Friday, 25 November 2016

കുരുമുളകിനെ നോക്കണം കുഞ്ഞിനെപ്പോലെ


black-pepper

കുരുമുളകിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് കൃഷിവകുപ്പ്. വയനാട് മാനന്തവാടി താലൂക്ക് പരിധിയിലെ ചില തോട്ടങ്ങളിൽ കുരുമുളക് വള്ളികൾ കരിഞ്ഞുണങ്ങുന്നത് ദ്രുതവാട്ടത്തിന്റെ ലക്ഷണമാണെന്ന് കൃഷിവകുപ്പ് ഉദ്യാഗസ്ഥർ വിലയിരുത്തി. വിവിധ കുരുമുളക് തോട്ടങ്ങളിൽ ദ്രുതവാട്ടത്തിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനാൽ കർഷകർ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്‌ടർ അറിയിച്ചു. കൃഷി ഭൂമിയിലെ മണ്ണിന്റെ ഈർപ്പം നന്നായി കുറയുമ്പോൾ ഫെറ്റോതോറ കാപ്‌സിസി എന്ന കുമിൾബാധ കൂടുന്നു.

ഇക്കാരണത്താൽ വേരുകൾ അഴുകി നശിക്കുന്നതിനാൽ കുരുമുളക് വള്ളിക്ക് ആവശ്യത്തിനുള്ള പോഷണം ലഭിക്കാതെ വരുന്നു. ഇതാണ് കുരുമുളക് വള്ളികളിൽ ദ്രുതവാട്ടം കൂടാനുള്ള കാരണം. പൊട്ടാസ്യം ഫോസ്‌ഫേറ്റ് (അക്കോമിൻ) 2 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് കുരുമുളക് ചെടിയുടെ ചുവട്ടിൽ തളിക്കണം. അഞ്ച് ലീറ്റർ മുതൽ 10 ലീറ്റർ വരെ ഇത്തരത്തിൽ ഒഴിക്കുന്നത് നന്നാകും. കോപ്പർ ഓക്സി ക്ലോറൈഡ് 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ തയാറാക്കി അഞ്ച് ലീറ്റർ മുതൽ 10 ലീറ്റർ വരെ കുരുമുളക് ചെടിയുടെ ചുവട്ടിൽ ഒഴിക്കുന്നതും ദ്രുതവാട്ടം തടയുന്നതിന് ഫലപ്രദമാണ്. വേനൽ കടുക്കുന്നതിനാൽ കർഷകർ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. ബന്ധപ്പെട്ട കൃഷിഭവനുകളിൽ നിന്നും കൂടുതൽ നിർദേശങ്ങൾ ലഭിക്കും.

No comments:

Post a Comment