വിപണി അറിഞ്ഞില്ലെങ്കിൽ
വിപരീത ഫലം

രാജ്യാന്തര വാണിജ്യ ഇടപാടുകളാണ് കേരളത്തിലെ ഉൽപാദകരെ ബാധിക്കുന്നതെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ കൃഷിക്കാർക്ക് സംസ്ഥാനങ്ങൾ തമ്മിലുള്ള ചരക്കു നീക്കമാണ് പ്രസക്തം. ഇത്തരം ഇടപാടുകളിൽ ഉപഭോക്താവിന്റെ സ്ഥാനത്തു നിൽക്കുന്ന നാം അവിടങ്ങളിലെ കൃഷിക്കാരനു കിട്ടുന്ന വിലയെക്കുറിച്ചു ചിന്തിക്കാറില്ലെന്നതാണ് വാസ്തവം. കൃഷിക്കാർ ഉൽപന്നം വിൽക്കുന്ന വിപണികളിലൊന്നുംതന്നെ അവരല്ല വില നിശ്ചയിക്കുന്നത് – രാജ്യാന്തരവിപണിയും ആഭ്യന്തരവിപണിയും തമ്മിൽ ഇക്കാര്യത്തിൽ കാര്യമായ വ്യത്യാസമില്ല. സവോളയുടെ വില ഉദാഹരണം. കേരളത്തിൽ പോലും സവോളയ്ക്ക് പരമാവധി 15 രൂപയാണ് വിലയെങ്കിൽ കൃഷിക്കാർക്ക് പകുതി പോലും കിട്ടിയിട്ടുണ്ടാവില്ല. സവോളയുടെ മുഖ്യ ഉൽപാദകരായ മഹാരാഷ്ട്രയിലെ കൃഷിക്കാർക്ക് ഈ വർഷം ബമ്പർ വിളവ് കിട്ടിയിട്ടും കൃഷി ആദായകരമാകാത്തതിനു കാരണവും മറ്റൊന്നല്ല. ഉയർന്ന ഉൽപാദനം വിലയിടിച്ചതു തന്നെ കാരണം. കഴിഞ്ഞ വർഷം വില ഉയർന്നതു കണ്ട് ഈ വർഷം കൂടുതലാളുകൾ സവോളക്കൃഷിയിലേക്കു കടന്നു. മഴ കുറഞ്ഞ സാഹചര്യത്തിൽ താരതമ്യേന കുറച്ചു വെള്ളം ആവശ്യമുള്ള സവോളയിലേക്ക് മഹാരാഷ്ട്രയിലെ കരിമ്പുകൃഷിക്കാർ കൂടി കടന്നതും ഉൽപാദന വർധനയ്ക്കു കാരണമായി. കഴിഞ്ഞ വർഷത്തെ വിലയായ 3000–4000 രൂപ കിട്ടുമെന്നു കരുതിയ കൃഷിക്കാർക്കു കിട്ടിയതാവട്ടെ, ശരാശരി 728 രൂപയും. ഒരവസരത്തിൽ ക്വിന്റലിനു 50 രൂപ വരെ മഹാരാഷ്ട്രയിലെ സവോളവില താഴ്ന്നു. വില ഉയരുമ്പോൾ കുറയ്ക്കാൻ നടപടി സ്വീകരിക്കുന്ന സർക്കാരിന് ഉൽപാദനച്ചെലവിന് ആനുപാതികമായി വില ഉറപ്പാക്കാനും കടമയില്ലേയെന്ന ചോദ്യമാണ് കൃഷിക്കാർക്കുള്ളത്. കേരളത്തിൽ ഇല്ലാത്ത സവോളക്കൃഷിയുടെ കഥ പറഞ്ഞത് വിപണി മനസ്സിലാക്കാതെ വില മാത്രം നോക്കിയുള്ള കൃഷിയുടെ അപകട സാധ്യത ചൂണ്ടിക്കാട്ടാനാണ്.
