Monday, 24 October 2016

പായം എന്ന പാഠം


paddy-farming-in-payam-kannur3

മൂന്നു വിള കൃഷിയിറക്കാൻ പറ്റുന്ന വയലുകൾ തരിശാക്കിയിടുന്ന കാലത്ത്, ഒഴിവുള്ള സ്ഥലം കണ്ടെത്തി കരനെൽകൃഷി കൂടി നടത്തി വൻ നേട്ടം ഉണ്ടാക്കിയ വിജയകഥയാണു പായം പഞ്ചായത്തിനു പറയാനുള്ളത്. ഇവിടത്തെ 207 വനിതാ കർഷകർ പ‍ഞ്ചായത്തിലെ 30 കേന്ദ്രങ്ങളിലായി നടത്തിയ കൃഷിയിലാണു പറനിറയെ വിളവ് ലഭിച്ചത്. കരഭൂമിയെ നെൽപാടമാക്കി കൊയ്തെടുത്തത് 61.2 ടൺ നെല്ല്!

നൂറ് ഏക്കർ കരനെൽകൃഷി ലക്ഷ്യമിട്ട് ഇറങ്ങിപ്പുറപ്പെട്ട ആദ്യശ്രമത്തിൽ തന്നെ 76.5 ഏക്കറിൽ നടപ്പാക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് പ്രസിഡന്റ് എൻ.അശോകന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും ജീവനക്കാരും. നെൽവർഷാചരണത്തിനിടയിൽ സംസ്ഥാനത്തിനും മാതൃകയാവുകയാണ് ഇവിടുത്തെ കരനെൽകൃഷി വിജയപാഠം.

പഞ്ചായത്തിൽ നിലവിലുള്ള 200 ഏക്കർ നെൽവയലുകളിൽ നാലു പാടശേഖര സമിതി മുഖേന നടത്തുന്ന കൃഷിക്കു പുറമെയാണു കരഭൂമിയിലെ ഈ നെൽകൃഷി വിജയം. പഞ്ചായത്തിനെ സമ്പൂർണ ജൈവഗ്രാമമാക്കാൻ ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് കരനെൽകൃഷി സാധ്യതകൾ ഉപയോഗിക്കാൻ തീരുമാനിച്ചതെന്നു പ്രസിഡന്റ് പറഞ്ഞു. കൃഷിഭവന്റെയും കുടുംബശ്രീയുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെയായിരുന്നു ഏകോപനം.

ഏകോപനം

അഞ്ചു മുതൽ പത്തുവരെ അംഗങ്ങൾ ഉള്ള സ്വയംസഹായ സംഘങ്ങൾ രൂപീകരിച്ചായിരുന്നു കൃഷി. 11 വാർഡുകളിലായി താൽപര്യമുള്ള വനിതാ കർഷകർ ചേർന്ന് ഇത്തരം 30 സംഘങ്ങൾ രൂപീകരിച്ചു. സ്ഥലം കണ്ടെത്തി. തൊഴിലുറപ്പു പദ്ധതിയിൽപെടുത്തി നിലം ഒരുക്കിയപ്പോൾ പഞ്ചായത്ത് വിത്തും വളവും നൽകി. കളപറിക്കൽ ഉൾപ്പെടെയുള്ള പരിചരണ പരിപാടികൾ മാത്രമേ ഗുണഭോക്താക്കളുടെ ചെലവിൽ ചെയ്യേണ്ടിവന്നുള്ളൂ.

paddy-farming-in-payam-kannur

കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കരിമ്പത്തു നിന്നും തൃശൂരിൽ നിന്നും എത്തിച്ച ഐശ്വര്യ, ആതിര ഇനം വിത്തുകളാണ് ഉപയോഗിച്ചത്. കഴിഞ്ഞ ജൂൺ–ജൂലൈ മാസങ്ങളിലാണ് കൃഷി ഇറക്കിയത്. നെൽപാടങ്ങളെല്ലാം തന്നെ കൊയ്തു കഴിഞ്ഞു. കരനെല്ലിനു ഹെക്ടറിന് 2000 കിലോയും വയലിൽ ഹെക്ടറിന് 5000 കിലോയും പരമാവധി വിളവെന്നാണ് കണക്ക്. പായത്ത് കരനെൽകൃഷി പാടങ്ങളിൽ നിന്നെല്ലാം ഹെക്ടറിന് 2000 കിലോയോളം വിളവ് ലഭിച്ചു.

