Tuesday, 25 October 2016

വീട്ടുപറമ്പിൽ കൃഷിയിറക്കി 

നൂറുമേനി നേട്ടം കൊയ്തു


paddy-farmer-hamsa

നെൽകൃഷി വേരറ്റു പോകുന്ന നാട്ടിൽ വേറിട്ട കൃഷിരീതിയുടെ പരീക്ഷണത്തിനു നൂറുമേനി വിജയമായപ്പോൾ കോഴിക്കോട് മൂടാടി എടവത്ത് ഹംസ നാട്ടിലെ താരമായി. ചെളിയിലിറങ്ങി പണിയെടുക്കാൻ തൊഴിലാളികളെ കിട്ടാതെ പാടശേഖരങ്ങളിൽ ആശങ്കകൾ കറ്റകെട്ടുമ്പോൾ ഹംസ വീട്ടുപറമ്പിൽ നെൽകൃഷിയിറക്കി നേട്ടം കൊയ്തത് കാണാൻ ദിവസവും ആളുകളെത്തുന്നു. നെൽകൃഷി നടത്തണമെന്ന ആഗ്രഹം ഹംസയുടെ മനസിൽ വർഷങ്ങൾക്ക് മുൻപ് കിളിർത്തതാണ്.

20 സെന്റും പുരയിടം മാത്രം സ്വന്തമായുള്ള ഹംസയുടെ നെൽ‍കൃഷി സ്വപ്നം വേരുപിടിക്കാതെ കിടപ്പായിരുന്നു. അതിനിടയിലാണ് പഞ്ചായത്ത് കൃഷിഭവനിൽനിന്നു കരനെൽ കൃഷി നടത്താൻ വിത്തു ലഭിക്കുമെന്ന് അറിയുന്നത്. കൃഷിഭവനിൽനിന്നു പവിഴം നെൽവിത്തു വാങ്ങി വീട്ടുപറമ്പിൽ കൃഷി യൊരുക്കം നടത്താൻ തുടങ്ങിയതോടെ സംശയങ്ങളുമായി പലരും സമീപിച്ചു. പാടങ്ങളിൽ പോലും നെൽകൃഷി നഷ്ടത്തിലാവുന്ന കാലത്ത് എന്തിനാണ് സമയം കളയുന്നതെന്നായിരുന്നു പലരുടെയും ചോദ്യം.

അതേസമയം പ്രോൽസാഹനവുമായി എത്തിയവരും ഏറെയുണ്ടായിരുന്നുവെന്ന് ഹംസ ഓർക്കുന്നു. ഹംസയും ഭാര്യ റഷീദയുമായിരുന്നു കൃഷിപരിചരണം പൂർണമായും നടത്തിയത്. ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചു നടത്തിയ നെൽകൃഷി നൂറു മേനിയാണ് വിളഞ്ഞത്. രണ്ടാഴ്ച കൊണ്ട് വിളവെടുക്കാനാകും. ഇനി ആറു മാസം വീട്ടിലേക്ക് അരി വാങ്ങേണ്ടി വരില്ലെന്ന സന്തോഷത്തിലാണ് ഹംസയും ഭാര്യയും. വീട്ടുവളപ്പിൽ വെറുതെ കിടക്കുന്ന സ്ഥലത്ത് കരനെൽ കൃഷി ചെയ്താൽ വിജയം ഉറപ്പാണെന്ന് തെളിയിക്കുന്ന ഹംസ ഈ സന്ദേശം നാട്ടിലാകെ പ്രചരിപ്പിക്കാനുള്ള ശ്രമവും തുടങ്ങി.

ആരേയും ആശ്രയിക്കാതെ പുരയിടത്തിൽ നെൽകൃഷി നടത്താമെന്നും നൂറുമേനി കൊയ്യാമെന്നും അനുഭവത്തിലൂടെ ഈ നാട്ടുമ്പുറത്തുകാരൻ പറയുമ്പോൾ അതിൽ പതിരില്ലെന്ന് വീട്ടുപറമ്പിൽ തലയുയർത്തിനിൽക്കുന്ന സ്വർണ നിറമുള്ള നെൽക്കതിരുകൾ തലയാട്ടി സാക്ഷ്യപ്പെടുത്തുന്നു.

No comments:

Post a Comment