Monday, 7 November 2016

കീടനാശിനികളുടെ വിതരണവും വിൽപ്പനയും നടപടികൾ


pesticide

കീടനാശിനികളുടെ വിതരണവും വിൽപ്പനയും ഉപയോഗവും ഗുണനിലവാരവും നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് കൃഷി ഡയറക്ടർ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. നിയന്ത്രിത ഉപയോഗത്തിനു മാത്രമായി നിഷ്കർഷിച്ചിട്ടുളള കീടനാശിനികൾ, കൃഷി ഓഫീസർമാർ നൽകുന്ന ശുപാർശക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഡിപ്പോകളിൽനിന്നും വിൽപ്പന നടത്തുവാൻ പാടുളളൂ. അംഗീകൃത കീടനാശിനി ഡിപ്പോകളിലൂടെയല്ലാതെ, കർഷകർ അനധികൃതമായി കീടനാശിനികൾ വാങ്ങുന്നതും കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്നതും പൂർണ്ണമായി നിയന്ത്രിക്കേണ്ടതാണ്. കീടനാശിനികൾ വാങ്ങുന്ന കർഷകർ ഡിപ്പോകളിൽ നിന്നും നിർബന്ധമായും ക്യാഷ് ബിൽ ചോദിച്ചു വാങ്ങണം.

നിരോധിക്കപ്പെട്ട കീടനാശിനികൾ കർഷകർ കൃഷിയിടങ്ങളിൽ പ്രയോഗിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നപക്ഷം, ബന്ധപ്പെട്ട കർഷകർക്ക് മേലിൽ അത്തരം കീടനാശിനികൾ പ്രയോഗിക്കരുതെന്ന് നിർദ്ദേശിച്ചുകൊണ്ട് നോട്ടീസ് നൽകണം. തുടർന്നും അത്തരം കീടനാശിനികൾ ഉപയോഗിക്കുന്നത് ആവർത്തിക്കുന്ന പക്ഷം വൈദ്യുതി സൗജന്യം ഉൾപ്പെടെ കൃഷിവകുപ്പിൽ നിന്നുളള എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് കാണിച്ച് കർശന താക്കീതോടെ രണ്ടാമതും നോട്ടീസ് നൽകേണ്ടതാണ്. പിന്നീടും നിരോധിത കീടനാശിനികളുടെ ഉപയോഗം തുടർന്നാൽ അത്തരം കർഷകരെ കൃഷി വകുപ്പിന്റെ നിലവിലുളള പദ്ധതികളിൽ നിന്നും അയോഗ്യരാക്കുകയും ചെയ്യേണ്ടതാണ്.

പരിശീലനം

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ ഈ മാസം 8, 9 തീയതികളിൽ ആട് വളർത്തൽ, 16, 17, 18, 19 തീയതികളിൽ വാണിജ്യാടിസ്ഥാനത്തിൽ ആടുവളർത്തൽ, 22, 23, 24 തീയതികളിൽ വ്യാവസായികാടിസ്ഥാനത്തിൽ പശുവളർത്തൽ, 25 ന് കാട വളർത്തൽ, 28, 29, 30 തീയതികളിൽ മുട്ടക്കോഴി വളർത്തൽ എന്നീ വിഷയങ്ങളിൽ സൗജന്യ പരിശീലനം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് 04829-234323 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.

നടീൽ വസ്തുക്കൾ വിൽപനയ്ക്ക്

തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കൃഷി വകുപ്പ് വിൽപന കേന്ദ്രത്തിൽ നടീൽ വസ്തുക്കൾ വിൽപനയ്ക്ക്. പ്ലാവ് ഗ്രാഫ്റ്റ് 50 രൂപ, റമ്പുട്ടാൻ ഗ്രാഫ്റ്റ് 110 രൂപ, പേര ലയർ 40 രൂപ, ചാമ്പ ലയർ 25 രൂപ, വെസ്റ്റ് ഇന്ത്യൻ ചെറി ലയർ 25 രൂപ, കുറ്റി മുല്ല 10 രൂപ, മാവ് ഗ്രാഫ്റ്റ് 60 രൂപ, തെറ്റി 10 രൂപ, മംഗള കമുക് തൈ 15 രൂപ, അഗത്തി തൈ 15 രൂപ, ടിഷ്യുകൾച്ചർ വാഴത്തൈകൾ 20 രൂപ. വഴുതന, മാലി മുളക്, അനുഗ്രഹ മുളക്, പടവലം, പാവൽ, വെളളരി, പയർ, ചീര, വെണ്ട തുടങ്ങിയ പച്ചക്കറി വിത്തുകൾ 10 രൂപാ പായ്ക്കറ്റിലും ജൈവവളങ്ങളായ കോഴിവളം (6 കി.ഗ്രാം) 90 രൂപ, വെർമീ വാഷ്(6 കി.ഗ്രാം) 90 രൂപ, എൻറിച്ച് ചാണകം (5 കി.ഗ്രാം) 75 രൂപ, പ്രോട്ടീൻ മിക്സർ ഫീൽഡ് ഗ്രോ ബാഗ് 60 രൂപ എന്നിവയും ചാവക്കാടൻ കുറിയ ഇനം തെങ്ങിൻ തൈകൾ 75 രൂപയ്ക്കും ലഭ്യമാണ്.

കെപ്കോയിൽ ജീവനുളള ഇറച്ചിക്കോഴികൾ വിൽപനയ്ക്ക്

സർക്കാർ സംരംഭമായ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ (കെപ്കോയുടെ) സ്വന്തം ഇന്റഗ്രേഷൻ ഫാമുകളിൽ വളർത്തിയെടുക്കുന്ന ഇറച്ചിക്കോഴികളെ ജീവനോടെ വിൽക്കുന്നു. ജീവനുളള ഇറച്ചിക്കോഴികൾ പൊതുവിപണിയിലെ വിലയേക്കാളും കുറഞ്ഞ നിരക്കിലായിരിക്കും വിൽക്കുന്നത്. കച്ചവടക്കാർക്കും, വ്യക്തികൾക്കും കുറഞ്ഞ നിരക്കിൽ ജീവനുളള ഇറച്ചിക്കോഴികൾ വാങ്ങാവുന്നതാണെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. അതാത് ദിവസത്തെ വിലയ്ക്കും അന്വേഷണങ്ങൾക്കും 9495000921, 9495000915 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

No comments:

Post a Comment