Monday, 24 October 2016

തൊലി പൊളിച്ചാൽ വിഷം..! 

കൊടും വിഷം


pesticides-used-in-banana-plantations

വാഴകൾ വാഴാൻ വിഷം വേണോ? ഗ്രാമപ്രദേശങ്ങളിൽ ഒരു ജൈവ കാർഷിക സംസ്കാരം രൂപപ്പെടുമ്പോൾ ഒരു ഭാഗത്ത് കൃഷിയിൽ നിന്നുള്ള അമിതലാഭം കൊയ്യാൻ ചില കർഷകർ പ്രയോഗിക്കുന്നത് ഉഗ്രവിഷം. വാഴക്കന്ന് മുതൽ വാഴക്കൂമ്പ് വരെ വിഷം കലർത്തുന്നു. ഇവ നിയന്ത്രിക്കാനും തടയിടാനും കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും സാധിക്കുന്നില്ല, നിരോധിച്ച കളനാശിനികളും കീടനാശിനികളും വിൽക്കുന്നതിന് ഏജന്റുമാരും രംഗത്തുണ്ട്. കോഴിക്കോട് മാവൂർ, പെരുവയൽ, ചാത്തമംഗലം, കുന്നമംഗലം തുടങ്ങിയ പഞ്ചായത്തുകളിൽ വർഷത്തിൽ ഇരുപത് ലക്ഷത്തിലേറെ വാഴകൾ നടുന്നുണ്ട്. പാരമ്പര്യകൃഷിക്കാരും പുതുതലമുറയിൽപെട്ട കർഷകരും ജൈവവളങ്ങളും ജൈവ കീടനാശിനികളും മാത്രമുപയോഗിച്ച് പുതിയ ജൈവകാർഷിക സംസ്കാരം വളർത്തുമ്പാഴാണ് അമിതലാഭം പ്രതീക്ഷിച്ച് വൻതോതിൽ കൃഷിയിറക്കുന്നവരിൽ ചിലർ വ്യാപകമായി വിഷം തളിക്കുന്നത്. 
വെള്ളന്നൂരിലും കണ്ണിപറമ്പിലും കൃഷിയിറക്കുന്നതിന് മുന്നോടിയായി നിലമൊരുക്കാൻ പുല്ല് ഉണക്കുന്നതിന് ഉഗ്രവിഷമുള്ള കളനാശിനികൾ തളിക്കുന്നത് ആരോഗ്യപ്രവർത്തകർ നേരത്തെ കണ്ടെത്തിയിരുന്നു.തമിഴ്നാട്ടിൽ നിന്നും വയനാട്ടിൽ നിന്നും വാഴക്കുന്നുകളെത്തിച്ച് ഇവ വയലിൽ നടുന്നതിന് മുന്നോടിയായി വിഷം തളിക്കും. വാഴത്തോട്ടങ്ങൾക്കു നടുവിൽ കുഴികുത്തി അതിൽ ടാർപോളിൻഷീറ്റ് വിരിച്ച് അതിൽ വെള്ളവും വിഷവും ചേർന്ന മിശ്രിതം തയാറാക്കി ഇതിൽ വാഴക്കന്നുകൾ മുക്കിവയ്ക്കുകയാണ്. വാഴ വച്ച് ഉഗ്രവിഷമുള്ള കീടനാശിനികൾ അതിനു ചുറ്റിലും വെള്ളത്തിൽ കലർത്തി നേരിട്ട് മുക്കിഒഴിക്കുന്നവരുമുണ്ട്.പിന്നീട് വാഴകുലച്ചു തുടങ്ങുമ്പോൾ വാഴക്കൂമ്പുകളിൽവരെ വിഷം തളിക്കുന്നുണ്ട്.
pesticides-used-in-banana-plantations2

