Friday, 7 October 2016

തെങ്ങുകളിൽ വെള്ളീച്ചയുടെ ആക്രമണം വ്യാപകം


white-fly-velleecha-on-coconut-tree

തൃശൂർ പഴയന്നൂർ, കൊണ്ടാഴി, ചേലക്കര മേഖലകളിലെ കേര കർഷകരെ വെട്ടിലാക്കി വെള്ളീച്ച ശല്യം വ്യാപകമാകുന്നു. ഓലയിലെ വെള്ളമൂറ്റി കുടിക്കുന്ന സ്പൈറലിങ് വൈറ്റ് ഫ്ലൈ ആണു വെള്ളീച്ചയെന്നറിയപ്പെടുന്നത്. വാഴയെയും പച്ചക്കറി ചെടികളെയും ആക്രമിച്ചിരുന്ന വെള്ളീച്ച തെങ്ങിനെ ബാധിക്കുക പതിവില്ല. മഴയില്ലാത്തതു കൊണ്ടുള്ള അനുകൂല കാലാവസ്ഥ മൂലമാകാം ഇവറ്റകൾ തെങ്ങിലേക്കും വ്യാപിച്ചതെന്നാണു പഴയന്നൂരിലെ കൃഷി ഓഫിസർ ജോസഫ് ജോൺ തേറാട്ടിൽ പറയുന്നത്. തെങ്ങോലകളുടെ അടിയിൽ പറ്റിയിരുന്നു വെള്ളമൂറ്റി കുടിക്കുന്നതോടെ ഓലകൾ കറുത്തു തുടങ്ങുന്നതാണു വെള്ളീച്ച ബാധയുടെ ലക്ഷണം. ഇലകൾ നാശമാകുന്നതോടെ തെങ്ങിന്റെ നിലനിൽപിനെയും തേങ്ങ ഉൽപാദനത്തെയും സാരമായി ബാധിക്കും. തെങ്ങിൻ തൈകളിലും ഉയരക്കുറവുള്ള തെങ്ങുകളിലുമാണു പെട്ടെന്നു വെള്ളീച്ച ബാധയുണ്ടാകുന്നത്. ഉയരക്കൂടുതലുള്ള തെങ്ങുകളിലും വെള്ളീച്ച ബാധയുണ്ട്.

വെള്ളീച്ചയ്ക്ക് പ്രതിവിധി നന്മ, ശ്രേയ എന്നീ ജൈവ കീടനാശിനികളിലൊന്ന് അഞ്ചു മില്ലിലീറ്ററിന് ഒരു ലീറ്റർ വെള്ളം എന്ന അനുപാതത്തിൽ ചേർത്ത മിശ്രിതം തളിച്ച ശേഷം 20ഗ്രാം വെർട്ടിസീലിയം ഒരു ലീറ്റർ വെള്ളത്തിൽ കലർത്തി പ്രയോഗിക്കാം. ഡൈഫൻ‍ തുറോൺ 1.5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലർത്തിയും 0.5 മില്ലി ലീറ്റർ ഇമിഡാക്ലോർപിഡ് ഒരു ലീറ്റർ വെള്ളത്തിൽ ചേർത്തു പ്രയോഗിക്കുന്നതും വ്യാപനം കുറയ്ക്കാൻ ഫലപ്രദമാണ്. സഹായങ്ങൾക്കു പഴയന്നൂർ കൃഷിഭവനിലെ വിള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 9447529904

.

No comments:

Post a Comment