ഗിരീഷിന്റെ പരീക്ഷണങ്ങൾ

വിൽപനയ്ക്കു പാകമായ തൈകളുമായി ഗിരീഷ്...
ഗിരീഷ് ആദ്യം നിർമിച്ച സിനിമയുടെ പേര് പഞ്ചപാണ്ഡവന്മാർ. കുരുക്ഷേത്രയുദ്ധത്തില്‍ പാണ്ഡവന്മാർ വൻവിജയം നേടിയെങ്കിൽ ഗിരീഷിന്റെ പാണ്ഡവന്മാർ തിയറ്ററിൽ എട്ടു നിലയിൽ പൊട്ടി. അടുത്ത സിനിമ വാർ ആൻഡ് ലവ്. സാമ്പത്തിക പ്രശ്നങ്ങളുടെ ‘വാർ’ നേരിട്ടാണ് സിനിമ പിടിച്ചത്. പ്രേക്ഷകർ പക്ഷേ തരിമ്പും ‘ലവ്’ കാണിച്ചില്ല.
സജീവ പൊതുപ്രവർത്തകന് ഇതിന്റെ വല്ല ആവശ്യമുണ്ടായിരുന്നോ എന്നു ചോദിച്ചാൽ ഗിരീഷ് പറയും, ‘‘രാഷ്ട്രീയം തൊഴിലാക്കാൻ ഉദ്ദേശ്യമില്ല. ചലച്ചിത്ര നിർമാണം വ്യവസായ സംരംഭമാണല്ലോ. സിനിമ മാത്രമല്ല, എംഎൽഎ ഹോസ്റ്റലിലെ കാന്റീൻ നടത്തിപ്പ് ഉൾപ്പെടെ വേറെയുമുണ്ട് സംരംഭങ്ങൾ.’’ ഇതൊക്കെയാണെങ്കിലും ഇപ്പോൾ കൈവച്ചിരിക്കുന്ന കൃഷിയാണ് ഇതുവരെ പരീക്ഷിച്ചവയിൽ ഏറ്റവും ശ്രേഷ്ഠമെന്നു ഗിരീഷ്.
കവി ജി. ശങ്കരക്കുറുപ്പിന്റെ ജന്മനാടായ നായത്തോടാണ് അങ്കമാലി നഗരസഭാ കൗൺസിലർകൂടിയായ കിഴക്കേമൂത്താട്ട് വീട്ടിൽ ഗിരീഷിന്റെ ജന്മദേശം. കൃഷിഭവനുമായി ചേർന്നുള്ള ടെറസ് കൃഷിയും ഗ്രോബാഗ് പച്ചക്കറിത്തൈ വിതരണവുമെല്ലാം നഗരസഭയുടെ പദ്ധതികളിൽ ഉൾപ്പെട്ടതോടെയാണ് കൃഷിയുമായി സഖ്യത്തിലാകുന്നത്.
കമ്പം കലശലായപ്പോൾ, ഒന്നല്ല, രണ്ട് പോളിഹൗസ് നിർമിച്ച് പച്ചക്കറിക്കൃഷി തുടങ്ങാമെന്നുറച്ചു. നെടുമ്പാശ്ശേരി എയർപോർട്ട് തൊട്ടടുത്തായതിനാൽ ഒട്ടേറെ ആളുകൾ നായത്തോടു വഴി യാത്ര ചെയ്യുന്നു. വിൽപന പ്രശ്നമാവില്ലെന്ന് ഉറപ്പ്. എന്നാൽ സബ്സിഡിയോടെയുള്ള പോളിഹൗസിനു വേറെ ഗുണഭോക്താക്കൾ കഴിഞ്ഞ വർഷം പട്ടികയിലുണ്ടായിരുന്നതിനാൽ അതു ലഭിച്ചില്ല.
