Friday, 28 October 2016

കൃഷിയിലെ കാതലൻ


murichandi-salim
സലീം മുറിച്ചാണ്ടി വണ്ണാത്തിപ്പൊയിലിലെ തേക്കുമരങ്ങളുടെ തോട്ടത്തിൽ..

മരങ്ങൾ നട്ടുവളർത്തി ആഗോളതാപനത്തിന് മറുപടി നൽകുകയാണ് കോഴിക്കോട് കക്കട്ടിലെ ബിസിനസുകാരനായ മുറിച്ചാണ്ടി സലീം. കർഷക കുടുംബത്തിൽ ജനിച്ച സലീമിൻെറ ബന്ധുക്കൾ ഏറെയും സ്ഥലം വിൽപന നടത്തി വ്യാപാരമേഖലകൾ തേടിപ്പോയപ്പോൾ ബിസിനസിനൊപ്പം കൃഷിയിലും സലീം വിജയം കൊയ്യുന്നു.സലീമിൻെറ കൃഷിയിടം മുഴുവൻ മരങ്ങളാൽ സമ്പന്നമാണ്. തേക്ക്, മഹാഗണി, കുന്നി, ആഞ്ഞിലി ഉൾപ്പെടെ പതിനൊന്നായിരം മരങ്ങളാണ് ഇദ്ദേഹത്തിൻെറ കൃഷിയിടത്തിൽ തഴച്ചുവളരുന്നത്.1978–ൽ ഫാറൂഖ് കോളജിൽ പ്രീഡിഗ്രി സെക്കൻഡ് ഗ്രൂപ്പെടുത്ത് രണ്ടാം വർഷം പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് പിതാവ് മൊയ്തു മരിക്കുന്നത്. ഇതോടെ മൂത്ത മകനായ സലീം പഠനം നിർത്തി കൃഷിക്കാര്യത്തിലേക്കിറങ്ങി. മകനെ ജനസേവകനായ ഡോക്ടറാക്കണമെന്നായിരുന്നു പിതാവിൻെറ ആഗ്രഹം. എന്നാൽ തേക്കുകൃഷിയിൽ ‘ജനസേവകനാകാനായിരുന്നു’ സലീമിൻെറ നിയോഗമെന്നു വേണമെങ്കിൽ പറയാം.

സലീമിൻെറ 36 ഏക്കർ വരുന്ന കൃഷിയിടത്തിൽ ഏറെയും തേക്കുമരങ്ങളാണ്. പതിനായിരത്തോളം തേക്കുമരങ്ങൾ ഇയാളുടെ തോട്ടത്തിൽ നല്ല കരുത്തോടെ വളരുന്നു. ഉയർന്ന കൂലിച്ചെലവും തൊഴിലാളി ക്ഷാമവുമാണ് സലീമിനെ തേക്കുകൃഷിയിലേക്ക് നയിച്ചത്. ഇപ്പോൾ തെങ്ങിനും റബറിനും ഇടവിളയായി വളരുന്നത് തേക്കും മഹാഗണിയും ആഞ്ഞിലി മരങ്ങളുമാണ്. ഒരേക്കർ തെങ്ങിൻ തോട്ടത്തിൽ നല്ല പരിചരണവും വളപ്രയോഗവും നടത്തിയാൽ 20 വർഷം കൊണ്ട് കൂലിച്ചെലവടക്കം ലഭിക്കുന്നത് പരമാവധി പത്തുലക്ഷം രൂപയാണ്. അതേസമയം മരം നടുകയാണെങ്കിൽ 20 വർഷത്തിനകം ഒരേക്കറിൽ നിന്നു 50 ലക്ഷത്തിലേറെ രൂപ വരുമാനം കിട്ടുമെന്ന് സലീം അനുഭവത്തിലൂടെ തെളിയിക്കുന്നു.

