വയനാട്ടിൽ വീണ്ടും വനിലക്കാലം

കാർഷിക മേഖലയിൽ തിളങ്ങി നിന്നിരുന്ന വാനില കൃഷി പുതിയ പ്രതീക്ഷകളുമായി കൃഷിയിടങ്ങളിലേക്ക് വീണ്ടുമെത്തുന്നു. വർഷങ്ങൾക്ക് മുൻപ് കിലോക്ക് 2000 ലെറെ രൂപയുമായി തിളങ്ങി നിന്നിരുന്ന വാനില പിന്നീട് ജില്ലയിൽ നിന്ന് പൂർണമായും ഇല്ലാതായിരുന്നു. ഫംഗസ് രോഗമടക്കമുള്ളവ ബാധിച്ചും വിലയിൽ വലിയതോതിൽ കുറവുണ്ടായതുമാണ് വാനില കൃഷി ഇല്ലാതാവാൻ കാരണം. സ്ഥിരമായ വിലയില്ലാതെയും രോഗങ്ങളും വ്യാപകമായപ്പോൾ ജില്ലയിലെത്തിയ വാനില വലിയ തോതിൽ കൃഷി ചെയ്യപ്പെട്ടിരുന്നു.
കാപ്പിയടക്കമുള്ളവ ഒഴിവാക്കിയാണ് കർഷകർ വാനിലയിലേക്ക് തിരിഞ്ഞതെങ്കിലും പിന്നീട് അതും കർഷകർക്ക് തിരിച്ചടിയാകുകയായിരുന്നു. 2000 രൂപ വരെ വിലയുണ്ടായിരുന്നത് ഗണ്യമായി കുറഞ്ഞപ്പോഴാണ് കർഷകരിലേറെ പേരും വാനിലയെ കൈയൊഴിഞ്ഞത്. വില വർധിക്കുകയും ആവശ്യക്കാർ ഏറുകയും ചെയ്തതോടെയാണ് ജില്ലയിൽ വീണ്ടും കർഷകർ വാനിലയെ കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നത്. മറ്റു കൃഷികൾക്കുണ്ടാകുന്ന വിലയിടിവും രോഗങ്ങളുമെല്ലാമാണ് വാനിലയെ വീണ്ടും പരീക്ഷിക്കാൻ കർഷകർക്ക് പ്രേരണയാകുന്നത്. ഉണ്ടായിരുന്ന കൃഷി എതാണ്ട് പൂർണമായും നശിച്ചതിനാൽ ചുരുക്കം ചില കർഷകരുടെ കൈയിൽ മാത്രമേ വാനില അവശേഷിക്കുന്നുള്ളു. അതിനാൽ തന്നെ കൃഷിയാരംഭിക്കുന്നതിന് വള്ളി ലഭിക്കാൻ കർഷകർ ബുദ്ധിമുട്ടുകയാണ്. 100 രൂപ മുതൽ 150 രൂപയാണ് ഒരു മീറ്റർ വള്ളിക്ക് പലയിടങ്ങളിലും ഇൗടാക്കുന്നത്. ആവശ്യക്കാർ എറുന്നതിനാൽ കൂടിയ വിലയ്ക്കും പലരും വിൽപന നടത്തുന്നുണ്ട്.
കീടബാധ അധികം എൽക്കാത്ത കൃഷിയെന്നതിനാൽ അമിതമായ കീടനാശിനി പ്രയോഗവും ആവശ്യമായി വരാറില്ല. ഒരു മീറ്റർ വള്ളിനട്ടാൽ മൂന്ന് വർഷം കൊണ്ടും രണ്ട‍് മീറ്റർ നട്ടാൽ രണ്ടു വർഷം കൊണ്ടും സാധാരണ കായ്ക്കുമെന്നാണ് കർഷകർ പറയുന്നത്. നടീൽ വസ്തുവിന്റെ ചെലവൊഴിച്ചാൽ നല്ലപരിചരണം മാത്രമാണ് വാനിലക്ക് കാര്യമായി വേണ്ടതെന്നതും കർഷകരെ ഇതിലേക്ക് ആകർഷിക്കുന്നു. സ്വാഭാവികമായ പരാഗണം നടക്കാത്ത വാനിലക്ക് പൂവിടുമ്പോൾ പരാഗണം നടത്തിയാണ് കായ്കളുണ്ടാകുന്നത്. പത്ത് മാസം കൊണ്ടാണ് കായ്കൾ അൽപം മഞ്ഞ നിറത്തിലേക്ക് കടക്കുക.
അപ്പോഴാണ് വിളവെടുപ്പ് നടത്തുന്നത്. നിലവിൽ പറിച്ചുണക്കിയെടുത്ത കായ കിലോക്ക് 1000 മുതൽ 2000 രൂപ വരെ വില ലഭിക്കുന്നുണ്ട്. ജില്ലയിൽ കാര്യമായി ലഭ്യമല്ലെങ്കിലും വാനില തേടി അന്യജില്ലകളിൽ നിന്ന് വരെ ആളുകളെത്തുന്നുണ്ട്. ചുരുക്കം ചില കർഷകരുടെ കൈകളിലാണ് ഇപ്പോൾ വാനില വള്ളികൾ ലഭ്യമായിട്ടുള്ളത്. കുരുമുളക‍്, കാപ്പി, കമുക് തുടങ്ങിയ കൃഷികളിലെല്ലാം കർഷകർക്ക് വ്യാപകമായ തിരിച്ചടികൾ നേരിടുമ്പോൾ നിലവിൽ വിലകൂടിയ വാനില കൃഷിയിലേക്ക് കൂടുതൽ കർഷകർ എത്തുന്നുമുണ്ട്. വിലയുണ്ടെന്നതും കൃഷി ചെയ്യാൻ വലിയ ബുദ്ധിമുട്ടില്ലെന്നതും വാനില കൃഷിക്ക് കൂടുതൽ സാധ്യത നൽകുന്നതാണെന്ന് കർഷകനായ ഇടശേരിത്തോട്ടത്തിൽ പൗലോസ് പറഞ്ഞു.
No comments:
Post a Comment