വിളകൊയ്യാൻ കരുതലോടെ

ഏലം
നഴ്സറി: നഴ്സറികളിലെ നീർവാർച്ച ഉറപ്പുവരുത്തണം. തടങ്ങളിൽ അധികമായി വരുന്ന ചെടികൾ പറിച്ചുമാറ്റണം. രോഗം ബാധിച്ച ചെടികൾ പിഴുതുകളയണം. തൈകളുടെ അഴുകൽ ശ്രദ്ധയിൽപ്പെട്ടാൽ മണ്ണിളക്കി 0.2 ശതമാനം കോപ്പർ ഓക്സിക്ലോറൈഡ്, 0.2 ശതമാനം മാങ്കോസെബ്, ട്രൈക്കോഡർമ, സ്യൂഡോമൊണാസ്, ബാസിലസ് സ്പീഷ്യസ് ഇവയിലേതെങ്കിലും നൽകാം. ഇലയഴുകൽ ശ്രദ്ധയിൽപ്പെട്ടാൽ 0.3 ശതമാനം മാങ്കോസെബ്, ഇലക്കുത്ത് ശ്രദ്ധയിൽപ്പെട്ടാൽ 0.2 ശതമാനം കാർബൻഡാസിം ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾത്തന്നെ ഇലകളിൽ തളിക്കണം.
പ്രധാന കൃഷിയിടത്തിൽ: കാലാവസ്ഥയ്ക്കനുസരിച്ചു പുതിയ ചെടികൾ നട്ടുപിടിപ്പിക്കാം. തുറസ്സായ സ്ഥലങ്ങളിൽ തണൽമരങ്ങൾ വച്ചുപിടിപ്പിക്കുന്നതു തുടരണം. ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാത്തവിധം ചാലുകൾ കീറണം. നനയുള്ള തോട്ടങ്ങളിൽ മണ്ണുപരിശോധന നടത്തി രണ്ടാം ഗഡു വളപ്രയോഗം നടത്താം. ഹെക്ടറൊന്നിന് 41.5: 41.5: 83 കിലോ വീതം എൻപികെ പ്രയോഗിക്കണം. ഇതിനായി 90 കിലോ യൂറിയ, 200 കിലോ മസൂറിഫോസ്, 138 കിലോ മ്യൂറിയറ്റ് ഓഫ് പൊട്ടാഷ് എന്നിവ നൽകണം. മഴയെ ആശ്രയിച്ചു കൃഷിചെയ്യുന്ന തോട്ടങ്ങളിൽ അവസാനവട്ട വളത്തിന്റെ അളവ് ഹെക്ടറൊന്നിന് 37.5:37.5:75 കിലോ എൻപികെ ആണ്. അതായത് 81 കിലോ യൂറിയ, 187 കിലോ മസൂറിഫോസ്, 125 കിലോ മ്യൂറിയറ്റ് ഓഫ് പൊട്ടാഷ് എന്നിവ നൽകണം. സിങ്കിന്റെ കുറവു കാണുകയാണെങ്കിൽ സിങ്ക് സൾഫേറ്റ് 250 ഗ്രാം 100 ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഇലകളുടെ മുകൾഭാഗത്തും അടിവശത്തും വീഴത്തക്കരീതിയിൽ തളിക്കണം. ബോറോൺ കുറവു ശ്രദ്ധയിൽപ്പെട്ടാൽ ബോറാക്സ് 3.75 എൻപികെ വളത്തിനൊപ്പം ചേർത്തു നൽകാം.
കീടനിയന്ത്രണം: വേരുതീനിപ്പുഴുക്കളെ കണ്ടാൽ അവയുടെ വണ്ടുകളെ വല ഉപയോഗിച്ചു ശേഖരിച്ചു നശിപ്പിക്കണം. സംയോജിത കീടനിയന്ത്രണത്തിന്റെ ഭാഗമായി മാസത്തിന്റെ പകുതിയാകുമ്പോൾ ഉണങ്ങിയ ഇലകൾ കോതിക്കളയണം. കഴിഞ്ഞ മാസം തളിച്ചിട്ടില്ലെങ്കിൽ നനയ്ക്കുന്ന തോട്ടങ്ങളിലും മഴയെ ആശ്രയിക്കുന്ന തോട്ടങ്ങളിലും 150 മില്ലി ഫെൻതോയേറ്റ് 100 ലീറ്റർ വെള്ളത്തിൽ കലർത്തി ഇലകളിൽ തളിക്കണം. തണ്ടുതുരപ്പൻപുഴുക്കളുടെ ശലഭങ്ങൾ പുറത്തുവരുന്നതിനൊപ്പം വേണം മരുന്നുതളി നടത്താൻ. തടങ്ങളിൽ മണ്ണുകൂട്ടിക്കൊടുക്കുകയും ഉണങ്ങിയ ഇലകൾ നീക്കംചെയ്യുകയും വേണം. ഇപിഎൻ ഇൻഫെക്ടഡ് ഗലേറിയ കഡാവർ ചെടിയൊന്നിനു നാലു കഡാവർ എന്ന തോതിൽ ചെടിയുടെ തടത്തിൽ മണ്ണിനടിയിൽ ഒന്നര ഇഞ്ച് താഴെ കുഴിയെടുത്ത് ഇടണം.
