മിൽമ മിഴി തുറക്കണം

വിഷയം പാൽക്കച്ചവടമായ സ്ഥിതിക്ക് ഇത്തിരി കണക്ക് പറഞ്ഞു തുടങ്ങാം. പത്തു വർഷം മുമ്പ് ഒരു കിലോ കാലിത്തീറ്റയുടെ വില ഏഴു രൂപ എഴുപതു പൈസ. ഇപ്പോൾ ഏറ്റവും വില കുറഞ്ഞ മിൽമ കാലിത്തീറ്റയ്ക്കു പോലും മൂന്നിരട്ടിയോളം വില (20 രൂപ) കൊടുക്കണം. അമ്പതു കിലോ ചാക്കിന് 1000 രൂപയാണ് വില. അത്യുൽപാദനശേഷിയുള്ള പശുക്കളെ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്നവർ വാങ്ങാറുള്ള മെച്ചപ്പെട്ട മറ്റ് ബ്രാൻഡുകൾക്ക് ചെലവ് ഇനിയുമേറും. ചാക്കിന് 1200 രൂപയുടെ ചുറ്റുവട്ടത്തിലാണ് ഇത്തരം കാലിത്തീറ്റകളുടെ വില. ക്ഷീരോൽപാദകസംഘങ്ങൾ കൃഷിക്കാരിൽനിന്നു വാങ്ങുന്ന പാലിനു ശരാശരി 29.5 രൂപയാണ് നൽകുന്നത്. ഈ പാൽ സംഘങ്ങളിൽ നിന്നു 31 രൂപയ്ക്കാണ് മിൽമ വാങ്ങുക. സംഘങ്ങളിൽനിന്നു സംസ്കരണകേന്ദ്രത്തിലെത്തിക്കാൻ ലീറ്ററിന് 80-100 പൈസയും ശീതീകരിക്കാൻ 50 പൈസയും അണുനശീകരണം നടത്തി സംസ്കരിക്കാൻ 60 പൈസയും പാക്കിങ്ങിനു 80 പൈസയും വിൽപനശാലകളിൽ എത്തിക്കുന്നതിനുള്ള കടത്തുകൂലി 35 പൈസയും ഏജൻസി കമ്മീഷൻ 1.35 രൂപയും വേണ്ടിവരുന്നതായാണ് മിൽമയുടെ കണക്ക്. സംഘങ്ങളിൽനിന്നു 31 രൂപയ്ക്കു വാങ്ങിയ പാൽ ഉപഭോക്താവിലെത്തിക്കുമ്പോൾ മിൽമ ആകെ മുടക്കേണ്ടിവരുന്നത് 35.60 രൂപയാണെന്നു സാരം. അധികമായി ഒരു ലീറ്റർ പാലിൽനിന്നു മിൽമ നേടുന്ന 2.40 രൂപയിൽനിന്നാണ് വിപണനം, പരസ്യം, പുതിയ സംരംഭങ്ങളുടെ സ്ഥാപനച്ചെലവ് എന്നിവ കണ്ടെത്തുന്നത്. പ്രഖ്യാപിത വിലയ്ക്കു പുറമേ, ലാഭത്തിൽനിന്നുള്ള വിഹിതം ബോണസായി നൽകുന്നതുവഴി ക്ഷീരസംഘത്തിൽ പാലളക്കുന്നവർക്ക് ഏതാനും മാസങ്ങളിലെങ്കിലും അധികവരുമാനവും ഉറപ്പാക്കുന്നുണ്ട്. എന്നാൽ പാൽവിൽപന കൊണ്ടു മാത്രമല്ല, ഇത്രയും കാര്യങ്ങൾ നടക്കുന്നതെന്നാണ് മിൽമ അധികൃതർ പറയുന്നത്. പാലിൽ നിന്നു നീക്കിയ കൊഴുപ്പും മൂല്യവർധിത ഉൽപന്നങ്ങളുമാണ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കാവശ്യമായ അധിക തുക