Friday, 28 October 2016

വീട്ടിൽ പൂച്ചയെ വളർത്തുന്നവർ

 അറിയാൻ


cat-kittens

പൂച്ചക്കുഞ്ഞുങ്ങളെ വാങ്ങുന്നുണ്ടെങ്കിൽ രണ്ടുമാസം പ്രായമായവയെ വാങ്ങാം. ഈ സമയം വരെ തള്ളപ്പൂച്ചയു‌ടെ കൂടെയായിരിക്കും ഇവ കഴിയുക. രോഗലക്ഷണങ്ങൾ ഇല്ലാത്ത ഊർജ്ജസ്വലതയോടെ കളിക്കുന്ന ജാഗ്രതയുള്ള പൂച്ചക്കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കാം. ജനനസമയത്ത് 70–130 ഗ്രാം തൂക്കം വരുന്ന പൂച്ചക്കുഞ്ഞുങ്ങൾ ഈ സമയത്ത് 400–900 ഗ്രാം ശരീരഭാരമെത്തിയിരിക്കും. ആരോഗ്യസ്ഥിതി വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ പരിശോധിച്ചറിയുക. വീട്ടിലെ പുതിയ അംഗമായെത്തുന്ന പൂച്ചക്കുഞ്ഞിനോട് സൗമ്യതയും സ്നേഹവും കാണിക്കണം. കൂടുതൽ ശ്രദ്ധ സൗഹൃദം സമ്മാനിക്കും. എന്നാൽ അമിത വാത്സല്യം കാട്ടേണ്ട. വീട്ടിലെ കുട്ടികളുടെ അശ്രദ്ധമായ പെരുമാറ്റവും കെട്ടിപ്പിടുത്തവും ഒഴിവാക്കണം. ഇതൊരു കളിപ്പാട്ടമല്ലായെന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം.

പകൽ സ്വതന്ത്രമായി വിട്ട് രാത്രിയിൽ ഒരു ചെറിയ പെട്ടിയിൽ തുണിയോ, ന്യൂസ് പേപ്പറോ വിരിച്ച് നൽകാം. ഉടമയു‌ടെ വീടിനെ പൂച്ചക്കുഞ്ഞ് സ്വന്തമെന്ന് കരുതുന്നതു വരെ 2–3 ദിവസം വാതിലും ജനലും അടച്ച് മുറിയിൽ പാർപ്പിക്കുക. 4–5 ദിവസത്തേക്ക് ഏകാന്തത ഒഴിവാക്കാൻ അ‌ടുത്ത് ഒരു ‌ടൈംപീസ് വെച്ചുകൊടുക്കുക. വീട്ടിലെ മറ്റു മൃഗങ്ങളുമായി സാവധാനം മാത്രം പരിചയപ്പെടുത്തുക. ആദ്യ ദിവസങ്ങളിൽ പൂച്ചക്കുഞ്ഞുങ്ങൾ നിരന്തരമായി കരയുന്നത് വിശന്നിട്ടാണെന്ന് കരുതി തീറ്റ അധികം നൽകരുത്. പുതിയ പരിസരത്തോട് ഇണങ്ങുന്ന പൂച്ച സ്വയം ദേഹം നക്കിത്തുടയ്ക്കുന്നു. ഉടമയുടെ വീട് തന്നെയാണ് പൂച്ചയുടെ വീട്. വീടിനുള്ളിൽ തുറന്ന് വിട്ടോ, പ്രത്യേക പൂച്ചക്കൂടുകളിലോ വളർത്താം. വീടിന്റെയുള്ളിൽ ഉറങ്ങാനും വിശ്രമിക്കാനും ഉള്ള സ്ഥലം പൂച്ചതന്നെ കണ്ടെത്തും. അവിടെ മരപ്പെ‌ട്ടിയോ, ചൂരൽ കൊണ്ടുള്ള കൊട്ടയോ നൽകാം. സ്വന്തമായി താമസസൗകര്യം പൂച്ചയ്ക്ക് ആവശ്യമില്ലെങ്കിലും ചില പ്രത്യേക സൗകര്യങ്ങൾ പൂച്ചകൾക്ക് ഒരുക്കി നൽകേണ്ടതുണ്ട്. മലമൂത്ര വിസർജ്ജനം ന‌ത്താനുള്ള ലിറ്റർ ബോക്സ്, ടോയ്‍ലറ്റ് ട്രേ, തീറ്റ, വെള്ളപ്പാത്രങ്ങൾ, വിരിപ്പ്, കിടക്ക, സ്ക്രാച്ചിങ്ങ് പോസ്റ്റ് തുടങ്ങിയവയോടൊപ്പം നഖം വെട്ടി, ചീപ്പ്, ബ്രഷ്, കളിപ്പാട്ടങ്ങൾ, ടൂത്ത്ബ്രഷ് എന്നിവയും ഒരുക്കാം.

