മുട്ട നാമക്കലിന്റെ ചോറ് !

കോഴിക്കു പരമസുഖം
∙ ചെറിയ ഫാമുകൾ നടത്തുന്ന ഇടത്തരക്കാർ മുതൽ വിദേശരാജ്യങ്ങളിലേക്കുൾപ്പെടെ മുട്ട കയറ്റി അയയ്ക്കുന്ന വൻകിട വ്യവസായികൾ വരെ നാമക്കലിലുണ്ട്. വെങ്കിളി, കെ.ഡി. സിങ്, കെപിഎൻ തുടങ്ങി പ്രമുഖ ബ്രാൻഡുകൾ ഒട്ടേറെ. അര കിലോമീറ്ററെങ്കിലും നീളമുള്ളതാവും വൻകിട ഫാമുകളിലെ ഓരോ കോഴിക്കൂടും. കോഴികൾക്കു തീറ്റ നൽകുന്നതിനും മുട്ട സംഭരിക്കുന്നതിനുമെല്ലാം യന്ത്രവൽകൃത സംവിധാനം. കോഴികളെ ഇട്ടിരിക്കുന്ന കമ്പിവലക്കൂടിനു മുന്നിലൂടെ വലിയൊരു ചെയിൻ കറങ്ങുന്നുണ്ടായിരിക്കും. ഇതിന്റെ ഒരു തട്ടിലൂടെ കോഴിത്തീറ്റ ഇട്ടുകൊടുക്കും. താഴെത്തട്ടിലൂടെ മുട്ടകൾ ഉരുണ്ടു താനേ സംഭരണകേന്ദ്രത്തിലെത്തും. കോഴിക്കു വെള്ളം കൊടുക്കാനും വിദ്യകളുണ്ട്. കൂടിനു മുകളിലൂടെയുള്ള ചെറിയ പൈപ്പിൽ ഒരു കൊത്തു കൊടുത്താൽ വെള്ളം താഴേക്കു വീഴും. കോഴിത്തീറ്റയ്ക്കുള്ള ചോളവും മറ്റു ധാന്യങ്ങളും ഫാമിൽ തന്നെ വളർത്തി സ്വന്തമായി തീറ്റ ഉൽപാദിപ്പിക്കുന്നവരുമുണ്ട്.
രോഗപ്പേടിയിൽ വമ്പൻ സുരക്ഷ
∙ പക്ഷിപ്പനി പോലുള്ള പകർച്ചവ്യാധികളെയാണു കോഴിഫാം ഉടമകൾക്ക് ഏറ്റവും വലിയ പേടി. പുറത്തുനിന്നുള്ള സന്ദർശകരെ മാത്രമല്ല, അവരുടെ വാഹനങ്ങളിൽ വരെ പ്രതിരോധ മരുന്നുകൾ അടിച്ചശേഷം മാത്രമേ അകത്തേക്കു കയറ്റൂ. ധരിക്കാൻ പ്രത്യേക ഉറയുള്ള ചെരിപ്പും നൽകും. ബയോസെക്യൂരിറ്റി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം നിബന്ധനകൾ. ഏതെങ്കിലും ഒരു കോഴിക്കു ചെറിയ പനി വന്നാൽ മതി, കോടികളുടെ നഷ്ടമുണ്ടാകും. കോഴികൾക്ക് അസുഖമുണ്ടോ എന്നു ദിവസവും മൂന്നു നേരവും വെറ്ററിനറി ഡോക്ടർമാർ പരിശോധിക്കുന്ന ഫാമുകൾ വരെ നാമക്കലിലുണ്ട്. അര കിലോമീറ്റർ നീളമുള്ള വലിയ കൂട്ടിൽ പതിനായിരക്കണക്കിനു കോഴികളുണ്ടാകും. കാൽസ്യവും പ്രോട്ടീനുമടങ്ങിയ സമീകൃതാഹാരമാണു തീറ്റ.
രോഗബാധ തടയാനും ഉൽപാദനം കൂട്ടാനും മരുന്നുകളും നൽകും. മുട്ടയിടുന്ന ഒരു കോഴി ദിവസേന 250 ഗ്രാം തീറ്റ അകത്താക്കുമെന്നാണു കണക്ക്. 140 മില്ലിലീറ്റർ വെള്ളവും കുടിക്കും. ഒരു മുട്ടയ്ക്ക് മൂന്നു രൂപയേ മൊത്തക്കച്ചവടക്കാർ നൽകൂവെന്നതിനാൽ ഫാമുകളിൽ ചെലവഴിക്കുന്ന ഓരോ മണി ധാന്യത്തിനും ഓരോതുള്ളി വെള്ളത്തിനും കൃത്യമായ കണക്കുണ്ടാകും. ലക്ഷങ്ങളുടെയും കോടികളുടെയും കണക്കിലല്ല, വെറും പൈസയുടെ കണക്കിലാണു മുട്ട വ്യവസായത്തിന്റെ ആണിക്കല്ല്. ഒരു പൈസ അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നതിനനുസരിച്ചു ലാഭക്കണക്കിലുണ്ടാകുക കോടികളുടെ വ്യത്യാസം.
ആർക്കു വേണ്ടി ചൈനാമുട്ടകൾ ?
∙ ചൈനാമുട്ട, പ്ലാസ്റ്റിക് മുട്ട കഥകൾക്കു പിന്നിൽ മൊത്തക്കച്ചവടക്കാരുടെ കിടമൽസരമായിരിക്കാമെന്നാണു കർഷകരുടെ സംശയം. എതിരാളികളുടെ ലോഡ് കേരളത്തിലെത്തുന്ന സമയം നോക്കി ഇത്തരം കഥകൾ പടച്ചുവിടുന്നതാവാമെന്ന് ഒരു വിഭാഗം കർഷകർ പറയുന്നു. മൊത്തക്കച്ചവടക്കാരോ വൻകിടക്കാരോ മുട്ട കുറെക്കാലത്തേക്കു കേടു കൂടാതെ സംഭരിക്കാൻ ഗോഡൗണുകളിലെ താപനില വൻതോതിൽ താഴ്ത്തുന്നതിനാൽ മുട്ടയുടെ ഗുണനിലവാരം കുറയാനിടയുണ്ടെന്നും അവർ പറയുന്നു. വ്യാപാരികളുടെയും ഇടനിലക്കാരുടെയും തന്ത്രങ്ങളും ഇതിനു പുറകിലുണ്ടാകാം.
മുട്ട ലോറികൾ പിടിച്ചെടുത്തപ്പോഴും കേരളത്തിൽനിന്നുള്ള പല ഓർഡറുകളും റദ്ദാക്കിയപ്പോഴുമാണ് ഇവിടെ ഇങ്ങനെയൊരു പ്രചാരണം ശക്തമാണെന്നു തമിഴ്നാട്ടിൽ പലരും അറിയുന്നത്. ലാബ് ഫലം വന്നപ്പോൾ ആശ്വാസമായി. ഇനിയെങ്കിലും തങ്ങളുടെ അരിയിൽ മണ്ണുവാരിയിടാൻ പ്ലാസ്റ്റിക് മുട്ടയും ചൈനീസ് മുട്ടയും നിറംപിടിപ്പിച്ച കഥകളുമായി വൈറലാകില്ലെന്ന പ്രതീക്ഷയിലാണു നാമക്കലുകാർ.
No comments:
Post a Comment