കണ്ടെത്തുക. ഇത്ര ശക്തമായി ഈ പ്രസ്ഥാനം നിലനിൽക്കുന്നില്ലായിരുന്നെങ്കിൽ കേരളത്തിലെ ക്ഷീരകർഷകരുടെ സ്ഥിതി കൂടുതൽ ദയനീയമായേനെയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സംഗതിയൊക്കെ ശരിതന്നെ. പക്ഷേ, കൃഷിക്കാർക്കുവേണ്ടി കൃഷിക്കാർ നടത്തുന്ന സ്ഥാപനം കൂടുതൽ കൂറ് കാട്ടിയില്ലെങ്കിൽ ക്ഷീരകർഷകർക്കു കളം വിടുകയേ നിവൃത്തിയുള്ളൂ. അസംസ്കൃതപദാർഥങ്ങൾക്കു വില കൂടിയാൽ വില കൂട്ടേണ്ടിവരുമെന്ന ന്യായം കാലിത്തീറ്റയ്ക്കും ബാധകമാണ്. പക്ഷേ അവ ഏറ്റവും കുറഞ്ഞ വിലയ്ക്കു കിട്ടാൻ വേണ്ടത്ര ശ്രമം നടക്കുന്നുണ്ടോയെന്നു കൂടി പരിശോധിക്കേണ്ടതുണ്ട്. വിശേഷിച്ച് സ്ഥാപനം കൃഷിക്കാരുടെ സ്വന്തമായ സ്ഥിതിക്ക്. തൽക്കാലം നമുക്ക് മിൽമയെ മുഖവിലയ്ക്കെടുത്ത് കാലിത്തീറ്റ വില വർധിപ്പിക്കാതെ നിവൃത്തിയില്ലെന്നു സമ്മതിക്കാം. അങ്ങനെയെങ്കിൽ ആനുപാതികമായി പാൽവിലയും കൂടേണ്ടതല്ലേ? സ്വന്തം ഉൽപന്നത്തിനു വില നിശ്ചയിക്കാൻ കൃഷിക്കാർക്ക് അവകാശമുണ്ടെന്നും ആ അധികാരം വിനിയോഗിക്കുന്നതിൽനിന്നു ക്ഷീരകർഷക ഫെഡറേഷനെ വിലക്കാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി വിധിച്ചിട്ടുള്ളതാണ്. എങ്കിലും സർക്കാരറിയാതെ, മന്ത്രിയറിയാതെ വില കൂട്ടുന്നതു മര്യാദയല്ലെന്നു ഫെഡറേഷൻ കരുതിയിട്ടുണ്ടാവും. ലീറ്ററിനു 35 രൂപയെങ്കിലും കിട്ടാതെ ക്ഷീരകർഷകനു നിലനിൽപില്ലെന്നു പറയുന്ന മന്ത്രിയോട് ഇക്കാര്യം അവതരിപ്പിക്കാൻ ഇത്ര പേടിക്കേണ്ടതുണ്ടോ?

പാൽവില വർധിപ്പിക്കാതെ ക്ഷീരോൽപാദനം ആദായകരമാക്കാൻ ഒരു കുറുക്കുവഴിയേയുളളൂ. കാലിത്തീറ്റയ്ക്കു സർക്കാർ സബ്സിഡി നൽകുക. പതിനഞ്ചോ പതിനാറോ രൂപയ്ക്ക് നിലവാരമുള്ള കലിത്തീറ്റ ആവശ്യാനുസരണം കിട്ടുമെന്നായാൽ പിന്നെ വിലവർധനയെക്കുറിച്ച് ക്ഷീരകർഷകൻ മിണ്ടുകയില്ല. നഷ്ടക്കണക്കിൽ വളർച്ചയും ജനസേവനത്തിൽ തളർച്ചയും കാണിക്കുന്ന മറ്റ് പല പൊതുമേഖലാസ്ഥാപനങ്ങൾക്കും നൽകുന്ന സബ്സിഡിയുടെ ചെറിയൊരു ഭാഗം മതിയാവും ഇതിന്.
