പാലക്കാട്ട് തേങ്ങ സംഭരണമില്ല:
കേരകർഷകർക്ക് ഇരുട്ടടി

രണ്ടു മാസത്തിലേറെയായി ജില്ലയിൽ തേങ്ങ സംഭരണം നടക്കാതായതോടെ കേരകർഷകർ പ്രതിസന്ധിയിലായി. ആഴ്ചയിൽ 400 ടൺ തേങ്ങ സംഭരിച്ചുകൊണ്ടിരുന്നതു പൂർണമായും നിലച്ചതോടെ കിഴക്കൻ മേഖലയിലെ പല തോട്ടങ്ങളിലും 5000 മുതൽ 10000 വരെ തേങ്ങകൾ കെട്ടിക്കിടക്കുകയാണ്.
ജില്ലയിലെ 46 സംഭരണ കേന്ദ്രങ്ങളിൽ 44 കേന്ദ്രങ്ങളും തേങ്ങ കൊണ്ടു നിറഞ്ഞിരിക്കുന്നതാണു തേങ്ങ സംഭരിക്കാത്തതിനു കാരണമായി കേരഫെഡ് ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ കർഷകർ എത്തിക്കുന്ന തേങ്ങ തരം തിരിച്ചു എടുക്കുന്ന ദിവസ വേതന തൊഴിലാളികളെ പുതിയ സർക്കാർ പിരിച്ചുവിട്ടതും പ്രതിസന്ധിയായി. സംഭരിച്ച തേങ്ങ യഥാസമയം കൊപ്രയാക്കി മാറ്റുന്നതിൽ വന്ന ഗുരുതര വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണു പ്രധാന ആരോപണം.
വടകരപ്പതി, കാരകുറിശ്ശി, പെരുങ്ങോട്ടുകുറിശ്ശി എന്നിവിടങ്ങളിലാണു തേങ്ങ കൊപ്രയാക്കി മാറ്റുന്നത്. ഇതിൽ കാരകുറിശ്ശി, പെരുങ്ങോട്ടുകുറിശ്ശി എന്നിവിടങ്ങളിൽ നാലു ടൺ മാത്രമാണ് കൊപ്രയാക്കി മാറ്റുന്നതിനു കഴിയുക. കൊപ്രയാക്കിയ ശേഷം കേര വെളിച്ചെണ്ണ നിർമിക്കുന്ന കരുനാഗപ്പള്ളിയിലെ ഫാക്ടറിയിലേക്കു കൊണ്ടു പോവും. അതിനായി കൂടുതൽ തേങ്ങ ഉൽപാദനം നടക്കുന്ന ഇവിടെ കൂടുതൽ പ്രൊസസിങ് കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന ആവശ്യം ഉണ്ടെങ്കിലും അതൊന്നും സർക്കാർ പരിഗണിക്കുന്നില്ല എന്നതും ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമാണ്.
ഒരു സംഭരണ കേന്ദ്രത്തിൽ ആറു മുതൽ പത്തു ടൺവരെ തേങ്ങ സംഭരിച്ചിട്ടും കർഷകരിൽ നിന്നും പൂർണ തോതിൽ തേങ്ങയെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു സംഭരണ കേന്ദ്രത്തിൽ ദിവസ വേതനക്കാരായ രണ്ടു തൊഴിലാളികളാണു തേങ്ങ വേർതിരിച്ചു തൂക്കം എടുക്കുന്നതിനായി ഉണ്ടായിരുന്നത്. അതു തന്നെ അപര്യാപ്തമാണ് എന്നിരിക്കെയാണ് ദിവസ വേതനക്കാരെ പിരിച്ചുവിടാൻ സർക്കാരിൽ നിന്നും നിർദ്ദേശമുണ്ടായത്. ദിവസ വേതനക്കാരെ വീണ്ടും നിയമിക്കണമെങ്കിൽ കൃഷി വകുപ്പ് അക്കാര്യം സർക്കാരിൽ അറിയിച്ചു അനുമതി വാങ്ങണം. അതിനും കാലതാമസമെടുക്കും.
സംഭരണ കേന്ദ്രങ്ങളിലെ തേങ്ങ രണ്ടാഴ്ചയ്ക്കകം കൊപ്രയാക്കുന്നതിനായി എടുക്കുമെന്നും അതിനു ശേഷം തൊഴിലാളികളെ ലഭിച്ചാൽ സംഭരണം ആരംഭിക്കാൻ കഴിയുമെന്നുമാണു കേരഫെഡ് അധികൃതരുടെ നിലപാട്. കൂടാതെ ജില്ലയിൽ സംഭരണം നിർത്തിയില്ലെന്ന ന്യായം ഉയർത്തുന്നതിനായി പുതിയതായി ആരംഭിച്ച പൊറ്റശ്ശേരി, തെങ്കര എന്നിവിടങ്ങളിൽ തേങ്ങ സംഭരിക്കുന്നുമുണ്ട്.
No comments:
Post a Comment