സംഘബലം

ഓരോ സ്വയംസഹായ സംഘത്തിലും അംഗങ്ങളായവർ പഞ്ചായത്തിന്റെ തൊഴിലുറപ്പു പദ്ധതിയിലും അംഗങ്ങളായവരാണ്. ലഭിക്കുന്ന നെല്ല് അതതു സംഘത്തിലുള്ളവർ തുല്യമായി വീതിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഒരു മാസത്തോളമായി പഞ്ചായത്തിലെങ്ങും കൊയ്ത്തുത്സവങ്ങളായിരുന്നു. സംഘാംഗങ്ങൾക്കൊപ്പം അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് അവേശമായാണ് വിളവെടുപ്പു നടത്തിയത്.

നെൽകൃഷിക്കായി പഞ്ചായത്ത് 6.8 ലക്ഷം രൂപയാണ് മാറ്റിവച്ചത്. ഇതിൽ മൂന്നര ലക്ഷം രൂപയും കരനെൽകൃഷിക്കായിരുന്നു. നമുക്ക് സ്വന്തമായുള്ള വയലിൽ പോലും കൃഷിചെയ്യാൻ കാലാവസ്ഥയും സാഹചര്യങ്ങളും അനുകൂലമല്ലെന്ന് പരിതപിക്കുന്നവർക്കിടയിൽ അത്യാവശ്യം വെയിൽ ലഭിക്കുന്നിടത്ത് ഇടവിളയായി പോലും നെൽകൃഷി നടത്തി വിജയിപ്പിക്കാമെന്ന പാഠം കൂടിയാണ് പായം പകർന്നുനൽകുന്നത്.

അടുത്ത വർഷം 250 ഏക്കറിൽ

paddy-farming-in-payam-kannur2

അടുത്ത വർഷം പഞ്ചായത്തിൽ 250 ഏക്കറിൽ കരനെൽകൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നു പ്രസിഡന്റ് എൻ.അശോകൻ അറിയിച്ചു. ഇക്കുറിയിലെ ജനങ്ങൾക്കിടയിലെ ആവേശം കണക്കിലെടുത്താണിത്. ഇപ്പോൾ നടത്തിയ കരനെൽകൃഷിയിലെ വിജയം മനസ്സിലാക്കി കൂടുതൽ ആളുകൾ താൽപര്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൃഷിവകുപ്പിന്റെ മൂന്ന് ലക്ഷവും

ജില്ലയിൽ ഏറ്റവും കൂടുതൽ കരനെൽകൃഷി നടത്തിയ പായത്തിനു മൂന്നു ലക്ഷം രൂപ കൃഷിവകുപ്പിന്റെ ഗ്രാന്റും ലഭിക്കും. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ കൊയ്ത്തുത്സവത്തിൽ പങ്കെടുത്ത ജില്ലാ കൃഷി ഓഫിസർ കെ.ഓമന ഗ്രാന്റ് ലഭ്യമാക്കുന്ന കാര്യം പ്രഖ്യാപിക്കുകയുണ്ടായി. ഒരു ഹെക്ടറിന് പതിനായിരം രൂപ പ്രകാരം കരനെൽകൃഷി നടത്തുന്നവർക്ക് കൃഷിവകുപ്പിന്റെ സാമ്പത്തിക സഹായം ഉണ്ട്. പായത്ത് 30 ഹെക്ടർ സ്ഥലത്തു കൃഷി വിജയകരമായി നടത്തിയ സാഹചര്യത്തിലാണ് മൂന്നു ലക്ഷം രൂപയുടെ ആകെ ഗ്രാന്റ് നൽകാൻ നടപടിക്രമം പൂർത്തിയാക്കിയിട്ടുള്ളതെന്ന് ഇരിട്ടി അസി. ഡയറക്ടർ വി.ലത അറിയിച്ചു.



No comments:

Post a Comment