Tuesday, 25 October 2016

ഏലം ശരത്തിൽ വളർന്ന് ചിമ്പ്: 

പഠിക്കാൻ വിദഗ്ധ സംഘമെത്തും


cardamom-rare-growth

ഇടുക്കി ചെമ്പകപ്പാറയിൽ ഏലച്ചെടിയുടെ ശരത്തിൽനിന്നു പുതിയ ചിമ്പ് മുളച്ചനിലയിൽ കണ്ടെത്തിയത് അപൂർവ പ്രതിഭാസമെന്നു നിഗമനം. നേരിട്ടെത്തി പരിശോധിച്ചശേഷമേ യഥാർഥ വസ്തുത മനസ്സിലാക്കാൻ കഴിയുകയുള്ളൂവെന്നാണു വിദഗ്ധാഭിപ്രായം. ചെടികൾക്കു തളിക്കുന്ന മരുന്നിൽ ഹോർമോൺ അടങ്ങിയിട്ടുണ്ടെങ്കിൽ ഇത്തരം പ്രതിഭാസം ഉണ്ടാകുമെന്നാണു ചില ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ചെടികളിൽ ഉണ്ടാകുന്ന ഫില്ലോഡി എന്ന രോഗമാണോ ഇതെന്നും സംശയിക്കുന്നു. ഇതിന്റെ സാംപിൾ ശേഖരിച്ചു വെള്ളായണിയിലെ ലാബിൽ പരിശോധിച്ചശേഷമേ യഥാർഥ വസ്തുത മനസ്സിലാക്കാൻ കഴിയുകയുള്ളൂവെന്നു വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇതേക്കുറിച്ചു പഠിക്കാനായി വെള്ളായണി കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്ന് അസോഷ്യേറ്റ് പ്രഫസർ ഡോ. ഉമാമഹേശ്വറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നു ജില്ലയിലെത്തും.

ചെമ്പകപ്പാറ മാരായികുളത്ത് ജോർജിന്റെ കൃഷിയിടത്തിലാണു ശരത്തിൽനിന്നു ചിമ്പ് മുളച്ചുനിൽക്കുന്നത്. ഒരു ഏലച്ചെടിയിൽ മാത്രമാണ് ഇത്തരത്തിൽ ചിമ്പ് പൊട്ടിമുളച്ചത്. ഇവ വളർന്നതോടെ വേരു കിളിർത്ത് മണ്ണിലേക്ക് ഇറങ്ങുകയും ഇതിൽനിന്നു ശരമുണ്ടായി ഏലക്കായ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

ഏലച്ചെടിയുടെ മൂന്നുഭാഗങ്ങളിലാണ് ഇത്തരത്തിൽ ശരത്തിൽനിന്നു ചിമ്പ് ഉണ്ടായത്. ഒരു മുകുളത്തിൽനിന്നു മൂന്നും അതിലധികവും ചിമ്പുകൾ ഉണ്ടായിട്ടുമുണ്ട്. ഒന്നര പതിറ്റാണ്ടു മുൻപു വണ്ടൻമേട്ടിലെ സുഹൃത്തിന്റെ പക്കൽനിന്നു വാങ്ങിയ റാണി ഇനത്തിൽപെട്ട ഏലച്ചെടിയിലാണ് ഈ പ്രതിഭാസം. സമീപത്തെ മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് നശിച്ച ചിമ്പുകളിലും നശിക്കാത്ത ചിമ്പുകളിലുമാണ് ഈ രീതിയിൽ ചിമ്പ് മുളച്ചിട്ടുള്ളത്. രണ്ടുമാസത്തിനിടെയാണ് ഇവ വളർന്നുവന്നതെന്ന് ഇദ്ദേഹം പറയുന്നു. കൂടുതൽ ചിമ്പു വളർന്നു വന്നിരുന്നെങ്കിലും വേര് ഉണ്ടാകാത്തവ കരിഞ്ഞുണങ്ങി. അവശേഷിക്കുന്നവയാണു വളർന്നുവരുന്നത്. മികച്ച വളർച്ചയും കൂടുതൽ വേരുകളും ഉള്ളതിനാൽ ഇവ പ്രത്യേകമായി വളർത്താനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ഒരു ശരത്തിലുണ്ടായ ചിമ്പ് വളർന്നതോടെ ഏതാനും ചിമ്പ് അടർത്തിയെടുത്ത് പ്ലാസ്റ്റിക് കൂടിലാക്കി ജോർജ് വളർത്തുന്നുണ്ട്.

ഏലച്ചെടികൾക്കു കൂടുതലായും ജൈവവളങ്ങളാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. തണ്ടുതുരപ്പനെ പ്രതിരോധിക്കാൻ മാത്രമാണ് മരുന്നു തളിക്കുന്നത്. ഇദ്ദേഹത്തിന്റെ തോട്ടത്തിലടക്കം ഏതാനും വർഷം മുൻപ് ഏലത്തിന്റെ ചിമ്പിൽനിന്നു ശരം ഉണ്ടായിരുന്നെങ്കിലും ഇത്തരത്തിലുള്ള പ്രതിഭാസം ആദ്യമാണ്.

No comments:

Post a Comment