Wednesday, 23 November 2016

കർഷകരെ രക്ഷിക്കാൻ ഇനി 

കുട്ടനാട് ബ്രാൻഡ് അരി


paddy-field


നെല്ലറയിൽ ഇനി ജൈവ അരി വിളയും. കുട്ടനാടിന്റെ സമഗ്ര വികസനത്തിനു കാർഷിക മേഖലയെ അടിമുടി മാറ്റുന്ന പ്രത്യേക കാർഷിക പാക്കേജിനു കൃഷി വകുപ്പ് രൂപം നൽകി. കീടനാശിനി മുക്തമായ യന്ത്രവൽകൃത കൃഷി രീതിയിലൂടെ ജൈവ നെൽകൃഷി കുട്ടനാട്ടിൽ വ്യാപിപ്പിക്കുകയാണു ലക്ഷ്യം. 15 വർഷം കൊണ്ടു പൂർത്തിയാകുന്ന പദ്ധതി കുട്ടനാട്ടിലെ നെൽകൃഷി മൂന്നു ലക്ഷം ടണ്ണിൽ നിന്ന് ആറു ലക്ഷമായി വർധിപ്പിക്കുന്നതും ലക്ഷ്യമിടുന്നു.

സംസ്ഥാനത്തെ നാലു പ്രത്യേക കാർഷിക മേഖലകളിൽ സർക്കാർ നടപ്പാക്കുന്ന ‘ഗുഡ് അഗ്രിക്കൾച്ചർ പ്രാക്ടീസ്’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണു കുട്ടനാടിനു രക്ഷാ പദ്ധതി തയാറാക്കുന്നത്. സൂക്ഷ്മവും സുരക്ഷിതവുമായ കൃഷി രീതി വഴി കുട്ടനാട് നെല്ല് എന്ന പ്രത്യേക ബ്രാൻഡ് വികസിപ്പിച്ചെടുക്കുകയാണു പദ്ധതിയുടെ ഉദ്ദേശ്യം. പ്രകൃതി ക്ഷോഭവും കീടബാധയും കളബാധയും വിള നഷ്ടവും മൂലം കുട്ടനാട്ടിലെ കൃഷി പ്രതിസന്ധിയിലാണെന്നു കൃഷി വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നു മന്ത്രി വി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഒരു സംഘം സന്ദർശനം നടത്തുകയും പഠനത്തിനു വിദഗ്ധരെ ചുമതലപ്പെടുത്തുകയും ചെയ്തു. കാർഷിക മേഖലയുടെ സമൂലമായ പുനഃസംഘടനയിലൂടെ മാത്രമേ കുട്ടനാട്ടിലെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ എന്നു പഠന റിപ്പോർട്ട് നിർദേശിച്ചു.

ഈ സാഹചര്യത്തിൽ വിപണിയിൽ ഉയർന്ന വിലയ്ക്കു വിൽക്കാൻ കഴിയുന്ന കുട്ടനാട് ബ്രാൻഡ് അരി ഉൽപാദിപ്പിക്കുക മാത്രമാണ് ഏക പോംവഴിയെന്നു കൃഷി ഡയറക്ടർ ബിജു പ്രഭാകർ പറഞ്ഞു. തൃശൂർ ജില്ലയിലെ അടാട്ട് അരി കിലോയ്ക്ക് 60 രൂപയ്ക്കും വയനാട്ടിലെ കബനി അരി 80 രൂപയ്ക്കും വാങ്ങാൻ ആവശ്യക്കാരുണ്ട്. വിപണിയിൽ ഉയർന്ന മൂല്യമുള്ള നിലവാരത്തിലേക്കു കുട്ടനാട് അരി ഉയർത്തുകയാണു ലക്ഷ്യമെന്നും ബിജു പ്രഭാകർ പറഞ്ഞു.

നെൽകൃഷിക്ക് കാവലായി പൂന്തോട്ടം

ശാസ്ത്രീയ കൃഷി രീതി കുട്ടനാട്ടിൽ നടപ്പിലാക്കുകയും അവ ഉപയോഗിക്കാൻ കർഷകരെ പ്രാപ്തരാക്കുകയുമാണു പദ്ധതിയുടെ കാതൽ. അമിതമായ കീടനാശിനി ഉപയോഗിക്കുന്ന ഇപ്പോഴത്തെ രീതി മാറ്റും. ജനിതക മാറ്റം വഴി കീടനാശിനികളെ അതിജീവിക്കുന്ന മുഞ്ഞ പോലുള്ള കീടങ്ങൾ ഫലത്തിൽ വിളവു കുറയ്ക്കുന്നു. മിത്ര കീട–ജൈവ കീട നിയന്ത്രണ മാർഗങ്ങളും നടപ്പിലാക്കും. കീടങ്ങളെ പിടിക്കുന്ന കെണികൾ പാടശേഖരങ്ങളിൽ സ്ഥാപിക്കും. കാർഷിക മേഖലയ്ക്കു മാരിഗോൾഡ് പോലുള്ള ജൈവ പൂന്തോട്ട വേലി നിർമിക്കും. പൂക്കളിലെ തേൻ നുകരാൻ വരുന്ന ഷഡ്പദങ്ങളും തൂക്കണാംകുരുവി പോലുള്ള പക്ഷികളും കീട നിയന്ത്രണത്തിനു സഹായിക്കും. ആവശ്യമുള്ള സാഹചര്യങ്ങളിൽ ഡ്രോൺ പോലുള്ള ഉപകരണങ്ങൾ വഴി കീടനാശിനി തളിക്കും.

കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ മണ്ണു പരിശോധന നടത്തിയാവും വളപ്രയോഗം. കഴിഞ്ഞ സീസണിൽ വരിനെല്ല് വിളവു നഷ്ടത്തിന് ഇടയാക്കിയിരുന്നു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വരിനെല്ല് കിളിർപ്പിച്ചു കളയുകയും ഇതിനു വേണ്ടി വരുന്ന ഒരു മാസക്കാലത്തേക്കു പ്രത്യേക സബ്സിഡി നൽകുകയും ചെയ്യും. വരിനെല്ല് കിളിർപ്പിച്ചു കളയുന്നതു വഴി നഷ്ടമാകുന്ന സമയം വീണ്ടെടുക്കുന്നതിനായി മൂപ്പു കുറഞ്ഞ വിത്തുകൾ കൃഷി വകുപ്പ് വിതരണം ചെയ്യും.

കുട്ടനാടിനായി പുതിയ വിത്തിനങ്ങൾ

നിലവിൽ ഉപയോഗിക്കുന്ന ഉമ, ജ്യോതി നെൽ വിത്ത് ഇനങ്ങൾക്കു രോഗ പ്രതിരോധ ശേഷിയും ഉൽപ്പാദനവും കുറവാണ് എന്നാണു കൃഷി വകുപ്പിന്റെ വിലയിരുത്തൽ. ഈ പ്രതിസന്ധി മറികടക്കുന്നതിനു കുട്ടനാടിന് അനുയോജ്യമായ പുതിയ വിത്തിനങ്ങൾ വികസിപ്പിക്കും. നിലമൊരുക്കുന്നതിനും വിതയ്ക്കും കൊയ്ത്തിനും കൂടുതലായി യന്ത്രങ്ങൾ ഉപയോഗിക്കും. കർഷകർക്കു മിതമായ നിരക്കിൽ യന്ത്രങ്ങൾ ലഭ്യമാക്കും. വിത യന്ത്രം ഉപയോഗിക്കുന്നതു വഴി വിത്തിന്റെ അളവു മൂന്നിലൊന്നായി കുറയ്ക്കാമെന്നാണു കൃഷി വകുപ്പിന്റെ കണ്ടെത്തൽ. നിലവിൽ വിത്ത് പുറത്തു നിന്നു വാങ്ങുന്ന രീതി നിർത്തലാക്കും. പകരം കുട്ടനാട്ടിൽ തന്നെ കർഷകരുടെ നേതൃത്വത്തിൽ കൃഷി വകുപ്പിന്റെ സഹായത്തോടെ വിത്തുൽപ്പാദനം നടത്തും.

കർഷകർക്കു വിവരം നൽകാൻ കുട്ടനാട് റേഡിയോ

കർഷകർ തമ്മിലുള്ള ആശയ വിനിമയത്തിന്റെ അഭാവമാണു പല സ്ഥലങ്ങളിൽ പല സമയത്തു കൃഷിയിറക്കുന്നതിനു കാരണം. ഈ സ്ഥിതിക്കു പരിഹാരമായി കുട്ടനാട്ടിലെ കർഷകർക്കായി ഞാറ്റുവേല കമ്യൂണിറ്റി റേഡിയോ ആരംഭിക്കും. വിനോദ പരിപാടികൾക്കു പുറമേ കർഷകർക്കാവശ്യമായ അറിവുകളും മുന്നറിയിപ്പുകളും റേഡിയോയിലൂടെ നൽകും.

കാലാവസ്ഥയിലെ മാറ്റങ്ങൾ മൂൻകൂട്ടി കണ്ടെത്തി നടപടികൾ എടുക്കുന്നതിനായി ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങൾ കുട്ടനാട്ടിൽ സ്ഥാപിക്കും. ഇതോടൊപ്പം കുട്ടനാട്ടിലെ പ്രധാന ദുരിതമായ പോള സംസ്കരിച്ചു വളമാക്കുന്ന യൂണിറ്റുകളും കുട്ടനാട്ടിൽ നടപ്പാക്കും. ആദ്യത്തെ അഞ്ചു വർഷത്തേക്ക് 12.55 കോടി രൂപയാണു പദ്ധതി ചെലവു പ്രതീക്ഷിക്കുന്നത്.

No comments:

Post a Comment