1983ൽ കണ്ടോത്തുക്കുനിയിലെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് 40 തേക്കുമരങ്ങളും അത്രതന്നെ മഹാഗണി തൈകളും നട്ടാണ് സലീം മരങ്ങളുടെ കൃഷിയിൽ തുടക്കം കുറിച്ചത്. അന്നു നട്ട തേക്കുമരങ്ങൾക്ക് ഇപ്പോൾ ഒരെണ്ണത്തിന് മുപ്പതിനായിരം മുതൽ എഴുപതിനായിരം രൂപവരെ ലഭിക്കുന്നുണ്ട്. മഹാഗണിക്കും മുപ്പതിനായിരത്തിന് മുകളിൽ ഓരോന്നിലും ലഭിക്കുന്നു. 1983 മുതൽ ഓരോ വർഷവും സലീമിൻെറ ഉടമസ്ഥതയിലുള്ള വണ്ണാത്തിപ്പൊയിൽ, ചുണ്ടക്കാട്, തിനൂർ, വണ്ണാത്തിച്ചിറ തുടങ്ങിയ സ്ഥലങ്ങളിൽ തേക്കുമരങ്ങൾ നട്ടുതുടങ്ങി. ആഗോളതാപനത്തെക്കുറിച്ച് കൂടുതൽ അറിവ് ലഭിച്ചതോടെയാണ് 2005നു ശേഷം കൂടുതൽ മരങ്ങൾ നട്ടുവളർത്താൻ സലീമിന് പ്രചോദനമായത്. സലീം തൻെറ സ്ഥലത്ത് മരങ്ങൾ നട്ടുവളർത്തുന്നതിന് പുറമെ പരിചയക്കാർക്കും ബന്ധുക്കൾക്കും മരങ്ങൾ നട്ടുവളർത്താൻ പ്രചോദനവും സഹായവും നൽകുന്നുണ്ട്.

ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായി മുപ്പതിനായിരത്തിലേറെ മരങ്ങൾ വേറെയും നട്ടിട്ടുണ്ട്.നിലമ്പൂരിലെ കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (കെഎഫ്ആർഐ)നിന്നാണ് തേക്കുതൈകൾ വാങ്ങുന്നത്. തേക്കുതൈകൾ നടുന്നതിന് മുൻപ് സ്ഥലത്തെ പഴ്മരങ്ങൾ മുറിച്ചുമാറ്റണം. തൈകൾക്ക് സൂര്യപ്രകാശം കിട്ടാനും കമ്പ് ഒടിഞ്ഞുവീണ് തൈകൾ നഷ്ടപ്പെടാതിരിക്കാനുമാണ് പാഴ്മരങ്ങൾ മുറിച്ചു മാറ്റുന്നത്. പത്ത് അടി അകലത്തിൽ ഏക്കറിൽ മുന്നൂറ്റി അമ്പത് തൈകളാണ് നടുക.തൈകൾ കുഴിയെടുത്ത് നട്ടതിന് ശേഷം 100 ഗ്രാം എല്ലുപൊടി, 50 ഗ്രാം ഫാക്ടംഫോസ്, 100 ഗ്രാം കടലപിണ്ണാക്ക് എന്നിവ ചുറ്റിലും വിതറും. രണ്ടാം വർഷം മുതൽ ഓരോവർഷവും വളത്തിൻെറ അളവ് ഇരട്ടിയാക്കണം. ആദ്യത്തെ രണ്ടുവർഷമാണ് തേക്കുതൈകൾക്ക് നല്ലപരിചരണം കിട്ടേണ്ടത്.വളർന്നുവരുന്ന തൈകൾ കാറ്റിലും മറ്റും വളയാതെ നേരെ നിർത്താൻ നാലുഭാഗത്തും പ്ലാസ്റ്റിക് കയർ വലിച്ചുകെട്ടണം.

