പച്ചക്കറി കൃഷി പുരസ്കാരം:
കുന്നുമ്പ്രോൻ രാജന്
അവധി ദിവസങ്ങളിലും സ്കൂൾ സമയം കഴിഞ്ഞു വൈകിട്ടും വിദ്യാർഥികളോടൊപ്പം സ്കൂൾ പറമ്പിലും സ്കൂളിന്റെ ഉടമസ്ഥതയിലുള്ള വയലിലും പച്ചക്കറി കൃഷി നടത്തി തുടർച്ചയായി വിജയഗാഥ രചിച്ച് ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ഇദ്ദേഹം. 2002 മുതൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനറാണ് രാജൻ.
തരിശായി കിടന്ന സ്കൂൾ വളപ്പിൽ വനവൽക്കരണം നടത്തിയും ഔഷധ സസ്യത്തോട്ടം നിർമിച്ചും സ്കൂളിനകത്തും പുറത്തും പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തി. 2006 മുതൽ സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. 20സെന്റ് സ്ഥലത്ത് തുടങ്ങിയ പച്ചക്കറി കൃഷി ഇന്ന് സ്കുളിന്റെ പറമ്പിലും വയലിലും വ്യാപിപ്പിച്ചിരിക്കുകയാണ്.
സ്കൂൾ ഉച്ചഭക്ഷണത്തിന് ഏതാണ്ട് ആറ് മാസം വേണ്ട പഴങ്ങളും പച്ചക്കറികളും കിഴങ്ങ് വർഗങ്ങളും സ്കൂളിൽ തന്നെ വിളയിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. പഠന സമയം നഷ്ടപ്പെടുത്താതെ എല്ലാ അവധി ദിനങ്ങളും വൈകുന്നേരങ്ങളും കുട്ടികളോടൊപ്പം സ്കൂളിലെ കാർഷിക പ്രവർത്തനങ്ങളിൽ സജീവമാണ്. വീട്ടിലേക്കു വേണ്ട പച്ചക്കറികൾ മിക്കവയും ടെറസ് കൃഷിയിലൂടെ വീട്ടിൽ തന്നെ കൃഷി ചെയ്ത് ഉണ്ടാക്കുകയാണ് ഈ അധ്യാപകൻ.
കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപകനായ രാജൻ മാങ്ങാട്ടിടം പഞ്ചായത്തിലെ കൈതേരി സ്വദേശിയാണ്. പരേതനായ ആർ.കെ.ഗോപാലന്റെയും, കുന്നുമ്പ്രോൻ നാണിയുടെയും മകനാണ്. ഭാര്യ വത്സല കൂത്തുപറമ്പ് പ്രിൻസ് ആൻഡ് പ്രിൻസസ് സ്കൂൾ അധ്യാപികയാണ്. കാർഷിക വിഷയത്തിൽ ബിരുദധാരിണിയായ ശരണ്യ, അധിരഥ് എന്നിവർ മക്കളാണ്.
No comments:
Post a Comment