പരീക്ഷണത്തിന്റെ ഫലം

സൗഫീഖ് വെങ്ങളത്ത് പപ്പായ തോട്ടത്തിൽ...
25 സെന്റ് സ്ഥലത്ത് 50 ഓളം പപ്പായ മരങ്ങളിലാണ് നൂറ് മേനി വിജയം കൊയ്യുന്നത്. പലരും മടിക്കുന്ന പപ്പായ കൃഷി മികച്ച വിജയമാണെന്നാണ് സൗഫീഖ് സാക്ഷ്യപ്പെടുത്തുന്നത്. റെഡ് ലേഡി ഇനത്തിൽപെട്ട ഹൈബ്രിഡ് ഇനത്തിൽ പെട്ട പപ്പായയാണ് അഗസ്ത്യൻമൂഴിയിൽ വീടിന് സമീപത്തെ വയലിൽ സൗഫീഖ് കൃഷി ചെയ്ത് നൂറ് മേനി വിളയിപ്പിക്കുന്നത്.നഗരസഭയുടെ ഹരിത ഗ്രാമം പദ്ധതിയിൽ നിന്ന് പ്രചോദനം ലഭിച്ചാണ് പപ്പായ കൃഷിയിൽ പരീക്ഷണം ആരംഭിച്ചത്. മലയോര മേഖലയിൽ ആരും കൂടുതൽ പരീക്ഷണം നടത്താത്ത പപ്പായ കൃഷിയിലെ വിപണന സാധ്യത കണക്കിലെടുത്താണ് സൗഫീഖ് പപ്പായ കൃഷിയിലേക്ക് ഇറങ്ങിയത്.
നഗരങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലാണ് വിപണി കണ്ടെത്തുന്നത്.ഒരു പപ്പായ മരത്തിൽ ചുരുങ്ങിയത് 40 പപ്പായകൾ വരെ ഉണ്ടാകും. ജൈവ വളങ്ങൾ ഉപയോഗിച്ചാണ് പപ്പായ കൃഷി. ചാണകവും സീമക്കൊന്നയുടെ ഇലയുടെ മിശ്രതവും ചേർത്തുള്ള ജൈവ വളമാണ് ഉപയോഗിക്കുന്നത്.വയലിലെ കൃഷിയിടത്തിലേക്ക് വേനൽകാലത്ത് ചുമന്നാണ് വെള്ളമെത്തിച്ച് നനയ്ക്കൽ നടത്തിയത്. പോഷക സമൃദ്ധവും ഔഷധ ഗുണവുമുള്ള പപ്പായ തന്നെ ചതിച്ചില്ലെന്ന് സൗഫീഖ് പറയുന്നു.

ഒരു കിലോ പപ്പായക്ക് മാർക്കറ്റിൽ ചുരുങ്ങിയത് 50 രൂപയാണ് ലഭിക്കുന്നത്. ഒരു മരത്തിൽ നിന്ന് ഒരു ക്വിന്റലിന് അടുത്ത് വരെ പഴുത്ത പപ്പായ ലഭിക്കുമെന്നും സൗഫീഖ് പറയുന്നു. ഒരു പപ്പായ ശരാശരി നാല് കിലോയിലധികം തൂക്കം വരും. ക്വിന്റൽ കണക്കിന് പപ്പായ ഇതിനകം വിപണികളിലെത്തിക്കാൻ കഴിഞ്ഞതായും ഈ യുവ കർഷകൻ പറയുന്നു പപ്പായക്ക് പുറമെ റമ്പൂട്ടാൻ, ഫാഷൻ ഫ്രൂട്ട്, തുടങ്ങിയ പഴവർഗങ്ങളും വാഴ , ചേമ്പ് , ചേന തുടങ്ങിയവയും സൗഫീഖിന്റെ കൃഷിയിടത്തിൽ വിളയുന്നു, കൃഷിക്ക് സഹായമായി അധ്യാപികയായ ജംഷിനയും കൂടെയുണ്ടെന്നും സൗഫീഖ് പറയുന്നു. കാക്കകളാണ് പ്രധാന ഭീഷണിയെന്ന് ഇദ്ദേഹം പറയുന്നു.
പഴുത്ത് പാകമാവുമ്പേഴേക്കും കാക്കകൾ കൊത്തി തിന്നാനെത്തുന്ന അവസ്ഥയാണ്. മരത്തിൽ നിന്ന് തന്നെ പഴുപ്പിച്ചാണ് വിപണികളിലെത്തിക്കുന്നത്.
No comments:
Post a Comment