Thursday, 20 October 2016

നെൽക്കൃഷി വികസനം

 കടലാസിൽ മാത്രം; പാടങ്ങൾ

 തരിശാകുന്നു


paddy-field

വയനാട്ടിൽ നെൽക്കൃഷി തിരിച്ചെത്തിക്കുന്നതിനായി സംസ്ഥാന സർക്കാരും ത്രിതല പഞ്ചായത്തുകളും പലവിധ പദ്ധതികളും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും സാധാരണക്കാരായ കൃഷിക്കാർ കൃഷിയെ കൈവിടുന്നു. തുലാംമാസം പിറന്നതോടെ തന്നെ വേനൽ കടുത്തത് നഷ്ടം സഹിച്ചും നെൽക്കൃഷി നടത്താൻ തുനിഞ്ഞ കൃഷിക്കാരെയും ആശങ്കയിലാക്കിയിട്ടുണ്ട്. നെൽക്കൃഷിക്ക് ഏറ്റവും കൂടുതൽ ജലം ആവശ്യമാണ്.

മഴക്കുറവും വേനൽ കടുത്തതും പരമ്പരാഗതമായി കൃഷി നടത്തിവന്ന കർഷകരെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കയാണ്. കർഷകരുടെ ഏറ്റവും വലിയ പ്രശ്നം തൊഴിലാളി ക്ഷാമം തന്നെ. ഇത് പരിഹരിക്കുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളെ െനൽപ്പാടങ്ങളിലുപയോഗപ്പെടുത്താൻ ഇപ്പോഴും നിയമങ്ങൾ അനുവദിക്കുന്നുമില്ല.

ഏതാനും പഞ്ചായത്തുകളിൽ വിവിധ സംഘങ്ങൾ വഴിയും കർഷക കർമ സേനകൾ വഴിയും കൂട്ടുകൃഷി വ്യാപിപ്പിക്കാൻ കഴിഞ്ഞതൊഴിച്ചാൽ പാരമ്പര്യ കർഷകരൊഴികെ പുതുതായി ആരെയും കൃഷിയിടങ്ങളിലെത്തിക്കാൻ സർക്കാർ പദ്ധതികൾക്ക് കഴിഞ്ഞിട്ടില്ല. വെള്ളമുണ്ട പഞ്ചായത്തിൽ ഈ വർഷം നെൽക്കൃഷിക്കായി പദ്ധതിയിലുൾപ്പെടുത്തി എട്ട് ലക്ഷം രൂപയും കൂലിച്ചെലവ് സഡ്‌സിഡിയായി 10 ലക്ഷം രൂപയും എസ്ടി വിഭാഗത്തിനായി 6,30,000 രൂപയും വകയിരുത്തിയിരുന്നു.

ഇതിന് പുറമെ വർഷങ്ങളായി തരിശിട്ടിരിക്കുന്ന പാടങ്ങളിൽ കൃഷിയിറക്കുന്നതിനായി 10 പേരിൽ കുറയാത്ത കർഷകരെ ഉൾപ്പെടുത്തി ഗ്രൂപ്പുകൾ രൂപീകരിച്ച് കൃഷിയിറക്കി ഏക്കറിന് 40 തൊഴിലുറപ്പ് ആനുകൂല്യങ്ങളും പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ മുൻ കാലങ്ങളിലേത് പോലെ പഞ്ചായത്തിൽ ഹെക്ടർ കണക്കിന് നെൽവയലുകൾ ഇപ്പോഴും തരിശായിക്കിടക്കുകയാണ്.

കൊമ്മയാട്, കരിങ്ങാരി, പാലയാണ പാടശേഖരങ്ങളിലെല്ലാം മുൻ വർഷത്തെ അപേക്ഷിച്ച് നെൽവയലുകൾ തരിശിട്ടിരിക്കുന്നത് വർധിച്ചതായി പാലയാണ പൗരസമിതി പറയുന്നു. മട്ട അരിക്ക് കിലോ ഗ്രാമിന് 35 രൂപ വരെ വിലയുണ്ടെങ്കിലും കർഷകർ നഷ്ടം സഹിച്ചുണ്ടാക്കുന്ന നെല്ലിന് മാന്യമായ വില ലഭിക്കുന്നുമില്ല.

കർഷകർ വിപണിയിലെത്തിക്കുന്ന നെല്ലിന് പലപ്പോഴും മാർക്കറ്റ് വിലപോലും ലഭിക്കാറില്ല. ക്വിന്റലിന് 1600 രൂപയാണ് ഇപ്പോൾ നെല്ലിന് ലഭിക്കുന്നത്. നെല്ല് സംഭരണങ്ങളും പലപ്പോഴും ഫലപ്രദമാകുന്നില്ല. ഏക്കറിന് 25,000 രൂപയെങ്കിലും സർക്കാർ സഹായം ലഭിച്ചാൽ മാത്രമേ ലാഭകരമാവുകയുള്ളുവെന്നാണ് കർഷകർ പറയുന്നത്. സർക്കാർ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് കേവലം ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നതിനപ്പുറം ഫലപ്രദമായ ഇടപെടുലകൾ നടത്തണമെന്ന ആവശ്യം ശക്തമാണ്.

No comments:

Post a Comment