വീടിനകത്താണ് പൂച്ചകൾ മലമൂത്ര വിസർജ്ജനം നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ ലിറ്റർ ബോക്സ് ഒരുക്കണം. ഇതിനായി പൂച്ചകൾക്ക് അനായാസം കയറാൻ കഴിയുന്ന ഒരു പ്ലാസ്റ്റിക് അല്ലെങ്കിൽ മണ്ണ് ട്ര‍േയിൽ മണ്ണോ, മണലോ, അറക്കപ്പൊടിയോ നിറയ്ക്കുക. ഭക്ഷണം നൽകി കുറച്ചു സമയത്തിനുശേഷം പൂച്ചക്കുട്ടിയെ ലിറ്റർ ബോക്സിനുള്ളിൽവെച്ച് മണ്ണ് ഒന്ന് മാന്തിക്കൊടുക്കണം. വെളിയിൽ കാഷ്ഠിക്കുന്ന പൂച്ച കാട്ടാറുള്ള മണ്ണ് മാന്തി വിസർജ്ജനം ചെയ്ത് മൂടുന്ന സ്വഭാവം അനുകരിക്കുകയാണ് ഇവ ചെയ്യുന്നത്. ഒരിക്കൽ വിസർജ്ജിച്ച സ്ഥലത്തുതന്നെ അവ വീണ്ടും വിസർജ്ജിക്കും. നഖങ്ങൾ ഉരച്ച് മൂർച്ചവരുത്തുന്ന പൂച്ചകളുടെ സ്വഭാവം പലപ്പോഴും വീടിനുള്ളിൽ ശല്യമാകാറുണ്ട്. പുറത്തേക്ക് പോകാൻ അവസരമുള്ള പൂച്ച മരത്തടിയിലും മറ്റും ഉരസി ഈ സ്വഭാവം കാണിക്കും. വീടിനുള്ളിൽ കഴിയുന്ന പൂച്ച പലപ്പോഴും ഫർണിച്ചറുകൾ ഉരസി വൃത്തികേടാക്കുന്നു. ഇതു തടയാൻ ഉരുണ്ട തടിയിൽ കയർ ചുറ്റി കുത്തിവച്ച് സ്ക്രാച്ചിങ്ങ് പോസ്റ്റ് നൽകാം. കുട്ടിക്കാലത്ത് പല്ലിന്റെ അസ്വസ്ഥത മാറ്റാൻ ഉടമയുട‌െ കൈകളിൽ കടിക്കുന്ന പൂച്ചയു‌ടെ സ്വഭാവം ഒഴിവാക്കാൻ മുറിയിൽ പ്ലാസ്റ്റിക് സ്‌ട്രോകളോ, കളിപ്പാട്ടങ്ങളോ നൽകണം.

8–10 മാസം പ്രായത്തിൽ പൂച്ചകൾ പ്രായപൂർത്തിയെത്തുന്നു. ഒരു വയസാണ് ആരോഗ്യപരമായ പ്രജനനത്തിന് പറ്റിയ സമയം. 15–21 ദിവസമാണ് മദിചക്രത്തിന്റെ ദൈർഘ്യം. മദി സമയം 2–4 ദിവസം. 55–65 ദിവസമാണ് ഗർഭകാലം. ഗർഭാവസ്ഥയിൽ മുലക്കാമ്പുകൾ ചുവന്നുതടിച്ചു വരികയും അകിടിനു ചുറ്റുമുള്ള രോമങ്ങൾ കൊഴിയുകയും ചെയ്യുന്നു. പ്രസവം അടുക്കാറായാൽ പെട്ടിയിൽ വിരിപ്പായി ന്യൂസ് പേപ്പർ നൽകി കിറ്റനിങ്ങ് ബോക്സ് ഒരുക്കുക. പ്രസവ ലക്ഷണങ്ങൾ തുടങ്ങി 12 മണിക്കൂർ കഴിഞ്ഞും പ്രസവം നടന്നില്ലെങ്കിൽ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം. പ്രസവിച്ച ഉടനെ കുഞ്ഞുങ്ങൾ മുലപ്പാൽ കുടിച്ചു തുടങ്ങുന്നു. തള്ളപ്പൂച്ച കുട്ടികളുടെ ദേഹം തുടച്ചു വൃത്തിയാക്കുന്നു. ഈ സമയത്ത് കുട്ടികൾ പൂച്ചയുടെ അടുത്ത് പോകരുത്. 7–10 ദിവസങ്ങൾക്കുള്ളിൽ കണ്ണുകൾ തുറക്കുന്ന ഇവ 3 ആഴ്ച പ്രായത്തിൽ സ്വയം ഭക്ഷണം കഴിച്ചു തുടങ്ങുന്നു. പ്രജനന‌ത്തിന് താൽപര്യമില്ലെങ്കിൽ പൂച്ചകളെ ആറുമാസം പ്രായം കഴിയുമ്പോൾ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വ‍ിധേയമാക്കാം.

No comments:

Post a Comment