രണ്ടു വർഷം മുമ്പ് 2014 ജൂലൈയിലാണ് ഒടുവിൽ പാൽവില കൂടിയത്. ആ വർഷം ഡിസംബറിൽ 50 കിലോ മിൽമ കാലിത്തീറ്റയുടെ വില 885 രൂപയായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിലേതുൾപ്പെടെ നാലു വിലവർധനകൾ മിൽമ കാലിത്തീറ്റയ്ക്കുണ്ടായപ്പോൾ കൃഷിക്കാരന്റെ കാര്യം ആരും ഓർത്തില്ല. കാലിത്തീറ്റയ്ക്കു മാത്രമല്ല ഇക്കാലയളവിൽ വില കൂടിയത്. കൂലിച്ചെലവ് കൂടി. തീറ്റപ്പുല്ലിനും ചികിത്സയ്ക്കുമുള്ള ചെലവ് കൂടി. ഇതൊക്കെ ഉൽപാദനച്ചെലവിന്റെ മാത്രം കാര്യം. കൃഷിക്കാരന്റെ ജീവിതച്ചെലവുകളിലുണ്ടായ വർധനയും കണക്കിലെടുക്കേണ്ടതല്ലേ? ആഹാരം, ആശുപത്രി, വിദ്യാഭ്യാസം, യാത്ര തുടങ്ങിയ രംഗങ്ങളിലൊക്കെ അവർ അധികതുക നൽകേണ്ടിവന്നു. വൈദ്യുതിക്കും ഫോണിനുമൊക്കെ കാലാനുസൃതമായ ചാർജ് ഈടാക്കാനും നൽകാനും ആർക്കും മടിയുണ്ടായില്ല. പിന്നെ പാലിനു മാത്രമായി ഒരു വിവേചനമെന്തിനാണെന്നു ക്ഷീരകർഷകർ ചോദിക്കുമ്പോൾ ആർക്കാണ് മറുപടിയുള്ളത്?
ഇനിയും ബോധ്യം വരാത്തവർക്കു വേണ്ടി പാലിന്റെ ഉൽപാദനച്ചെലവ് സംബന്ധിച്ച ഒരു കണക്കുകൂടി അവതരിപ്പിക്കാം. കറവപ്പശുക്കൾക്ക് ഒരു ലീറ്റർ പാലിനു 400 ഗ്രാം എന്ന നിരക്കിൽ കാലിത്തീറ്റ നൽകണമെന്നാണ് കണക്ക്. ആരോഗ്യസംരക്ഷണത്തിനായി രണ്ടു കിലോ തീറ്റ വേറെയും ദിവസംതോറും നൽകണം. ദിവസം എട്ടു ലീറ്റർ പാൽ തരുന്ന ഒരു പശുവിന് ഇതുപ്രകാരം 5.2 കിലോ തീറ്റയാണ് വേണ്ടത്. ഇപ്പോഴത്തെ വിലയനുസരിച്ച് ഇത്രയും കാലിത്തീറ്റയ്ക്ക് മാത്രം 104 രൂപ നൽകണം. കിലോയ്ക്ക് മൂന്നു രൂപ നിരക്കിൽ ഇരുപതു കിലോ തീറ്റപ്പുല്ലിന് 60 രൂപ ചെലവു കണക്കാക്കാം. പത്തു പശുക്കളുള്ള ഒരു ഫാമിന് 600 രൂപ കൂലിച്ചെലവ് കണക്കാക്കിയാൽ ഒരു പശുവിനായി 60 രൂപയോളം ചെലവിടേണ്ടിവരുന്നു. ഇപ്രകാരം 224 രൂപ ദിവസേന ചെലവാക്കി വളർത്തുന്ന പശുവിൽനിന്ന് എട്ടു ലീറ്റർ പാല് കിട്ടുമ്പോൾ ഉൽപാദനച്ചെലവ് ലീറ്ററിന് 28 രൂപയാണ്. തൊഴുത്തിനും പശുക്കളെ വാങ്ങാനുമായി മുടക്കിയ മുതലിന്റെയും പലിശയുടെയും ഇനത്തിൽ ഒരു രൂപ കൂടി ചേർക്കുമ്പോൾ ഇത് 29 രൂപയാകും. പത്തു പശുക്കൾക്കും കൂടി എഴുപതു ലീറ്റർ പാൽ ഉൽപാദനമുണ്ടെന്നു കരുതുക. ദിവസം 500 രൂപ മിച്ചം വയ്ക്കണമെങ്കിൽ ഒരു ലീറ്റർ പാലിനു 36 രൂപയെങ്കിലും കൃഷിക്കാരനു കിട്ടിയേ മതിയാവൂ. കൂലിച്ചെലവ്, കാലിത്തീറ്റവില എന്നിവയൊക്കെ ഏറ്റവും കുറഞ്ഞ നിരക്കിൽ പരിഗണിച്ച കണക്കാണിത്.
