Monday, 24 October 2016

ഓരോ തരി മണ്ണിലും കൃഷി


coconut-tree-at-thrissur-kole-wetlands

ആലപ്പാട് കോൾപടവിന്റെ ചുറ്റുമുള്ള നാലര ഏക്കർ കെഎൽഡിസി ബണ്ടിലെ തെങ്ങുകൾ...

തൃശൂർ ചേർപ്പ് പാടശേഖരത്തിന്റെ ഓരോ ഇഞ്ചും, അതിനോടനുബന്ധിച്ച വരമ്പ്, കെഎൽഡിസി ബണ്ട് തുടങ്ങിയവയെല്ലാം കൃഷിക്കായി എങ്ങനെ ഉപയോഗിക്കാമെന്നു പഠിപ്പിച്ചു തരികയാണു കോടന്നൂർ പടവ് ഭരണസമിതി അംഗങ്ങൾ. 500 ഏക്കർ വരുന്ന പടവിനെ ചുറ്റിപോകുന്ന നാലര കിലോമീറ്റർ കെഎൽഡിസി ബണ്ടിൽ 12 വർഷം മുമ്പു നാടൻ തെങ്ങിൻ തൈ നട്ടാണ് ഇവർ തുടക്കമിട്ടത്.ഇന്നു യഥേഷ്ടം കായ്ച്ചു നിൽക്കുന്ന 440 തെങ്ങിൻ തൈകളാണ് ഇപ്പോൾ ഈ ബണ്ടിന് ചുറ്റും. 

coconut-tree-at-thrissur-kole-wetland

കോടന്നൂർ കോൾപടവിനു ചുറ്റുമുള്ള ബണ്ടിൽ കായ്ച്ചു നിൽക്കുന്ന തെങ്ങിൻകുലകൾ...
ഓരോ തെങ്ങിനിടയിലും റോബസ്റ്റ് വാഴയും ഇടയ്ക്കു മാവിൻ തൈകളും കായ്ച്ചു തുടങ്ങിയും അല്ലാതെയും നിൽക്കുന്നു. കായ്ച്ച തെങ്ങിൽ നിന്നുള്ളവ കരിക്കായും തേങ്ങയായും വിൽക്കുന്നതാണു രീതിയെന്നു പടവ് പ്രസിഡന്റ് പഴോര് അപ്പുകുട്ടൻ പറയുന്നു.ഇതിൽ നിന്നുള്ള ലാഭം കർഷകർക്കു തന്നെ ലഭിക്കുകയും ചെയ്യും.തുറസായി കിടക്കുന്ന സ്ഥലമായതിനാൽ മോഷ്ടാക്കളുടെ ശല്യവും രൂക്ഷമാണ്. അതിനാൽ മുമ്പു ബണ്ടിൽ നടത്തിയിരുന്ന പച്ചക്കറി കൃഷി ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ പാടത്തെ വരമ്പിലാണു പച്ചക്കറി കൃഷി.

robasta-banana

കോടന്നൂർ കോൾപടവിനു ചുറ്റുമുള്ള ബണ്ടിൽ കുലച്ചു നിൽക്കുന്ന റോബസ്റ്റ വാഴ...

സംസ്ഥാന സർക്കാരിന്റെ ഒരു നെല്ലും ഒരു മീനും പദ്ധതി പ്രകാരം കഴിഞ്ഞ തവണ വരെ ഏറ്റവും വിജയകരമായി ഈ പദ്ധതി നടപ്പിലാക്കിയ പടവാണിത്. കൃത്യമായ സമയത്തു ചിട്ടയോടെ കൃഷി ഇറക്കി കൂടുതൽ വിളവ് കൊയ്തെടുക്കുന്നതിലും ഈ പടവിന്റെ സ്ഥാനം മുന്നിലാണ്. ഇതിന്റെ അടിസ്ഥാനത്തിൽ 2010ൽ സംസ്ഥാന സർക്കാരിന്റെ നെൽക്കതിർ അവാർഡ്, ആത്മ അവാർഡ്, പാറളം പഞ്ചായത്തിന്റെ നല്ല പാടശേഖരത്തിനുള്ള പുരസ്കാരം എന്നിവയും ഇവരുടെ അംഗീകാരത്തിനുള്ള മികവായി തേടി വന്നിട്ടുണ്ട്.

No comments:

Post a Comment