Monday, 31 October 2016

ഓണക്കൂറിലെ കർഷകർക്ക്

 സർക്കാരിന്റെ അംഗീകാരം


farmers-in-onakkoor
ഓണക്ക‌ൂർ ക്ലസ്റ്റർ സമിതി അംഗങ്ങള‌ുടെ നേതൃത്വത്തിൽ പച്ചക്കറി വിളവെട‌ുക്ക‌ുന്ന‌ു. കൃഷി ഓഫിസർ‌ ബെന്നി ക...

എറണാകുളം ജില്ലയിലെ പ്രധാന പച്ചക്കറി ഉൽപാദന മേഖലയായ പിറവം ഓണക്കൂറിലെ കർഷകർക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. സംസ്ഥാനതലത്തിൽ മികച്ച പച്ചക്കറി ക്ലസ്റ്ററിനുള്ള രണ്ടാം സ്ഥാനം ഓണക്കൂർ എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിനു ലഭിച്ചു. ഒന്നാം സ്ഥാനം കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനാണ്. പച്ചക്കറി കർഷകർ ചേർന്നു രൂപീകരിക്കുന്ന ചെറുസംഘങ്ങളാണ് ക്ലസ്റ്ററുകൾ. 20 വർഷത്തിലേറെയായി ഓണക്കൂറിൽ കർഷകർ ഒത്തൊരുമയോടെ തുടരുന്ന മുന്നേറ്റത്തിനു ലഭിച്ച അംഗീകാരമാണിത്. 22 കർഷകരാണ് പുരസ്കാരം നേടിയ ക്ലസ്റ്ററിൽ അംഗങ്ങളായുള്ളത്. ഇവർക്കു പുറമേ നൂറോളം കർഷകർ ഓണക്കൂർ കേന്ദ്രീകരിച്ചു പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഒരു വിള നെല്ലും അടുത്ത വിള പച്ചക്കറിയുമെന്നതാണ് ഇവിടത്തെ കൃഷിരീതി.
300 ഹെക്ടറോളം സ്ഥലത്ത് വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്യുന്നുവെന്നതാണ് ഓണക്കൂറിലെ പ്രത്യേകത. ഇതുമൂലം ഉൽപാദനച്ചെലവ് ഗണ്യമായി കുറയ്ക്കാനാവുന്നു. സെപ്റ്റംബറിൽ ആരംഭിക്കുന്ന കൃഷി ഫെബ്രുവരിയോടെ വിളവെടുപ്പ് പൂർത്തിയാവും. പയർ, പാവൽ, ചീര, വെണ്ട, പടവലം തുടങ്ങിയവയാണ് ഓണക്കൂറിലെ പ്രധാന കൃഷികൾ. പിറവം നഗരസഭയിലും പാമ്പാക്കുട രാമമംഗലം പഞ്ചായത്തുകളിലുമായാണ് ഓണക്കൂർ പാടശേഖരം വ്യാപിച്ചു കിടക്കുന്നത്. വാക്കനംപാടം കൊട്ടാരം ഇലവനാംപാടം ഉൗരനാട്ട് പാടം തുടങ്ങിയവയാണ് ഇതിൽ പെടുന്നത്.
പാടശേഖരങ്ങൾക്ക് അതിരിട്ട് ഒഴുകുന്ന ഉഴവൂർ തോടാണ് കൃഷിയിടങ്ങളിലെ ജീവനാഡി. തോടിന്റെ ആരംഭത്തിലുള്ള വാക്കനംപാടത്തു നിന്നു പമ്പ് ചെയ്യുന്ന വെള്ളം കൃഷിയിടത്തിലുടനീളം എത്തുന്നതിനായി ചെറുചാലുകൾ ഒരുക്കിയിട്ടുണ്ട്. കർഷകരുടെ കൂട്ടായ്മയും സഹകരണവുമാണ് ഇവിടത്തെ വിജയ രഹസ്യമെന്ന് ഓണക്കൂർ ക്ലസ്റ്റർ സമിതി പ്രസിഡന്റ് പരിയാനിക്കൽ രഘു പറഞ്ഞു. നടീൽ മുതൽ വിളവെടുപ്പ് വരെയുള്ള എല്ലാ ഘട്ടത്തിലും പരസ്പര സഹകരണവുമായി എല്ലാവരും ഒപ്പമുണ്ടാകും.
പനമരം കീറി എട്ട് അടി വരെയും ഉയരമുള്ള കഷണങ്ങളാക്കിയാണ് പച്ചക്കറി പടരുന്നതിനുള്ള പന്തൽ തീർക്കുന്നത്. ഇതു മണ്ണിൽ അടിച്ചുറപ്പിച്ച് കമ്പി പാകി ബലപ്പെടുത്തും. പിന്നീട് കയർ വിരിച്ച് ബലപ്പെടുത്തിയാണ് ചെടികൾ പടരുന്നതിനുള്ള അവസരമൊരുക്കുന്നത്. മുൻപു വിത്ത് മണ്ണിൽ ഇട്ടു മുളപ്പിക്കുകയായിരുന്നു. ഇപ്പോൾ ട്രേയിൽ മുളപ്പിച്ചതിനു ശേഷമാണ് നടുന്നത്.
ഇതുമൂലം ആരോഗ്യമുള്ള ചെടികൾ തിരഞ്ഞെടുക്കുന്നതിനും നല്ല വിളവ് ലഭിക്കുന്നതിനും ഇടയാക്കുന്നതായി ക്ലസ്റ്റർ സെക്രട്ടറി വർഗീസ് മുടവൻകുഴി പറഞ്ഞു. കൃഷിവകുപ്പിന്റെ ഇടപെടൽ മൂലം ഒട്ടേറെ കർഷകർ ജൈവമാതൃകയിലേക്കു തിരിഞ്ഞതായി കൃഷി ഓഫിസർ വി.കെ.ചാക്കോച്ചൻ പറഞ്ഞു. കോഴിവളവും ജൈവകീടനാശിനികളുമെല്ലാം പ്രയോഗിച്ചു തുടങ്ങിയതോടെ ഉൽപാദന ചെലവ് കുത്തനെ കുറഞ്ഞതായി കർഷകരും വ്യക്തമാക്കി.
കഴിഞ്ഞ വർഷം 8.3 ലക്ഷം കിലോഗ്രാം പച്ചക്കറികളാണ് ഇവിടെനിന്നു വിപണിയിലെത്തിയത്. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലേക്കാണ് പ്രധാനമായും പച്ചക്കറി പോവുന്നത്. ഇക്കുറി ഉൽപാദനം ഇതിലും ഉയരുമെന്നാണ് കണക്കാക്കുന്നത്.
ഓണക്കൂറിലെ പച്ചക്കറി വിപ്ലവം അടുത്തറിയുന്നതിനായി കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ മായ എസ്. നായർ, അസിസ്റ്റന്റ് ഡയറക്ടർ ജിജി എലിസബത്ത് തുടങ്ങിയവർ ഓണക്കൂറിലെത്തിയിരുന്നു.

No comments:

Post a Comment