Thursday, 27 October 2016

പൊലീസ് കാവലുണ്ട് ഈ 

പച്ചക്കറികൾക്ക്


vegetable-farming-by-railway-police

കോഴിക്കോട് കേരള റെയിൽവേ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ സ്റ്റേഷൻ വളപ്പിൽ ഒരുക്കിയ പച്ചക്കറിത്തോട്ടം. ചി...

കോഴിക്കോട് ഒന്നാം മേൽപാലം ഇറങ്ങുന്നിടത്തുള്ള റെയിൽവേ പൊലീസ് സ്റ്റേഷന്റെ പിന്നാമ്പുറത്തേക്കൊന്നു വന്നു നോക്കണം. പടർന്നു പന്തലിച്ചൊരു അടുക്കളത്തോട്ടമാണ് നിങ്ങളെ സ്വാഗതം ചെയ്യുക. ഇവിടത്തെ പൊലീസുകാർ ഡ്യൂട്ടി കഴിഞ്ഞ് പച്ചക്കറി വാങ്ങാൻ മാർക്കറ്റിലേക്കല്ല പോകുന്നത്. മറിച്ച് സഞ്ചിയുമെടുത്ത് സ്റ്റേഷനു പിന്നിലെ അടുക്കളത്തോട്ടത്തിലേക്കാണ് കയറുക. അവിടെ നിന്ന് ആവശ്യമായ പച്ചക്കറി പൊട്ടിച്ചെടുത്തു വീട്ടിലേക്ക് പോകുമ്പോൾ അധ്വാനിച്ചുണ്ടാക്കിയ പച്ചക്കറിയുമായി പോകുന്നതിന്റെ അഭിമാനവും അവർക്കുണ്ട്.

തക്കാളിയും വെണ്ടയും പയറും വഴുതനയുമെല്ലാം ഈ സ്റ്റേഷന്റെ പിന്നാമ്പുറത്ത് വിളവെടുപ്പിനു പാകമായി നിൽക്കയാണ്. ഒന്നര മാസം മുൻപ് ഇതുവഴി മൂക്ക് പോത്താതെ പോകാനാകുമായിരുന്നില്ല. അത്രയേറെ മാലിന്യങ്ങളായിരുന്നു ഇവിടെ കുന്നുകൂടി കിടന്നിരുന്നത്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയാണ് ഇതിന്റെ മുഖഛായ മാറ്റിയത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ഇവിടത്തെ പൊലീസുകാർ ചേർന്ന് സ്റ്റേഷൻ പരിസരം വൃത്തിയാക്കിയിരുന്നു. എന്നാൽ‌, ഈ വൃത്തിയാക്കലൊന്നും ഇരുളിൻ മറവിൽ സ്റ്റേഷൻ വളപ്പിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ ബാധിച്ചില്ല. അവർ യഥേഷ്ടം മാലിന്യങ്ങൾ വീണ്ടും കൊണ്ടുതള്ളിയതോടെ സ്റ്റേഷൻ പരിസരം വീണ്ടും മാലിന്യകൂമ്പാരമായി മാറാൻ തുടങ്ങി.

ഇതിനൊരു പരിഹാരം എന്ന നിലയിലാണ് സ്റ്റേഷനിലെ കുറച്ചു പൊലീസുകാർ ചേർന്ന് ഇവിടെ ജൈവ പച്ചക്കറി കൃഷി തുടങ്ങാൻ തീരുമാനിച്ചത്. സ്റ്റേഷൻ ഇൻ ചാർജായ എസ്ഐയുടെ പിന്തുണയും കൂടെ ഉണ്ടായതോടെ സ്റ്റേഷനിലെ പൊലീസുകാർ പച്ചക്കറി കൃഷി തുടങ്ങുകയായിരുന്നു. കൃഷിയിൽ അൽപം അവഗാഹമുള്ള സിവിൽ പൊലീസ് ഓഫിസർ എം.എ. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ 20 പൊലീസുകാരാണ് തങ്ങളുടെ വിശ്രമ വേളകൾ പച്ചക്കറി കൃഷിക്കായി മാറ്റിവച്ചത്. അതിന്റെ ഫലമാണ് ഇന്ന് സ്റ്റേഷൻ വളപ്പിൽ കായ്ച്ചു നിൽക്കുന്ന ജൈവ പച്ചക്കറികൾ.

20 പൊലീസുകാർ ചേർന്ന് 10,000 രൂപ സ്വരൂപിച്ചാണ് ഇവിടെ പച്ചക്കറി കൃഷി ആരംഭിച്ചത്. 150 ഗ്രോ ബാഗുകളിലായി ഇവർ തക്കാളി, വെണ്ട, പയർ, വഴുതന, പച്ചമുളക്, ചീര, ഇളവൻ, കക്കിരി, മത്തൻ, കോവയ്ക്ക എന്നിവയാണ് കൃഷി ചെയ്തത്. ചാണകവും കടലപ്പിണ്ണാക്കും വേപ്പ് പിണ്ണാക്കും ചേർത്തുണ്ടാക്കുന്ന ജൈവവളമാണ് ഇവർ കൃഷിക്കായി ഉപയോഗിക്കുന്നത്.

നല്ല ജൈവ പച്ചക്കറി സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്നതിനൊപ്പം ഇവിടത്തെ പൊലീസുകാർക്ക് തങ്ങളുടെ സ്റ്റേഷൻ വളപ്പ് മനോഹരമായി സൂക്ഷിക്കാനുമാകുന്നു. പച്ചക്കറി തോട്ടമായി സ്റ്റേഷന്റെ പിന്നാമ്പുറം മാറിയതോടെ ഇവിടേക്ക് മാലിന്യം വലിച്ചെറിയുന്നതും ഇല്ലാതായിരിക്കയാണ്.

No comments:

Post a Comment