കൂടുതൽ ഉൽപാദനക്ഷമതയുള്ള പശുവിനെ വളർത്തിയാൽ പ്രശ്നം പരിഹരിക്കാമെന്നു ചിന്തിക്കുന്നവർ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്– കേരളത്തിലെ പശുക്കളുടെ ഒരു ദിവസത്തെ ശരാശരി ഉൽപാദനം എട്ട് ലീറ്ററാണ്. പരമാവധി ഉൽപാദനം 14 ലീറ്ററുള്ള പശുക്കൾക്കുപോലും ഒരു കറവക്കാലത്തെ ആകെ ഉൽപാദനം നോക്കിയാൽ ദിവസേന കിട്ടുന്നത് ശരാശരി എട്ടു ലീറ്റർ മാത്രമായിരിക്കും. ഉൽപാദനം വർധിക്കുന്നതനുസരിച്ച് തീറ്റച്ചെലവു മാത്രമല്ല, ചികിത്സച്ചെലവും കൂടുമെന്ന വസ്തുതയും മറക്കരുത്.
സാഹചര്യം ഇതായിരിക്കെ മിൽമ കൃഷിക്കാർക്കു നൽകുന്ന വില എത്രയാണെന്നു കൂടി പരിശോധിക്കാം. കേരളത്തിൽ സംഭരിക്കുന്ന പാലിലെ ശരാശരി കൊഴുപ്പ് 4.1ഉം കൊഴുപ്പിതര ഖരപദാർഥങ്ങൾ 8.2 ശതമാനവുമാണ്. ഈ നിലവാരമുള്ള പാലിന്റെ സംഭരണ വിലയാണ് 29.5 രൂപ. ലീറ്ററിന് 50 പൈസ ലാഭം നൽകുന്ന കച്ചവടമാണിത്. എഴുപതു ലീറ്റർ പാലളക്കുന്ന കൃഷിക്കാരന്റെ ദിവസ വരുമാനം 35 രൂപ. ഏകദേശം പത്തു ലക്ഷം രൂപ മുടക്കി ഫാം നടത്തുന്നവനോട് ചാണകം വിറ്റു ജീവിച്ചോളൂ എന്നു പറയേണ്ടിവരുന്ന സാഹചര്യവും ഇതു തന്നെ. നേരത്തെ സൂചിപ്പിച്ച 500 രൂപ ദിവസ വരുമാനം നേടാൻ ഈ കൃഷിക്കാരൻ 1000 ലീറ്റർ പാലുൽപാദിപ്പിക്കണം.