കാവേരി സമരം മൂലം കർണാടകത്തിനും തമിഴ്നാടിനുമിടയിൽ ലോറി ഗതാഗതം തടസ്സപ്പെട്ട് പല ഉൽപന്നങ്ങളുടെയും വില ഇടിക്കുന്നതിനും സെപ്റ്റംബർ സാക്ഷിയായി. സവോള, മഞ്ഞൾ, തക്കാളി, തേയില, മുട്ട, കോഴിയിറച്ചി എന്നിവയൊക്കെ കെട്ടിക്കിടന്നതാണ് വിലയിടിച്ചത്. ഉൽപാദനവും ഇറക്കുമതിയും വർധിച്ചതു മൂലം ഏതാനും നാളുകളായി മഞ്ഞൾവില താഴ്ന്നു നിൽക്കുകയാണ്. മഞ്ഞൾകൃഷി വ്യാപകമായെന്നും മെച്ചപ്പെട്ട വിളവാണ് കൃഷിക്കാർ പ്രതീക്ഷിക്കുന്നതെന്നുമുള്ള റിപ്പോർട്ട് ഈ പ്രവണതയ്ക്ക് ആക്കം കൂട്ടി. ഒരു മാസത്തിനകം 21.6 ശതമാനം വിലയിടിവാണ് മഞ്ഞളിനുണ്ടായത്. തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ആഭ്യന്തര ഉൽപാദനത്തിന്റെ 60 ശതമാനവും. ഇതിനു പുറമേയാണ് എത്യോപ്യ, മ്യാൻമർ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി. കാവേരി പ്രശ്നത്തിൽ ചരക്കുഗതാഗതം തടസ്സപ്പെട്ടത് ഈറോഡ് വിപണിയിൽ മഞ്ഞൾ വില താഴ്ത്തി. ഉൽപന്നം കയറ്റിവിടാനാവാതെ വന്നപ്പോൾ കച്ചവടക്കാർ പ്രാദേശികമായി വിറ്റഴിക്കുകയാ യിരുന്നു.
ചേനയുടെ മൊത്തവില ശരാശരി 30 രൂപയായിരുന്നു. മരച്ചീനിക്ക് 25 രൂപയും. കാപ്പി വില കുതിച്ചു കയറ്റത്തിന്റെ പാതയിലാണ്. അറബിക്ക, റോബസ്റ്റ ഇനങ്ങളുടെ വില ഒന്നരവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിലെത്തി. ബ്രസീൽ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ഉൽപാദനം കുറഞ്ഞതും വിയറ്റ്നാമിൽ ഉൽപാദനം കുറയുമെന്ന പ്രവചനവുമാണ് കാപ്പിവില ഉയർത്തിയത്. പടിഞ്ഞാറൻ ആഫ്രിക്കയിൽ കൊക്കോ ഉൽപാദനം മെച്ചപ്പെടുമെന്ന റിപ്പോർട്ട് രാജ്യാന്തര വിപണിയിൽ കൊക്കോയുടെ അവധിവില താഴാൻ കാരണമായിട്ടുണ്ട്. കേരളത്തിൽ പച്ച കൊക്കോയ്ക്ക് 43–52 രൂപയും ഉണങ്ങിയതിന് 202–210 രൂപയുമാണ് ഹൈറേഞ്ചിലെ വില. പുതിയ ആവശ്യക്കാരെത്താത്തതു മൂലം കുരുമുളകു വില 71,700 രൂപയിലേക്കു താഴ്ന്നു. തുലാവർഷം അനുകൂലമായില്ലെങ്കിൽ നടപ്പുവർഷം കറുത്ത പൊന്നിന്റെ ഉൽപാദനം കുറയും.
