Friday, 21 October 2016

എത്തിത്തുടങ്ങി, നാഗ്പുർ ഓറഞ്ച്

 മധുരം

nagpur-orange3
തൊട്ടടുത്ത് കുടക് ഓറഞ്ച് ഉണ്ടെങ്കിലും നാഗ്പുർ ഓറഞ്ചിനോടാണ് വയനാട്ടുകാർക്കു താൽപര്യം. നല്ല മധുരവും രുചിയുമുള്ള ഈ ഓറ​ഞ്ചാണ് ജ്യൂസിനും കേമം. വയനാട്ടിലെ കച്ചവടക്കാർ പലരും നേരിട്ട് മഹാരാഷ്ട്രയിലെ തോട്ടങ്ങളിൽ ചെന്നാണ് ഈ ഓറഞ്ച് മധുരം എത്തിക്കുന്നത്.

ഇഞ്ചിയിൽ പണം മുതൽമുടക്കുന്ന പല വയനാട്ടുകാരു അവിടെ ഓറഞ്ച് കൃഷിയിലും ഏർപ്പെടുന്നുണ്ടെന്നാണ് അറിയുന്നത്.പത്തുവർഷത്തോളമായി നാഗ്പുരിൽ നിന്ന് വയനാട്ടിലേക്ക് തോട്ടങ്ങളിൽ ഓറഞ്ച് നേരിട്ടെത്തിക്കുന്ന കൽപറ്റയിലെ വി.നൗഷാദും സുഹൃത്ത് ജിജേഷ് രാജയും ഇത്തവണയും ലോഡ് കണക്കിന് ഓറഞ്ചാണ് എത്തിച്ചിട്ടുള്ളത്.
nagpur-orange1

നാഗ്പുരിൽ നിന്നു കേരളത്തിലേക്ക്

മഹാരാഷ്ട്രയിലെ അമരാവതിയിൽനിന്നാണ് ഓറഞ്ച് കൂടുതലായി എത്തുന്നത്. അമരാവതിക്കു പുറമേ അച്ചൽപുര, മുർഷി, തലേഖാവ്, അഖേട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തുന്നു. എന്നാൽ നൗഷാദും സുഹൃത്തും ഉൾഗ്രാമങ്ങളിലെ തോട്ടങ്ങളിൽ നിന്ന് നേരിട്ടാണ് എടുക്കുന്നത്. ഇത്തവണ 30 മുതൽ 35 രൂപ വരെ കിലോയ്ക്ക് വിലയായത്രേ. ഓഗസ്റ്റിലും ഡിസംബറിലും ആരംഭിക്കുന്ന സീസണാണ് ഓറഞ്ചിന്റെത്. ഇപ്പോൾ ലഭിക്കുന്നത് പച്ചനിറത്തിലുളള ഓറഞ്ചാണ്. അടുത്ത മാസത്തോടെ ശരിക്കും ഓറഞ്ച് നിറത്തിലുള്ള പഴങ്ങൾ വരും.

ഏക്കറു കണക്കിന് ഭൂമിയിലാണ് കൃഷി. ഒരേക്കറിൽ തന്നെ 150 ചെടികളുണ്ടാകും. അതിൽ ഓരോന്നിലും 50 മുതൽ 150 വരെ കിലോ പഴങ്ങൾ വരും. 35-40 വർഷം വരെ ഓറഞ്ച് ചെടികൾക്കു ആയുസുണ്ട്. കാലാവസ്ഥ കൃത്യമായാൽ വിളവെടുപ്പു കൂടും. തോട്ടങ്ങളിൽ നിന്ന് ശേഖരിക്കുന്നവ ട്രേകളിൽ നിരത്തി അവിടെ നിന്ന് എക്സ്പ്രസ് ലോഡ് എന്ന പേരിൽ ലോറിയിലാണ് എത്തിക്കുന്നത്.

nagpur-orange2

രണ്ടു ദിവസം രാവും പകലും ദേശീയപാതയിലൂടെ നിർത്താത്ത യാത്ര. പലപ്പോഴും ഇവിടെയെത്തുമ്പോൾ കിലോക്കണക്കിന് ഓറഞ്ച് നശിച്ചുപോകുമെങ്കിലും കാര്യമായ കച്ചടമുണ്ടായാൽ ലാഭമുണ്ടാകുമെന്ന് ഓറഞ്ച് എത്തിക്കുന്നവർ പറയുന്നു. ചൂട് കൂടിയതോടെ കഴിഞ്ഞ നാലു വർഷമായി ഓറഞ്ചിന് ആവശ്യമേറെയാണ്.

No comments:

Post a Comment