കീടങ്ങളെ തുരത്തുന്നതിന് ജൈവ കീടനാശിനികളും രാസവളങ്ങൾക്ക് പകരം ജൈവ വളങ്ങളും പ്രയോഗിക്കാമെന്നിരിക്കെ അമിത ലാഭം കണക്കാക്കി കൃഷിചെയ്യുന്ന ഏതാനും ചിലരാണ് ഉഗ്രവീര്യമുള്ള വിഷം കൃഷിയിടങ്ങളിൽ തളിക്കുന്നത്. കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗം കൂടിയതോടെ മണ്ണിന്റെ ഘടനയിൽ സാരമായ മാറ്റം വന്നിട്ടുള്ളതായി കൃഷിവകുപ്പ് അധികൃതർ തന്നെ ചൂണ്ടിക്കാട്ടുന്നു. മണ്ണിരകൾ ഉൾപ്പെടെ വയലുകളിൽ കാണുന്ന ചെറുതും വലുതുമായ ഒട്ടേറെ ജീവികൾ ഇല്ലാതായിട്ടുണ്ട്. കൃഷിയിടങ്ങളിലെ വിഷം കലർന്ന വെള്ളം തോടുകളിലൂടെ പുഴകളിലും മറ്റുജലാശയങ്ങളിലും കലരുന്നുമുണ്ട്. കൃഷിയിടങ്ങളിലെ ഉഗ്രവീര്യമുള്ള വിഷവെള്ളത്തിൽക്കിടന്ന് ചത്ത മത്സ്യങ്ങളെ തിന്ന ദേശാടനക്കിളികൾവരെ ചത്തത് നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

pesticides-list1
എൻഡോസൾഫാൻ, കാർബോഫുറാൻ, ഫോറേറ്റ്, മീതൈൽ പാരത്തയോൺ, മോണോക്രോട്ടോഫോസ്, മീതൈൻ ടെമെറ്റോൺ, ട്രയാഫോസ്, പ്രഫെനോഫോസ്, എഡിഫെൻഫോസ്, (കുമിൾനാശിനി), മീതൈൽ ഈതൈൽമെർക്കുറി ക്ലോറൈഡ്, ട്രൈസൈക്ലാഡോൾ, ഓക്സിതയോക്യൂനോസ്, പാരാക്വാട്ട്(കളനാശിനി)അനിലോഫോസ്, അട്രാസിൻ, തയോബെൻകാർബ് (കളനാശിനി),തുടങ്ങിയ കീടനാശിനികളുടെ വിപണനവും ഉപയോഗവും നിരോധിച്ചിട്ടുണ്ട്.കാർബോസൽഫാൻ, ക്ലോർപൈരിപോസ്, സൈപ്പർമെത്രിൻ, ലാംഡാസൈഹലോത്രിൻ, അസ്സഫേറ്റ്, 2,4-ഡി (കളനാശിനി), ഗ്ലൈഫോസേറ്റ്(കളനാശിനി) തുടങ്ങിയവ നിയന്ത്രിത കീടനാശിനികളാണ്. 
pesticides-list2

ഇവ കൃഷിഓഫിസർമാരുടെ സാന്നിധ്യത്തിലും നിർദേശമനുസരിച്ചും മാത്രമേ ഉപയോഗിക്കാവൂ. എന്നാൽ നിരോധിച്ചതും നിയന്ത്രിതവുമായ കീടനാശിനികളും കളനാശിനികളും സുലഭമായി വിൽപന നടത്തുന്നവരുണ്ട്. നിയന്ത്രണങ്ങളില്ലാതെ ഇവ ഉപയോഗിക്കുന്ന കർഷകരുമുണ്ട്. ഇതിനെതിരെ നടപടിയെടുക്കാനും കർഷകരെ ബോധവൽക്കരിക്കാനും കൃഷിവകുപ്പ് അധികൃതർ തയാറായില്ലെങ്കിൽ കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന മാരകവിഷങ്ങൾ ഒരു തലമുറയെത്തന്നെ മാറാരോഗങ്ങൾക്ക് അടിമകളാക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുന്നതിനും മണ്ണിനെ സംരക്ഷിക്കുന്നതിനുംജൈവകാർഷികരീതി വ്യാപകമായി നടപ്പാക്കണം, ഇതിന്റെ ഗണ്യമായ ചെലവ് കുറയ്ക്കാനും അധികൃതർ നടപടിയെടുക്കണം
.

No comments:

Post a Comment