ഗ്രോബാഗ് കൃഷിയിലെ വർധിച്ച താൽപര്യവും പച്ചക്കറിത്തൈകൾക്കുള്ള ഡിമാൻഡും ശ്രദ്ധിച്ചപ്പോൾ തൈ ഉൽപാദനത്തിലേക്കു തിരിഞ്ഞാലെന്തെന്നായി. അങ്കമാലി കൃഷിഭവൻ അധികൃതരുമായി സംസാരിച്ചപ്പോൾ സംഗതി കൊള്ളാമെന്ന് അവരും തലകുലുക്കി. മാത്രമല്ല 2015–’16 പദ്ധതിയിൽപ്പെടുത്തി 800 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പ്രോട്രേ നഴ്സറിയും അനുവദിച്ചു. പൊതുപ്രവർത്തനത്തിനിടയിൽ കൃഷിയിൽ ശ്രദ്ധ കുറഞ്ഞാലോ എന്നു സംശയിച്ച് കൃഷി ഓഫിസറായി വിരമിച്ച കെ.എൻ. മോഹൻകുമാറിന്റെ സേവനം തേടി. ആദ്യബാച്ചിൽ ഉൽപാദിപ്പിച്ചു വിറ്റത് മൂന്നര ലക്ഷം പച്ചക്കറിത്തൈകൾ. ബ്ലോക്ക് പഞ്ചായത്തിന്റെ തൈ വിതരണ പദ്ധതിയിൽ ഉൾപ്പെട്ടത് വിപണനം എളുപ്പമാക്കി. ഈ വർഷം ലക്ഷ്യമിടുന്നത് പത്തു ലക്ഷം തൈകൾ.

‘മഴക്കാലം തുടങ്ങിയാൽ ആളുകൾ അന്വേഷിച്ചെത്തുന്ന പ്രധാന തൈ ഇനങ്ങളാണ് മുളകും തക്കാളിയും വഴുതനയും. ഇവയുടെ തൈകൾ വിപണനത്തിനു പാകമാകാൻ 40–45 ദിവസമെടുക്കും. അതു മുന്നില്‍ക്കണ്ട് നേരത്തേ വിത്തിടണം. ഇങ്ങനെ ഓരോ ഇനത്തിന്റെയും തൈകൾ സീസണും ഡിമാൻഡും കണ്ട് ഉൽപാദിപ്പിച്ചാൽ വിപണനം പ്രശ്നമല്ല.’
എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ തൈകൾ ഉൽപാദിപ്പിക്കുമ്പോൾ ആയിരവും രണ്ടായിരവുമൊക്കെ ഒന്നിച്ചു വാങ്ങുന്ന കർഷകരുമായി മുൻധാരണ വേണം. അല്ലെങ്കിൽ സംരംഭം പൊളിയും. ചില്ലറ വിൽപനകൊണ്ട് മുമ്പോട്ടു പോകാൻ കഴിയില്ല. നിശ്ചിത ദിവസത്തിനുള്ളിൽ വിറ്റഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ ചെടികൾ വള്ളിയിട്ട് വളരും, അതോടെ വിൽപന വഴിമുട്ടും. തുടക്കക്കാർക്കു സർക്കാർ പദ്ധതിയിൽ വിൽപന സൗകര്യം ലഭ്യമാകുന്നത് വലിയ സഹായമാണ്’, ഗിരീഷ് പറയുന്നു.
വിത്തും തൈയും
ഒരു ബാച്ചിൽ രണ്ടു ലക്ഷത്തോളം വിത്തിടുന്നു. വൻകിട കമ്പനികളുടെ ഹൈബ്രിഡ് വിത്തുകളാണ് മിക്കതും. ഒപ്പം നാഷണൽ സീഡ് കോർപറേഷന്റെയും കേരള കാർഷിക സർവകലാശാലയുടെയും ഇനങ്ങളുമുണ്ട്. 3:1:1 എന്ന അനുപാതത്തിൽ ചകിരിച്ചോർ, പെർലെറ്റ്, വെർമിക്കുലേറ്റ് എന്നിവയും സ്യൂഡോമോണാസും ചേർന്നതാണ് വളർച്ചാമാധ്യമം. ചകിരിച്ചോറിന്റെ ഗുണമേന്മയിൽ പ്രത്യേകം ശ്രദ്ധ വേണമെന്ന് ഗിരീഷും മോഹൻകുമാറും ഓർമിപ്പിക്കുന്നു.
