
സമഗ്ര പച്ചക്കറി വികസന പദ്ധതിക്കുള്ള അവാർഡുകളിൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്‌കൂളായാണ് ഇടുക്കി കട്ടപ്പന വള്ളക്കടവ് സ്‌നേഹ സദൻ സ്‌പെഷൽ സ്‌കൂൾ തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലാതലത്തിൽ മികച്ച സ്‌കൂളിനുള്ള ഒന്നാം സ്ഥാനവും പച്ചക്കറി കൃഷി നടത്തിയ സ്‌കൂളുകളിലെ മികച്ച പ്രധാനാധ്യാപികയ്ക്കുള്ള ജില്ലയിലെ രണ്ടാം സ്ഥാനവും സ്‌നേഹ സദൻ കരസ്ഥമാക്കിയിരുന്നു. സിസ്റ്റർ ജെസി മരിയയാണ് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയത്. ഇതിനു പിന്നാലെ മികച്ച സ്‌കൂളിനുള്ള സംസ്ഥാന അവാർഡു കൂടി ലഭിച്ചതോടെ കുട്ടികളും അധ്യാപകരും ഏറെ ആഹ്ലാദത്തിലാണ്. 2013-14 വർഷവും സ്‌കൂളുകളിലെ മികച്ച ജൈവ പച്ചക്കറി കൃഷിക്കുള്ള സംസ്ഥാന- ജില്ലാ അവാർഡുകളും ഈ സ്‌കൂളിന് ലഭിച്ചിരുന്നു. പച്ചക്കറി ഉൽപാദനത്തിനപ്പുറം ഈ മേഖലയിൽ സ്വയം പര്യാപ്ത കൈവരിക്കാനും സ്‌കൂളിനു കഴിഞ്ഞിട്ടുണ്ട്.
സ്‌നേഹ സദനിൽ വിദ്യാഭ്യാസം നടത്തുന്ന ഭിന്നശേഷിയുള്ള എൺപതോളം കുട്ടികളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. സ്‌കൂളിനോടു ചേർന്ന സ്ഥലത്ത് പൂർത്തിയാക്കിയ വലിയ രണ്ട് പോളിഹൗസുകളിലും ഒരേക്കറോളം സ്ഥലത്തുമാണ് കൃഷി. ഭൂരിഭാഗം പച്ചക്കറികളും ഇവിടെ സമൃദ്ധമായി വളരുന്നു.
പാവൽ, പയർ, കോളിഫ്ളവർ, കാരറ്റ്, പടവലം, പച്ചമുളക്, മല്ലിയില, വെണ്ടയ്ക്ക, കോവയ്ക്ക, ഉള്ളി, ഉരുളക്കിഴങ്ങ്, തുടങ്ങിയ കൃഷികളും വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നു.
No comments:
Post a Comment