സംസ്ഥാനത്തെ ജാതിക്കർഷകർക്ക് ഉത്സാഹമേകി ജാതിക്കാവില ഉയരുകയാണ്. കയറ്റുമതി ആവശ്യം വർധിച്ചതിനെ തുടർന്ന് സെപ്റ്റംബർ പകുതിയിൽ ജാതിപ്പരിപ്പിന്റെ വില 450 രൂപയായി ഉയർന്നു. കുമിൾബാധയെ തുടർന്ന് ഉൽപാദനം കുറഞ്ഞതും വില ഉയരാൻ കാരണമായി. സീസൺ തുടങ്ങിയ ശേഷം ആദ്യമുണ്ടായ വിലമുന്നേറ്റത്തിൽ രണ്ടാഴ്ച കൊണ്ട് നൂറുരൂപയോളം കൂടിയത് ഓണക്കാലത്ത് കൃഷിക്കാർക്ക് ആഹ്ലാദിക്കാൻ വക നൽകി. വില ഇനിയും ഉയരുമെന്നാണ് സൂചന. വെളിച്ചെണ്ണയ്ക്ക് സംസ്ഥാന സർക്കാർ അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തിയത് അയൽ സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള എണ്ണവരവ് കുറച്ചെന്നാണ് റിപ്പോർട്ട്. പത്തു ടൺ ശേഷിയുള്ള 40 ടാങ്ക് വെളിച്ചെണ്ണയാണത്രെ നേരത്തേ തമിഴ്നാട്ടിൽ നിന്ന് ഇവിടേക്കു ദിവസേന വന്നിരുന്നത്. ഓണദിവസങ്ങളിൽ മാറ്റമില്ലാതെ നിന്ന വെളിച്ചെണ്ണ വില തൊട്ടുപിന്നാലെ ഉയർന്നത് അപ്രതീക്ഷിതമായാണ്. കൊപ്രാനീക്കം കുറയ്ക്കാൻ ഉൽപാദകർക്കു കഴിഞ്ഞാൽ ഇനിയും വില ഉയർന്നേക്കും. ദീപാവലി സീസൺ ആസന്നമാവുന്നതും വില ഉയർത്തുന്ന ഘടകം തന്നെ.
ഓണക്കാലത്ത് ടാപ്പിങ് നിലച്ചത് റബറിന്റെ ലഭ്യത കുറച്ചു. വില ഉയരാനുള്ള സാധ്യത കണ്ട് വ്യവസായികൾ വിപണിയിൽ നിന്നു വിട്ടുനിന്നു. ചൈന കൂടുതൽ റബർ ഇറക്കുമതിക്കു തയാറായത് വിപണി പിടിച്ചു നിർത്തി. ആർ എസ് എസ് 4 ഗ്രേഡ് റബറിനു 121 രൂപയും ആർഎസ്എസ് 5 നു 116 രൂപ നിരക്കിലുമാണ് കച്ചവടം.
ഓണം കഴിഞ്ഞതോടെ വാഴക്കുല വിപണിയിൽ വില താഴുകയാണ്. എറണാകുളത്ത് നേന്ത്രന് 60 രൂപ കിട്ടിയ ദിവസം കോഴിക്കോട് 50 രൂപയും കൽപറ്റയിൽ 32 രൂപയും പാലക്കാട് 40 രൂപയുമായിരുന്നു വില. ഞാലിപ്പൂവനും കോഴിക്കോട് വിപണിയിൽ 50 രൂപ തന്നെ. നാടൻ പാളയംകോടനു തൃശൂരിൽ 14 രൂപ മാത്രം വിലയുള്ളപ്പോൾ എറണാകുളത്തും കൊല്ലത്തും തമിഴ്നാട്ടിൽ നിന്നുള്ള പാളയംകോടൻ കായ്കൾക്ക് മുപ്പതു രൂപയിലേറെ കിട്ടിയത് ശ്രദ്ധേയമായി. വിപണി ഇടപെടലിന്റെ ഭാഗമായി വട്ടവടയിലെ കൃഷിക്കാരുടെ ശീതകാല പച്ചക്കറികൾ സ്ഥിരമായി വാങ്ങാൻ സംസ്ഥാന സർക്കാർ നടത്തുന്ന പരിശ്രമം നല്ലതു തന്നെ. ഉരുളക്കിഴങ്ങ് പോലെ പൂർണമായും അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിളകൾ ഇവിടെത്തന്നെ ലഭ്യമാക്കുന്നതിന്റെ നേട്ടം കൃഷിക്കാർക്കു മാത്രമല്ല, ഉപഭോക്താക്കൾക്കുമുണ്ട്. കേരളത്തിനു വേണ്ട ഉരുളക്കിഴങ്ങിന്റെ പകുതിയും ഉൽപാദിപ്പിക്കാൻ വട്ടവടക്കാർക്ക് കഴിയുമത്രെ. പക്ഷേ അവിടെ ഉൽപാദിപ്പിക്കുന്ന കിഴങ്ങ് തമിഴ്നാട്ടിൽ പോയി വരുമ്പോൾ നാം നൽകുന്നതാവട്ടെ, പത്തിരട്ടി വിലയും. കൃഷിക്കാരന് ഇരട്ടിവില നൽകിയാൽ പോലും കുറഞ്ഞ വിലയ്ക്ക് ശീതകാല പച്ചക്കറികൾ നൽകാനാവുമെന്ന് ഇതു വ്യക്തമാക്കുന്നു. കൃഷി മന്ത്രി മുൻകൈയെടുക്കുന്ന സാഹചര്യത്തിൽ വട്ടവടയിലെയും കാന്തല്ലൂരിലെയും പച്ചക്കറി സംഭരണത്തിനു കർഷക സൗഹൃദമായ സ്ഥിരം സംവിധാനം നിലവിൽ വരുമെന്നു പ്രതീക്ഷിക്കാം.
