Monday, 10 October 2016


ഏലം കൃഷി പ്രതിസന്ധിയിൽ; സർക്കാരിനെ അറിയിക്കും


cardamom

കാലാവസ്ഥാവ്യതിയാനവും രോഗബാധയും മൂലം ഏലം കൃഷി മേഖല നേരിടുന്ന പ്രശ്‌നങ്ങൾ സർക്കാരിനെ അറിയിക്കാൻ ഇടുക്കി കലക്‌ടറേറ്റിൽ അഡീഷനൽ ജില്ലാ മജിസ്‌ട്രേട്ട് കെ.കെ.ആർ.പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തിന്റെ തീരുമാനത്തെ തുടർന്നാണ്‌ കർഷക സംഘടനാ പ്രതിനിധികളുടെയും കൃഷി ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നത്‌.

കാലാവസ്ഥാ വ്യതിയാനം മൂലം മഴ കാര്യമായി കുറഞ്ഞത്‌ ഏലച്ചെടികൾ കരിഞ്ഞുപോകുന്നതിനിടയാക്കിയെന്നും രോഗബാധ വിളവിനെ കാര്യമായി ബാധിച്ചതായും കർഷകർ പറഞ്ഞു. ഫെബ്രുവരിയിൽ ചൂട് കൂടുതലായിരുന്നതും വേനൽമഴ ലഭിക്കാതിരുന്നതും കൃഷിയെ ബാധിച്ചു. കാലവർഷം കുറഞ്ഞതും തുലാവർഷം വരാത്തതും മൂലം ആകെയുള്ള ആറു വിളവെടുപ്പിൽ ആദ്യത്തെ രണ്ടെണ്ണ‌വും മുടങ്ങി. ജലസേചനത്തിന്‌ ആവശ്യമായ വെള്ളം കൃഷിയിടങ്ങളിൽ ലഭ്യമല്ല. വൈദ്യുതി നിരക്കിലെ വർധന ഇരുട്ടടിയായി. പഴയതുപോലെ വൈദ്യുതി താരിഫ്‌ എൽടി ഫൈവിലേക്ക്‌ മാറ്റി നൽകണമെന്ന ആവശ്യവും കർഷകർ ഉന്നയിച്ചു.

നിലവിൽ നാലു ശതമാനം പലിശ നിരക്കിൽ പരമാവധി മൂന്നു ലക്ഷം രൂപ വരെ ലഭിക്കുന്ന വായ്‌പ അഞ്ചു ലക്ഷം രൂപ വരെയാക്കി ഉയർത്തിയാൽ മാത്രമേ കർഷകർക്ക്‌ മുന്നോട്ട്‌ പോകാനാകൂ. ബാങ്ക്‌ വായ്‌പ കുടിശികയ്ക്കു മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും കർഷകർ ആവശ്യമുന്നയിച്ചു. ഏലം കർഷകർക്ക്‌ സ്‌പൈസസ്‌ ബോർഡിൽനിന്നു ലഭിച്ചുകൊണ്ടിരിക്കുന്ന പരിമിതമായ സബ്‌സിഡി ആനുകൂല്യങ്ങൾ വർധിപ്പിക്കണം. ഡ്രിപ്പ്‌, സ്‌പ്രിംഗ്‌ളർ ജലസേചന പദ്ധതികൾ വ്യാപകമായി നടപ്പാക്കാൻ കേന്ദ്ര ഗവൺമെന്റ്‌ ധനസഹായം അപര്യാപ്‌തമാണ്‌. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ധനസഹായം കൂടി ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ വർധിപ്പിക്കണം. അതിർത്തി കടന്നുവരുന്ന നിരോധിത കീടനാശിനികൾ പിടിച്ചെടുക്കുന്നതിനുള്ള നടപടികൾ ശക്തമാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. നിരോധിത കീടനാശിനികൾക്ക്‌ പകരമായി ഉപയോഗിക്കേണ്ട കീടനാശിനികൾ ലഭ്യമാക്കാൻ കഴിയണം.

പടുതാക്കുളം, മഴക്കുഴി എന്നിവയുടെ നിർമാണത്തിന് ധനസഹായം ലഭ്യമാക്കണം. കൃഷിയിടങ്ങളിൽ ആവശ്യമായ സ്ഥലങ്ങളിൽ ഷേഡ്‌നെറ്റ്‌ സ്ഥാപിക്കാനും പട്ടയമില്ലാത്ത ഏലം കർഷകർക്കുകൂടി ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന അഭിപ്രായവും ഉന്നയിക്കപ്പെട്ടു.

No comments:

Post a Comment