വിലയുടെ കാര്യത്തിൽ കാലിത്തീറ്റയും പാലും തമ്മിൽ മത്സരിക്കുന്നത് അപകടമാണെന്ന വസ്തുത മറക്കുന്നില്ല. പാൽവില എത്ര കൂട്ടിയാലും കാലിത്തീറ്റക്കമ്പനിക്കാർ കൊണ്ടുപോവുകയാണെന്ന യാഥാർഥ്യത്തോടും പുറംതിരിഞ്ഞു നിൽക്കുന്നില്ല. അയൽസംസ്ഥാനങ്ങളിൽനിന്നു മാത്രമല്ല അന്യരാജ്യങ്ങളിൽനിന്നു വരെ കുറഞ്ഞ വിലയ്ക്ക് പാലും പാൽപ്പൊടിയുമൊക്കെ ഇവിടേക്കു വരാവുന്ന സാഹചര്യമാണുള്ളത്. അമുൽ, നന്ദിനി തുടങ്ങിയ പ്രമുഖ ക്ഷീരോൽപാദകയൂണിയനുകൾ മറ്റ് സംസ്ഥാനങ്ങളിൽ പാൽവിപണനം തുടങ്ങിക്കഴിഞ്ഞു. ഉൽപാദനച്ചെലവ് ഏറ്റവും കൂടുതലുള്ള കേരളത്തിലെ ക്ഷീരകർഷകർക്ക് ഈ മത്സരം കടുത്തതായിരിക്കും. ഈ സാഹചര്യത്തിൽ തോന്ന്യാസം വില കൂട്ടിയാൽ വിപണിയിൽ നിന്നുപിഴയ്ക്കാൻ പാടുപെടേണ്ടിവരുമെന്ന മറുവശവും ഈ പ്രശ്നത്തിനുണ്ട്. പക്ഷേ, പുറത്തുനിന്നുള്ള മത്സരം നേരിടാനാണല്ലോ ഇത്രയും ആളും അർഥവും നൽകി പശുപതിമാരെയും കന്നൂട്ടികളെയുമൊക്കെ ക്ഷീരകർഷകർ നിയമിച്ചിരിക്കുന്നത്. സമർഥരായ പ്രഫഷണലുകളാണ് മിൽമയെ നയിക്കുന്നതെന്നാണ് കൃഷിക്കാരുടെ സങ്കൽപം. ഇത്തരം വെല്ലുവിളികളും പ്രതിന്ധികളും അതിജീവിക്കാൻ അവർ സഹായിക്കുമെന്നാണ് ക്ഷീരകർഷകന്റെ പ്രതീക്ഷ.
കവർപാലിന്റെ വിലവർധനയല്ല, സംഘങ്ങളിൽ അളക്കുന്ന പാലിന്റെ വിലവർധനയാണ് കൃഷിക്കാരുടെ ആവശ്യം. കവർപാലിന്റെ വില വർധിപ്പിക്കാതെ തന്നെ കൂടുതൽ വില നൽകാൻ കഴിയുന്നതിലാണ് മിൽമയുടെ മിടുക്ക്. അതു സാധ്യമല്ലെങ്കിൽ വിൽപനവില കൂട്ടണം. ഉപഭോക്താവല്ല ഉൽപാദകനാണ് യജമാനനെന്ന വസ്തുത മിൽമയുടെ മനസ്സാക്ഷിയെ ഭരിക്കട്ടെ. ഉൽപാദകന്റെ ആകുലതകൾ കൂടുതലായി ഉൾക്കൊള്ളുന്നവരാണ് സ്ഥാപനം നയിക്കേണ്ടത്. പാൽ കൊഴുപ്പ് നീക്കി അധികവിലയ്ക്കു വിറ്റുണ്ടാക്കിയ ലാഭമാണ് ക്ഷീരകർഷകർ വീട്ടുചെലവിനെടുക്കാതെ അടിസ്ഥാനസൗകര്യവികസനത്തിനായി മുടക്കിയിരിക്കുന്നത്, വിപുലമായ സംസ്കരണ–വിപണന–ശൃംഖല മിൽമയ്ക്കുണ്ടായത് ഇങ്ങനെയാണ്. ഈ ശൃംഖലയുടെ കരുത്തും മൂല‍്യവർധനയുടെ സാധ‍്യതകളും പ്രയോജനപ്പെടുത്തി