രോഗനിയന്ത്രണം: വടക്കുകിഴക്കൻ കാലവർഷകാലത്തു രോഗങ്ങൾ പൊട്ടിപ്പുറപ്പെടാതിരിക്കാൻ ഏലത്തോട്ടങ്ങളിൽ വെള്ളം കെട്ടിക്കിടക്കാതെ ഒഴുകിപ്പോകാൻ അനുവദിക്കണം. കറ്റെ വൈറസിനെതിരെ നിരന്തര ശ്രദ്ധവേണം. കറ്റെ വൈറസ് ബാധിച്ച ചെടികൾ പിഴുതെടുത്തു നശിപ്പിക്കണം. വടക്കുകിഴക്കൻ കാലവർഷകാലത്തു കുമിൾരോഗങ്ങൾ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ട്. അവയെ നിയന്ത്രിക്കാൻ ഇനിപ്പറയുന്ന മാർഗങ്ങൾ അവലംബിക്കാം. ആൽപിനീയ, കുർകുമ, അമോമ തുടങ്ങിയ ചെടികൾ പിഴുതു നശിപ്പിക്കണം. കുമിൾരോഗങ്ങളായ അഴുകലിനും കാണ്ഡംചീയലിനും സംയോജിത രോഗകീട നിയന്ത്രണത്തിന്റെ ഭാഗമായി സസ്യസംരക്ഷണ സുരക്ഷാമാർഗങ്ങൾ അവലംബിക്കണം. തോട്ടം വൃത്തിയായി സൂക്ഷിക്കുകയും കുമിൾനാശിനികളും ജൈവ നിയന്ത്രണ വസ്തുക്കളും പ്രയോഗിക്കുകയും വേണം. ഒരുശതമാനം ബോർഡോമിശ്രിതം അല്ലെങ്കിൽ 0.4 ശതമാനം പൊട്ടാസ്യം ഫോസ്ഫണേറ്റ് തളിക്കുന്നതിനൊപ്പം 0.2 ശതമാനം വീര്യമുള്ള കോപ്പർ ഓക്സി ക്ലോറൈഡ് മണ്ണിൽ ചേർത്തുകൊടുക്കണം. അല്ലെങ്കിൽ 0.2 ശതമാനം കോപ്പർ ഓക്സിക്ലോറൈഡ് മണ്ണിൽ ചേർത്തുകൊടുക്കുകയും ഒരുശതമാനം ബോർഡോമിശ്രിതം തളിച്ചുകൊടുക്കുകയും വേണം. 15 ദിവസത്തിനുശേഷം ട്രൈക്കോഡർമ ഒറ്റയ്ക്കോ സ്യൂഡോമൊണസ് ഫ്ളൂറസൻസുമായി ചേർത്തോ ചെടിച്ചുവട്ടിലിടാം. ജൈവ നിയന്ത്രണ വസ്തുക്കൾ ഉപയോഗിക്കുന്നതും പൊട്ടാസ്യം ഫോസ്ഫണേറ്റ് 0.4 ശതമാനം ഇലകളിൽ തളിക്കുന്നതും ആവർത്തിക്കണം. ജൈവരീതികളാണ് ആശ്രയിക്കുന്നതെങ്കിൽ ട്രൈക്കോഡർമ ഹാർസിയാനം മാത്രമായോ സ്യൂഡോമൊണസ് ഫ്ളൂറസൻസുമായി ചേർത്തോ മണ്ണിൽ ചേർത്തു കൊടുക്കണം.