കാട്ടുവള്ളിപടർപ്പുകൾ തൈകളിൽ കയറാതെയും നോക്കണം. തണ്ടുതുരപ്പൻെറ ശല്യമാണ് ആദ്യവർഷങ്ങളിൽ ഉണ്ടാവുക. അവയെ തുരത്താൻ എക്കാലക്സ് പശയിൽ ചേർത്ത് തടിയിൽ പുരട്ടിയാൽ മതി.ആദ്യത്തെ രണ്ടു വർഷം ഇലയിൽ കീടബാധയുണ്ടാകാതിരിക്കാൻ 100 മില്ലീ ലീറ്റർ എക്കാലക്സ് ഒരു ഒരു ലീറ്റർ വെള്ളത്തിൽ അഗ്രോവിറ്റും ചേർത്ത് ഇലകളുടെ അടിഭാഗത്ത് തളിച്ചുകൊടുക്കും. നവംബർ ഡിസംബർ മാസങ്ങളിൽ പുഴുശല്യമേറും. ഈ സമയത്തും കീടനാശിനി തളിക്കണം.രണ്ടാം വർഷത്തിനുശേഷം കീടനാശിനി തളിക്കേണ്ടതില്ല. ഇതോടെ തൈകളുടെ ചുവട് കിളക്കുന്നതും നിർത്താവുന്നതാണ്. അഞ്ചാം വർഷമാവുമ്പോഴേക്കും മരങ്ങൾക്ക് കമുകിൻെറ വണ്ണമാവും അതോടെ വളപ്രയോഗവും നിർത്തും.

ഈ സമയത്ത് നല്ലവണ്ണമുളളതും നേരെ വളരുന്നതുമായ മരങ്ങൾ ഒരു ഏക്കറിൽ 200 എണ്ണം നിർത്തി മറ്റുള്ളവ മുറിച്ചു മാറ്റും. ഇങ്ങനെ മുറിച്ചു മാറ്റുന്ന മരങ്ങൾ വിറികിനായി വിറ്റാൽ മികച്ച വരുമാനമാണ്. തുടർന്ന് പത്താം വർഷം ഏക്കറിൽ 150 എണ്ണം നിർത്തി ബാക്കി മുറിച്ചുമാറ്റും. പിന്നീട് മരങ്ങൾ കരുത്തോടെ വളരും. പതിനഞ്ചുവർഷത്തിന് ശേഷം പണത്തിന് ആവശ്യം വരുമ്പോൾ മുറിച്ചുവിൽക്കുകയും ചെയ്യാം.

അഞ്ചാം വർഷത്തിന് ശേഷം കാട് വെട്ടി പുതയിടുന്നതല്ലാതെ വളമിടുകയോ സ്ഥലം കിളക്കുകയോ മറ്റു ജോലികളോ ചെയ്യേണ്ടതില്ല. മഹാഗണി, കുന്നി ഉൾപ്പെടെയുള്ള മരങ്ങൾക്കും ഇതേരീതിയിലാണ് വളപ്രയോഗവും കൃഷിപണിയും. കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസിറ്റ്യൂട്ടിൽ നിന്നു തേക്കുകൃഷിയിൽ പരിശീലനവും സലീം നേടിയിട്ടുണ്ട്. തൊഴിലാളികൾക്കും പരിശീലനം നൽകിയിട്ടുണ്ട്. വളപ്രയോഗം ചെയ്യുന്നതുകൊണ്ട് തെങ്ങിന് കായ്ഫലം കൂടുകയും ചെയ്യും. മണ്ണൊലിപ്പും തടയും. വീടിനോട് ചേർന്നുള്ള സ്ഥലത്തും തേക്കും, മഹാഗണിയും വളർത്തുന്നു.

ഇതിന് പുറമെ ജാതി, മാംഗോസ്റ്റീൻ, ചെമ്പടക്ക്, റംബുട്ടാൻ, പപ്പായ തുടങ്ങിയവയും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും വാഴയും മറ്റും വളർത്തുന്നുണ്ട്. എല്ലാദിവസവും രാവിലെ കക്കട്ടിലെ കടയിൽ എത്തുന്നതിന് മുൻപ് ഓരോസ്ഥലത്തും പോയി മരങ്ങളുടെ വളർച്ച നേരിൽ കാണുകയും ചെയ്യും. ഇതൊരു വ്യായാമവും ആത്മസംതൃപ്തിയുമാണെന്ന് സലീം പറയുന്നു. ഭാര്യ കണ്ണങ്കണ്ടി ലൈലയും കൃഷിക്കാര്യത്തിൽ സഹായിക്കുന്നുണ്ട്. മക്കളായ ഷാജനും ഇർഷാദയും സൗദി അറേബ്യയിലും, ഷെറിൻ അബുദാബിയിലുമാണ്.

ഫോൺ.9745 106 25
3

No comments:

Post a Comment