കൃഷിക്കാരനു മാന്യമായ വരുമാനം നേടിക്കൊടുക്കാൻ ഈ പ്രസ്ഥാനത്തിനു ധാർമിക ബാധ്യതയുണ്ട്. മിൽമയെ നയിക്കുന്നവരുടെ ഉത്തരവാദിത്തമാണത്. കൈകാര്യച്ചെലവ് കുറച്ച്, നല്ല വിലയ്ക്കു പാൽ വിൽക്കാൻ സാമർഥ്യമുള്ള മിൽമയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. അല്ലാതെ ലീറ്ററിന് 50 പൈസ ലാഭം നേടിത്തരുന്ന മിൽമയല്ല. ഇത്രയും സംവിധാനങ്ങളൊന്നുമില്ലാതെതന്നെ വരവുമുട്ടയേക്കാൾ നാടൻമുട്ടയ്ക്ക് 50 പൈസ കൂടുതൽ കിട്ടാറുണ്ടെന്ന കാര്യം മറക്കേണ്ട. വരവുപച്ചക്കറിയേക്കാൾ നാടൻ പച്ചക്കറിക്ക് അഞ്ചു രൂപ കൂടുതൽ നൽകാൻ മലയാളി മടിക്കാറില്ലെന്നും ഓർക്കുക. നാടന്റെ ബ്രാൻഡ്കരുത്ത് കാണാതെ പോകരുത്.

വില കൂട്ടിയാൽ തമിഴ്നാട്ടിൽനിന്നു പാലൊഴുകുമെന്നു പറയുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രണ്ടു വർഷം മുമ്പ് ഇവിടെ പാൽവില വർധിപ്പിച്ചപ്പോൾ തമിഴ്നാട്ടിൽ വില 10 രൂപയോളം കുറവായിരുന്നു. അതിർത്തിപ്രദേശങ്ങളിൽ ചില പ്രശ്നങ്ങളുണ്ടായതൊഴിച്ചാൽ കേരളത്തിലെ പാൽവ്യവസായത്തെ ബാധിക്കുന്ന രീതിയിലുള്ള ക്ഷീരപ്രവാഹമൊന്നും ഇവിടേക്കുണ്ടായതായി കണ്ടില്ല. മാത്രമല്ല, വൻതോതിൽ പാൽ കൊണ്ടുവന്ന് മിൽമയ്ക്കു തലവേദനയുണ്ടാക്കാൻ മാത്രം സംസ്കരണ–വിതരണ ശൃംഖലയുള്ള സ്ഥാപനങ്ങളും ഇവിടെ കുറവ്. സ്വന്തം സാധ്യതകളെക്കുറിച്ചുള്ള ആത്മവിശ്വാസക്കുറവോ കൂടുതൽ വെല്ലുവിളി ഏറ്റെടുക്കാനുള്ള മടിയോ കേരളത്തിലെ ക്ഷീരകർഷകരുടെ സഹകരണപ്രസ്ഥാനത്തിന് ഇപ്പോഴുണ്ട്. മലബാർ യൂണിയൻ മാത്രമാണ് വിപണിയിൽ വിഹിതവും സാന്നിധ്യവും വർധിപ്പിച്ച് മത്സരക്ഷമത നിലനിറുത്തുന്നത്. നാട്ടിലെ നിലവാരമുള്ള പാല് നല്ല രീതിയിൽ സംസ്കരിച്ച് പടിവാതിൽക്കൽ നൽകുന്നിടത്തോളം മിൽമയ്ക്ക് വിലയുടെ പേരിൽ ഉപഭോക്താക്കളെ നഷ്ടപ്പെടില്ല. ഉൽപാദനകമ്മിയുള്ള വിപണിയിൽ കുത്തകവിഹിതമുള്ള ബിസിനസുകാരനു നഷ്ടം സഹിച്ചു കച്ചവടം നടത്തേണ്ട കാര്യമുണ്ടോ?
മിൽമ മിഴി തുറന്നേ മതിയാവൂ.
No comments:
Post a Comment