‘ഗുണമേന്മ കുറഞ്ഞ ചകിരിച്ചോർ, വിത്തിന്റെ മുളയ്ക്കലിനെയും ചെടിയുടെ വളർച്ചയെയും ബാധിക്കും. മാധ്യമമായി ചകിരിച്ചോർ മാത്രം ഉപയോഗിച്ചാൽ, ആവശ്യത്തിലധികം ജലം കെട്ടിനിൽക്കാനും തൈ ചീയാനും ഇടവരും. ചകിരിച്ചോറിനൊപ്പം പെർലെറ്റും വെർമികുലെറ്റും ചേർക്കുന്നത് കൂടുതലുള്ള വെള്ളം എളുപ്പത്തിൽ വാർന്നുപോകാൻ സഹായിക്കും. നടീൽമിശ്രിതത്തിൽ കൂടുതൽ വായുസഞ്ചാരം ലഭ്യമാകുകയും ചെയ്യും. പെർലെറ്റും വെർമിക്കുലെറ്റും ചേർന്ന നടീൽമിശ്രിതം നിറച്ച പ്രോട്രേകൾക്ക് ഭാരം കുറവായിരിക്കുമെന്ന മെച്ചവുമുണ്ട്. പ്രോട്രേകളുടെ അടിയിൽ വെള്ളം വാർന്നുപോകാനുള്ള ദ്വാരങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. നിർ മ്മാണപ്പിഴവു മൂലം ദ്വാരങ്ങളില്ലാത്തവ ലഭിക്കുന്നത് അപൂർവമല്ല.
ഹൈബ്രിഡ് ഇനം വിത്തുകളുടെ മുളയ്ക്കൽ ശതമാനം 65–70 ആണ്. മുളക്, തക്കാളി, വഴുതന എന്നിവയൊഴിച്ചുള്ളവ 10–15 ദിവസം വളർച്ചയെത്തിയാൽ വിൽക്കാം. ചെടിയുടെ വളർച്ച വർധിപ്പിക്കുന്നതിനായി ഇടയ്ക്ക് ഒന്നോ രണ്ടോ തവണ 19:19:19 പത്തു ലീറ്റർ വെള്ളത്തിൽ അഞ്ചു ഗ്രാം ലയിപ്പിച്ച് തളിനനയായി നൽകും. വിൽപനയ്ക്കു തലേന്ന്, നഴ്സറിക്കു പുറത്തെ കാലാവസ്ഥയിലേക്കു മാറ്റുമ്പോൾ ഫംഗസ് ആക്രമണത്തിനെതിരേ ഇൻഡോഫിൽ എം 45 സ്പ്രേ ചെയ്യുന്നു.

പോളിഹൗസ് കൃഷി തുടങ്ങാത്തതു നന്നായി എന്നാണ് ഇപ്പോൾ ഗിരീഷിന്റെ പക്ഷം. പോളിഹൗസിൽ വിളവിനെ ആശ്രയിച്ചിരിക്കും വരുമാനം. ലാഭം കൂടുതൽ കിട്ടുമെങ്കിലും അതിന് അനുസരിച്ച് ശ്രദ്ധ കൂടുതൽ വേണ്ടിവരും. ഫുൾടൈം കൃഷിയിൽ കേന്ദ്രീകരിക്കുകയും വേണം. ഇതാവുമ്പോൾ കൃഷിയും പൊതുപ്രവർത്തനവും ഒരുമിച്ചു നീങ്ങും. മലയാളികളിൽ പച്ചക്കറിക്കൃഷിയോട് ഇഷ്ടം കൂടുന്നതിനാൽ ‘പഞ്ചപാണ്ഡവന്മാർ’ പോലെ പച്ചക്കറിത്തൈ ഉൽപാദനം പൊട്ടില്ലെന്ന് ഗിരീഷിന് ഉറപ്പ്.
ഫോൺ: 9349133340
No comments:
Post a Comment