്റെ രണ്ടാമത്തെ ചുവടുവയ്പ്പാണിത്. ദിവസങ്ങൾക്കു മുൻപാണു കാസർകോട് എസ്റ്റേറ്റ് ഓഫിസിൽ പാഷൻഫ്രൂട്ട് ജ്യൂസിന്റെ ഉൽപാദനം തുടങ്ങിയത്. അര ലീറ്റർ കുപ്പികളിലാണു ജ്യൂസ് വിപണിയിലിറക്കുന്നത്. നൂറു രൂപയാണ് ഒരു കുപ്പി ജ്യൂസിന്റെ വില. ഇതു നേർപ്പിച്ചു രണ്ടു ലീറ്റർ വരെയാക്കി ഉപയോഗിക്കാൻ കഴിയുമെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്. നേരത്തേ നാടുകാണി എസ്റ്റേറ്റിലാണു പാഷൻഫ്രൂട്ട് ജ്യൂസ് ആദ്യമായി ഉൽപാദിപ്പിച്ചത്.കാസർകോട്ട് ഇതിനകം രണ്ടരലക്ഷത്തിലേറെ രൂപയുടെ ജ്യൂസാണു വിറ്റത്. കോർപറേഷന്റെ മുളിയാർ ഡിവിഷനിലെ മൂന്നേക്കർ സ്ഥലത്തു വിളയിച്ചെടുത്ത പാഷൻഫ്രൂട്ടാണ് ഇതിനായി ഉപയോഗിക്കുന്നത്. പഴത്തിനൊപ്പം പഞ്ചസാര മാത്രമാണു ജ്യൂസിൽ ചേർക്കുന്നത്. ഒരു വർഷം വരെ ജ്യൂസ് കേടില്ലാതെ ഉപയോഗിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. ഇതിനു പുറമെ പെരിയയിൽ നൂറ്റിയൻപതും പെർലയിൽ എഴുനൂറും പാഷൻഫ്രൂട്ട് തൈകൾ കോർപറേഷൻ കൃഷി ചെയ്തിട്ടുണ്ട്. മുളിയാറിൽ മാത്രമാണു വിളവെടുപ്പു തുടങ്ങിയത്. തൊഴിലാളികൾ തനതുരീതിയിലാണു ജ്യൂസ് നിർമിക്കുന്നത്. മെഷീൻ സാമഗ്രികൾ എത്തിച്ച് ഉടൻതന്നെ വ്യാവസായിക രീതിയിൽ ഉൽപാദനം തുടങ്ങും. വിളവെടുപ്പ് പൂർണമായും തുടങ്ങിക്കഴിഞ്ഞാൽ മുന്നൂറു ലീറ്റർ ജ്യൂസ് ഉൽപാദിപ്പിക്കാൻ കഴിയും. ഇതോടെ വൻവരുമാനമാണു കോർപറേഷൻ ലക്ഷ്യമിടുന്നത്. വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ഏഴുമാസം മുൻപാണു പാഷൻഫ്രൂട്ട് കൃഷിയിറക്കിയത്. നെല്ലിയാമ്പതിയിലെ സർക്കാർ വിത്തുൽപാദന കേന്ദ്രത്തിൽനിന്നു ലഭിച്ച വിത്തുകൾ മുളപ്പിച്ചു തൈകളാക്കി നടുകയായിരുന്നു.

പെർലയിലെ കന്നുകാലി ഫാമിൽനിന്നുള്ള ചാണകം മാത്രമായിരുന്നു വളം. ആറു മാസത്തിനകം തന്നെ ചെടികൾ കായ്ച്ചു. പഴുത്തു പാകമായ ശേഷമാണു വിളവെടുപ്പ് തുടങ്ങിയത്.പന്തലിട്ടാണു ചെടികൾ പടർത്തിയിരിക്കുന്നത്. ഒരു ചെടിയിൽനിന്നു നാലു വർഷം വരെ വിളവു ലഭിക്കും. വേനൽക്കാലം വരുന്നതോടെ ആവശ്യക്കാർ വർധിക്കുമെന്ന കണക്കുകൂട്ടലിലാണു കോർപറേഷൻ. ഇതിനെ ബ്രാൻഡ് ആക്കി മാറ്റാനും ലക്ഷ്യമിടുന്നുണ്ട്
.
No comments:
Post a Comment