വിളവെടുപ്പും സംസ്കരണവും: 25 മുതൽ 30 വരെ ഇടവേളകളിൽ കായെടുപ്പു തുടരാം. കാലാവസ്ഥയും കായ്കളുടെ മൂപ്പും പരിഗണിച്ചുവേണം വിളവെടുക്കാൻ. കൃത്യമായ ഇടവേളകളിൽ സംസ്കരണപ്പുരകളിൽനിന്നു ബാഷ്പാംശം നീക്കണം. എങ്കിൽ മാത്രമേ ഉണങ്ങിയ കായ്കൾക്കു നല്ല പച്ചനിറം കിട്ടൂ. ഉണങ്ങിയ കായ്കൾ പത്തുശതമാനത്തിൽ താഴെമാത്രം ജലാംശത്തോടെ കറുത്ത പൊളിത്തീൻ ലൈനിങ്ങുള്ള ചാക്കുകളിലാക്കി തടിപ്പെട്ടികളിൽ സൂക്ഷിക്കണം
മഞ്ഞൾ
ആവശ്യാനുസരണം കള നീക്കംചെയ്യുകയും തടങ്ങളിൽ മണ്ണുകൂട്ടിക്കൊടുക്കുകുയും പുതയിടുകയും വേണം. വെള്ളം കെട്ടിക്കിടക്കുന്നതു തടയാൻ നീർവാർച്ച ഉറപ്പാക്കണം. കടചീയൽ ശ്രദ്ധയിൽപ്പെട്ടാൽ 0.3 ശതമാനം ഡൈത്തേൻ എം 45 അല്ലെങ്കിൽ 0.3 ശതമാനം ചെഷ്നട്ട് കോമ്പൗണ്ട് മണ്ണിൽ ചേർത്തുകൊടുക്കണം. ഇലപ്പുള്ളി രോഗം കണ്ടാൽ ഒരുശതമാനം ബോർഡോമിശ്രിതം അല്ലെങ്കിൽ 0.2 ശതമാനം (100 ലീറ്റർ വെള്ളത്തിൽ 200 ഗ്രാം) ഡൈത്തേൻ എം 45 തളിക്കണം.
കുരുമുളക്
കൃഷിയിടത്തിൽ: ഗുണമേന്മയുള്ള നല്ല വള്ളികൾ കണ്ടെത്തി ചെന്തലകൾ ശേഖരിച്ച് അടയാളപ്പെടുത്തണം. നട്ടുപിടിപ്പിച്ച വള്ളികൾ താങ്ങുകാലുകളിൽ ചുറ്റിക്കൊടുക്കണം. കളകൾ കൂടുതലായിക്കണ്ടാൽ കുരുമുളകുവേരിനു കേടുപറ്റാതെ ചെത്തി വൃത്തിയാക്കി പുതയിടണം. നേരത്തേ നൽകിയിട്ടില്ലെങ്കിൽ ചെടികളുടെ ചുവട്ടിൽ ജൈവവളങ്ങൾ ചേർത്തുകൊടുക്കണം.
കീടനിയന്ത്രണം: തോട്ടത്തിൽ കൂടുതൽ തണലുണ്ടെങ്കിൽ പൊള്ളുവണ്ടിന്റെ ആക്രമണം ഉണ്ടാകാം. അങ്ങനെയെങ്കിൽ തണൽ നിയന്ത്രിക്കണം. ആക്രമണം കൂടുതലാണെങ്കിൽ ക്വിനാൽഫോസ് 0.05 ശതമാനം 100 ലീറ്റർ വെള്ളത്തിൽ 200 മില്ലി എന്ന തോതിൽ തളിച്ചുകൊടുക്കണം.
രോഗനിയന്ത്രണം: വേരഴുകൽ ശ്രദ്ധയിൽപ്പെട്ടാൽ രോഗം നിയന്ത്രിക്കാൻ ബോർഡോമിശ്രിതം ഒരുശതമാനം തളിക്കണം. വേരഴുകൽ അധികമാണെങ്കിൽ മണ്ണിളക്കി 0.2 ശതമാനം കോപ്പർ ഓക്സി ക്ലോറൈഡ് വള്ളിയൊന്നിന് അഞ്ചു ലീറ്റർ (200 ഗ്രാം നൂറു ലീറ്റർ വെള്ളത്തിൽ ചേർത്ത്) എന്ന തോതിൽ ചേർത്തുകൊടുക്കാം. ഇതോടൊപ്പം ബോർഡോമിശ്രിതം ഒരുശതമാനം തളിക്കുകയും വേണം. കുറുനാമ്പിലയോ ഫില്ലോഡിയോ ശ്രദ്ധയിൽപ്പെട്ടാൽ വേരോടെ പിഴുതു നശിപ്പിക്കണം.
ഇഞ്ചി
ആവശ്യമനുസരിച്ചു കള നീക്കുകയും തടങ്ങളിൽ മണ്ണുകൂട്ടിക്കൊടുക്കുകയും പുതയിടുകയും വേണം. വെള്ളം കെട്ടിനിൽക്കാതെ നീർവാർച്ച ഉറപ്പാക്കണം. മൃദുചീയൽ ബാധിച്ച ചെടികൾ പിഴുതെടുത്തു മാറ്റണം. തടങ്ങളിൽ ഒരുശതമാനം ബോർഡോമിശ്രിതം ചേർത്തുകൊടുക്കണം
.
No comments:
Post a Comment