ഇഞ്ചിയെ രക്ഷിച്ചത് വിദേശവിപണി
കൃഷിയിട വിസ്തൃതി പത്തിരട്ടിയായതിനെ തുടർന്ന് തെക്കേ ഇന്ത്യയിലെ ഇഞ്ചി ഉൽപാദനത്തിൽ വലിയ വർധനയുണ്ടായി. വിശേഷിച്ച് കർണാടകയിൽ. ഒരു ദശകം മുമ്പ് പതിനയ്യായിരം ഏക്കർ കൃഷിയുണ്ടായിരുന്ന ഈ മേഖലയിൽ ഇപ്പോൾ ഒന്നരലക്ഷം ഏക്കറിലാണ് ഇഞ്ചിക്കൃഷി. കേരളത്തിൽ നിന്നുള്ള ഒട്ടേറെ കൃഷിക്കാരും ഈ രംഗത്തുണ്ട്. നനയും മെച്ചപ്പെട്ട കൃഷിരീതികളും ഇഞ്ചിക്കൃഷിയുടെ ഉൽപാദനക്ഷമത 25 ശതമാനത്തോളം വർധിപ്പിച്ചു. ഇഞ്ചിയുടെ ഉപയോഗവും കുത്തനെ വർധിച്ചതു കൊണ്ടാണ് വിലയിടിവ് രൂക്ഷമാകാത്തത്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നുമാസങ്ങളിൽ കയറ്റുമതി 40 ശതമാനം വർധിച്ച് 5800 ടണ്ണായി. അതേസമയം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 70.25 കോടി രൂപയായിരുന്ന കയറ്റുമതി വരുമാനം 62.7 കോടി രൂപയായി താഴ്ന്നു – കാരണം വിലയിടിവു തന്നെ. ഒരു ഏക്കർ കൃഷിക്ക് മൂന്നു ലക്ഷം രൂപയിലധികം ചെലവ് വരുമെന്നാണ് കൃഷിക്കാർ പറയുന്നത്. ഇത്രയും സ്ഥലത്തു നിന്നു പ്രതീക്ഷിക്കാവുന്ന ഉൽപാദനം ശരാശരി 18,000 കിലോയും. എറണാകുളം വിപണിയിൽ പച്ച ഇഞ്ചി കിലോയ്ക്ക് 70 രൂപയുള്ളപ്പോൾ ഉൽപാദനകേന്ദ്രമായ വയനാട്ടിലെ കൽപറ്റയിൽ കിലോയ്ക്ക് 34 രൂപ മാത്രമാണ് കൃഷിക്കാർക്കു കിട്ടിയത്. കേരളത്തിന്റെ അഭിമാനവും രാജ്യാന്തര വിപണിയുടെ പ്രിയ ഉൽപന്നവുമായ, സവിശേഷ രുചിയുള്ള കൊച്ചിൻ ജിൻജറിന്റെ വിപണി വിഹിതം കുറയുകയാണെന്ന റിപ്പോർട്ട് ഇതോടൊപ്പം ചേർത്തു വായിക്കാം.
No comments:
Post a Comment